വിജയ് ഫോർട്ട്; കൂട്ടായ്മയുടെ ‘തമാശ’

Chat with Vinay Forrt and Chinnu

SHARE

വിനയ് ഫോർട്ട് സിനിമയിൽ അഭിനയ ജീവിതം തുടങ്ങിയിട്ടു പത്തു വർഷമാകുന്നു. അപൂർവരാഗവും പ്രേമവും ഷട്ടറുമെല്ലാം വിനയിലെ അഭിനേതാവ് നിസാരക്കാരനല്ല എന്നു പ്രേക്ഷകരെക്കൊണ്ട് സമ്മതിപ്പിച്ചതാണ്. നാലാം ക്ലാസിൽ നാടകപ്രവർത്തനത്തിലൂടെ തുടക്കമിട്ട അഭിനയ സപര്യയുടെ ക്ലൈമാക്‌സിലേക്ക് താൻ എത്തുകയാണ് ഈ പത്താം വർഷത്തിലെന്നു പറയുന്നു വിനയ്. ആ ക്ലൈമാക്സ് പക്ഷേ, ഒരു തുടക്കമാണ്. ‘തമാശ’ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ തന്റെ അഭിനയ ജീവിതത്തിന്റെ അടുത്ത തലം തുടങ്ങുകയാണെന്ന ഉറച്ച വിശ്വാസത്തിലാണ് വിനയ്.

നല്ല ആത്മവിശ്വാസത്തിലാണല്ലോ.

‘തമാശ’ എന്റെ കരിയറിലെ നല്ലൊരു ബ്രേക്ക് ആയിരിക്കുമെന്ന് ചിത്രീകരണത്തിനു മുൻപേ ഞാൻ ഉറപ്പിച്ചിരുന്നു. അത് എന്നെക്കുറിച്ചുള്ള മതിപ്പുകൊണ്ടു മാത്രമല്ല. മലയാള സിനിമയിൽ ഗാരന്റി ചിത്രങ്ങൾ മാത്രം ഒരുക്കുന്ന ഒരു കൂട്ടം ആളുകളാണ് ഈ ചിത്രത്തിന്റെ പിന്നണിയിൽ. സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് നിർമാണം. ചെമ്പൻചേട്ടനാണ് ഈ റോളിനെക്കുറിച്ച് ആദ്യം എന്നോടു പറയുന്നത്. പിന്നീടാണ് സംവിധായകനെ കണ്ടു‌മുട്ടുന്നത്. ചിത്രീകരണത്തിനു മുൻപ് സമീർ താഹിർ എന്നോടു പറഞ്ഞത്, ഇതൊരു കൂട്ടായ്മയുടെ സിനിമയാണെന്നാണ്. വേണമെങ്കിൽ 50 ടേക്ക് എടുത്തും പൂർണതയ്ക്കു വേണ്ടി നിനക്കു ശ്രമിക്കാം. ആ വാക്കുകൾ എനിക്കു തന്ന ധൈര്യം ഒന്നു വേറെയാണ്.

vinay-forrt-tamaasha

തമാശ ഒരു തമാശ ചിത്രമാണോ.

ചിത്രം തികച്ചും എന്റർടൈനറാണെന്നു പറയുമ്പോൾ തന്നെ ഇപ്പോഴത്തെ ഒരു സുപ്രധാന സാമൂഹിക പ്രശ്‌നം ചർച്ച ചെയ്യുന്നുണ്ട്. ബോഡി ബ്ലേമിങ് ആണത്. സോഷ്യൽ മീഡിയയിൽ ആർക്കും ആരുടെയും ചിത്രത്തിനു താഴെ കമന്റ് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. ആ സ്വാതന്ത്ര്യം വളരെ ക്രൂരമായി ഉപയോഗിക്കുന്നതിന്റെ അനന്തര ഫലങ്ങളെ കുറിച്ചാണ് ഈ ചിത്രം. ഒരു പ്ലക്കാർഡും പിടിച്ച് മൂല്യങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് പ്രേക്ഷക മനസുകളിലേക്ക് അതു ചേർത്തു വയ്ക്കുകയാണു തമാശ.

Vinay Forrt Thamaasha

നായക വേഷത്തിന്റെ വെല്ലുവിളി.

പ്രേമത്തിലെ കഥാപാത്രവുമായി ഈ വേഷത്തിനു സാമ്യമുണ്ട്. രണ്ടും പ്രഫസർ. രണ്ടു പേർക്കും അപകർഷതാ ബോധമുണ്ട്. അധ്യാപികയായ ഒരു കാമുകിയും. പ്രേമത്തിൽനിന്നു തമാശയെ എങ്ങനെ വേറിട്ടതാക്കാം എന്നതുതന്നെയായിരുന്നു പ്രധാന വെല്ലുവിളി. ദിവ്യപ്രഭ, ഗ്രേസ് ആന്റണി, ചിന്നു എന്നിങ്ങനെ മൂന്നു നായികമാരാണ് ഉള്ളത്.

കുറച്ചു നാളായി സിനിമകളിലൊന്നും കാണുന്നില്ല.

അഭിനയം തുടങ്ങിയ കാലം മുതൽ അതിജീവനത്തിനായി അഭിനയിക്കുന്ന ഒരു കലാകാരനാണ് ഞാൻ. കുറച്ചു നാൾ അഭിനയത്തിൽനിന്നു മാറിനിന്നാൽ ആളുകൾ മറക്കും എന്ന ഭയം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് വരുന്ന സിനിമകളിലൊക്കെ അഭിനയിച്ചു.

അതിൽ നല്ലതും മോശവും ഏറെ അഭിനന്ദനം നേടിത്തന്നവയും ഒക്കെ ഉണ്ടായിരുന്നു. തമാശയിലെ വേഷം എന്നെ തേടിയെത്തിയതോടെ അതിജീവനം എന്ന ഭയം ഇല്ലാതായി. തമാശ ചിത്രീകരണം തീരുന്നതുവരെ വേറൊരു ചിത്രവും ചെയ്യേണ്ടെന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. തമാശ പ്രേക്ഷകർ മികച്ച രീതിയിൽ സ്വീകരിച്ചതോടെ വേഷങ്ങളുടെ കാര്യത്തിൽ കുറച്ചൊക്കെ തിരഞ്ഞെടുക്കലുകൾ സാധ്യമാകുമെന്നാണു വിശ്വാസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA