വൈറസിൽ ആ രംഗത്തിനാണ് കൂടുതൽ കഷ്ടപ്പെട്ടത്: റോണക്സ് സേവ്യർ

ronex-xaviour-virus-movie
SHARE

ആഷിക്ക് അബു ചിത്രം വൈറസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വന്നുതുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് അഭിനേതാക്കളുടെ മേക്ക് ഒ‌ാവറിനെപ്പറ്റിയായിരുന്നു. പ്രത്യേകിച്ച്, ആരോഗ്യമന്ത്രി കെ.കെ ശൈലജയായുള്ള മലയാളികളുടെ പ്രിയനായിക രേവതിയുടെ രൂപമാറ്റവും സിസ്റ്റർ ലിനിയായി റിമ കല്ലിങ്കലിന്റെ പകർന്നാട്ടവും. കൃത്രിമത്വമില്ലാതെ ഈ കഥാപാത്രങ്ങളിലേക്ക് അഭിനേതാക്കളെ പരുവപ്പെടുത്തിയതിനു പിന്നിൽ റോണക്സ് സേവ്യർ എന്ന മെയ്ക്കപ്പ് ആർടിസ്റ്റിന്റെ പരിശ്രമം കൂടിയുണ്ട്. 

മിനിമൽ മെയ്ക്കപ്പിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് റോണക്സ് സേവ്യർ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ഈ രൂപമാറ്റത്തിനു ചുക്കാൻ പിടിച്ചത്. നടൻ ജയസൂര്യയെ മേരിക്കുട്ടിയായി മാറ്റിയെടുത്തതിന് മികച്ച മെയ്ക്കപ്പ് ആർടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട് റോണക്സ്. വൈറസ് എന്ന ചിത്രത്തിലെ അനുഭവങ്ങളും ചമയങ്ങൾക്കൊപ്പമുള്ള തന്റെ ജീവിതവും റോണക്സ് സേവ്യർ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.  

ആ രംഗത്തിനാണ് കൂടുതൽ കഷ്ടപ്പെട്ടത്

ചിത്രത്തിന്റെ തുടക്കത്തിൽ മെഡിക്കൽ കോളജിലെ കാഷ്വൽറ്റി വിഭാഗം കാണിക്കുന്നുണ്ട്. അവിടെ പല രീതിയിലുള്ള കേസുകൾ വരും. റോഡപകടങ്ങളിൽ പരുക്കേറ്റവർ, മറ്റു തരത്തിൽ മുറിവു പറ്റി എത്തുന്നവർ, പനിയുമായി എത്തുന്നവർ, അങ്ങനെ പല തരം രോഗികൾ. അവർക്കെല്ലാം അവിടെവച്ച് മെയ്ക്കപ്പ് ഇട്ട് കൊടുക്കണം. ബസ് കയറിയിറങ്ങിയ ഒരു വ്യക്തിയെ കാഷ്വൽറ്റിയിൽ കൊണ്ടു വരുന്നത് കണിക്കുന്നുണ്ട്. അതിനായി മെയ്ക്കപ്പ് ചെയ്യുമ്പോൾ സഹായിക്കാനായി മെഡിക്കൽ വിദ്യാർഥികളുണ്ടായിരുന്നു. അവരുടെ നിർദേശങ്ങൾ അനുസരിച്ചാണ് ആ മെയ്ക്കപ്പ് ചെയ്തതത്. മുറിവുകൾ റിയലിസ്റ്റിക് ആയി തോന്നുന്നതിന് ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും നിർദേശങ്ങൾ ഉപകരിച്ചു. 

virus-reel-and-real-characters

കൃത്യമായ കാസ്റ്റിങ് തുണയായി

കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തിയപ്പോൾത്തന്നെ എന്റെ ജോലി പാതി തീർന്നു. റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോൾ ഒട്ടും കൃത്രിമത്വം പാടില്ല. അല്ലെങ്കിൽ ആ കഥാപാത്രം പ്രേക്ഷകരിലേക്കെത്തില്ല. രേവതി ചേച്ചിയെ അനായാസം ആരോഗ്യമന്ത്രി ശൈലജ ടീച്ചറായി മാറ്റിയെടുക്കാൻ പറ്റും എന്ന് ആഷിക്കേട്ടന് പൂർണ ആത്മവിശ്വാസം ഉണ്ടായിരുന്നു. രൂപത്തിൽ ഇവർ തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. അതുകൊണ്ട്, കാര്യമായ മെയ്ക്കപ്പ് വേണ്ടി വന്നില്ല. ആ വേഷവും കണ്ണടയും വച്ചപ്പോൾത്തന്നെ രേവതി ചേച്ചിക്ക് ആ ലുക്ക് ലഭിച്ചു. ഷൂട്ടിന് ഒരു ദിവസം മുൻപ് രേവതി ചേച്ചി വന്നു കോസ്റ്റ്യൂം ഇട്ടു നോക്കി. ശൈലജ ടീച്ചറുടെ ഹെയർ സ്റ്റൈലും കണ്ണടയും കൂടി ആയപ്പോൾ ലുക്ക് കൃത്യം.

virus-movie-real-life

റഫറൻസിനായി ചിത്രങ്ങൾ

നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട യഥാർഥ വ്യക്തികളെ അവതരിപ്പിക്കുന്നത് ഏതൊക്കെ അഭിനേതാക്കളായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. റഫറൻസിനായി അവരുടെ ഫോട്ടോയും തന്നു. അവ പരിശോധിച്ച് അവരുടെ രീതികൾ ശ്രദ്ധിക്കും. യഥാർഥ വ്യക്തിയും അഭിനേതാവും തമ്മിൽ കൂടുതൽ സാമ്യം തോന്നാൻ എന്തൊക്കെ ചെയ്യണമെന്നു നേരത്തേ തീരുമാനിക്കും. കൃത്രിമത്വം തോന്നാതെ ചെറിയ രീതിയിലുള്ള കാര്യങ്ങൾ ചെയ്താൽ മതിയെന്ന് ആഷിക്ക് ഏട്ടൻ പറഞ്ഞിരുന്നു. അതു കൃത്യമായി അനുസരിച്ചു.

virus-movie-review-2

ചമയങ്ങൾക്കൊപ്പം 14 വർഷങ്ങൾ

മെയ്ക്കപ്പ് രംഗത്തേക്കു വന്നിട്ട് 14 വർഷമായി. സീരിയലിൽ അസിസ്റ്റന്റ് ആയി ചെയ്തു തുടങ്ങി. ജോസഫ് സെബാസ്റ്റ്യന്റെ (രാജു കട്ടപ്പന) സഹായിയായാണു തുടങ്ങിയത്. രണ്ടു വർഷം സീരിയലിൽ തുടർന്നു. പിന്നീട് ജനാർദ്ദനൻ സാറിന്റെ പഴ്സനൽ മെയ്ക്കപ്പ് അസിസ്റ്റന്റ് ആയി മൂന്നു വർഷത്തോളം ജോലി ചെയ്തു. അവിടെ നിന്നാണ് രഞ്ജിത്ത് അമ്പാടിയുടെ കൂടെ ചേർന്ന് സിനിമയിലെത്തിയത്. പിന്നീട് ഒരുപാടു ചിത്രങ്ങൾ ചെയ്തു. ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിൽ സ്വതന്ത്ര മെയ്ക്കപ്പ് ആർടിസ്റ്റ് ആയി. 

സിനിമയിലേക്ക് ഒരു ജംപ് കട്ട്

ഞാൻ വൈപ്പിൻകാരനാണ്. യാദൃച്ഛികമായാണ് മെയ്ക്കപ്പ് ആർടിസ്റ്റ് ആകുന്നത്. എനിക്ക് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. എസ്എസ്എൽസി തോറ്റതിനുശേഷം വർക്ക്ഷോപ്പിൽ പണിക്കു പോവുകയായിരുന്നു. അവിടെനിന്ന് എന്റെ അമ്മ നിർബന്ധിച്ച് പെങ്ങളുടെ ഭർത്താവിന്റെ (ജോസഫ് സെബാസ്റ്റ്യൻ) കൂടെ പണിക്കു വിട്ടതാണ്. ആദ്യമൊക്കെ ദേഷ്യമായിരുന്നു. നാടും കൂട്ടുകാരെയും വിട്ടു പോകാനുള്ള സങ്കടം. പിന്നെ, ഈ മേഖലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞു. ജോലി കൂടുതൽ ആസ്വാദ്യകരമായി. ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി കൃത്യമായി മെയ്ക്കപ്പ് പഠിക്കാനൊന്നും കഴിഞ്ഞില്ല. പലരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു പഠിച്ചിട്ടാണ് ഞാൻ മെയ്ക്കപ്പ് ആർടിസ്റ്റ് ആയത്.

വെല്ലുവിളി നേരിട്ട സിനിമകൾ

മെയ്ക്കപ്പിന് വലിയ പ്രാധാന്യമുള്ള നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ‘ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി’ എന്ന ചിത്രം അവയിലൊന്നാണ്. ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് 95 ലധികം കഥാപാത്രങ്ങളെ ഒരുക്കണം. മേക്ക് ഒാവർ തന്നെയായിരുന്നു അത്. കാട്ടിൽ ജീവിക്കുന്നവരാണ് ആ കഥാപാത്രങ്ങൾ. അതിനുവേണ്ടി നന്നായി കഷ്ടപ്പെട്ടിരുന്നു. അതേവർഷം തന്നെയായിരുന്നു ഡബിൾ ബാരലും ചെയ്തത്. ആ ചിത്രത്തിലും മെയ്ക്കപ്പിന് വലിയ സാധ്യതയുണ്ടായിരുന്നു. ഓരോ കഥാപാത്രത്തിനും സ്റ്റൈലിഷ് ഗെറ്റപ്പുകളായിരുന്നു. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലും വിവിധ കാലഘട്ടങ്ങളിലെ ഗെറ്റപ്പുകൾ കാണിക്കേണ്ടതുണ്ടായിരുന്നു. ഇവയെല്ലാം വളരെ വെല്ലുവിളി നേരിട്ട സിനിമകളായിരുന്നു.

മഹേഷിന്റെ പ്രതികാരത്തിലെ ആ രംഗം

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ, ഫഹദ് ഫാസിലിന്റെ വിരലിൽ മരത്തിന്റെ ആര് കുത്തിക്കയറുന്ന രംഗമുണ്ട്. ദിലീഷേട്ടൻ പറഞ്ഞു: വിരലിൽ ആര് കുത്തിയിരിക്കുന്നുണ്ടാകും. ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയം വർക്കൗട്ട് ചെയ്യുന്ന ഒരു സീക്വൻസ് ആണ്. ഡീറ്റെയിലിങ് ഉണ്ടാകും. സേഫ്റ്റിപിൻ കൊണ്ട് ആര് കുത്തിയെടുക്കുന്ന രംഗമാണ് ചിത്രീകരിക്കേണ്ടത്. ഏറ്റവും സ്വാഭാവികമായി തോന്നുന്ന വിധത്തിൽ ചെയ്യണം എന്നായിരുന്നു നിർദേശം. അതിനുവേണ്ടി ഞാൻ ഫഹദ് ഫാസിലിന്റെ വിരലിന്റെ ഇംപ്രഷൻ എടുത്ത്, അത് സിലിക്കൺ മെറ്റീരിയലിൽ ഉണ്ടാക്കി വിരലിൽ ഒട്ടിച്ചു. അതിലാണ് ആര് കുത്തിവച്ചിരുന്നത്. വിരലിൽ യഥാർത്ഥത്തിൽ ആര് കുത്തിക്കയറിയ ഫീൽ ആണ് ചിത്രത്തിൽ ഈ രംഗം കാണുമ്പോൾ തോന്നുക. പക്ഷേ, അത് മെയ്ക്കപ്പ് ആണ്. തമിഴിൽ ഈ ചിത്രം റീമെയ്ക്ക് ചെയ്തപ്പോൾ ആ രംഗം എങ്ങനെയാണ് ചെയ്തത് എന്നറിയാൻ അവര്‍ എന്നെ വിളിച്ചിരുന്നു.

പ്രേക്ഷകർ ഏറ്റെടുത്ത രംഗം

മഹേഷിന്റെ പ്രതികാരം തിയറ്ററിൽ കണ്ടതിനുശേഷം ദിലീഷേട്ടൻ സന്തോഷത്തോടെ വിളിച്ചിരുന്നു. ഈ രംഗം വർക്കൗട്ട് ആയെന്നു പറയാനായിരുന്നു വിളിച്ചത്. ആര് എടുക്കുന്നതു കാണിക്കുമ്പോൾ ആളുകൾ പ്രത്യേകിച്ച് സ്ത്രീകൾ യഥാർഥത്തിൽ അങ്ങനെ ചെയ്യുമ്പോഴുള്ള ഫീലിൽ പ്രതികരിക്കുന്നുണ്ടായിരുന്നെന്നു പറഞ്ഞു. അതെല്ലാം എനിക്കേറെ സന്തോഷം നൽകിയിട്ടുണ്ട്. തുടർച്ചയായ പഠനവും നിരീക്ഷണവും ക്ഷമയും ആവശ്യമായ രംഗമാണ് സിനിമയിലെ മെയ്ക്കപ്പ്. എങ്കിൽ മാത്രമേ അതിന്റെ ഫലം ലഭിക്കൂ.

interview-with-ronex-makeupman

പുരസ്കാരവഴിയിൽ

ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിനാണ് എനിക്കു സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. ജയസൂര്യയെ മേരിക്കുട്ടിയായി പരിവർത്തനം ചെയ്തതിനായിരുന്നു പുരസ്കാരം. എന്റെ സുഹൃത്തുക്കൾ തമാശയായി പറയും, ‘ഞാൻ കാര്യമായി പണിയെടുക്കുന്ന ചിത്രത്തിലൊന്നും പുരസ്കാരങ്ങൾ ലഭിക്കില്ല, ഏറ്റവും കുറവു പണിയെടുത്ത സിനിമയ്ക്കായിരിക്കും അംഗീകാരങ്ങൾ കിട്ടുക’ എന്ന്. ഇക്കാര്യം എന്റെ അനുഭവത്തിൽ ശരിയാണ്. കുറെയേറെ ഗെറ്റപ്പുകളും മെയ്ക്കോവറുകളും ചെയ്ത ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ഡബിൾ ബാരൽ എന്ന ചിത്രങ്ങൾക്കല്ല, ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിനാണ് എനിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചത്. മേരിക്കുട്ടിയുടെ ഗെറ്റപ്പ് സിനിമയിൽ നന്നായി ഉപയോഗപ്പെടുത്താൻ സംവിധായകൻ രഞ്ജിത്ത് ശങ്കറിനും ജയസൂര്യയ്ക്കും സാധിച്ചു. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം ആ ശ്രമങ്ങൾ ശ്രദ്ധ നേടിയത്. ഇനി ഗംഭീരൻ മെയ്ക്കോവറുകളുള്ള പടം വരാനിരിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്ന ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. ശിലായുഗ കാലം ഇതിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA