ചർമം കണ്ടാൽ പ്രായം തോന്നാത്ത ദുൽക്കറിന്റെ അമ്മ!; വിജി രതീഷ് അഭിമുഖം

viji-ratheesh-dulquer
ദുൽക്കറിനൊപ്പം യമണ്ടൻ പ്രേമകഥയിൽ വിജി
SHARE

യമണ്ടൻ പ്രേമകഥയിലൂടെ മലയാളത്തിന് സുന്ദരി അമ്മയെ കിട്ടിയിരിക്കുകയാണ്. ചിത്രത്തിൽ ദുൽക്കറിന്റെ അമ്മയായി അഭിനയിച്ച നടിയുടെ യഥാർഥ ചിത്രങ്ങൾ കണ്ടപ്പോൾ ഞെട്ടിയത് പ്രേക്ഷകരാണ്. ‘ഇത്ര ചെറുപ്പമായിരുന്നോ അവർ, സത്യത്തില്‍ എത്ര വയസ്സുണ്ട് ഈ നടിക്ക്’...തുടങ്ങിയ പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇതിനു മുമ്പ് മലയാളത്തിന് പരിചിതമല്ലായിരുന്ന ആ മുഖം വിജി രതീഷിന്റേതാണ്. ലല്ലുവിന്റെ അമ്മയായി എത്തിയ പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ വിജി രതീഷ് വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ...

യമണ്ടൻ പ്രേമകഥയിലേയ്ക്ക് എത്തുന്നത്

ദുബായിൽ ആണ് വർഷങ്ങളായി താമസം. സിനിമ സ്വപ്നം കണ്ടിരുന്നെങ്കിലും ഇതുപോലൊരു സ്വപ്നസമാനമായ വരവേൽപ് പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ബന്ധുവാണ് ചിത്രത്തിന്റെ കാസ്റ്റിങ് കോൾ കണ്ട് വിഷ്ണുവിനെും ബിബിനെും സമീപിക്കുന്നത്. ഇതിനു മുമ്പ് രാജ്യാന്തര ബ്യൂട്ടി കോണ്ടസ്റ്റ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. അതിന്റെ കുറച്ച് ചിത്രങ്ങളും മറ്റും അവരെ കാണിക്കുകയുണ്ടായി. കഥാപാത്രത്തോട് യോജിക്കുന്നതാണെന്ന് മനസ്സിലായതോടെ സംവിധായകൻ നൗഫൽ ഇക്കയോടും അവർ അഭിപ്രായം തേടി. അങ്ങനെയാണ് എന്നെ ഒഡീഷനായി വിളിക്കുന്നത്.

viji-ratheesh-dulquer-2

കൊച്ചിയിലായിരുന്നു ഒഡീഷൻ. അത് വലിയ രസമായിരുന്നു. എന്റെ കംഫർട്ട് അനുസരിച്ച് ടീ ഷർട്ടും ജീൻസും ധരിച്ചാണ് ഒഡീഷനു ചെന്നത്. അവർക്ക് വേണ്ടിയിരുന്നത് ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു വേഷവും. എന്നെ കണ്ടപ്പോൾ അവർക്ക് ആകെ ആശങ്ക. എന്നാൽ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ്, സാരി ഉടുത്ത് അഭിനയിക്കാൻ സഹായിച്ചു. സാരി ഉടുത്ത് എന്നെ കണ്ടതോടെ അവർക്കും ആത്മവിശ്വാസമായി. 

viji-ratheesh-dulquer-1

ചിത്രത്തിലെ വളരെ പ്രധാനപ്പെട്ടൊരു രംഗമാണ് അഭിനയിക്കാനായി എനിക്കുതന്നത്. അഭിനയിച്ച ശേഷം പിന്നെ ഒന്നും എന്നോട് പറഞ്ഞില്ല. തിരഞ്ഞെടുക്കപ്പെട്ടാൽ വിളിക്കുമെന്ന് മാത്രം പറഞ്ഞു. ദുബായിയിൽ ഞാൻ തിരിച്ചെത്തിയ ശേഷം 2 ദിവസം കഴിഞ്ഞാണ് അവരുടെ വിളി വന്നത്. 

ഇതിനു മുമ്പ് അഭിനയിച്ചുള്ള പരിചയം

രണ്ട് വർഷങ്ങൾക്കു മുമ്പ് രാജ്യാന്തരമായി സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാൻ കൊച്ചിയിൽ വന്നിരുന്നു. സത്യത്തിൽ ജീവിതത്തിൽ ആദ്യമായി കൊച്ചിയിൽ വരുന്നതും ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയിയാരുന്നു.

18-നും 43-നും ഇടയില്‍ പ്രായമുള്ള വിവാഹിതയായ സ്ത്രീകള്‍ക്ക് പങ്കെടുക്കാവുന്ന മത്സരം. എന്നെക്കാള്‍ പകുതിപ്രായം മാത്രമുള്ള മത്സരാർഥികളെവരെ പിന്നിലാക്കി മിസിസ് ഗ്ലോബല്‍ പട്ടം നേടാനായത് ഏറെ ആത്മവിശ്വാസം നൽകി. അതിനു ശേഷം സിനിമാ ഓഫറുകൾ വന്നു തുടങ്ങി.

viji-ratheesh-dulquer-7

ഇന്ദ്രപ്രസ്ഥം ഒക്കെ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് ഞാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷേ ആദ്യ ചിത്രം ചുരുക്കം ചില തിയറ്ററുകളിൽ മാത്രമേ എത്തിയുള്ളൂ.  സാറ്റലൈറ്റ് റൈറ്റ്സ് കിട്ടാതിരുന്നതിനാൽ ടെലിവിഷനിലും സംപ്രേക്ഷണം ചെയ്തില്ല. ആ സിനിമ എനിക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. ഇപ്പോൾ യമണ്ടൻ പ്രേമകഥയിലൂടെ തിരിച്ചെത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.

ദുൽക്കറുമായുള്ള അഭിനയം

സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പേ അദ്ദേഹവുമായി യാതൊരു പരിചയവും എനിക്കില്ല. സിനിമയിൽ എന്റെ ആദ്യ കോംപിനേഷൻ രംഗങ്ങൾ രഞ്ജിേയട്ടനോടൊപ്പമായിരുന്നു (രഞ്ജി പണിക്കർ). ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് ദുൽക്കറിനൊപ്പം അഭിനയിക്കാൻ തുടങ്ങുന്നത്. സത്യത്തിൽ ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. അഭിനയിച്ചു വലിയ പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞാൽ അൽപം ആശ്വാസമുണ്ടാകും എന്നു വിചാരിച്ചു. എന്നാൽ അവിടെ എന്നെ ദുൽക്കർ അദ്ഭുതപ്പെടുത്തി. ആദ്യം കണ്ടപാടേ എന്റെ അഭിനയത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. നന്നായി അഭിനയിക്കുന്നുണ്ടെന്നും ഇതിനു മുമ്പ് ചെയ്ത രംഗങ്ങൾ താൻ മോണിറ്ററിലൂടെ കണ്ടിരുന്നെന്നും അദ്ദേഹം എന്നോട് പറഞ്ഞു. 

viji-ratheesh-dulquer-4

ആ വാക്കുകൾ എനിക്ക് ആത്മവിശ്വാസമായി. കൂടെ അഭിനയിക്കുന്ന രംഗങ്ങൾ മനോഹരമാക്കുന്നതിൽ ദുൽക്കർ വഹിച്ച പങ്കുവളരെ വലുതാണ്. ദുൽക്കറിനെപോലെ തന്നെ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും സംവിധായകൻ നൗഫൽ ഇക്കയും ഒരുപാട് പിന്തുണ നൽകി. തുടക്കക്കാരിയെന്ന പരിവേഷം ഞാൻ തന്നെ മറന്നുപോയി.

യമണ്ടനിലെ കഥാപാത്രം

വലിയൊരു ചിത്രത്തിന്റെ ഭാഗമാകുക, എന്നെപ്പോലെ പുതിയ ഒരാൾക്ക് ലഭിക്കുന്ന വലിയ ഭാഗ്യമാണ്. ദുൽക്കർ നായകൻ, വലിയൊരു ബാനർ, വലിയ താരനിര. മാത്രമല്ല ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനും ചിത്രത്തിൽ അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു.

അമ്മ വേഷമാണെങ്കിൽ കൂടെ സിനിമയിൽ നിർണായകമായ നിമിഷങ്ങൾക്കു കാരണമാകുന്ന കഥാപാത്രം കൂടിയാണിത്. സിനിമയിൽ രണ്ട് ഗെറ്റപ്പുകളിലാൺ ഞാൻ എത്തിയത്. എനിക്ക് എന്നെതന്നെ സ്ക്രീനിൽ തെളിയിക്കാൻ ഒരു അവസരം കിട്ടിയതായാണ് ഞാൻ കണ്ടത്. അതിൽ നൂറുശതമാനം നീതിപുലർത്താനായെന്നും ഞാൻ വിശ്വസിക്കുന്നു.

ആദ്യം 20 വയസ്സുള്ള ഗര്‍ഭിണിയായി. പിന്നെ 50വയസ്സുള്ള അമ്മയായി. പി.വി. ശങ്കറായിരുന്നു ചിത്രത്തിന്റെ മേക്ക്അപ്മാൻ. അമ്മ വേഷത്തിൽ ഒന്നുരണ്ടു തവണ സ്ക്രീൻ ടെസ്റ്റ് നടത്തിയതിനു ശേഷമാണ് അവസാന രൂപം തീരുമാനിച്ചത്. 

സിനിമയിറങ്ങിയശേഷം മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമാരംഗത്തുനിന്നും ഒരുപാട് പേർ വിളിച്ച് അഭിനന്ദനങ്ങൾ പറയുകയുണ്ടായി. പിന്നെ എന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളും ഇറങ്ങിയിരുന്നു. 

viji-ratheesh-dulquer-5

അടുത്തസുഹൃത്തുക്കൾക്കും ബന്ധുക്കള്‍ക്കും അയൽക്കാര്‍ക്കും മാത്രമേ എന്റെ യഥാർഥ പ്രായം അറിയൂ. സിനിമ കണ്ട കൂടുതൽ ആളുകളും കരുതിയത് ഞാൻ ശരിക്കും പ്രായമുള്ള ഒരു സ്ത്രീയാണെന്ന് തന്നെയാണ്. ദുൽക്കറും എന്റെ പ്രായവുമായി ബന്ധപ്പെട്ടൊരു കമന്റ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞിരുന്നു.

viji-ratheesh-dulquer-3

ദുൽക്കറിന്റെ വാക്കുകള്‍ ഇങ്ങനെ-‘വിജി എന്‍റെ അമ്മയായി അഭിനയിച്ചെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഷൂട്ടിങ് സമയത്തൊക്കെ മേക്കപ്പോട് കൂടിയാണ് കണ്ടിരുന്നത്. ഡബിങ്ങിനാണ് മേക്കപ്പില്ലാതെ ഞാൻ വിജിയെ കണ്ടത്. ശരിക്കും ഞെട്ടിപ്പോയി, എങ്ങനെയാണ് ഇവര്‍ എന്‍റെ അമ്മയാകാൻ തയാറായതെന്ന് മനസ്സിലായില്ല. സാധാരണ അമ്മയും മകനും പോലെയല്ല ഞങ്ങള്‍ സിനിമയിൽ. ഞങ്ങള്‍ തമ്മിലുള്ള കോംപിനേഷൻ സീനുകള്‍ രസകരമാണ്. തുടക്കക്കാരിയായിരുന്നിട്ടും ഏറെ അനായാസമായി വിജി ആ വേഷം ഭംഗിയാക്കിയിട്ടുണ്ട്.’

Dulquer about yamandan premakadha

കൊമ്പനായി കപ്പിൾസ്

സിനിമയിൽ കൂടുതൽ കോംപിനേഷൻ രംഗങ്ങള്‍ രഞ്ജിയേട്ടനുമൊത്തായിരുന്നു. കൊമ്പനായി കപ്പിള്‍സ് എന്നറിയപ്പെടുന്നവരാണ് സിനിമയിൽ ഞങ്ങള്‍. സിനിമയിലൊക്കെ കണ്ട് പരിചയമേ ഒള്ളൂ, എങ്ങനെ അദ്ദേഹത്തെ പരിചയപ്പെടണമെന്നൊന്നും അറിയില്ലായിരുന്നു. എന്നാൽ ഇത്ര വലിയ അനുഭവസമ്പത്തുള്ള ആളാണെന്ന ഭാവം ഒട്ടും ഇല്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സെറ്റിൽ ഉടനീളം ഞങ്ങളിൽ ഒരാളായി ആണ് പെരുമാറിയിരുന്നത്.

viji-ratheesh-dulquer-6

ടൈപ്പ്കാസ്റ്റ്

കഥാപാത്രത്തിന്റെ പ്രായം നോക്കിയല്ല, പ്രാധാന്യം നോക്കിയാണ് ഞാൻ സിനിമകളെ തിരഞ്ഞെടുക്കുന്നത്. അമ്മ വേഷത്തിലൂടെ സിനിമയിൽ എത്തിയാൽ ടൈപ്പ്കാസ്റ്റ് ആകുമെന്ന േപടിയൊന്നും എനിക്കില്ല. തുടർച്ചയായി അമ്മ വേഷങ്ങൾ വന്നാല്‍ ആ കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കി ഞാൻ സന്തോഷത്തോടെ സ്വീകരിക്കും.

കുടുംബത്തിന്റെ പിന്തുണ 

കരിയറിന്റെ ആദ്യം മുതലേ എല്ലാ പിന്തുണയുമായി ഭർത്താവ് ഒപ്പമുണ്ട്. മിസിസ്സ് ഗ്ലോബൽ മത്സരത്തിൽ പങ്കെടുക്കാൻ ഒൻപതു ദിവസം കൊച്ചിയിൽ താമസിക്കേണ്ടതായി വന്നു. ആ സമയങ്ങളിലെല്ലാം കുടുംബം നൽകിയ പിന്തുണ പറഞ്ഞറിയിക്കാൻ വയ്യ. യമണ്ടൻ പ്രേമകഥയുടെ ചിത്രീകരണത്തിനിടയിലും പലപ്പോഴും ദുബായി–കൊച്ചി യാത്ര ചെയ്യേണ്ടതായി വന്നിട്ടുണ്ട്.

viji-ratheesh-dulquer-8

ഭര്‍ത്താവ് രതീഷ്, ദുബായിയിൽ ബിസിനസ് ഡെവലപ്മെന്‍റ് മാനേജറാണ്. രണ്ട് കുട്ടികളുണ്ട്. എല്ലായിപ്പോഴും എനിക്ക് പ്രചോദനം നൽകി മുന്നോട്ടുപോകാൻ ഇവര്‍ സഹായിക്കാറുണ്ട്. 

പുതിയ പ്രോജക്ട്

അടി കപ്യാരെ കൂട്ടമണി ചിത്രത്തിന്‍റെ സംവിധായകൻ ജോൺ വര്‍ഗ്ഗീസിന്‍റെ ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്‌ഷനിലാണ്. 

പ്രായം കുറഞ്ഞൊരു മുസ്‌ലിം കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. യമണ്ടനിൽ നിന്നും തീർച്ചും വ്യത്യസ്തമായ കഥാപാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA