ADVERTISEMENT

കോഴിക്കോട് മെഡിക്കൽ കോളജിലേക്കു പനിപിടിച്ച രോഗികൾ വന്നുകൊണ്ടേയിരിക്കുന്നു. വരുന്നവരെ എല്ലാവരെയും ജീവനക്കാരും ഡോക്ടർമാരും  ഓടി നടന്നു പരിശോധിക്കുന്നു. പതിവു പനിയായതുകൊണ്ടു പലർക്കും മുഖത്തു മാസ്ക് പോലുമില്ല. എത്രയോ പനിക്കാരെ കണ്ട ആശുപത്രി അതേ ലാളിത്യത്തോടെ ഇതിനെ കണ്ടു. പക്ഷെ പനി പിടിച്ച പലരും പെട്ടെന്നു മരണത്തിലേക്കു യാത്ര തുടങ്ങിയതോടെ എവിടെയോ അപായ മണി മുഴങ്ങി. ലാബുകളിലെ നീണ്ട പരിശോധനയ്ക്കു ശേഷം ഡോക്ടർമാരെയും വൈറോളജിസ്റ്റുകളെയും  നടുക്കിക്കൊണ്ട് ഒരു ഫലം തെളിഞ്ഞുനിന്നു. 

പടരുന്നതു നിപ്പ വൈറസിന്റെ പനിയാണ്. പ്രതിരോധ മരുന്നില്ലാത്ത വൈറസ്. യുഎൻപോലും അതീവ ഗുരുതരമെന്ന പട്ടികയിൽപ്പെടുത്തിയ പനി. വൈറസ് എവിടെയെല്ലാമെത്തിയെന്നറിയാത്ത അവസ്ഥ. എവിടെനിന്നുവരുന്നു എന്നുപോലും അറിയില്ല. 

 

മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിനകത്തേക്ക് ഈ വിവരമെത്തിയപ്പോൾ പലരും തകർന്നുപോയി. രോഗികളെ ആദ്യം നോക്കിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ഡോക്ടർമാരും നിശബ്ദരായി. അവർക്കറിയാമായിരുന്നു ആരുടെയെല്ലാമോ ദേഹത്തേക്ക് ഈ വൈറസ് അരിച്ചു കയറിയിട്ടുണ്ടെന്ന്. ചിലർ വിട്ടുപോകാൻ തീരുമാനിച്ചു. എന്നാൽ ഭൂരിഭാഗം പേരും നിൽക്കാൻ തീരുമാനിച്ചു. ആശുപത്രിയിലെ തുണി അലക്കുന്നവരും നിലം തുടയ്ക്കുന്നവരും വണ്ടി ഉന്തുന്നവരും മുറിവു കെട്ടുന്നവരും തുടങ്ങി വിരമിക്കാൻ ദിവസങ്ങൾ  മാത്രമുള്ള ഡോക്ടമാർവരെ ഒരുമിച്ച് അണിനിരുന്നു. നെഞ്ചു വിരിച്ചു പറഞ്ഞു. ‘മരണത്തെ ഞങ്ങൾ സ്നേഹം കൊണ്ടു തകർത്തു തരിപ്പണമാക്കും.’ അവർ  മരണ വൈറസ്സുമായി എത്തിയവരെ പരിചരിച്ചു, സ്നേഹിച്ചു, കൂടെനിന്നു. വൈറസ് പിടികൂടിയ 22 പേരിൽ 21 പേർ മരിക്കുന്നതു കണ്ടിട്ടും അവർ നെഞ്ചുലയാതെ നിന്നു. 

 

മെഡിക്കൽ കോളജിലെ വേർതിരിച്ച വാർഡിൽനിന്നും വന്ന വിവരങ്ങൾ പുറത്തെ ഒരാളെ വല്ലാതെ ഉലച്ചു. മൊഹ്സിൻ പരാരിയെന്ന എഴുത്തുകാരനെ. അദ്ദേഹത്തിന്റെയൊരു ബന്ധു അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിൽ എപ്പൊഴോ ഒരു ദിവസം മൊഹ്സിൻ സംവിധായകനായ ആഷിക് അബുവിനെ കണ്ടുമുട്ടി. വൈറസ് എന്ന സിനിമ തുടങ്ങിയത്  ആ കൂടിക്കാഴ്ചയിലാണ്. മൊഹ്സിൻ,ഷർഫു, സുഹാസ് എന്നീ മൂന്നുപേർ ഈ വൈറസ് വന്ന വഴിയും തേടി യാത്ര തുടങ്ങി. രോഗം അപ്പോഴും പടരുകയായിരുന്നു. എല്ലാവരും നാടുവിട്ടു പോകാൻ മനസുകൊണ്ടെങ്കിലും ഒരുങ്ങവെ ഇവർ മൂന്നുപേരും കോഴിക്കോടു നഗരത്തിലൂടെ അലഞ്ഞു വൈറസിന്റെ വേരുകൾ തേടി. രോഗത്തെ നേരിട്ടവരുടെ ഇതുവരെ പുറത്തുവരാത്ത അനുഭവങ്ങളിലൂടെയാണവർ യാത്ര ചെയ്തത്. ആ നടുക്കുന്ന ഓർമ്മകളാണ് വൈറസ് എന്ന സിനിമ. 

 

ആഷിക് അബു സംസാരിക്കുന്നു. 

 

ഇതൊരു ത്രില്ലർ സിനിമയാണെന്നു പറയാം. മരണംതന്നെയാണു മറുവശത്ത്.  അത് അറിഞ്ഞുകൊണ്ടുതന്നെ മരണ വൈറസിന് എതിരെ കുറെ മനുഷ്യർ നടത്തിയ പോരാട്ടത്തിന്റെ കഥയാണിത്. ഈ വൈറസ് വന്ന വഴിയിലൂടെ യാത്ര ചെയ്യുന്ന ഓരോ നിമിഷവും ഞങ്ങൾ നടുങ്ങുകയായിരുന്നു. നിങ്ങൾ ആദ്യം മുതലെ ചോദിച്ചൊരു കാര്യം എന്തിനാണ് ഇത്രയേറെ പ്രധാന അഭിനേതാക്കളെന്നാണ്. എഴുതി വരുമ്പോഴാണ് അറിയുന്നത് ഓരോരുത്തരും ഹീറോയാണെന്ന്. രോഗികളുടെ വസ്ത്രം തിരുമ്പുന്നവർ, അവരെ മറവു ചെയ്തവർ, പരിചരിച്ചവർ അങ്ങിനെ ജീവിതത്തിന്റെ താഴെ തട്ടിലെന്നു നാം കരൂതുന്ന എത്രയോ പേർ നന്മകൊണ്ടു ഉയരങ്ങളിൽ നിൽക്കുന്നതു നാം കണ്ടു. മറ്റ് ആശുപത്രികളിലെക്കോ രാജ്യങ്ങളിലേക്കോ ഒളിച്ചോടാൻ സാധ്യതകൾ ഏറെയുണ്ടായിരുന്നവർ ഏതു നിമിഷവും വരാവുന്ന വൈറസിനെ മറന്നു അവിടെ ജോലി ചെയ്യുന്നതും കണ്ടു. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിനും നല്ല അഭിനേതാക്കൾതന്നെ വേണമെന്നു തോന്നി. 

 

ഇതു എഴുതിയുണ്ടാക്കിയ കഥയല്ല. രോഗം പടരുമ്പോഴും അതിനകത്തുള്ളവർ വിവരം തന്നുകൊണ്ടേയിരുന്നു. കഥ എഴുതിയ മൂന്നു േപരും രോഗം പടരുന്ന നഗരത്തിൽ താമസിച്ചു തന്നെയാണു വിവരങ്ങൾ കണ്ടെത്തിയത്. എത്രയോ ദിവസം ഞാനും അവിടെ താമസിച്ചു. എത്രയോ പേരെ കണ്ടു.അവരുമായി സംസാരിച്ചു. അവരെല്ലാം കടന്നുപോയത് ഒരിക്കലും പറഞ്ഞു തരാനാകാത്ത ഭീതിയിലൂടെയാണ്. ജീവനക്കാരുടെ കുടുംബം പ്രാർഥനകളോടെ വീട്ടിൽ കഴിഞ്ഞു.ഈ വേദനക്കിടയിലും അവരെ നാട്ടുകാരിൽ പലരും ഒറ്റപ്പെടുത്തി. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമല്ല. ജീവിത്തിന്റെ പച്ചയായ വശമാണത്. വിൽപത്രം എഴുതിവച്ചു ജോലിക്കെത്തിയ ഒരു ഡോക്ടറെ ഞങ്ങൾ കണ്ടു. തിരിച്ചുവരില്ലെന്നുറപ്പിച്ചു വീട്ടിൽനിന്നു യാത്ര പറയാൻ വേറെ ഏതു ജോലിക്കു കഴിയും. വിൽപത്രമെന്നതു മരണപത്രം തന്നെയാകുന്ന അവസ്ഥ. 

 

നാലു മാസത്തോളമാണു ഇവരെല്ലാം ഈ വൈറസിന്റെ വേട്ടയിലൂടെ കടന്നുപോയത്. അവരുടെ മനസ്സിലൂടെ ഞങ്ങൾ നടത്തുന്ന യാത്രയാണിത്. അവസാനം ആ വൈറസ് വന്ന വഴി കണ്ടെത്തുന്നൊരു ത്രില്ലർ. ആ രോഗത്തെ നേരിട്ടതു കൂട്ടായ്മയിലൂടെയാണ്. അതുപോലെ ഈ സിനിമയും വലിയൊരു കൂട്ടായ്മയാണ്. പ്രളയം വന്നപ്പോൾ നാം നിപ്പയുടെ പോരാളികളെ മറന്നുപോയി.അവരെ ഓർക്കാനുള്ളൊരു സിനിമയാണിത്. നെഞ്ചുയർത്തി നിന്നവരുടെ സിനിമ.’ പൊതുവെ നന്നായി സംസാരിക്കുന്ന ആഷിക് അബു ഇത്രയും വികാരത്തോടെ ഇതുവരെ സംസാരിച്ചു കണ്ടിട്ടില്ല. പറഞ്ഞതു സിനിമയെക്കുറിച്ചല്ല. മരണത്തിനെ മുഖാമുഖം നിന്നു പോർവിളിച്ചവരെക്കുറിച്ചാണ്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com