സിനിമ കണ്ടിറങ്ങിയ പലരും ചോദിച്ചു, ‘ ഇത് നിങ്ങളുടെ കഥയാണോ’: സലിം അഹമ്മദ് അഭിമുഖം

salim-ahmed-tovino
SHARE

സിനിമയ്ക്കുള്ളിലെ ജീവിതങ്ങളെക്കുറിച്ച് അധികം സിനിമകള്‍ മലയാളത്തില്‍ വന്നിട്ടില്ല. വന്നിട്ടുണ്ടെങ്കില്‍ തന്നെ യാഥാർഥ്യവുമായി ബന്ധമില്ലാത്ത പ്രമേയങ്ങളിലൂടെയാകും കഥ മുന്നോട്ടുപോകുക. അങ്ങനെയുള്ളപ്പോൾ ആദ്യ സിനിമ ചെയ്തപ്പോളുണ്ടായ അനുഭവം സിനിമയിലൂടെ തന്നെ പറയുകയാണ് സലിം അഹമ്മദ്. ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്ത്യയുടെ ഓസ്‌കര്‍ ചരിത്രത്തില്‍ ഇടംനേടിയ സംവിധായകന്‍ സലിം അഹമ്മദിന്റെ പുതിയ ചിത്രം ആ പ്രമേയത്തില്‍ നിന്നുള്ളതാണ്. ടൊവിനോയെ നായകനാക്കി ചെയ്ത ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടു തിയറ്ററില്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ അദ്ദേഹം സംസാരിക്കുന്നു. 

ഇതെന്റെ കഥാണോ

സിനിമ കണ്ടിറങ്ങിയിട്ട് പലരും എന്നോട് ചോദിച്ചു ‘ഇത് നിങ്ങളുടെ കഥയാണോ’...ഇസാഖ് ഇബ്രാഹിം നിങ്ങള്‍ തന്നെയാണോ...താങ്കള്‍ ഈ ഘട്ടത്തിലൂടെയൊക്കെ കടന്നുപോയോ എന്ന്. ചിലര്‍ പറഞ്ഞു ഇത് എന്റെ കഥയാണ് എന്നൊക്കെ. അവരെല്ലാം സിനിമയില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന ആളുകളായിരുന്നു. സത്യമാണ്. ആദ്യ സിനിമയുടെ അനുഭവങ്ങള്‍ വച്ചിട്ട് ആദ്യമായിട്ടാകും ഒരാള്‍ മറ്റൊരു സിനിമ ചെയ്യുന്നത്. 

salim-ahmed-tovino-23

ഇസാഖ് തന്റെ ആദ്യ സിനിമയ്ക്കു വേണ്ടി ചെയ്ത ഓരോ യാത്രയും ത്യാഗവും ഞാനും അനുഭവിച്ചിട്ടുണ്ട്. ഞാന്‍ മാത്രമല്ല സിനിമ എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്കു നടക്കുന്ന ഓരോരുത്തരും അനുഭവിച്ചിട്ടുള്ളതാണ്. സിനിമയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുറേയധികം ആളുകളുണ്ട്. സിനിമ എന്നതു മനസ്സില്‍ വന്നു ചേര്‍ന്നാല്‍ പിന്നെ അതൊരു യുദ്ധം പോലെയാണ്. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഒരിക്കലും സാമ്പത്തികമായ വിജയത്തെ കുറിച്ചാകില്ല ചിന്തിക്കുക. ഇതില്‍ ഇസാഖ് തന്നെ പറയുന്ന ചില കാര്യങ്ങളുണ്ട്. ഒരിക്കലും സിനിമ ചെയ്തുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ കുറിച്ചല്ല, അതുമൂലം ഉണ്ടാകുന്ന നഷ്ടത്തെ എങ്ങനെ നികത്താം എന്നാണ് ചിന്തിക്കുന്നത്. സിനിമ എന്നത് മാസ്മരികമായൊരു സംഗതിയാണ്. ആ മാസ്മരികതയ്ക്കു മുന്‍പില്‍ മറ്റൊന്നും വിഷയമേയല്ല.

സിനിമയില്‍ വിജയിച്ചവരെ മാത്രമാണ് നമ്മള്‍ അറിയുന്നത്. വിജയിക്കാതെ പോയ ഒരുപാട് പേരുണ്ട്. സിനിമ സ്വപ്‌നം കണ്ട് പത്തും പതിനഞ്ചും കൊല്ലമായി അസിസ്റ്റന്റും അസോസിയേറ്റും ഡയറക്ടര്‍മാരായി മുന്നോട്ടു പോകുന്നവരുണ്ട്. അവരായിരുന്നു സിനിമ ചെയ്യുമ്പോള്‍ മനസ്സില്‍. ഒരു സിനിമ വിജയിച്ചാല്‍ മാത്രമേ സിനിമാക്കാരന് സിനിമയ്ക്ക് അകത്തും പുറത്തും അംഗീകാരമുള്ളൂ. അതാണ് സിനിമയുടെ രീതി. അങ്ങനെ സിനിമയിലെ വിജയങ്ങള്‍ക്കായി പോരാടുന്ന എല്ലാവരുടെയും കഥയാണ്. സിനിമ കണ്ടിട്ട് അവരില്‍ പലര്‍ക്കും സ്വന്തം ജീവിതവുമായി സിനിമ റിലേറ്റ് ചെയ്യാന്‍ കഴിയുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.

സിനിമ എന്നു മുതല്‍

സിനിമ എനിക്കൊപ്പം ഹൈസ്‌കൂള്‍ കാലം തൊട്ടേയുണ്ട്. അന്നേ തീരുമാനിച്ചിരുന്നതാണ് ഇതുതന്നെയാണ് എന്റെ വഴിയെന്ന്. അത് എങ്ങനെ എപ്പോള്‍ വേണമെന്നേ സംശയം ഉണ്ടായിരുന്നുള്ളൂ. പിന്നീട് ചെയ്ത വായനയും യാത്രയും സംസാരവും നിരീക്ഷിക്കലുകളുമെല്ലാം അതിനു വേണ്ടിയായിരുന്നു. ആദാമിന്റെ മകന്‍ അബുവില്‍ വന്നെത്തിയത് അങ്ങനെയാണ്.

salim-ahmed-tovino-2

വലിയ ഇടവേളകള്‍

മനഃപൂർവം ചെയ്യുന്നതല്ല. ഇടവേളകള്‍ വന്നുചേരുന്നതാണ്. കഥകള്‍ക്കിടയിലൂടെ ആശയങ്ങള്‍ക്കിടയിലൂടെ പോകുമ്പോള്‍ അത് സ്വാഭാവികമാണ്. ഞാന്‍ ആയിട്ട് വരുത്തിവയ്ക്കുന്നതല്ല. 

തീവ്രമാണല്ലോ പ്രമേയങ്ങളെല്ലാം

സത്യത്തില്‍ എല്ലാത്തരം സിനിമകളും കാണുന്ന ഒരാളാണ് ഞാൻ. സത്യന്‍ അന്തിക്കാട് സിനിമകളൊക്കെ എന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ സിനിമാ രീതിയല്ല എന്റേത്. അതും ഇന്നോളം നമ്മുടെ മനസ്സില്‍ വലിയ ചലനങ്ങളുണ്ടാക്കിയ സിനിമകളായിരുന്നു. ഞാന്‍ എപ്പോഴും ചിന്തിക്കുന്നത് തീയറ്ററില്‍ നിന്നിറങ്ങിപ്പോകുന്ന പ്രേക്ഷകനൊപ്പം നമ്മുടെ സിനിമയുടെ ഒരംശമെങ്കിലും കൂടെ പോകണം എന്നാണ്. വെറുതെ മൂന്നു മണിക്കൂര്‍ ഒരു ചിത്രം കണ്ട് പോകുന്നതിനേക്കാള്‍ എന്തെങ്കിലുമൊരു കാര്യം അവരില്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കണം. അത് സങ്കടമോ പ്രതീക്ഷയോ കരുതലോ എന്തുതന്നെയുമാകട്ടെ. അത്തരമൊരു ചിന്തയിലൂടെയാണ് ഓരോ സിനിമയും ചെയ്യുന്നത്.

salim-ahmed-tovino-3

അദ്ഭുതപ്പെടുത്തിയ ടൊവിനോ

ഒരൊറ്റ രാത്രി കൊണ്ട് സിനിമ നടനായി വിജയങ്ങള്‍ നേടിയ ഒരാളെ ആയിരുന്നില്ല എനിക്ക് ഈ സിനിമയിലെ നായകനാകാന്‍ ആവശ്യം. അയാള്‍ കഷ്ടപ്പാടുകള്‍ അറിഞ്ഞ ചാന്‍സിനായി അലഞ്ഞ എന്നാല്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ച വയ്ക്കാന്‍ കഴിവുള്ള ഒരാളായിരിക്കണം എന്നാണ്. എന്നു നിന്റെ മൊയ്തീന്‍ മുതല്‍ ഇങ്ങോട്ടുള്ള പല ചിത്രങ്ങളിലും ടൊവിനോയുടെ പല നല്ല പെര്‍ഫോമന്‍സുകളും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ഈ വേഷത്തിലേക്കു ക്ഷണിച്ചത്. എന്റെ പ്രതീക്ഷ തെറ്റിയില്ലെന്നു മാത്രമല്ല ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ചിത്രം എന്നൊരു അഭിപ്രായവും കേള്‍ക്കാനിടയായി. അദ്ദേഹത്തെ കുറിച്ച് മാത്രമല്ല ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ ഇടമുണ്ട്. അത് പ്രേക്ഷക ശ്രദ്ധ നേടുന്നുമുണ്ട്. ഏറ്റവും വലിയ സന്തോഷം ഈ സിനിമ സിനിമയ്ക്കു വേണ്ടി നിലനില്‍ക്കുന്നവരെ മാത്രമല്ല കുടുംബ പ്രേക്ഷകരേയും തീയറ്ററില്‍ എത്തിക്കുന്നുവെന്നാണ്.

സിനിമയിലെ സംഘടനകള്‍, പുതിയ ചിത്രങ്ങള്‍, പ്രേക്ഷകര്‍

അതിനെയെല്ലാം വളരെ പോസിറ്റിവ് ആയി കാണുന്നൊരാളാണ് ഞാന്‍. സംഘടനകളും സംവാദങ്ങളും നടക്കട്ടെ. പക്ഷേ സിനിമ തന്നെയാണ് ഏറ്റവും മുന്‍പില്‍. നല്ല സിനിമകള്‍ ഉണ്ടാകുന്നതിനോടൊപ്പം നല്ല സംവാദങ്ങളും നടക്കട്ടെ. ഏറ്റവും പോസിറ്റിവ് ആയി തോന്നിയ കാര്യം അടുത്തിടെ മലയാള സിനിമയില്‍ വന്ന ചില ചിത്രങ്ങളാണ്. എന്തുമാത്രം വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നു അവയെല്ലാം. അതിനെയെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നതാണ്. താരമൂല്യങ്ങള്‍ക്കും ബഹളങ്ങള്‍ക്കും മാസ് എന്ന ഘടകത്തിനും ഒപ്പംതന്നെ നല്ല സിനിമകളെ കാണാന്‍ തീയറ്ററിലെത്തുന്ന പ്രേക്ഷകര്‍ എത്തുന്നുവെന്നതിനോളം പോസിറ്റിവ് ആയ മറ്റൊന്നില്ല. എനിക്കേറ്റവും സന്തോഷം തരുന്ന മാറ്റവും അതുതന്നെയാണ്.

salim-ahmed-tovino-1

അബു ഇപ്പോഴും എന്നോടൊപ്പം

അബു ഇപ്പോഴും എന്നോടൊപ്പമുണ്ട്. ആ ചിത്രത്തില്‍ നിന്ന പുറത്തുകടന്നൊരു മുന്നോട്ട് പോക്കു സാധ്യമല്ല. അതെന്റെ ആദ്യ ചിത്രമായതു കൊണ്ടു മാത്രമല്ല, അബു അത്രമേല്‍ തീക്ഷണമായ സങ്കടവും ആശയവും അതിനേക്കാളുപരി തീര്‍ത്തും നിഷ്‌കളങ്കമായ അനുഭവവുമാണ് സമ്മാനിച്ചത്. ഒരു മനുഷ്യന്റെ തീര്‍ത്തും സുതാര്യമായ എല്ലാ വികാരവിക്ഷോഭങ്ങളും അയാളില്‍ കാണാം. ആ സിനിമയിലൂടെ വന്ന അവാര്‍ഡുകള്‍, അത് തന്ന വേദികള്‍, പരിചയപ്പെടുത്തിയ മനുഷ്യര്‍, തന്ന ഊര്‍ജ്ജം...അതെല്ലാമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ്ഹ്രസ്വമായ ഇടവേളകളില്‍, യാത്രകളില്‍ ഒക്കെ അബുവിനെകുറിച്ച് ഓര്‍ക്കാറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA