ADVERTISEMENT

‘‘നിങ്ങളുടെ നല്ല തടിയിൽ നിങ്ങൾ ഹാപ്പിയാണെങ്കിൽ ഞങ്ങളുടെ സിനിമയിൽ നായികയാകാം’’– തമാശ സിനിമയിലേക്ക് അൽപം തടിയുള്ള നായികയെത്തേടി അണിയറ പ്രവർത്തകർ നടത്തിയ കാസ്റ്റിങ് കോളിനോട് നൂറിലേറെപ്പേരാണ് പ്രതികരിച്ചത്. ചിത്രം അയച്ചുകൊടുത്ത ചിലർ സംവിധായകൻ അഷ്റഫ് ഹംസയോടു പറഞ്ഞു: ‘‘ഒടുവിൽ തടിയുള്ളവരെ മാറ്റിനിർത്താതെ സിനിമയിലേക്ക് ക്ഷണിച്ചല്ലോ. ഞങ്ങളെ എടുത്തില്ലെങ്കിലും ഈ പരിഗണനയ്ക്കു നന്ദിയുണ്ട്’’.

താമരനൂലുപോലുള്ള നായികമാരുടെ കാലത്ത് തടിയൊരു അപകർഷ ബോധമായി കാണേണ്ടെന്നു പറയുന്ന സിനിമകളാണ് തമാശയും കക്ഷി അമ്മിണിപ്പിള്ളയും. രണ്ടും പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ. രണ്ടിലും നായികയുടെ തൂക്കം 80 കിലോയ്ക്കും മേലെ...

‘ഒണ്ടുമൊട്ടക്കഥ’ എന്ന കന്നഡ സിനിമയുടെ റീമേക്കാണ് വിനയ് ഫോർട്ട് നായകനായ തമാശ. കഷണ്ടിയുള്ള അധ്യാപകന്റെ അപകർഷ ബോധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. കന്നഡയിൽ സിനിമ ഇറങ്ങിയപ്പോൾ തടിയുള്ള നായിക തനിക്ക് കഷണ്ടിയുള്ള നായകനായാലും മതിയെന്ന് പറയുന്നതാണ് ചിത്രത്തിന്റെ പ്രമേയമെങ്കിൽ മലയാളത്തിൽ സംവിധായകൻ അഷ്റഫും മറ്റും അതൊന്നു മാറ്റിപ്പിടിച്ചു.

രണ്ട് സിനിമകളിൽ ചെറിയ വേഷം ചെയ്ത നാടക പ്രവർത്തക കൂടിയായ ചിന്നു ചാന്ദ്നിയാണ് തമാശയിലെ നായിക. സാമൂഹ്യമാധ്യമങ്ങളിലൂടെ, തടിയുള്ളവരെ കളിയാക്കുന്നതിനെ നിശിതമായി വിമർശിക്കുന്നതാണ് ചിത്രം.

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പെർഫോഫിമിങ് ആർട്സിൽ എംഫിൽ ചെയ്ത് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ സഹസംവിധായികയാകാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് ചിന്നുവിനെ തമാശയിലേക്ക് വിളിച്ചത്– ‘‘സ്വതവേ എനിക്കൽപം തടിയുണ്ട്. ഞാനതിനെക്കുറിച്ച് അങ്ങനെ വിഷമിക്കാറില്ല. സിനിമയ്ക്കുവേണ്ടി അൽപം തടി കൂട്ടണമെന്നു പറഞ്ഞപ്പോൾ ഓരോ ദിവസവും എനിക്ക് ഉപദേശങ്ങൾ കിട്ടി. തടി കുറയ്ക്കണം എന്ന്. പറയുന്നത് പലപ്പോഴും മുതിർന്നവരാകും. തടിയെക്കുറിച്ച് കൂടുതൽ കളിയാക്കലുകൾ കിട്ടിയിട്ടുള്ളത് കൂട്ടുകാരിൽനിന്നു തന്നെയാണ്. അതൊന്നും കാര്യമാക്കിയിട്ടുമില്ല. സോഷ്യൽ മീഡിയയിൽനിന്ന് അങ്ങനെയൊരു വിമർശനം എനിക്ക് കിട്ടിയിട്ടുമില്ല. പിന്നെ തമാശയിൽ, തടികൂട്ടാൻ മാത്രമല്ല ഞാൻ ജോലിചെയ്തത്. സിനിമ നന്നാക്കാനുമാണ് ’’ ചിന്നു പറഞ്ഞു.

ആസിഫ് അലി നായകനായ റിലീസ് ചെയ്യാനിരിക്കുന്ന ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലെ നായികമാരിലൊരാളായ ഷിബ്‍ല സിനിമയുടെ ഓഡിഷനെത്തുമ്പോൾ 62 കിലോയായിരുന്നു തൂക്കം. ചിത്രത്തിൽ അമ്മിണിപ്പിള്ളയായി അഭിനയിക്കുന്ന അഹമ്മദ് സിദ്ദീഖിന്റെ (സാൾട്ട് ആൻഡ് പെപ്പറിലെ കെ.ടി.മിറാഷ്) ഭാര്യ കാന്തിയുടെ വേഷമാണ് ഷിബ്‍ലയ്ക്ക്. വിദേശത്തുള്ള അമ്മിണിപ്പിള്ള ഫോട്ടോ കണ്ട് വിവാഹം ഉറപ്പിച്ചു. നാട്ടിൽ കല്യാണത്തിനെത്തുമ്പോൾ ഭാര്യയ്ക്ക് പൊണ്ണത്തടി. പിന്നെ വഴക്കായി കോടതിയായി. സ്ക്രീൻ കുലുക്കുന്ന നായികയാകാ‍ൻ ഷിബ്‍ല റെഡിയായതോടെ സിനിമ ഉഷാറായി.

shibla
ഷിബ്‌ല തൂക്കം കൂട്ടി 85 കിലോ ആക്കിയപ്പോഴും തൂക്കം കുറച്ച് 62 കിലോ ആയപ്പോഴും

ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കു തടിയുള്ള നായികമാരെത്തേടി ഓഡിഷൻ നടത്തി. തടിയുള്ളവരുടെ പെർഫോമൻസ് അത്ര തൃപ്തികരമായിരുന്നില്ല. ഓഡിഷനിൽ തിളങ്ങിയ ഷിബ്‍ലയ്ക്കാകട്ടെ കഥാപാത്രമാകാനുള്ള തടിയുമില്ല. അങ്ങനെയാണ് ഷിബ്‍ലയോട് തടി കൂട്ടാമോയെന്നു ചോദിച്ചത്. ഷിബ്‍ല പൂർണ മനസ്സോടെ ആ ദൗത്യം ഏറ്റെടുത്തു. മൂന്നുമാസം കൊണ്ട് 23 കിലോ കൂട്ടി സെറ്റിലെത്തിയ ഷിബ്‍ലയെ കണ്ട് എല്ലാവരും ഞെട്ടി. ഏറ്റവും രസകരമായ കാര്യം ഇതൊന്നുമല്ല. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിൽ ഷിബ്‍ല പഴയ ഷിബ്‍ലയായി. തൂക്കം 62 കിലോ.

മലപ്പുറം സ്വദേശിയായ ഷിബ്‌ല, ടെലിവിഷൻ രംഗത്തു പ്രവർത്തിക്കുന്ന വിജിത്തിന്റെ ഭാര്യയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com