അന്ന് തീയറ്ററുകൾ ലഭിച്ചില്ല, ഇന്ന് ഈ അച്ചനും സിനിമയും സൂപ്പർഹിറ്റ്

ami-chakkalackal
അമിത് ചക്കാലയ്ക്കൽ
SHARE

വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിൽ ഫാദർ വിൻസന്റ് കൊമ്പൻ എന്ന ചട്ടമ്പിയായ വൈദികന്റെ കഥാപാത്രം പുതുമുഖമായ അമിത് ചക്കാലയ്ക്കലിന് നൽകുമ്പോൾ പലരും സംവിധായകൻ രജീഷ് മിഥിലയോടു പറഞ്ഞു, 'പുതിയ ഒരാൾ ഈ കഥാപാത്രം ചെയ്താൽ നിൽക്കില്ല'!. സിനിമ റിലീസ് ചെയ്ത് തിയറ്ററിൽ കാര്യമായ ചലനമൊന്നുമുണ്ടാക്കാതെ കടന്നുപോയപ്പോഴും അമിത് ആത്മവിശ്വാസം കൈവിട്ടില്ല. ഡിവിഡി ഇറങ്ങുമ്പോഴെങ്കിലും തന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് അമിത്തിന് ഉറപ്പായിരുന്നു. ആ കണക്കുക്കൂട്ടലുകൾ തെറ്റിയില്ല. അരയന്തുരുത്തിനെ വിറപ്പിച്ച വിൻസന്റ് കൊമ്പനെ സിനിമാപ്രേമികൾ ഏറ്റെടുത്തു. ഇങ്ങനെയൊരു അച്ചനെ ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുമ്പോൾ, അമിത്തിന്റെ മുഖത്ത് പുഞ്ചിരി! സത്യത്തിൽ സിനിമ റിലീസ് ചെയ്തത് കഴിഞ്ഞ തിങ്കളാഴ്ചയാണെന്ന് തോന്നിപ്പിക്കും വിധമാണ് പ്രേക്ഷകപ്രതികരണം, അമിത് പറയുന്നു. 

വൈകിക്കിട്ടിയ പ്രേക്ഷക സ്വീകാര്യതയെക്കുറിച്ചും വിൻസന്റ് കൊമ്പൻ എന്ന കഥാപാത്രം ഉയർത്തിയ വെല്ലുവിളികളെക്കുറിച്ചും അമിത് മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു... 

പുതുമുഖമായതിനാൽ തിയറ്ററുകൾ ലഭിച്ചില്ല

സിനിമ റിലീസ് ചെയ്തത് ഫെബ്രുവരി 22നായിരുന്നു. പരീക്ഷക്കാലമായതിനാൽ കുടുംബപ്രേക്ഷകർ സിനിമ കാണാനെത്തുന്നത് വളരെ കുറവുള്ള സമയമാണത്. പുതുമുഖനായകനായതിനാൽ അധികം തിയറ്ററുകളും ലഭിച്ചില്ല. റിലീസ് ചെയ്യുന്ന തിയതി പ്രധാനമാണെന്നോ, സിനിമയുടെ മാർക്കറ്റിങ് ശ്രദ്ധിക്കണമെന്നോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. അത് ഞങ്ങളുടെ ഭാഗത്തു നിന്നു വന്ന പിഴവാണ്. പ്രത്യേകിച്ചും പുതിയ ഒരാളെ വച്ചു സിനിമ ചെയ്യുമ്പോൾ മാർക്കറ്റിങ് പ്രധാനമാണെന്നു തിരിച്ചറിഞ്ഞില്ല. അതുകൊണ്ട്, പലരും സിനിമ ഇറങ്ങിയതു പോലും അറിഞ്ഞില്ല.  എങ്കിലും സിനിമയ്ക്ക് സാറ്റലൈറ്റ് കിട്ടി. അത്യാവശ്യം കലക്‌ഷനും ലഭിച്ചു. നിർമാതാക്കൾക്ക് അതുകൊണ്ട് നഷ്ടം വന്നില്ല. 

amit-chakkalackal-12

ഇതൊരു പയ്യൻ ചെയ്താൽ നിൽക്കുമോ?

പുതിയ ഒരാൾ ഈ കഥാപാത്രം (വിൻസന്റ് കൊമ്പൻ) ചെയ്താൽ നിൽക്കില്ല എന്ന കട്ടായം പറഞ്ഞവർ ഉണ്ടായിരുന്നു. അതുകൊണ്ടെനിക്ക് കട്ടായമായി അത് പൊളിക്കണമായിരുന്നു. ഇത്രയും വലിയ കഥാപാത്രം ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷേ, കണ്ടു നിൽക്കുന്ന ആളുകൾക്കായിരുന്നു ടെൻഷനും സംശയങ്ങളും. പ്രേക്ഷകർ ആ കഥാപാത്രത്തെ സ്വീകരിക്കുമോ എന്നുള്ള സംശയം! മുതിർന്ന പല താരങ്ങൾക്കും ഈ സംശയമുണ്ടായിരുന്നു. വിൻസന്റ് കൊമ്പൻ ഓരോ രംഗത്തും പ്രത്യക്ഷപ്പെടുമ്പോൾ അതിലുള്ള മറ്റു കഥാപാത്രങ്ങളിലേക്ക് ഒരു പേടിയും ബഹുമാനവും സന്നിവേശിപ്പിക്കുന്നുണ്ട്. ഇത് ഒരു പുതിയ പയ്യൻ ചെയ്യുമ്പോൾ എത്രത്തോളം പ്രേക്ഷകരിലേക്ക് ആ കഥാപാത്രം എത്തുമെന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു.  

amit-chakkalackal-4

നിർമാതാവിനെ കിട്ടാനുള്ള കാത്തിരിപ്പിൽ താടി സെറ്റായി

ഈ പ്രൊജക്ട് സംസാരിച്ചപ്പോൾ തന്നെ കഥാപാത്രത്തിന് ഒരു വ്യത്യസ്ത ലുക്ക് വേണമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. താടിയും മുടിയും വളർത്താമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. ചിത്രത്തിന് ഒരു നിർമാതാവിനെ ലഭിച്ചപ്പോഴേക്കും എന്റെ താടി സിനിമയിൽ കാണുന്നതു പോലെ അത്രയും നീണ്ടു. ആ കാത്തിരിപ്പ് നീണ്ടു പോയതുകൊണ്ടാണ് താടിയും നീണ്ടത്. അതു കഥാപാത്രത്തിന് ഗുണം ചെയ്തു. ആ സമയത്തായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്. അതിലും ഈ ഗെറ്റപ്പിൽ തന്നെ അഭിനയിച്ചു. ഇത്തിക്കര പക്കിയുടെ സംഘത്തിലെ മമ്മദ് എന്ന കഥാപാത്രമായാണ് ഞാൻ അഭിനയിച്ചത്. 

amit-chakkalackal-1

കേട്ടു കേട്ട് വിൻസന്റ് കൊമ്പൻ മനസ്സിൽ കയറി

വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിലെ ഏറ്റവും കരുത്തുള്ള കഥാപാത്രമാണ് വൈദികനായ വിൻസന്റ് കൊമ്പൻ. പല നിർമാതാക്കളുടെ അടുത്തു പോയി കഥ പറയുമ്പോഴും ഞാൻ കൂടെ പോകാറുണ്ടായിരുന്നു. അങ്ങനെ നിരവധി തവണ ഈ കഥ കേട്ട് മനസ്സിൽ ആ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം പരുവപ്പെട്ടു. പ്രേമിക്കുന്ന ചെറുപ്പക്കാരനൊപ്പം വീടു വിട്ടിറങ്ങിപ്പോന്ന പെൺകുട്ടിയെ അന്വേഷിച്ച് ചെറുപ്പക്കാരന്റെ വീട്ടിലെത്തുന്ന രംഗമാണ് ആദ്യമെടുത്തത്. വീട്ടുകാരോട് തട്ടിക്കയറുന്ന രംഗമാണത്. ഹൈ വോൾട്ടേജ് രംഗമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്ന്. അത് ഓകെ ആയതോടെ സംവിധായകൻ പറഞ്ഞു, ഈ മീറ്റർ പിടിച്ചോളൂ എന്ന്. അതോടെ കാര്യങ്ങളെല്ലാം സെറ്റായി. 

Varikkuzhiyile Kolapathakam Scene 3

ഒരു അച്ചൻ കഥാപാത്രം നായകനായാൽ?

ലാൽ ബഹദൂർ ശാസ്ത്രി എന്ന സിനിമയായിരുന്നു രജീഷ് മിഥില ആദ്യം ചെയ്ത ചിത്രം. അതിൽ അർജുൻ എന്ന സിനിമാമോഹിയായ കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചിരുന്നു. 2014ലാണ് ആ സിനിമ സംഭവിക്കുന്നത്. അടുത്ത സിനിമയിൽ എനിക്കൊരു അവസരം നൽകാമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ എന്റെ മറ്റൊരു ചിത്രം കൂടി പുറത്തിറങ്ങി– സൈറ ബാനു. അതിലെ എന്റെ കഥാപാത്രത്തെ കണ്ടപ്പോൾ എന്നെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാമെന്ന് രജീഷ് പറയുകയായിരുന്നു. 

Varikkuzhiyile Kolapathakam Scene 4

എന്നെ ഈ വേഷത്തിന് പരിഗണിക്കുന്നതിന് മുൻപ് പലരോടും രജീഷ് ഈ കഥ പറഞ്ഞിട്ടുണ്ട്. പലർക്കും ഈ കഥാപാത്രം അത്ര ആകർഷകമായി തോന്നിയില്ല. ഒരു മുഴുനീള അച്ചൻ കഥാപാത്രത്തെ പ്രേക്ഷകർ എങ്ങനെ കണ്ടിരിക്കുമെന്നായിരുന്നു പലരുടെയും ആശങ്ക. പ്രത്യേകിച്ചും ഒരു റൊമാന്റിക് ട്രാക്കോ നായികയോ ഇല്ലാതെ! ഞാനിത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. അത് തെളിയിക്കേണ്ടത് എന്റെയും സംവിധായകന്റെയും ഒരു ആവശ്യം കൂടിയായി മാറി. 

amit-chakkalackal-5
ഹണി ബീ ടുവിൽ അമിത്
amit-chakkalackal-3
കായംകുളം കൊച്ചുണ്ണിയിൽ നിവിൻ പോളിക്കൊപ്പം

എല്ലാം മാറി മറിഞ്ഞ തിങ്കളാഴ്ച

സിനിമ ചെയ്തപ്പോൾ ആളുകൾ കൂടുതൽ ഇഷ്ടപ്പെടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. തിയറ്ററിൽ ആളുകൾ കണ്ടില്ലെങ്കിലും ഡിവിഡി പുറത്തുവരുമ്പോൾ പ്രേക്ഷകർ സിനിമയെ തിരിച്ചറിയും എന്നൊരു വിശ്വാസമായിരുന്നു! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനത് തിരിച്ചറിയുകയാണ്. എന്നെത്തേടി വരുന്ന പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ എന്റെ വിശ്വാസം ശരിയായിരുന്നു എന്നതിന് തെളിവാണ്. ഒരിടത്തു നിന്നു പോലും നെഗറ്റീവ് കമന്റ് വന്നില്ല എന്നത് ഞങ്ങളുടെ ടീമിന് സന്തോഷം പകരുന്ന ഒരു കാര്യമാണ്. സിനിമയ്ക്കു കിട്ടിയ വരുമാനം ഒരു പക്ഷേ, കുറവായിരിക്കാം. എന്നാൽ ഈ സിനിമയിലൂടെ ലഭിച്ച സന്തോഷം വളരെ വലുതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA