10 സംവിധായകർക്കൊപ്പം ജോലി ചെയ്തു, ഒടുവിൽ രാജേഷ് പിള്ളയുടെ അടുത്തെത്തി !

Manu Ashok Uyare movie director
മനു അശോക്
SHARE

ഉയരെ ഇരുന്ന് രാജേഷ് പിള്ള കാണുന്നുണ്ടാകും, ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ പ്രിയ ശിഷ്യൻ ഉയരങ്ങൾ തൊടുന്നത്. മനു അശോകൻ എന്ന സംവിധായകന് അതുകൊണ്ടുതന്നെ ‘ഉയരെ’ വെറുമൊരു ആദ്യ സിനിമയല്ല. ചിത്രം റിലീസായ ദിവസം മനു ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകരെ നൊമ്പരപ്പെടുത്തിയതും വെറുതേയല്ല: ‘‘ പിള്ളേച്ചാ, നമ്മുടെ സിനിമ റിലീസ് ആയി, എവിടെയെങ്കിലും ഇരുന്ന് കാണുന്നുണ്ടാകും അല്ലേ...’’. 

‘ഉയരെ’ രാജേഷ് പിള്ളയ്ക്കുള്ള ഓർമപ്പൂവാണോ?

മറന്നാലല്ലേ ഓർക്കേണ്ട ആവശ്യമുള്ളൂ. ആ പൂവ് എന്നും സൗരഭ്യം പരത്തി എനിക്കു ചുറ്റുമുണ്ട്. എന്റെ ചേട്ടൻ തന്നെയായിരുന്നു അദ്ദേഹം. അതുകൊണ്ട് ഓർമ എന്ന വാക്ക് രാജേഷേട്ടനുമായി ചേർത്ത് ഞാൻ പറയാറില്ല.

സിനിമയിലെത്തിയിട്ട് വർഷങ്ങളായി. ഒട്ടേറെ പേർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചു. രാജേഷ് പിള്ള എന്ന സംവിധായകനെ പരിചയപ്പെട്ടതാണ് ജീവിതത്തിലെ വഴിത്തിരിവ്. അദ്ദേഹത്തോടൊപ്പം ട്രാഫിക്കിന്റെ ഹിന്ദി, വേട്ട എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു. അദ്ദേഹം വഴി പരിചയപ്പെട്ട ടീം ഒപ്പമുണ്ടായതിനാലാണ് ‘ഉയരെ’ എന്ന ചിത്രം യാഥാർഥ്യമായത്. ആരും കൊതിക്കുന്ന ബോബി – സഞ്ജയ്മാരുടെ തിരക്കഥ തന്നെ എന്റെ ആദ്യ ചിത്രത്തിനു കിട്ടിയതും അതുകൊണ്ടാണ്.  

രാജേഷ് പിള്ള പഠിപ്പിച്ച സിനിമാ പാഠം?

മലയാളത്തിൽ വലിയൊരു മാറ്റത്തിനു തുടക്കമിട്ട ചിത്രമാണ് രാജേഷ് പിള്ളയുടെ ട്രാഫിക്. എന്റെ സ്കൂൾ ഓഫ് സിനിമയും അദ്ദേഹത്തിന്റേതു തന്നെയാണ്. വൈകാരിക രംഗങ്ങൾ ഒരുക്കുന്നതിൽ രാജേഷേട്ടന് പ്രത്യേക പ്രാഗൽഭ്യമുണ്ടായിരുന്നു. ‘ഉയരെ’യിൽ അതിനാടകീയമായി പോകുമായിരുന്ന പല രംഗങ്ങളും ഒതുക്കത്തോടെ ചെയ്യാൻ സഹായകമായത് രാജേഷേട്ടനിൽനിന്നു പഠിച്ച പാഠങ്ങളാണ്. 

ആസിഡ് ആക്രമണമെന്ന സാമൂഹിക പ്രശ്നം കൊമേഴ്സ്യൽ സിനിമയാകുമ്പോൾ?

ബോബി – സ‍‍‍‍ഞ്ജയ്മാരാണ് ഈ വിഷയം ചെയ്യാമെന്നു പറഞ്ഞത്. കഥയൊന്നും ആദ്യം ഉണ്ടായിരുന്നില്ല. വിഷയം ആലോചിക്കുന്ന സമയത്ത് ഉത്തരേന്ത്യയിലും മറ്റുമൊക്കെ മാത്രമായിരുന്നു ഇത്തരം അക്രമങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ചിത്രം ഇറങ്ങുന്ന സമയത്ത് കേരളത്തിലും ഉത്കണ്ഠയുണ്ടാക്കും വിധം സമാന സംഭവങ്ങൾ നടന്നു. സാമൂഹിക പ്രശ്നങ്ങളെ ഡോക്യുമെന്ററിയോ വാർത്തയോ ആയി അവതരിപ്പിക്കുന്നതിന്റെ ഇരട്ടി ഫലം അതു സിനിമയാക്കുമ്പോൾ ലഭിക്കും. അതുകൊണ്ട് സിനിമ വെറും വിനോദോപാധി മാത്രമാകരുതെന്ന് എനിക്കു നിർബന്ധമുണ്ട്. 

പാർവതിയെ പല്ലവിയാക്കാനുള്ള ഒരുക്കം?

ബോബി, സഞ്ജയ്, പാർവതി, ഞാൻ– ഈ നാലുപേരും ചേർന്നാണ് ഉയരെ ചെയ്യാമെന്ന് ആദ്യമായി തീരുമാനിക്കുന്നത്. വെറുതേ വന്ന് അഭിനയിച്ചു പോകുന്ന നടിയല്ല പാർവതിയെന്ന് പ്രേക്ഷകർക്ക് അറിയാം. അവർ ഒരു പ്രത്യേക ജനുസിൽപെട്ട അഭിനേത്രിയാണെന്ന് തോന്നിയിട്ടുണ്ട് എനിക്ക്. 

ചിത്രത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ആസിഡ് ആക്രമണത്തിന്റെ ഇരകൾ നടത്തുന്ന ആഗ്രയിലെ ഷീറോസ് എന്ന കഫേ ഞങ്ങൾ സന്ദർശിച്ചു. അവരുമായി ചർച്ച ചെയ്താണ് പാർവതി കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കുന്നത്.

പാർവതി പ്രതിനിധാനം ചെയ്യുന്ന ഡബ്ല്യുസിസിയോടുള്ള നിലപാട്?

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ശക്തവും മികച്ചതുമായ ഒരു തീരുമാനമായിരുന്നു ഡബ്ളിയുസിസിയുടെ രൂപീകരണം. അത് അതിന്റെ ആത്യന്തിക കടമ നിറവേറ്റാനുള്ള ശ്രമങ്ങളാണ് ഇനി നടത്തേണ്ടത്. കൂട്ടായ്മ എന്നതിനപ്പുറം ഈ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾക്ക് സുരക്ഷിതമായി കടന്നുവരാനുള്ള ആത്മവിശ്വാസം ഡബ്ല്യുസിസി നൽകണം.

സ്വദേശമായ കോഴിക്കോടുനിന്ന് സിനിമയിലേക്കുള്ള ദൂരം?

‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ആയിരുന്നു ദൂരം. സംവിധായകൻ ര‍ഞ്ജൻ പ്രമോദിനെ പരിചയപ്പെട്ടതാണ് സിനിമയിലേക്കുള്ള വാതിൽതുറന്നത്. സംവിധാന സഹായിയാകാൻ വഴിയുണ്ടോ എന്ന് അന്വേഷിച്ചാണ് പോയത്. കൂടുതൽ പഠിക്കണമെന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങനെ എറണാകുളത്തെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അതോടൊപ്പം സിനിമകളിലും വർക്ക് ചെയ്തു. ഇടയ്ക്ക് കാലടി സർവകലാശാലയിൽ തിയറ്ററിൽ എംഎ കോഴ്സും ചെയ്തു. സിനിമയ്ക്കു പിറകെ നടക്കുന്ന കാലത്ത് വേറെ വല്ല പണിക്കും പോയ്ക്കൂടെ എന്നു ചോദിച്ചിട്ടുണ്ട് പലരും. അച്ഛനും അമ്മയും തന്ന ആത്മവിശ്വാസമാണ് മുന്നോട്ടു നയിച്ചത്. 10 സംവിധായകർക്കൊപ്പം ജോലി ചെയ്ത ശേഷമാണ് രാജേഷ് പിള്ളയിലേക്ക് എത്തിയത്. 

സിനിമയിലെ ഇനിയുള്ള സ്വപ്നം?

സ്വപ്നം പോലും കാണാത്തതാണ് ഇതുവരെ സംഭവിച്ചത്. എങ്കിലും അടുത്ത ചിത്രം രാജേഷ് പിള്ള പ്രൊഡക്‌ഷന്റെ ബാനറിലാകണമെന്ന് അഗ്രഹമുണ്ട്. എന്റെ എല്ലാ സിനിമാ സ്വപ്നങ്ങൾക്കും താങ്ങായി നിൽക്കുന്ന രാജേഷേട്ടന്റെ ഭാര്യ മേഘ ചേച്ചിയോടുള്ള കടമ കൂടിയാണത്. 

ആദ്യ സിനിമയിലെ കുടുംബ സാന്നിധ്യം?

എന്റെ ഭാര്യ ശ്രേയ അരവിന്ദാണ് വസ്ത്രാലങ്കാരം നിർവഹിച്ചത്. അതുകൊണ്ട് ഉയരെ ഒരു കുടുംബകാര്യം കൂടിയായി. ഒരു മകളുണ്ട്; ഗാർഷ്യ. അച്ഛൻ അശോകൻ കോട്ട് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റാണ്. അമ്മ നളിനി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA