ADVERTISEMENT

മലയാള സിനിമയും ആ സിനിമയെ സ്നേഹിക്കുന്ന ഒട്ടനവധി പ്രേക്ഷകരും ദുൽഖർ എന്ന താരത്തിന്റെ ആരാധകരും എന്തിനേറെ ദുൽഖറും വാപ്പയും ഉമ്മയും പോലും കാത്തിരിക്കുകയാണ് ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിനായി. ഒന്നരവർഷത്തിലേറെ നീണ്ട ആ കാത്തിരിപ്പിൽ അക്ഷമനല്ലെങ്കിലും ദുൽഖറും തറവാട്ടിലേക്കുള്ള തന്റെ മടങ്ങിവരവിന്റെ ആവേശത്തിലാണ്. ആ വരവിൽ ഇതുവരെ ചെയ്തു പോന്ന സിനിമകളിൽ നിന്ന് വിഭിന്നമായി അയലത്തെ വീട്ടിലെ പയ്യൻ ഇമേജുള്ള ലല്ലൂ എന്ന കഥാപാത്രവുമായാണ് മലയാളത്തിന്റെ താരപുത്രൻ എത്തുന്നത്. മനോരമ ഒാൺലൈൻ ഒരുക്കിയ പ്രത്യേക ചാറ്റ് ഷോയിൽ ദുൽഖർ സൽമാൻ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരുമായി വിശേഷങ്ങൾ പങ്കു വയ്ക്കുന്നു. 

 

ദുൽഖർ: എങ്ങനെയുണ്ടായിരുന്നു പടത്തിന്റെ എക്സ്പീരിയൻസ് ? ഷൂട്ടിങ്ങിനിടയിൽ നടന്ന രസകരമായ സംഭവങ്ങൾ എന്തെങ്കിലും പറയൂ ?

 

വിഷ്ണു: ഏറ്റവും വലിയ കാര്യം എന്നു പറഞ്ഞാൽ ഞങ്ങൾ വലിയ സംഭവമാക്കി വച്ച ഈ മനുഷ്യൻ ഇതു പോലെ താഴെത്തിറങ്ങിയിരിക്കുന്നതാണ്. 

 

ബിബിൻ : ഞങ്ങളാണ് ശരിക്കും ഡിക്യുവിനോട് ചോദിക്കേണ്ടത്. ഇന്ത്യ മൊത്തം അറിയപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുന്ന താങ്കൾ വീണ്ടും തിരിച്ച് മലയാളത്തിേലക്ക് വന്ന് രണ്ട് സിനിമകൾ മാത്രം ചെയ്ത എന്നെയും വിഷ്ണുവിനെയും വിശ്വസിച്ച് എങ്ങനെയാണ് ഇൗ സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുന്നത് ?

 

ദുൽഖർ: ഒരു നീണ്ട ഗ്യാപ്പിനു ശേഷം നാട്ടിലേക്ക് ഒരു വെക്കേഷന് വന്ന പോലത്തെ ഒരു ഫീൽ ആയിരുന്നു. പക്ഷേ നിങ്ങൾ നേരത്തെ തന്നെ പ്രൂവ് ചെയ്ത ആൾക്കാരാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ പോലത്തെ വലിയ ബഹളങ്ങളൊന്നുമില്ലാതെ വന്ന് സൂപ്പർ ഹിറ്റായ സിനിമകൾ ചെയ്ത ആളുകളല്ലേ. അതുകൊണ്ട് നിങ്ങൾ പുതിയതാണെന്ന പേടിയൊന്നും എനിക്കില്ലായിരുന്നു. നിങ്ങളുടെ കൂടെ വർക്ക് ചെയ്യുമ്പോൾ സ്വന്തം വീട്ടിൽ വന്ന ഒരു ഫീലായിരുന്നു എനിക്ക്. നല്ല എനർജിയുള്ള സെറ്റായിരുന്നു. പിന്നെ ഇതിലെ കഥാപാത്രത്തെപ്പറ്റി നിങ്ങളുടെ മനസ്സിൽ നല്ല ക്ലിയറായിട്ടുള്ള ധാരണയുള്ളതുകൊണ്ട് എനിക്കതിനെക്കുറിച്ച് ടെൻഷനില്ലായിരുന്നു. 

 

വിഷ്ണു: അങ്ങനെയൊരു തെറ്റിദ്ധാരണ ചേട്ടനുണ്ടായിരുന്നു അല്ലേ ? നോർമലി ഒരു സംഭവം പറയാൻ പറഞ്ഞാൽ സോഫിസ്റ്റിക്കേറ്റ്ഡ് ലാംഗ്വേജ് ചേട്ടന് കേറി വരും എന്നൊരു സംഭവം പറഞ്ഞിരുന്നല്ലോ

 

ബിബിൻ: എന്താണ്?

 

dulquer-vishnu-bibin

വിഷ്ണു: കുറച്ച് സോഫിസ്റ്റിക്കേറ്റഡ്...അത് ഞങ്ങൾ വിദ്യാഭ്യാസം ഉള്ളവർക്കേ മനസ്സിലാവൂ. അതു കൊണ്ടാണ് പുള്ളി നമ്മളോട് എപ്പോഴും ഡയലോഗുകൾ പറയുമ്പോൾ അഭിപ്രായം ചോദിക്കുന്നത്. നമ്മൾ കരുതും എഴുത്തുകാരായതുകൊണ്ട് നമ്മളോട് ചോദിക്കുന്നതായിരിക്കും എന്ന്. പക്കാ ലോക്കലായിട്ട് ഇത് എങ്ങനെ പറയണം എന്നറിയാൻ ചോദിക്കുന്നതാണ്. ലാസ്റ്റ് ലോക്കലായി ലോക്കലായി ഒടുവിൽ വീണ്ടും ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കേണ്ട അവസ്ഥയായി എന്നാണ് എല്ലാവരും പറയുന്നത്.  

 

ദുൽഖർ : നീ ഭയങ്കരമായിട്ട്  സോഫസ്റ്റിക്കേറ്റഡായില്ലേ ?

 

ബിബിൻ: ഞാനോ ? ആണോ?

 

ദുൽഖർ: ഇവന്റെ താല്പര്യങ്ങളൊക്കെ മാറി. ഭക്ഷണരീതികളൊക്കെ മാറി. ബോംബ് കഥയില്‍ ഹീറോ ആയശേഷം ഇവനാളാകെ മാറിപ്പോയി. നമ്മളെയൊന്നും വില വയ്ക്കില്ല. നമ്മുടെ അടുത്ത് വന്നിരിക്കില്ല. ഇനി ഈ പടം കൂടി ഇറങ്ങിക്കഴിഞ്ഞാൽ എന്താകുമോ എന്തോ?

 

വിഷ്ണു : അതെ അതെ. ഭയങ്കര ജാഡയാണ്. 

 

ബിബിൻ: ദേ ഇതൊക്കെ തമാശയാണെന്നു കൂടി പറ. അല്ലെങ്കിൽ നിങ്ങളുടെ ഫാൻസെല്ലാം കൂടി എന്നെ കൊല്ലും.

 

വിഷ്ണു: ഞാൻ പാവം അല്ലേ ചേട്ടാ?

 

ദുൽഖർ: വിഷ്ണുവിനെക്കുറിച്ച് പറയുകയാണെങ്കിൽ. സെറ്റിൽ സലീമേട്ടനൊക്കെയുള്ളതുകൊണ്ട് പഴയ സിനിമകളെക്കുറിച്ചൊക്കെ സംസാരിക്കും അതിലെ സീനുകളെപ്പറ്റിയൊക്കെ പറയും. ഈ പറയുന്ന എല്ലാ പടത്തിലും വിഷ്ണു അഭിനയിച്ചിട്ടുണ്ടാകും. അതെങ്ങനെയെന്ന് എനിക്കു മനസ്സിലായിട്ടില്ല. നിനക്ക് ശരിക്കും എത്ര വയസ്സുണ്ട് ?

 

ബിബിൻ: ആദ്യം ഡിക്യൂ ഇവനെ വിളിച്ചിരുന്നത് വിഷ്ണു അങ്കിൾ എന്നല്ലേ.

 

വിഷ്ണു: അന്ന് നമ്മൾ പളുങ്കിനെപ്പറ്റി സംസാരിച്ചപ്പോൾ പളുങ്കിൽ ഞാനുണ്ട് ചേട്ടാ എന്നു പറഞ്ഞു. അപ്പോൾ പളുങ്കിലും നീ ഉണ്ടല്ലേ എന്നു ചേട്ടൻ ചോദിച്ചു. പിന്നെ മായാവിയുടെ കഥ പറഞ്ഞപ്പോൾ അതിൽ ഞാനുണ്ടെന്ന് പറഞ്ഞപ്പോൾ ചേട്ടൻ ഓ അതിലും നീ ഉണ്ടല്ലേ എന്നായി. അപ്പോഴാണ് ഞാൻ പറഞ്ഞത് ‘‘ആ ഡിക്യൂ ഞാനും വാപ്പച്ചിയും കൂടി എത്ര പടങ്ങളിൽ അഭിനിയിച്ചിട്ടുണ്ട്...’’  കഥ പറയുമ്പോൾ, രാപ്പകൽ അങ്ങനെ എത്രയോ പടങ്ങൾ. 

 

ബിബിൻ: എല്ലാം ഹിറ്റായ പടങ്ങളാണ്. 

 

ദുൽഖർ: നിനക്കെന്തായാലും രാശിയുണ്ട്.

 

ബിബിന്‍ : ഫാൻസുകാർ കാത്തിരിപ്പ് എന്നു പറയുന്നതുപോലെ ശരിക്കും നമ്മളും കാത്തിരിക്കുകയല്ലേ?

 

ദുൽഖർ : തീർച്ചയായും. നമ്മൾക്ക് ഇന്ന് കഥകേട്ട് നാളെ ഷൂട്ട് ചെയ്ത് മറ്റന്നാൾ ഇറക്കണമെന്നാണ് ആഗ്രഹം. എല്ലാ പടങ്ങളും അങ്ങനെയായിരുന്നെങ്കിൽ എത്രയോ സിനിമ ചെയ്യാമായിരുന്നു. എന്റെ അടുത്ത പടങ്ങളെക്കുറിച്ച് ഞാനങ്ങനെ അനൗൺസ് ചെയ്യാറില്ല. കാരണം ചില പടങ്ങളൊക്കെ മാറും ഡേറ്റുകൾ മാറിപ്പോകും. അതുകൊണ്ട് അങ്ങനെ ഒരു ലിസ്റ്റ് പടങ്ങൾ അനൗൺസ് ചെയ്യുന്നത് എനിക്കിഷ്ടമില്ല. എന്നാലും അടുത്തൊരു മലയാളം പടം ചെയ്യുന്നുണ്ട്. അതുകഴിഞ്ഞ് തമിഴായിരിക്കും. പക്ഷേ എന്റെ മെയിൻ ഫോക്കസ് മലയാളം പടം തന്നെയായിരിക്കും. ഈ ഗൾഫുകരെയൊക്കെ പോലെ എവിടെ പോയാലും തിരിച്ച് നാട്ടിലേക്കു തന്നെയല്ലേ വരുന്നത്. 

 

നമ്മൾ പണ്ടു മുതലേ എല്ലാ ഭാഷയിലെയും പടങ്ങൾ കാണും തിയേറ്ററിൽ തന്നെ പോയി കാണും. നമ്മുടെ നാട്ടിൽ എല്ലാ ഭാഷയ്ക്കും ഒരു മാർക്കറ്റുണ്ട്. മറ്റുള്ള ആര്‍ട്ടിസ്റ്റുകൾക്കും മാർക്കറ്റുണ്ട്. അപ്പോൾ തിരിച്ചു പുറത്തോട്ട് എന്തെങ്കിലുമൊരു ചാൻസ് കിട്ടുമ്പോൾ നമ്മുടെ ആർട്ടിസ്റ്റുകളും പോയി ചെയ്യുന്നത് അതു കൊണ്ടാണ്. നല്ല സ്ക്രിപ്റ്റും നല്ല ഒരു അവസരവും കൂടിയാണെങ്കിൽ അത് ചെയ്യണമെന്ന് തോന്നും. എപ്പോഴും അങ്ങനെ വരണമെന്നില്ല. കരിയറിന്റെ ഒരു സ്റ്റേജിലായിരിക്കും വേറെ ഭാഷകളിൽ നിന്നൊക്കെ അവസരങ്ങൾ വരുന്നത്. ഇവിടെ നിന്ന് മാറി നിൽക്കണമെന്ന് കരുതി ചെയ്യുന്നതല്ല. അങ്ങനെ ആയി പോകുന്നതാണ്. 

 

എന്റേതായൊരു സിനിമ ഇറങ്ങിയിട്ട് ഒരു ഒന്നര വർഷമായി. പക്ഷേ ഒരു മൂന്ന് സിനിമ ഇൗ കാലയളവിൽ ചെയ്തു. ഞാൻ പണിയൊക്കെ എടുത്തിട്ടുണ്ട്. പടത്തിന്റെ ഡബ്ബിംഗ് ഒക്കെ കഴിഞ്ഞ് വീട്ടിൽ വന്നിരിക്കുമ്പോൾ ഉമ്മച്ചിക്ക് ടെൻഷനാവും. ഉമ്മച്ചി വന്ന് ചോദിക്കും ഇന്ന് കഥയൊന്നും കേൾക്കുന്നില്ലേ, ഇങ്ങനെ ഇരുന്നാൽ മതിയോ എന്നൊക്ക. ഞാനിങ്ങനെ കാലുമ്മേൽ കാലും കയറ്റി വച്ച് ടിവി കാണുമ്പോൾ പറയും ആ ഇങ്ങനെ കിടന്നോ എന്ന്. ഞാൻ ഒരു പണിയും ചെയ്യാതെ വെറുതെ വീട്ടിലിരിക്കുന്ന പോലെ. പിന്നെ ഉമ്മച്ചി വരുമ്പോൾ വളരെ ബിസിയായിട്ട് അഭിനയിക്കും വെറുതെ ഫോണെടുത്ത് സംസാരിക്കും. ഇനി ഇതൊന്ന് റിലീസായിട്ടു വേണം ഇതാണ് ഞാൻ കുറേ നാളായിട്ട് ചെയ്തോണ്ടിരുന്ന പടം എന്ന് പറയാൻ.

 

ബിബിൻ : ഇനി അധികാരത്തോട് പറയണം ഉമ്മാ ചോറെട് ആ കറിയെട് എന്നൊക്കെ. 

 

വിഷ്ണു: ഇപ്പോൾ രണ്ടാമത് ചോറ് ചോദിക്കാനൊക്കെ മടിയാണ്. 

 

ദുൽഖർ : അതെ നിനക്കെന്തിനാണ്? നീ എന്ത് പണിയെടുത്തിട്ടാണ് ?  എന്നൊക്കെ ചോദിച്ചാലോ? അങ്ങനെയാണ് ഞങ്ങളെ വളർത്തിയത്. 

 

ബിബിൻ: ഈ മാനസികാവസ്ഥയിലുള്ള ഒരുപാട് പേരുണ്ട്. ഡിക്യൂവും ആ മാനസികാവസ്ഥയിലാണെന്ന് ഇപ്പോഴാണ് അറിയുന്നത്. 

 

ദുൽഖർ: എന്റെ ചെറുപ്പത്തിൽ ഞങ്ങൾ എല്ലാവരും വെക്കേഷന് പുറത്തു പോകാൻ പ്ലാൻ ചെയ്തു. അതിനു തൊട്ടുമുൻപ് എഴുതിയ എക്സാമിന്റെ റിസൽട്ട് അപ്പോഴാണ് വന്നത്. റിസൽട്ട് വന്നപ്പോൾ ഞാൻ രണ്ടെണ്ണത്തിന് തോറ്റു. ആ ഫുൾ ട്രിപ്പ്, അതായത് 30 ദിവസം ഉണ്ടായിരുന്നെങ്കിൽ 30 ദിവസവും ഉമ്മച്ചി നിനക്കെന്തിനാണ് ഈ ഹോളിഡേ രണ്ടു സബ്ജക്ടിന് തോറ്റില്ലേ ? നീ എന്തു ചെയ്തിട്ടാണ് ? എന്നൊക്കെ ചോദിക്കും. ഹോട്ടലിൽ കയറി മെനു നോക്കി ഇത് ഓർഡർ ചെയ്തോട്ടെ എന്നു ചോദിച്ചാൽ നിനക്കെന്തിനാണത് ? നീ തോറ്റതല്ലേ. ഒരു ടോയ് വേണമെന്ന് ചോദിച്ചാൽ പിന്നെയും നിനക്കെന്തിനാണ് നീ രണ്ടു സബ്ജക്ട് തോറ്റില്ലേ എന്നു ചോദിക്കും. പിന്നെ ഇത് കേൾക്കേണ്ട എന്നു കരുതി ഞാനൊന്നും ചോദിച്ചില്ല. അവസാനം ഇങ്ങോട്ട് നിനക്കെന്തെങ്കിലും വേണോ എന്നു ചോദിച്ചാൽ ഞാൻ അങ്ങോട്ട് ചോദിക്കും എനിക്കെന്തിനാണിത് ഞാൻ രണ്ടു സബ്ജക്റ്റിനു തോറ്റില്ലേ എന്ന്.

 

ബിബിൻ: മമ്മൂക്ക പടങ്ങളൊക്കെ കണ്ടിട്ട് അഭിപ്രായം പറയാറുണ്ടോ ?

 

ദുൽഖർ: സിനിമ ഇറങ്ങിക്കഴിഞ്ഞാണ് ശരിക്കുള്ള അഭിപ്രായം പറയാറ്. അതും എന്റെയടുത്തൊന്നും പറയില്ല. ഇങ്ങനെ ഇടയ്ക്ക് ആം ഉം എന്നൊക്കെ മൂളും. ഞാൻ അടുത്തൊക്കെ പോയി നിൽക്കുമ്പോൾ പുറകിൽ നിന്ന് ചിരി കേട്ടാൽ ഇഷ്ടമായി എന്നു മനസ്സിലാകും. അല്ലാതെ ഒന്നും പറയില്ല. ഒാവർ ഫീഡ്ബാക്ക് ഒന്നും തരാറില്ല. അങ്ങനെ വാപ്പച്ചിയുടെ വഴിക്ക് നടത്താനും ശ്രമിക്കാറില്ല. അത് വലിയ അനുഗ്രഹമാണ് സത്യത്തിൽ. എന്തായാലും ഇൗ പടം എല്ലാവരും തീയറ്ററിൽ പോയി കാണണം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന കോമഡി നിറഞ്ഞ ഒരു കുടുംബചിത്രമായിരിക്കും ഇത്. എല്ലാവർക്കും നന്ദി. 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com