ADVERTISEMENT

‘എടാ’യെന്നും ‘എടീ’യെന്നും കാമുകിയെ വിളിക്കുന്ന നായകന്മാരെ മലയാള സിനിമ കുറേയേറെ കണ്ടിട്ടുണ്ട്. പക്ഷേ, നായകനെ എടോ എന്നു വിളിക്കാൻ, അതിൽ അത്രമേൽ പ്രണയം നിറയ്ക്കാൻ ഒരേയൊരു ‘നിഹ’ മാത്രമേയുള്ളു. പ്രേക്ഷകർ ഹൃദയത്തോടു ചേർത്ത ആ ‘എടോ’യെ സ്ക്രീനിലെത്തിച്ച വിശേഷങ്ങളുമായി നായിക അഹാന കൃഷ്ണ കൊട്ടകയോട്..

 

ലൂക്കയുടെ ആദ്യ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടത് ടോവിനോയുടെ സിനിമ എന്ന നിലയിലായിരുന്നു. ഇപ്പോഴിതാ ലൂക്കയുടെ പേര് ‘നിഹ’ എന്നാക്കേണ്ടിയിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

ahaana-luka

 

വളരെ സന്തോഷം. ഞാനൊരു അഞ്ചു വർഷം ആഗ്രഹിച്ചതാണ് ഇപ്പോൾ കിട്ടുന്നതുപോലുള്ള ചെറിയൊരു അംഗീകാരത്തിന്. ആദ്യമായാണ് ഞാൻ അഭിനയിച്ച സിനിമയിറങ്ങുമ്പോൾ അതിന്റെ റിവ്യൂവിൽ എന്നെക്കുറിച്ച് സംസാരിക്കുന്നത്, അരെങ്കിലുമൊക്കെ എന്നെ വിളിച്ച് നന്നായിരുന്നു എന്നു പറയുന്നത്. എന്റെ ആദ്യ രണ്ടു സിനിമകളും വളരെ മികച്ച ചിത്രങ്ങളായിരുന്നെങ്കിലും എനിക്കതിൽ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ‘സ്റ്റീവ് ലോപ്പസ്’ കഴിഞ്ഞു ‘ഞണ്ടുകളുടെ നാട്ടിൽ’ സെറ്റിലിരിക്കുമ്പോഴൊക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, എനിക്കു പെർഫോം ചെയ്യാവുന്നൊരു സീൻ കിട്ടിയുന്നെങ്കിൽ എന്ന്. അങ്ങനെ നോക്കുമ്പോൾ ലൂക്ക എന്റെ ഡ്രീം കം ട്രൂ സിനിമയാണ്.

 

ലൂക്കയെക്കുറിച്ചും നിഹാരികയെക്കുറിച്ചും പറയാമോ?

ahaana-luka2

 

രണ്ടു വർഷം എന്റെ കയ്യിലിരുന്ന സ്ക്രിപ്റ്റ് ആണിത്. 2017ലാണ് ആദ്യ ചർച്ചകൾ. ഷൂട്ടിങ് 2019ൽ. ഞാനൊരു 150 തവണ സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ട്. അതിശയോക്തിയില്ലാതെയാണിതു പറയുന്നത്. ഞാൻ വെറുതെയിരിക്കുന്ന സമയമായിരുന്നത്. ബോറടിച്ചിരിക്കുമ്പോഴും ഡെസ്പ് ആയി ഇരിക്കുമ്പോഴുമെല്ലാം ആ സ്ക്രിപ്റ്റ് എടുത്തുവായിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ എനിക്കു കാണാപ്പാഠം ആണത്. 

ahaana-luka1

 

കാത്തിരുന്നു ചെയ്ത സിനിമയാണല്ലോ, അതിന്റെ ടെൻഷൻ ഉണ്ടായിരുന്നോ ?

lucca-Ahaana-tovino

 

ആദ്യമൊക്കെ എനിക്ക് എങ്ങനെയും ഷൂട്ട് തുടങ്ങണമെന്നേ ഉണ്ടായുള്ളൂ. സിനിമയിൽ നീണ്ടൊരു മോണോലോഗ് ഉണ്ട്. അതു ഫ്ലാറ്റായി പോകുമോയെന്നൊരു ടെൻഷൻ മാത്രമേയുണ്ടായുള്ളൂ. ഡയലോഗ് ഒക്കെ കാണാപ്പാഠം ആയിരുന്നല്ലോ. പക്ഷേ, ഇമോഷൻ കൃത്യമാകണമല്ലോ. അതിൽ ഗ്ലിസറിൻ ഉപയോഗിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. അത് സിംഗിൾ ടേക്കിലാണ് എടുത്തത്. 

 

എടോയെന്ന് കാമുകനെ വിളിക്കുന്ന ആദ്യ നായികയാവും നിഹ. ആരാണ് എടോയ്ക്കു പിന്നിൽ?

ahaana-krishnakumar

 

(ചിരിക്കുന്നു) ഞാൻ ഫുൾ ‘എടോ’ ആണ്. സെറ്റിൽ എല്ലാവരും പറയുമായിരുന്നു സിനിമയുടെ പേര് ‘എടോ ലൂക്ക’ എന്നാക്കേണ്ടിവരുമെന്ന്. ഞാൻ പരിചയക്കാരെ മാത്രമല്ല കാണുന്നവരെയെല്ലാം എടോ എന്നാണ് വിളിക്കാറുള്ളത്. സെറ്റിൽ ഞാനും ടോവിനോയും പരസ്പരം സംസാരിച്ചിരുന്നതും അങ്ങനെയായിരുന്നു. ‘എടാ’ ‘എടീ’ എന്നൊന്നും എനിക്ക് നാച്ചുറലി വരാറില്ല. സിനിമയുടെ സ്ക്രിപ്റ്റ് ചെയ്ത മൃദുലും എടോ എന്നു സംസാരത്തിൽ ഉപയോഗിക്കുന്നയാളാണ്. അടുത്തിടെ മൃദുൽ വിളിച്ചപ്പോൾ അമ്മയാണ് എടുത്തത്. മൃദുൽ ‘എടോ’ എന്നാവും തുടങ്ങിയത്, അപ്പോൾ അമ്മ പറഞ്ഞു, ‘എടോയല്ല, എടോയുടെ അമ്മയാണ്’

 

അഹാന വളരെ റൊമാന്റിക് ആണോ, നിഹയ്ക്കു വേണ്ടിയുള്ള തയാറെടുപ്പുകൾ? 

 

നിഹയെപ്പോലെ പ്രണയത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരാളെ ഇഷ്ടമാണെങ്കിൽ അതു പ്രകടിപ്പിക്കാനൊന്നും മടിയുണ്ടാവില്ല. പൊതുവെ ലവ് സ്റ്റോറീസ്, സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണ്.

 

ടൊവീനോടൊപ്പം ലിപ് ലോക്ക് സീൻ ഉണ്ടല്ലോ. അതേക്കുറിച്ച്?

 

ആ സീൻ തിരക്കഥയിൽ പ്രത്യേക അവസരത്തിൽ സ്വാഭാവികമായി വരുന്നതാണ്. അതേക്കുറിച്ച് സംവിധായകൻ വിശദീകരിക്കാതെ തന്നെ എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കഥ കൺവിൻസിങ് ആണെങ്കിൽ പിന്നെ മറ്റ് ഇൻഹിബിഷൻസ് ഉണ്ടാവില്ല. നിഹയെന്ന കഥാപാത്രത്തെ അത്രമാത്രം ഉൾക്കൊണ്ടാണ് ചെയ്തത്. പിന്നെ തിയറ്ററിൽ ആ സീൻ വരുമ്പോൾ അതിൽ അസ്വാഭാവികതയില്ല. ഞാൻ നാലുതവണ കണ്ടപ്പോഴും ഫാമിലി ഓഡിയൻസ് ഉണ്ടായിരുന്നു. അസ്വസ്ഥതകളൊന്നും തോന്നിയില്ല. വെൽ മെയ്ഡ് സീൻ ആണത്.

 

സിനിമയിലേക്ക് എത്തിയത് ? 

 

തീരെ ചെറുപ്പത്തിൽ സിനിമയെന്ന അഗ്രഹമുണ്ടായിരുന്നു. പക്ഷേ, പിന്നെ പഠനത്തിലായി ശ്രദ്ധ. സ്റ്റീവ് ലോപ്പസിൽ അവസരം ലഭിക്കുമ്പോൾ എനിക്ക് 18 വയസാണ്. അപ്പോൾ സിനിമയോട് പ്രത്യേകിച്ച് ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല, താൽപര്യക്കുറവുമില്ല. വിധി പോലെ വന്ന സിനിമയാണത്. ആ സിനിമയ്ക്കു ശേഷം അതൊരു ആഗ്രഹമായി. അങ്ങനെ ആക്ടറാകാൻ കാത്തിരിക്കുന്ന സമയത്തു പിന്നെ അവസരം കിട്ടിയതുമില്ല. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യുന്നതെല്ലാം ഞാൻ  ചെയ്തിട്ടുണ്ട്. ഫോട്ടോ ഷൂട്ട് ചെയ്തു, പോർട്ട്ഫോളിയോ ഉണ്ടാക്കി. ചെന്നെൈയിൽ പഠിക്കുന്ന സമയത്ത് കുറെ ഓഡിഷനുകൾക്കും പോയിട്ടുണ്ട്. ഒന്നിലും കിട്ടിയതുമില്ല. അങ്ങനെ 2 വർഷം കഴിഞ്ഞപ്പോഴാണ് ഞണ്ടുകളുടെ നാട്ടിൽ കിട്ടിയത്.

 

അഹാന വീട്ടിൽ ഇരിക്കുമ്പോൾ പുതുതായി സിനിമയിലെത്തിയ ചിലരെങ്കിലും പിന്നിട് തിരക്കുള്ള താരങ്ങളായി. ആ സമയത്ത് നിരാശയുണ്ടായിരുന്നോ?

 

പിന്നെ പിന്നെ, തീർച്ചയായും ഉണ്ടായിരുന്നു. അതു സ്വാഭാവികമല്ലേ. ഞാൻ സിനിമയിൽ വരുന്ന സമയത്ത് ഒരു വർഷം നാലോ അഞ്ചോ പുതുമുഖങ്ങളായിരുന്നെങ്കിൽ പിന്നീട് 25 പേരൊക്കെ വരുന്ന സ്ഥിതിയായി. ഞാൻ വന്നതിനു ശേഷം വന്ന ഒത്തിരിപ്പേർ വളരെ സക്സസ്ഫുൾ ആയി. അതിലൊരു സങ്കടമുണ്ടായിട്ടുണ്ട്. സാഡിസ്റ്റിക് ആയ രീതിയിലല്ല. അവർക്കൊക്കെ അവസരങ്ങൾ കിട്ടിയപ്പോൾ എനിക്കു വരുന്നില്ലല്ലോ എന്നു തോന്നിയിട്ടുളള അവസരങ്ങളുണ്ടായിട്ടുണ്ട്. അതുപക്ഷേ, വളരെ മാനുഷികമല്ലേ. സാധാരണ വികാരങ്ങളൊക്കെയുള്ള സാധാരണയാളാണു ഞാൻ. വിഷമം വന്നാൽ രണ്ടു ദിവസം സങ്കടപ്പെടും. അച്ഛനോടും അമ്മയോടും സുഹൃത്തുക്കളോടുമൊക്കെ അതു പങ്കിടും, പിന്നെ അതുമാറും. ടണലിന്റെ ഒടുവിൽ വെളിച്ചം കാണും എന്ന പ്രതീക്ഷ എപ്പോഴും ഉണ്ടായിരുന്നു.

 

പുതിയ സിനിമകൾ

 

പതിനെട്ടാംപടി എത്തി. വളരെ വലിയൊരു സിനിമയാണത്. അതിൽ ആനി എന്ന കഥാപാത്രമാണ്. ടീച്ചറാണ്. വളരെ നല്ലൊരു അനുഭവമായിരുന്നു. ആദ്യമായാണ് എന്നിൽ നിന്നു വേറിട്ടു നിൽക്കുന്ന കഥാപാത്രം ചെയ്യുന്നത്. സണ്ണി വെയ്‌നൊപ്പം ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമ വരുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com