ADVERTISEMENT

മനു അശോക് സംവിധാനം ചെയ്ത ഉയരെ ഉയർത്തി വിടുന്ന വിഷയങ്ങൾ സമൂഹത്തിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. പാർവതിയുടെ അഭിനയമികവ് കൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായി ഉയരെ മാറിയി. സൗന്ദര്യസങ്കൽപ്പങ്ങൾക്ക് പുതിയ മാനം കൈവരണമെന്ന ശക്തമായ സന്ദേശം നൽകിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ബോബി–സഞ്ജയ്‌യാണ് ചിത്രത്തിന്റെ തിരക്കഥ. ഉയരെ എന്ന ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും, സിനിമയിലൂടെ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും സഞ്ജയ് മനസ് തുറക്കുന്നു.

 

ഉയരെ എന്ന ചിത്രത്തിൽ നിങ്ങളെ ആകർഷിച്ച ഘടകങ്ങൾ എന്തെല്ലാമാണ്?

 

നമ്മുടെ നാട്ടിൽ സൗന്ദര്യത്തെ വിശേഷിപ്പിക്കുന്ന രീതിയോട് ഞങ്ങൾക്ക് പലപ്പോഴും വിയോജിപ്പ് തോന്നിയിട്ടുണ്ട്. വളരെ വികലമാണ് നമ്മുടെ നാട്ടിലെ സൗന്ദര്യസങ്കൽപ്പം. ഒരാളുടെ മുഖം നല്ലതാണെങ്കിൽ ബാക്കിയെല്ലാം നല്ലതാണെന്ന ഒരു ചിന്താഗതിയുണ്ട്. മുഖം മാത്രം നോക്കി ആളുകളെ വിലയിരുത്തും. സ്ത്രീകളുടെ കാര്യത്തിലാണ് ഇത് കൂടുതൽ. തൊലിപ്പുറത്തെ സൗന്ദര്യം അത്യാവശ്യമാണ്. ഒരു കല്യാണത്തിന് പോയാലും വധുവിനെ കാണാൻ ഭംഗിയുണ്ടോ, കറുപ്പാണോ വെളുപ്പാണോ എന്നൊക്കെയാണ് ആളുകൾ നോക്കുന്നത്.

 

സാമ്പ്രദായിക സൗന്ദര്യം ആവശ്യപ്പെടുന്ന തൊഴിൽമേഖലകളും മൽസരങ്ങളും നമ്മുടെ സമൂഹത്തിന് ആവശ്യമുള്ളതാണോയെന്ന് ഞങ്ങൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരാൾ സുന്ദരനോ സുന്ദരിയോ ആയാൽ മാത്രം കടന്നുചെല്ലാവുന്ന മേഖലകളുണ്ട്. അത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രാകൃതമാണ്. യുക്തിയ്ക്ക് യാതൊരു പ്രാധാന്യവും നൽകുന്നില്ല. ഒരാളുടെ ഗുണം കൊണ്ട് അല്ലല്ലോ അയാൾക്ക് പൊക്കക്കുറവും കൂടുതലുമൊക്കെ ഉണ്ടാകുന്നത്. പുരോഗമന സമൂഹത്തിലെ ഈ പ്രവണതയാണ് ഞങ്ങളെ കഥയിലേക്ക് ആകർഷിച്ചത്.

 

കൂടാതെ സ്ത്രീപുരുഷ ബന്ധങ്ങളിൽ പ്രത്യേകിച്ച് പ്രണയത്തിലും ദാമ്പത്യത്തിലും നിലനിൽക്കുന്ന പ്രശ്നങ്ങളുണ്ട്. പുരുഷന്റെ ഈഗോ മൂലം പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരുപാട് സ്ത്രീകളെ ഞങ്ങൾ കണ്ടിട്ടുണ്ട്. പുരുഷന്റെ ഇഷ്ടമാണ് സ്ത്രീയുടേയും ഇഷ്ടം, പുരുഷൻ പറയുന്നതിന് അപ്പുറത്തേക്ക് ഒരു ലോകമില്ല എന്ന ചിന്താഗതിയാണ്. സ്വന്തം സന്തോഷമാണ് ഇതുവഴി ഇല്ലാതാകുന്നതെന്ന് പലരും മനസിലാക്കുന്നില്ല. എന്നോട് ഇഷ്ടമുണ്ടായിട്ടല്ലേ എന്റെ ഭർത്താവോ കാമുകനോ ഇന്ന വസ്ത്രം ധരിക്കരുതെന്ന് പറയുന്നത് എന്നാണ് മിക്കവരും ചിന്തിക്കുന്നത്. അവരുടെ സന്തോഷത്തിന് ഒപ്പമുള്ളയാൾ വിലകൽപ്പിക്കുന്നുണ്ടോയെന്ന് അവർ ചിന്തിക്കാറില്ല. സ്വന്തം സന്തോഷങ്ങൾക്ക് വിലകൽപ്പിക്കാത്ത ഒരു ബന്ധത്തിൽ നിന്ന് സ്ത്രീകൾ ഇറങ്ങിവരണമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. അവിടെ സ്നേഹമില്ല. സ്നേഹമില്ലാത്തിടത്ത് എന്ത് പ്രണയവും ദാമ്പത്യവുമാണുള്ളത്.

 

ആസിഫിന്റെ ഗോവിന്ദ് എന്ന കഥാപാത്രത്തോട് വെറുപ്പ് തോന്നുന്നുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ആസിഫിന്റെ അഭിനയത്തെ എങ്ങനെ കാണുന്നു?

 

നിരവധി ഫീൽഗുഡ് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ആസിഫ് ഉയരെയിലെത്തുന്നത്. ആരും ഏറ്റെടുക്കാൻ ഒന്ന് മടിക്കുന്ന കഥാപാത്രമാണ് ഗോവിന്ദ്. നെഗറ്റീവ് ഷെയ്ഡ് തന്നെയാണ് കാരണം. ആസിഫ് സിനിമയും കഥാപാത്രവും മാത്രമാണ് നോക്കിയത്. എന്റെ തല, എന്റെ ഫുൾഫിഗർ എന്ന രീതിയായിരുന്നില്ല. അതിനാണ് ആദ്യം അഭിനന്ദനം അർഹിക്കുന്നത്. ആസിഫിന്റെ ഈ തിരഞ്ഞെടുപ്പ് മറ്റുള്ളവർ കണ്ടുപഠിക്കേണ്ടതാണ്. ഗോവിന്ദ് എന്ന കഥാപാത്രത്തോട് വെറുപ്പ് തോന്നുന്നെങ്കിൽ അത് ആസിഫിന്റെ വിജയമാണ്. കഥ കേട്ടയുടൻ തന്നെ ഞാൻ ഈ കഥാപാത്രം ചെയ്യാം എന്ന് പറയുകയായിരുന്നു.

 

ടോവിനോയും ഇതുപോലെ തന്നെയാണ് കഥാപാത്രത്തോട് യെസ് പറഞ്ഞത്. ഞങ്ങൾ കഥ പറയാൻ സമീപിക്കുമ്പോൾ ഡേറ്റിന്റെ പ്രശ്നമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ കഥകേട്ടയുടൻ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാമെന്ന് പറയുകയായിരുന്നു. ഈ രണ്ട് നായകന്മാരും ഞങ്ങൾക്ക് എത്ര സീനുണ്ട്, എത്രമാത്രം സ്ക്രീൻ സ്പെയ്സ് ഉണ്ട്, പാർവതിയുടെ സിനിമയാണോ എന്നൊന്നും ചോദിച്ചിട്ടില്ല. അവരൊരു സിനിമയുടെ ഭാഗമാകാൻ എത്തിയതാണ്. ഇത് മലയാളസിനിമയിൽ വന്ന നല്ലൊരു മാറ്റമാണ്. കുമ്പളങ്ങിനൈറ്റ്സിൽ ഫഹദ് വില്ലനായിട്ട് അഭിനയിച്ചില്ലേ? ഫഹദിനെപ്പോലെയൊരു താരം അതിനു തയാറായി, ഇങ്ങനെ എല്ലാവരും തയാറായാൽ ഇവിടെ ഗംഭീരസിനിമകളും ഗംഭീര കഥാപത്രങ്ങളുമുണ്ടാകും. 

 

പാർവതി നായികയാകുമ്പോൾ വിവാദങ്ങൾ സിനിമയെ ബാധിക്കുമെന്ന് ഭയമുണ്ടായിരുന്നോ?

 

100 പേരുണ്ടെങ്കിൽ അതിൽ 15 പേരാണ് പാർവതിക്ക് എതിരെ നിൽക്കുന്നത്. ബാക്കി 85 പേർ സിനിമയ്ക്കൊപ്പം തന്നെയാണ്. ഈ 15 പേരെ ഞങ്ങൾ നോക്കിയില്ല. അവരുടെ അഭിപ്രായമല്ല കേരളത്തിന്റെ മുഴുവൻ അഭിപ്രായം. വിവരമുള്ള പ്രേക്ഷകരുള്ള സ്ഥലമാണിത്.  ആ സമൂഹമാണ് ഭൂരിഭാഗമെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. പടം എത്ര നല്ലതാണെങ്കിലും പാർവതിയുണ്ടെങ്കിൽ കാണില്ലെന്ന് പറയുന്നയാൾക്ക് എന്ത് വിവരമാണുള്ളത് ? ആ സമൂഹത്തെ ഞങ്ങൾ തള്ളിക്കളയുന്നു. ആ കമന്റിൽ തന്നെയുണ്ട് വൈകല്യം. സിനിമ നല്ലതാണെങ്കിൽ ജനങ്ങൾ കാണും. പാർവതിയുടെ അഭിനയം അംഗീകരിക്കും. ഈ സിനിമ തെളിയിക്കുന്നത് പാർവതിയോടുള്ള എതിർപ്പ് കുറേയൊക്കെ സൃഷ്ടിയാണ് എന്നാണ്. 

 

പല്ലവിയെന്ന കഥാപാത്രത്തെപ്പോലെയുള്ളവരെ പരിചയമുണ്ടോ?

 

ഇഷ്ടംപോലെയുണ്ട്. ഞങ്ങൾക്ക് ഒരുപാട് സ്ത്രീ സുഹൃത്തുകളുണ്ട്. അതിൽ ചിലരുടെ കല്യാണം കഴിഞ്ഞതാണ്. ഈ സുഹൃത്തുകളുടെയെല്ലാം സംസാരത്തിൽ നിന്നെടുത്ത ഒരുപാട് കാര്യങ്ങൾ പല്ലവിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കഴിവുള്ള ഒരുപാട് സ്ത്രീകൾ പുരുഷന്മാരെപ്പോലെ ഉയരത്തിൽ എത്താത്തിന്റെ കാരണം ഇത്തരം പിടിച്ചവെയ്ക്കലുകളാണ്. ഒരു സ്ത്രീയോട് ആദ്യം പറഞ്ഞുകൊടുക്കുന്നത് ഭർത്താവിന്റെ  വീട്, ഭർത്താവ് പറയുന്നത് പോലെ എന്നൊക്കെയാണ്. നമ്മുടെ അമ്മ സങ്കൽപം തന്നെ വിശുദ്ധികൽപ്പിച്ച കൊടുത്തിട്ടുള്ള ഒന്നാണ്. അമ്മ ഉണ്ടാക്കുന്ന ഭക്ഷണം, അമ്മ പൂജാമുറിയിൽ വിളക്ക് കത്തിക്കുന്നത്, അമ്മ സാരി ഉടുക്കുന്നത് ഇതൊക്കെയാണ് അമ്മയെക്കുറിച്ച് പറയുമ്പോഴുള്ള സങ്കൽപ്പങ്ങൾ. വീട്ടിൽ ഭക്ഷണം പാകം ചെയ്ത് കാത്തിരിക്കുന്ന ഒരാൾ എന്നതിനപ്പുറം അവരുടെ സ്വപ്നങ്ങൾക്ക് പ്രാധാന്യം നൽകാറില്ല. നമ്മൾ പോലും അറിയാതെ ഈ സങ്കൽപ്പങ്ങൾക്ക് ഒരു വിശുദ്ധി കൽപ്പിച്ച് നൽകും, ഇതാണ് നല്ല സ്ത്രീയെന്നങ്ങ് വിശ്വസിക്കും. ഈ സങ്കൽപ്പങ്ങൾ ഭാര്യയിലേക്കും കാമുകിയിലേക്കും അടിച്ചേൽപ്പിക്കുമ്പോൾ ഇപ്പോഴത്തെ സ്വപ്നങ്ങളുള്ള മുന്നോട്ട് പോകണണെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ അംഗീകരിക്കില്ല. അവർ അതെല്ലാം പൊളിച്ചെഴുതിക്കഴിഞ്ഞു. ഭക്ഷണം ഉണ്ടാക്കുന്നതിലേക്ക് മാത്രം തളച്ചിടുന്ന രീതി മാറിയെന്നുള്ളത് ഇവിടുത്തെ പുരുഷന്മാർ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അംഗീകരിച്ചേ പറ്റൂ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com