മമ്മൂട്ടിയുമായി 7 ദിവസം: പൃഥ്വി തന്ന അവസരം: ശങ്കർ രാമകൃഷ്ണൻ അഭിമുഖം

shankar-ramakrishnan
SHARE

'ഷാജി നടേശൻ എന്ന നിർമാതാവിന് ശങ്കർ രാമകൃഷ്ണൻ എന്ന എഴുത്തുകാരനിലുള്ള വിശ്വാസമാണ് പതിനെട്ടാം പടി എന്ന ചിത്രം'- വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ ശങ്കർ രാമകൃഷ്ണൻ നൽകുന്ന ആമുഖം ഇതാണ്. നടനായ ശങ്കർ രാമകൃഷ്ണനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 'സ്പിരിറ്റി'ലെ അലക്സിയും 'ബാവൂട്ടിയുടെ നാമത്തി'ലെ സേതുവും ശങ്കർ രാമകൃഷ്ണനിലെ നടനെ അടയാളപ്പെടുത്തിയപ്പോൾ  ഐലൻഡ് എക്സ്പ്രസ് (കേരള കഫെ), ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ ചിത്രങ്ങളിലൂടെ ശങ്കർ രാമകൃഷ്ണൻ എന്ന തിരക്കഥാകൃത്തും അംഗീകരിക്കപ്പെട്ടു.

സഹസംവിധായകനും തിരക്കഥാകൃത്തും നടനുമൊക്കെയായി സിനിമയ്ക്കൊപ്പം ശങ്കർ രാമകൃഷ്ണൻ സഞ്ചരിക്കാൻ തുടങ്ങിയിട്ട് 14 വർഷങ്ങളായി. ഇത്രയും വർഷത്തെ സിനിമാപരിചയവും സൗഹൃദങ്ങളും, സിനിമ സ്വപ്നം കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്കു കൂടി തുറന്നിട്ടുകൊണ്ടാണ് ശങ്കർ രാമകൃഷ്ണൻ 'പതിനെട്ടാം പടി' എന്ന സിനിമ ഒരുക്കിയത്. ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി എഴുപതോളം പുതുമുഖങ്ങൾ! അവർ പ്രവർത്തിക്കുന്നതാകട്ടെ മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദൻ, പ്രിയാമണി, അഹാന കൃഷ്ണ എന്നിങ്ങനെയുള്ള മുൻനിര താരങ്ങൾക്കൊപ്പം! മലയാളത്തിലെ മുതിർന്ന സംവിധായകർ പോലും ചെയ്യാത്ത വലിയൊരു സാഹസമാണ് തന്റെ ആദ്യ മുഴുനീള ചിത്രത്തിൽ ശങ്കർ രാമകൃഷ്ണൻ ചെയ്തത്. അതിന്, അദ്ദേഹത്തിന് കൃത്യമായ കാരണങ്ങളുണ്ട്. പതിനെട്ടാം പടിയെക്കുറിച്ച് മനോരമ ഓൺലൈനിൽ ശങ്കർ രാമകൃഷ്ണൻ സംസാരിക്കുന്നു. 

എന്തുകൊണ്ട് പുതുമുഖങ്ങൾ

ഞാൻ സിനിമയിൽ വന്നപ്പോൾ പൃഥ്വിരാജ് എന്ന നടൻ ഒരു സിനിമ എഴുതാൻ എനിക്ക് അവസരം നൽകിയതുകൊണ്ടാണ് സന്തോഷ് ശിവനെപ്പോലൊരു സംവിധായകന്റെ കൂടെ പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞത്. അങ്ങനെ ഒരു അവസരം ഞാനും ഒരു കൂട്ടം ചെറുപ്പക്കാർക്ക് നൽകുന്നു. ഇതുവരെ മുഖ്യധാര സിനിമയിൽ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു കൂട്ടം അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ വച്ച് ഒരു വാണിജ്യ സിനിമ ചെയ്യാൻ പറ്റുമോ എന്നൊരു അന്വേഷണത്തിന്റെ ഭാഗമായാണ് ഈ സിനിമ സംഭവിച്ചത്. അതിന് സന്മനസ് കാണിച്ച ഒരു നിർമാതാവിനെയും ഞങ്ങൾക്കു ലഭിച്ചു.

പതിനെട്ടാം പടി എന്നത് പെട്ടന്ന് ചെയ്യാൻ പറ്റുന്ന ഒരു സിനിമ ആയിരുന്നില്ല. സുദീർഘമായ ഒരു സമയം ഇതിനു വേണമായിരുന്നു. ഒരു ടാലന്റ് ഹണ്ടിലൂടെ കേരളത്തിന്റെ 14 ജില്ലകളിൽ നിന്ന് കഴിവുള്ള ചെറുപ്പക്കാരെ കണ്ടെത്തിയാണ് ഈ സിനിമയുടെ ഭാഗമാക്കിയത്. 17000ത്തോളം അപേക്ഷകളിൽ നിന്നാണ് സിനിമയിലേക്കുള്ള താരങ്ങളെ പല ഘട്ടങ്ങളിലൂടെ കണ്ടെത്തിയത്. ഏകദേശം ഒരു വർഷം നീണ്ടു നിന്ന പ്രക്രിയ ആയിരുന്നു അത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് അവശ്യമായ പരിശീലനം നൽകണമായിരുന്നു. ചലച്ചിത്രമേഖലയിലെ പ്രമുഖരുടെ നേതൃത്വത്തിൽ സംവാദങ്ങളും ശില്പശാലകളും നടന്നു. ഇതിനൊക്കെ സന്മനസ് കാണിച്ച ഒരു നിർമാതാവായിരുന്നു ഷാജി നടേശൻ. അങ്ങനെയൊരു നിർമാതാവ് ഉണ്ടായതുകൊണ്ടാണ് ഈ സിനിമ സംഭവിച്ചത്. 

ഞാനും പുതുമുഖം

ഈ സിനിമയിലെ ആദ്യ പുതുമുഖം എന്നു പറയുന്നത് ഞാനും കൂടിയാണ്. കാരണം, ഒരു ഫീച്ചർ ഫിലിം ഞാൻ ആദ്യമായാണ് ചെയ്യുന്നത്. ഇതിൽ എനിക്ക് ഏറ്റവും എളുപ്പത്തിൽ സമീപിക്കാവുന്നത് എന്റെ സുഹൃത്തുക്കളെയാണ്. അങ്ങനെയാണ് പൃഥ്വിയും മമ്മൂക്കയുമൊക്കെ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. തിരക്കഥ എന്ന സിനിമ ചെയ്യുമ്പോൾ മുതൽ എനിക്ക് പൃഥ്വിയെ അറിയാം. ആ സിനിമയിൽ ഞാൻ അസോസിയേറ്റ് ആയിരുന്നു. അന്നു മുതലുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിലുള്ളത്. ലാൽ സാറിനും ഈ പ്രൊജക്ടിനെ പറ്റി അറിയാവുന്നതാണ്. പക്ഷേ, അദ്ദേഹം ചില വമ്പൻ പ്രൊജക്ടിന്റെ ഭാഗമായി തിരക്കിലായിരുന്നു. എങ്കിലും അദ്ദേഹം ഈ സിനിമയുടെ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കുമായിരുന്നു.  

അതൊരു മാസ്മരിക നിമിഷം

പുതുവർഷം ആയിരുന്നതിനാൽ, ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന പോലെ ക്ലബുകളോ ഹോട്ടലുകളോ ഷൂട്ടിനായി ലഭിച്ചില്ല. നിശ്ചയിച്ച സമയത്ത് ഷൂട്ട് നടന്നില്ലെങ്കിൽ മമ്മൂക്കയുടെ ഡെയ്റ്റിന് പ്രശ്നമാകും. അങ്ങനെ ടെൻഷൻ അടിച്ച സമയത്താണ് അതിരപ്പിള്ളിയിൽ ഒരു ലൊക്കേഷൻ എന്ന ആശയം വന്നത്. ഈയടുത്ത് അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ ബൈജു ആണ് അവിടെ തന്നെ ഷൂട്ട് ചെയ്യാൻ ധൈര്യം തന്നത്. അവിടെ സെറ്റ് ഇടാൻ ഏഴു ദിവസം വേണ്ടി വന്നു. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഗംഭീരൻ സെറ്റ്! ഷൂട്ടിങ് ദിവസം മമ്മൂക്ക ലൊക്കേഷനിൽ എത്തി. സിനിമയിലെ കഥാപാത്രത്തിന്റെ വേഷമിട്ട്, മെയ്ക്കപ്പും ചെയ്തു മമ്മൂക്ക നടന്നു വന്നു... അതൊരു മാസ്മരിക നിമിഷമായിരുന്നു. സിനിമയിലെ ഒരു പ്രധാന ഷോട്ട് ആണ് അത്. പതിനെട്ടാം പടി എന്ന സിനിമയിൽ മമ്മൂട്ടി അഭിനയിച്ചത് വെറും ഏഴു ദിവസം മാത്രമാണ്. ആ ദിവസങ്ങൾ വളരെ അമൂല്യമായിരുന്നു. പുതിയ ആളുകളോട് നമ്മുടെ ഇൻഡസ്ട്രിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ സിനിമയിലെ മമ്മൂട്ടിയുടെ സാന്നിധ്യം. പുതിയ ചെറുപ്പക്കാർക്കൊപ്പം അഭിനയിക്കാൻ അദ്ദേഹം തയ്യാറായി എന്നതു തന്നെ നമ്മുടെ ഇൻഡസ്ട്രിയുടെ നന്മയെ ആണ് കാട്ടിത്തരുന്നത്. 

ആ ചിത്രം ലീക്ക് ആയത്

പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ ഒരു ഫോട്ടോ വൈറൽ ആയിരുന്നു. ആ ചിത്രം പുറത്തു വന്നതുമുതലാണ് പതിനെട്ടാം പടി എന്ന ചിത്രത്തെക്കുറിച്ച് മാധ്യമങ്ങളും പ്രേക്ഷകരും ചർച്ച ചെയ്തു തുടങ്ങിയത്. സത്യത്തിൽ  ആ ചിത്രം ലീക്ക് ആയ ഒരു ഫോട്ടോ ആണ്. ഞങ്ങളുടെ തന്നെ ഫോട്ടോഗ്രാഫർ എടുത്തതായിരുന്നു ആ ചിത്രം. പക്ഷേ, ഞങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട ചിത്രം അല്ലായിരുന്നു. എങ്ങനെയോ ലൊക്കേഷനിൽ നിന്നും ലീക്ക് ആയതാണ്.  ഒരു കാര്യം പറയാതെ വയ്യ. മമ്മൂക്കയുടെ സൗന്ദര്യം എന്നു പറയുന്നത്, അദ്ദേഹത്തിന്റെ ആകാരഭംഗിയോ വേഷമോ ഒന്നുമല്ല. മമ്മൂക്കയുടെ സൗന്ദര്യം അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. സാധാരണ മുണ്ടും ഷർട്ടും ഇട്ടു നടന്നാലും ഒരു ജനക്കൂട്ടത്തിൽ പോലും അദ്ദേഹം എടുത്തു നിൽക്കും. മമ്മൂക്ക എങ്ങനെ ഇത്രയും സുന്ദരനായി ഇരിക്കുന്നു എന്ന് ആലോചിച്ചാൽ എനിക്കു തോന്നുന്നു, അദ്ദേഹത്തിന്റെ ഉള്ളിലുള്ള തേജോവലയം (aura) ആണ് അദ്ദേഹത്തെ 'നിത്യഹരിത'നാക്കുന്നത്. 

ഇവിടെ തന്നെയുണ്ട്

2001മുതൽ പല തരത്തിലുള്ള ഫിലിം മെയ്ക്കിങ് പ്രൊജക്ടുകളുമായി ഞാൻ സജീവമാണ്. 2005 മുതലാണ് മുഖ്യധാരാ സിനിമയുമായുള്ള എന്റെ ചങ്ങാത്തം തുടങ്ങുന്നത്. രഞ്ജിയേട്ടന്റെ (സംവിധായകൻ രഞ്ജിത്) അസോസിയേറ്റ് ആയിട്ടാണ് ഞാൻ സിനിമയിൽ വരുന്നത്. പിന്നീട്, അദ്ദേഹത്തിന്റെ സിനിമാ എഴുത്തിലും പങ്കാളിയാകാൻ കഴിഞ്ഞു. പ്രജാപതി, കയ്യൊപ്പ്, തിരക്കഥ, റോക്ക് ആൻഡ് റോൾ, ഇൻഡ്യൻ റുപ്പി, പ്രാഞ്ചിയേട്ടൻ അങ്ങനെ കുറെ സിനിമകളുടെ കൂടെ പ്രവർത്തിച്ചു. കേരള കഫെയിലെ ഐലൻഡ് എക്സ്പ്രസ് എന്ന ലഘുചിത്രം പോലും രഞ്ജിയേട്ടന്റെ പ്രോത്സാഹനത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. സിനിമയിൽ എഴുത്തുകാരൻ ആകാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ, രഞ്ജിയേട്ടന് എന്നെ സംവിധായകൻ ആക്കാനായിരുന്നു താൽപര്യം. അതിനുശേഷമാണ് ഉറുമിക്കു വേണ്ടിയുള്ള എഴുത്ത് സംഭവിച്ചത്. ഉറുമി രണ്ടര വർഷം വേണ്ടി വന്ന വലിയ പ്രൊജക്ട് ആയിരുന്നു. 

പതിനെട്ടാം പടിയിലെ സ്ത്രീകൾ

പ്രിയാമണി ഈ ചിത്രത്തിൽ ഒരു മാധ്യമപ്രവർത്തകയുടെ വേഷമാണ് ചെയ്തിരിക്കുന്നത്. ഗൗരി ലങ്കേഷിനെപ്പോലെ ധൈര്യശാലിയായ ഒരു മാധ്യമപ്രവർത്തക. ഗൗരി എന്നു തന്നെയാണ് ആ കഥാപാത്രത്തിന് പേരിട്ടിരിക്കുന്നതും! ഗൗരി ലങ്കേഷിനോടുള്ള ആദരസൂചകമായിട്ടാണ് ആ പേര് നൽകിയത്. മുത്തുമണിയും മാല പാർവതിയും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെയാണ് ഇരുവരും അഭിനയിക്കുന്നത്. മമ്മൂക്കയുടെ സഹോദരിയുടെ കഥാപാത്രമാണ് മാല പാർവതിയുടേത്. ചിത്രത്തിൽ ഒരു റൊമാന്റിക് ട്രാക്ക് ഉള്ളത് അഹാനയ്ക്കാണ്. ആനി ടീച്ചർ എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. 

തലമുറകളുടെ സംഗമം

കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ, വിജയ് യേശുദാസ്, ഷഹബാസ് അമൻ, ഹരിചരൺ, മഞ്ജരി, സിതാര, റിമി ടോമി, നകുൽ അഭ്യങ്കർ, ഹരിശങ്കർ, മനോജ് കെ. ജയൻ എന്നിങ്ങനെ 11 ഗായകർ ഈ സിനിമയ്ക്കായി പാടിയിട്ടുണ്ട്. അതിൽ തന്നെ, എം.ജി ശ്രീകുമാറും ഹരിശങ്കറും മനോജ് കെ.ജയനും ചേർന്നു പാടുന്ന പാട്ട് ഒരുപാട് സ്പെഷൽ ആണ്. ഒരേ സംഗീത പാരമ്പര്യത്തിൽ നിന്നു വരുന്ന എം.ജി ശ്രീകുമാറും ഹരിശങ്കറും ജയവിജയന്മാരുടെ സംഗീതപാരമ്പര്യമുള്ള മനോജ് കെ.ജയനുമായി ചേർന്നു പാടുന്ന പാട്ട് തീർച്ചയായും പ്രത്യേകതകളുള്ളതാണ്. ഇതൊരു അപൂർവ കൂട്ടുകെട്ട് ആണ്. അങ്ങനെയൊരു കാര്യം പതിനെട്ടാം പടിയിൽ സംഭവിച്ചതിൽ സന്തോഷമുണ്ട്. ദൈവികമായി, അതിസ്വാഭാവികമായി അത് സംഭവിക്കുകയായിരുന്നു. 

ഏഴു പാട്ടുകള്‍

ഏഴു പാട്ടുകളാണ് സിനിമയിലുള്ളത്. ആർ.കെ. ശേഖറിന്റെ ചെറുമകനായ എ.എച്ച് കാശിഫ് ഈ സിനിമയ്ക്കായി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എ.ആർ റഹ്മാന്റെ സഹോദരിയുടെ മകനാണ് കാശിഫ്. പതിനെട്ടാം പടിക്കു ശേഷമാണ് അദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നതും കാശിഫ് ആണ്. വേറെ രണ്ടു സംഗീതസംവിധായകർ കൂടി ഈ സിനിമയ്ക്കായി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സംഗീത കോളേജിലെ റാങ്ക് ജേതാവായ പ്രശാന്ത് പ്രഭാകറും ഗായകൻ ബ്രഹ്മാനന്ദന്റെ മകൻ രാകേഷ് ബ്രഹ്മാനന്ദനും സംഗീതം നൽകിയ പാട്ടുകൾ സിനിമയിലുണ്ട്. ഇതിൽ ക്യാമറ ചെയ്തിരിക്കുന്നത് 23 വയസു മാത്രമുള്ള സുദീപ് ഇളമൺ ആണ്. വൈൽഡ് ലൈഫ് ആണ് അദ്ദേഹത്തിന്റെ മേഖല. ഈ ചിത്രത്തിന് മുൻപ് ഒരു ഫിക്ഷൻ ഫിലിം പോലും സുദീപ് ചെയ്തിട്ടില്ല. പതിനെട്ടാം പടി റിലീസ് ചെയ്യുന്നതിന് മുൻപെ സുദീപിന് മറ്റു പ്രൊജക്ടുകൾ ലഭിച്ചു. റിലീസിനൊരുങ്ങുന്ന ഫൈനൽസ്, സച്ചിൻ എന്നീ സിനിമകൾക്ക് ക്യാമറ ചെയ്തത് സുദീപ് ആണ്. അങ്ങനെ ഒരു കൂട്ടം ചെറുപ്പക്കാർ ഈ സിനിമയിലുണ്ട്. 

പ്രേക്ഷകരോട്

ലോകത്തുള്ള എല്ലാ മലയാളികൾക്കും അറിയാവുന്ന ഒരു വാക്കാണ് പതിനെട്ടാം പടി. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളുടെ പതിനെട്ടാം പടി കയറ്റമാണ് ഈ സിനിമ. യാതൊരു ബുദ്ധിപരതയും ഉപയോഗിച്ചു കാണേണ്ട ഒന്നല്ല ഇത്. ചില സിനിമകൾ ഒറ്റയ്ക്കിരുന്ന് ആസ്വദിക്കാൻ പറ്റും. എന്നാൽ, ചില സിനിമകളില്ലേ... കൂട്ടുകാർക്കൊപ്പം ആഘോഷമായി പോയി കാണാൻ തോന്നുന്നത്. അങ്ങനെയൊരു സിനിമയാണ് പതിനെട്ടാം പടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA