പ്രിവിലേജ്ഡ് ആർട്ടിസ്റ്റായിട്ടും എന്റെ അവസ്ഥ ഇതാണെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം എന്തായിരിക്കും? തുറന്നു പറഞ്ഞ് പാർവതി

parvathy-uyare
SHARE

പാർവതി തിരുവോത്ത്; മലയാള സിനിമയിൽ ‘ബോൾഡ്’ എന്ന വാക്കിനൊപ്പം ഏറ്റവും ചേർത്തുവായിക്കപ്പെടുന്ന പേര്. അഭിനയ മികവിന്റെ വാഴ്ത്തുകൾക്കൊപ്പം അഭിനയമേതുമില്ലാതെ അപ്രിയ കാര്യങ്ങളും നിലപാടുകളും വിളിച്ചു പറഞ്ഞ് ഇകഴ്ത്തുകളും സധൈര്യം ഏറ്റുവാങ്ങിയ അഭിനേത്രി. ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്നു ചോദിക്കുന്നവരോട് അത്യാവശ്യമാണെന്ന് ഇപ്പോഴും ശങ്കയേതുമില്ലാതെ പറയുന്നു പാർവതി; അതിന്റെ പേരിലുള്ള നഷ്ടങ്ങളെയും വെല്ലുവിളികളേയും കുറിച്ച് ഉത്തമ ബോധ്യത്തോടെ തന്നെ. തിരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളിലുമുണ്ട് അസാമാന്യമായ പാർവതി മുദ്ര. ആ നിരയിലേക്ക് ഒടുവിലായി ഉയരയിലെ പല്ലവിയും. ആസിഡ് അക്രമണത്തിനിരമായ പെൺകുട്ടിയുടെ അതീജീവനം വരച്ചിടുന്ന ഉയരെയിലെ പല്ലവിയായും വിസ്മയിപ്പിക്കുന്നു പാർവതി. 

∙ പല്ലവി എത്രത്തോളം വെല്ലുവിളിയായി? 
ആസിഡ് ആക്രമണത്തിനിരയാവുന്ന ഒരു വനിത പൈലറ്റ് അതിജീവിനത്തിനായി നേരിടുന്ന വെല്ലുവിളികളും വഴികളുമാണ് ഉയരെ. അത്തരം ജീവിതാനുഭവങ്ങൾ നേരിടുന്നവരിൽ നിന്നു രൂപപ്പെടുത്തിയ കഥയാണ്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസോഷ്യേറ്റ് ഡയറക്ടറായിരുന്ന മനു അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം എനിക്ക് പല രീതിയിൽ പ്രിയപ്പെട്ടതാണെങ്കിലും ശാരീരികമായി ഏറ്റവും വെല്ലുവിളിയായതു പല്ലവി തന്നെ. ഏറെ സീനുകളിലും

ഒരു മുഖംമൂടിക്കുള്ളിലൂടെയാണ് അഭിനയിക്കേണ്ടത്. ആസിഡ് അക്രമണത്തിനിരയായ ശേഷമുള്ള മുഖരൂപം മോൾഡിലുണ്ടാക്കി പിടിപ്പിക്കുകയായിരുന്നു. ആ മേക്കപ്പിനായി തന്നെ 4 മണിക്കൂർ എടുത്തു. കണ്ണും വായുമെല്ലാം ടേപ്പ് ഒട്ടിച്ചുണ്ടാവും. അതിനു മുകളിൽ പിടിപ്പിച്ച മോൾഡുമായിട്ടാണ് ഷൂട്ടിങ്ങിനായി മണിക്കൂറുകളോളം ചിലവഴിച്ചത്. വിയർപ്പും അസ്വസ്ഥതളെല്ലാം സഹിച്ചാണ് അഭിനയിച്ചത്.

∙ പല്ലവിയാവാനുള്ള തയ്യാറെടുപ്പുകൾ? 
ബോബി-സഞ്ജയുടെ തിരക്കഥയിൽ കഥാപാത്രത്തിന്റെ എല്ലാ സൂക്ഷ്മതയും വ്യക്തമായിരുന്നു. എങ്കിലും അത്തരം ആളുകളുടെ ജീവിതം നേരിട്ടറിയാൻ ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകൾ അഗ്രയിൽ നടത്തുന്ന ഷീറോസ് എന്ന റസ്റ്ററന്റിൽ പോയി. അവിടെ വരുന്നവരോടെല്ലാം തങ്ങളുടെ ഒട്ടും സുഖകരമല്ലാത്ത ജീവിതം വീണ്ടും വീണ്ടും പറയുകയാണ് ആ സ്ത്രീകൾ; ഒരു മടുപ്പുമില്ലാതെ തന്നെ. ദൂരെ നിന്നു നോക്കുമ്പോൾ അവർ ബോൾഡാണെന്നും ആത്മവിശ്വാസം നിറഞ്ഞവരാണെന്നും പറയാം. പക്ഷേ ആ കരുത്തു നിലനിർത്താൻ ഓരോ ദിവസവും പോരാടുകയാണവർ. ആളുകളുടെ പെരുമാറ്റം, വിവേചനം, ആരോഗ്യ പ്രശ്നങ്ങൾ അങ്ങനെ പല ബുദ്ധിമുട്ടുകൾ അവർ നിരന്തരം നേരിടുന്നു. എന്നിട്ടും ആ ജീവിതാനുഭവങ്ങൾ അവിടം സന്ദർശിക്കുന്നവരോട് ആവർത്തിക്കുമ്പോൾ അതിജീവനത്തിനായി സ്വന്തം വേദനയെ തന്നെ ആയുധമാക്കുകയാണവർ; ഇനിയൊരാൾക്ക് ഇങ്ങനെയൊരു ദുരന്തം സംഭവിക്കരുതെന്ന ചിന്തയോടെ. ആ അനുഭവം പല്ലവിയെ ഉൾക്കൊള്ളാൻ ഏറെ സഹായകമായി. 

∙ ബാംഗ്ലൂർ ഡേയ്സിലെ ആർജെ സാറയും കാഞ്ചന മാലയും മുതൽ ചെയ്ത ഓരോ കഥാപാത്രങ്ങളും വെറും നായികയ്ക്കപ്പുറം വ്യക്തിത്വങ്ങൾ സൂക്ഷിക്കുന്നവയായിരുന്നു. അത്തരത്തിലുള്ള റോളുകൾ മാത്രം തിരഞ്ഞെടുക്കുന്നതാണോ? 
എന്നെ എക്സൈറ്റ് ചെയ്യിക്കാത്ത ഒരു പ്രോജക്ടും ചെയ്യാറില്ല. അക്കാരണം കൊണ്ടു വേണ്ടെന്നു വച്ച പല സിനിമകളുമുണ്ട്. നായികയാണോ എന്നതല്ല പ്രശ്നം. ചെറിയ വേഷമാണെങ്കിലും അതിൽ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടാവണം. 

തമിഴ് ചിത്രമായ ഉത്തമവില്ലനിൽ  ചെയ്ത മനോൻമണി എന്ന കഥാപാത്രം 3 സീനിൽ മാത്രമാണുള്ളത്. പക്ഷേ ഇന്നും അവിടുള്ളവർ എന്നെക്കുറിച്ച് പറയുമ്പോൾ ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നു. മലയാളത്തിൽ വിനോദയാത്രയിലും സിറ്റി ഓഫ് ഗോഡിലുമെല്ലാം ഇതുപോലെ പ്രധാന വേഷങ്ങളായിരുന്നില്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. അഞ്ജലി മേനോന്റെ സിനിമയിലൊക്കെ ഇത്തരത്തിൽ ഓരോ കഥാപാത്രങ്ങൾക്കും ഒരു പ്രസക്തിയും വ്യക്തിതിത്വവുമുണ്ടാവും.

14 വർഷത്തിനിടെ 22-23 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അത് കുറവാണെന്നു തോന്നാം. പക്ഷേ ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂ എന്ന നിലപാടാണു കരിയറിന്റെ തുടക്കം മുതൽ സ്വീകരിച്ചത്. ഒരു സിനിമ കഴിഞ്ഞാൽ ഞാൻ തളരും. അതിനെ മറികടക്കാൻ ഇടവേള അത്യാവശ്യമാണ്. അതു കഴിഞ്ഞേ അടുത്ത സിനിമ ചെയ്യാറുള്ളൂ. 

∙ തുറന്നു പറച്ചിലുകളും വിവാദങ്ങളും സിനിമയിലെ അവസരങ്ങൾ ഇല്ലാതാക്കിയിട്ടുണ്ടോ? 
അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിൽ അഭിനയിക്കും വരെ ഓരോ സിനിമകൾക്കിടയിലുള്ള ഇടവേള ഞാൻ സ്വയം തിരഞ്ഞെടുത്തതായിരുന്നു. സിനിമകളിലേക്കുള്ള വിളികൾ യഥേഷ്ടം തേടി വന്നിരുന്നു. എന്നാൽ കൂടെയിൽ അഭിനയിച്ച ശേഷമുണ്ടായ 8 മാസത്തെ ഇടവേള അങ്ങനെയല്ല. സിനിമയിലേക്കുള്ള വിളികൾ ുറഞ്ഞു. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായ കാലമായിരുന്നു അത്. ബാംഗ്ലൂർ ഡേയ്സ് മുതൽ വലിയ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായ ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഇത് അസ്വാഭാവികമാണ്. വിജയ ചിത്രങ്ങളുടെ ഭാഗമായ, നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച, ഇനിയും അത്തരം റോളുകൾ ലഭിക്കാൻ സാധ്യതയുളള ഒരു പ്രിവിലേജ്ഡ് ആർട്ടിസ്റ്റായിട്ടും എന്റെ അവസ്ഥ ഇതാണെങ്കിൽ അങ്ങനെയല്ലാത്ത ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും കാര്യമെന്താവും. പക്ഷേ ജോലിപോകും എന്നതുകൊണ്ട് പറയേണ്ട കാര്യങ്ങൾ പറയാതിരിക്കരുത്. അങ്ങനെ ഭയക്കുന്നവർ ഇപ്പോഴുമുണ്ട്. അതു മാറണമെങ്കിൽ കുറച്ചു വർഷങ്ങൾ കൂടിയെടുക്കും. അതിനു തുടക്കമായിട്ടുണ്ട്. 

parvathi-uyare-2

ഒരു കൂട്ടർ വിചാരിച്ചാൽ അവസരം നഷ്ടപ്പെടുത്തി ഒതുക്കി നിർത്താമെന്ന സാഹചര്യമൊക്കെ മാറുകയാണ്. അങ്ങനെ ഒതുക്കപ്പെട്ടാൽ അതിനെ മറികടക്കാൻ സ്വന്തം സിനിമകളും അവസരങ്ങളും സൃഷ്ടിക്കാൻ കഴിയുന്നവരുടെ കൂട്ടായ്മ ഇപ്പോൾ ഇവിടെയുണ്ട്. എത്ര ട്രോളിയാലും അക്കാര്യത്തിൽ വ്യക്തിപരമായി ഏറെ ആത്മവിശ്വാസമുള്ള ആളാണ് ഞാനും. സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി ഈ കാര്യത്തിലും വലിയ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നുണ്ട്. 

∙ ഡബ്ല്യുസിസിക്ക് 2 വർഷം കൊണ്ട് ഈ പ്രതിസന്ധിയിൽ ഫലപ്രദമായി ഇടപെടാനായിട്ടുണ്ടോ? 
സിനിമ മേഖലയിൽ ഇതുവരെ തുറന്നു പറയാൻ പോലും മടിച്ചിരുന്ന പല വിഷയങ്ങളിൽ ചർച്ചയ്ക്കു വഴി തുറന്നു എന്നതു തന്നെ ഡബ്ല്യുസിസിയുടെ വലിയ നേട്ടമാണ്. ആദ്യം മുതൽ മറ്റു സിനിമ സംഘടനകളുമായി പോരാടുകയല്ല, പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചയ്ക്ക് ക്ഷണിക്കുകയാണ് ഡബ്ല്യുസിസി ചെയ്തത്. പക്ഷേ അതു മനസിലാക്കിയെടുക്കാൻ തന്നെ 2 വർഷം വേണ്ടി വന്നു.  ന്യായമായ കാര്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടിയാണു അഭിനേതാക്കളുടെ സംഘടനക്കകത്തും പുറത്തും ന്യൂനപക്ഷമായി നിന്നും ശബ്ദമുയർത്തിയത്.

അതു ഞങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കോ, അജണ്ടകൾക്കോ വേണ്ടിയല്ല. എല്ലാവർക്കും മാന്യമായി ജോലി ചെയ്യാനുള്ള തൊഴിൽ സാഹചര്യവും സംസ്ക്കാരവും രൂപപ്പെടുത്താനായാണു ഡബ്ല്യുസിസിയുടെ പോരാട്ടം.

∙ ഇത്രയേറെ സൈബർ ആക്രമണങ്ങൾ മനസ് മടുപ്പിച്ചിട്ടില്ലേ? 
2017 ഡിസംബറിൽ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ പറഞ്ഞ ഒരു അഭിപ്രായത്തെ തുടർന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള രൂക്ഷമായ ആക്രമണം. അതു വളരെ ആസൂത്രിതമായിരുന്നു. പക്ഷേ അതിനു പിന്നിൽ ആരായാലും അവർ സ്വയം വെളിവാക്കപ്പെടുകയാണുണ്ടായത്. ആ അധിക്ഷേപങ്ങളിൽ എനിക്ക് ഏറെ പിന്തുണയും കിട്ടി. അതിലുപരി പറഞ്ഞ കാര്യങ്ങൾ കുടുംബങ്ങളിലടക്കം സംസാരവിഷയമായി. എനിക്കതു പാഠങ്ങളുമായി. ഞാൻ എന്നെ തന്നെ കൂടുതൽ അറിഞ്ഞു. തീർച്ചയായും അത്തരം ആക്രമങ്ങൾ  മാനസികമായി ബാധിച്ചിട്ടുണ്ട്. പക്ഷേ വീട്ടുകാരുൾപ്പടെ നൽകിയ വലിയ പിന്തുണയും വിശ്വാസവും  കരുത്തായി. 

ഫെമിനിച്ചിയെന്ന വിളിപ്പേര് ഏറെ കേട്ടയാളാണു ഞാൻ. അതൊരു അപമാനമായി കരുതുന്നില്ല. ഫെമിനിച്ചി എന്ന് എംബ്ലോയിഡറി ചെയ്ത ബാഗ് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിനുള്ളിൽ എപ്പോഴും ഒരു ഒബ്സർവേഷൻ ബുക്കുമുണ്ടാവും. എന്റെ നിരീക്ഷണങ്ങളും ചിന്തകളും രസകരമായ കാര്യങ്ങളുമൊക്കെ എഴുതാനുള്ള ബുക്ക്. അങ്ങനെ എഴുതിയ പല ബുക്കുകൾ ഒരു പെട്ടിക്കുള്ളിൽ സ്വകാര്യമായി സൂക്ഷിച്ചിട്ടുണ്ട്. അതിനൊരു പൂട്ടുമുണ്ട്. 

ബോൾഡ് ആണ് എന്നു പറയുമ്പോൾ പലരും ധരിക്കുന്നത് ഒരു വികാരവുമില്ലാത്ത ജീവിയാണെന്നാണ്. അങ്ങനെയല്ല, വളരെ സെൻസിറ്റിവാണു ഞാൻ. വളരെ അടുപ്പമുള്ള ആളുകളുമായി പിണങ്ങിയാൽ ഉറക്കം പോലും നഷ്ടപ്പെടുന്നയാൾ. അവർ തെറ്റിദ്ധരിക്കുന്നതാണ് എന്നെ ഏറെ സങ്കടപ്പെടുത്തുക. 

∙ ഒരു സംവിധായകന്റെ പ്രസ്താവനക്കെതിരെയുള്ള ‘ഒഎംകെവി’ അടക്കം ചില പ്രതികരണങ്ങളെങ്കിലും വൈകാരികമായി പെട്ടന്നുണ്ടായതാണോ? എതെങ്കിലും പ്രസ്താവനകളും പ്രതികരങ്ങളും വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടോ? 
ഇല്ല. തിരുവനന്തപുരം ഫിലിം ഫെസ്റ്റ് വേദിയിലെ പരാമർശം അടക്കം ഞാൻ പറഞ്ഞ കാര്യങ്ങൾ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണു പറഞ്ഞത്. പക്ഷേ പലരും തെറ്റായാണ് അത് വ്യാഖ്യാനിച്ചതും വിവാദമാക്കിയതും. ‘ഒഎംകെവി’ പ്രതികരണവും ആലോചിച്ച് ഇട്ടതു തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ആ പ്രതികരണം അർഹിക്കുന്നുണ്ട്. 

∙ പുതിയ സിനിമകൾ? 
സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു സിനിമകളുടെ ചർച്ചകൾ നടക്കുന്നു. 

∙ അഭിനയത്തിനപ്പുറം സിനിമ സംവിധാനം ചെയ്യുമോ? 
കഴിഞ്ഞ 2 വർഷമായി സംവിധാനത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നുണ്ട്. അതിനായി ഒരു സബ്ജക്ടിന്റെ പണപ്പുരയിലാണിപ്പോൾ. തീർച്ചയായും ഞാൻ സംവിധായികയുമാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA