നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ എന്നാണ് കമന്റ്സ്: ഷെയിൻ നിഗം

Shane recollects his Ramadan memories and iftar delicacies
SHARE

‘അങ്ങനെ അലറിക്കരഞ്ഞുകൊണ്ട് ഇഷ്ക് എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി’യെന്നാണ് അതിലെ നായക വേഷം ചെയ്യുന്ന ഷെയിൻ നിഗം സമൂഹമാധ്യമത്തിൽ കുറിച്ചത്. 

കിസ്മത്ത്, ഈടെ എന്നീ ചിത്രങ്ങളുടെ ക്ലൈമാക്സിൽ ദുരന്തകാമുകനായി കണ്ണുനനയിച്ച ഷെയിനേ, നീ ഇനിയും ഞങ്ങളെ കരയിക്കാനുള്ള പുറപ്പാടിലാണോ എന്നാണ് ആരാധകരുടെ സ്നേഹത്തോടെയുള്ള ചോദ്യം. 

റിയലിസ്റ്റിക് കാമുക വേഷങ്ങളിലൂടെ അനായാസ അഭിനയ ശൈലിയുടെ സൗന്ദര്യമാണ് ഷെയിൻ പ്രേക്ഷകർക്ക് ഇതുവരെ സമ്മാനിച്ചത്. ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ അത് ഒരു പടികൂടി മുകളിലേക്കു കയറുകയും ചെയ്തു. ഒരു പ്രണയ കഥയല്ല എന്ന ടാഗ് ലൈനോടെ ഇഷ്ക് എത്തുമ്പോൾ താൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായ ഒന്നാകും അതെന്ന പ്രതീക്ഷയിലാണ് ഷെയിൻ. 

∙ കുമ്പളങ്ങി നൈറ്റ്സിലെ ബോബിയിൽ നിന്ന് ഇഷ്കിലെ സച്ചിയിലേക്കെത്തുമ്പോൾ?

സച്ചിയും ബോബിയും രണ്ടറ്റത്തു നിൽക്കുന്ന രണ്ട് കാമുകന്മാരാണ്. ഇഷ്കിലെ സച്ചി കുറച്ചേറെ സദാചാര ബോധമൊക്കെയുള്ള ആളാണ്. ഒരു ഒതുങ്ങിയ മട്ടുകാരൻ. പക്ഷേ‌, വ്യക്തിപരമായി നോക്കിയാൽ സച്ചിയെ പോലൊരു കാമുകനെ എനിക്കിഷ്ടമല്ല. ഇഷ്ക് ആവശ്യപ്പെടുന്നത് അത്തരമൊരു കഥാപാത്രമാണ്. 

shane-nigam-abi-family

∙ തുടർച്ചയായ കാമുക വേഷങ്ങളിൽ നിന്നൊരു മാറ്റം?

അതു മാത്രമേ ചെയ്യൂ എന്ന് തീരുമാനമൊന്നുമില്ല.  തേടി വന്ന കഥാപാത്രങ്ങൾ അത്തരത്തിലുള്ളതാണ്. അതെല്ലാം ഞാൻ ചെയ്യേണ്ടതു തന്നെയായിരുന്നു. ഇനിയും പുതുമയുള്ളൊരു പ്രണയ വേഷമാണെങ്കിൽ ഞാൻ ചെയ്യും. ഒരു നടനെന്ന നിലയ്ക്കുള്ള സാധ്യതകൾക്കു വേണ്ടി കാത്തിരിക്കുകയാണ്.

shane-nigam-abi-5

∙  കഥ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെന്താണ്?

എനിക്കു വേണ്ടിയുള്ളതാണ് എന്നു തോന്നിയ കഥകളേ ഇതുവരെ ചെയ്തിട്ടുള്ളൂ. തുടക്കക്കാരനെന്ന നിലയ്ക്ക് ആദ്യമൊന്നും തിരഞ്ഞെടുപ്പിന്റെ പ്രശ്നം വരുന്നില്ലല്ലോ. പിന്നെ, ഏതു കഥയും വീട്ടിൽ ഉമ്മയും പെങ്ങമ്മാരുമായും ചർച്ച ചെയ്യും. ഇന്നത് ചെയ്യണം, ഇന്നത് ചെയ്യേണ്ട എന്നുള്ള കൃത്യമായ അഭിപ്രായം അവർ പറയാറുണ്ട്. 

∙ സിനിമയിൽ പിതാവ് അബി പറഞ്ഞുതന്ന പാഠം?

അദ്ദേഹവും വർഷങ്ങളോളം സിനിമാ മേഖലയിൽ തന്നെ ഉണ്ടായിരുന്നതാണല്ലോ. അതുകൊണ്ട് സ്വാഭാവികമായും പല കാര്യങ്ങളും എന്നോട് പറഞ്ഞു തന്നിട്ടുണ്ട്. ഏതൊരച്ഛനും മകനോട് പറഞ്ഞുകൊടുക്കുന്നതു തന്നെയാണത്. രാജീവ് രവിയുടെ ‘അന്നയും റസൂലും’ എന്ന ചിത്രത്തിൽ ഒരു റോൾ ചെയ്യാമെന്ന് ഏറ്റ നടനെ ആ സമയത്ത് കിട്ടിയില്ല. അങ്ങനെ സൗബിൻ ഷാഹിറിന്റെ നിർദേശപ്രകാരമാണ് ആ വേഷം ഞാൻ ചെയ്യുന്നത്. അതിനു മുൻപ് ‘അൻവറി’ൽ ഒരു ചെറിയ റോൾ ചെയ്തിരുന്നു. അതായിരുന്നു തുടക്കം.

∙ അഭിനയത്തിനപ്പുറത്ത് മറ്റ് ആഗ്രഹങ്ങൾ?

സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരോടൊപ്പം ഷോർട് ഫിലിമുകളൊക്കെ ചെയ്യുമായിരുന്നു. ക്യാമറയോടാണ് എനിക്ക് ഏറെ താൽപര്യം. ചെറുപ്പം മുതലേ പാട്ട് വളരെ ഇഷ്ടമാണ്. അടുത്ത സുഹൃത്തുക്കളോടൊപ്പമുള്ള സന്ദർഭങ്ങളിൽ പാട്ടു പാടാറുമുണ്ട്. നൃത്തത്തോട് ഇഷ്ടം തോന്നിയത് ഒരു ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ്. 

∙ ഷെയിൻ ചെയ്യുന്ന കഥാപാത്രങ്ങൾ തുടർച്ചയായി നായികയോട് ഉമ്മ ചോദിക്കുന്നത് ആരാധകർ ട്രോളുന്നുണ്ടല്ലോ?

ഇഷ്കിൽ ഞാൻ ചുംബനം ആ സമയത്ത് ചോദിച്ചില്ലെങ്കിൽ കഥ മുന്നോട്ടു പോകില്ല. കുമ്പളങ്ങിയിലെ മറ്റൊരു രംഗവുമായി അതിനെ ചേർത്തുവച്ച് ട്രോൾ ഇറങ്ങിയപ്പോഴാണ് ഞാനും ചുംബനവും തമ്മിലുള്ള ആ ബന്ധത്തെപ്പറ്റി ആലോചിച്ചതു തന്നെ. നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ എന്നാണു പലരുടേയും കമന്റ്സ്. കഥയിലുള്ളതല്ലേ നടക്കൂ.

 ∙ ഷെയിനിന്റെ ചിരിക്കു പിന്നിലെ മാജിക്?

ഞാൻ ഓപ്പണായി ചിരിക്കുന്ന ഒരാൾ അല്ലായിരുന്നു. പഠിക്കുന്ന കാലത്തൊന്നും അങ്ങനെ സ്വാഭാവികമായ ചിരി വരാറില്ലായിരുന്നു. കിസ്മത്തിന്റെ സമയത്താണ് എനിക്ക് ഇത്ര ഭംഗിയായി ചിരിക്കാനാകുമെന്നു മനസ്സിലായത്. ആരോടെങ്കിലും പെട്ടെന്ന് അടുക്കാനും ബുദ്ധിമുട്ടായിരുന്നു. എന്നാൽ സിനിമയിൽ വന്നപ്പോൾ അതെല്ലാം മാറ്റേണ്ടി വന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA