വിളിച്ചത് സഹസംവിധായകനായി, പിന്നെ മമ്മൂക്കയുടെ സ്വന്തം ജോയ്; ഇതാ ചന്തുനാഥ്

chandunath-mammootty2
മമ്മൂട്ടിക്കൊപ്പം ചന്ദുനാഥ്
SHARE

‘പതിനെട്ടാം പടി’ കണ്ട ആർക്കും ജോയ് ഏബ്രഹാം പാലയ്ക്കലിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. കട്ടത്താടിയും നീളൻ മുടിയുമൊക്കെയായി വന്ന ആ ചുള്ളൻ മാഷിനെ അവതരിപ്പിച്ച ചന്തുനാഥ് എന്ന തിരുവനന്തപുരത്തുകാരന്റെ വിശേഷങ്ങളിലൂടെ...

പതിനെട്ടാംപടിയിലേക്കുള്ള ആദ്യ പടി

പതിനെട്ടാം പടിയിലേക്ക് ക്യാരക്ടർ റോളുകളിലേക്ക് അഭിനേതാക്കളെ തേടുന്നുണ്ടെന്ന് രതീഷ് എന്ന സുഹൃത്താണ് പറയുന്നത്. കുട്ടികളുടെ സിനിമയാണ് എന്നാണ് കരുതിയിരുന്നത്. അങ്ങനെ ഫോട്ടോസ് അയച്ചു കൊടുത്തു. പിന്നീടാണ് കോളജിൽ ജൂനിയർ ആയി പഠിച്ച വിനു ആ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിഞ്ഞത്. അവൻ വിളിച്ച് ഓഡിഷന് എന്നെ സെലക്ട് ചെയ്തിട്ടുണ്ടെന്നും വരണമെന്നും പറഞ്ഞു. ഓഡിഷന്റെ ആദ്യഘട്ടത്തിനു ശേഷം എന്നോടു മാത്രം നിൽക്കാൻ പറഞ്ഞു. ശങ്കർ രാമകൃഷ്ണൻ സാർ നേരിൽ വിളിപ്പിച്ച് ഒരുപാട് നേരം സംസാരിച്ചു. സിനിമയെപ്പറ്റിയുള്ള ആഗ്രഹങ്ങളെപ്പറ്റിയും ഞാൻ എന്തു ചെയ്യുന്നു എന്നെല്ലാം ചോദിച്ചറിഞ്ഞു. എല്ലാം കേട്ടശേഷം പതിനെട്ടാംപടിയിൽ സഹസംവിധായകനായി കൂടെ നിൽക്കാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു മടങ്ങി.

chandu-ahana1

ഇതേപ്പറ്റി അഭിപ്രായം ചോദിച്ച എല്ലാവരും ഒരിക്കലും ഈ അവസരം പാഴാക്കരുതെന്നാണ് പറഞ്ഞത്. അങ്ങനെ അഭിനയ മോഹവുമായി ചെന്ന ഞാൻ സിനിമയുടെ പിന്നണി പ്രവർത്തകനായി. സിനിമയിൽ സ്കൂൾ കുട്ടികളുടെ വേഷം ചെയ്യാനായി തിരഞ്ഞെടുത്ത 65 പേർക്കായി നെയ്യാർ ഡാമിൽ 5 ദിവസത്തെ ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ചുമതലയാണ് എനിക്ക് ആദ്യം തന്നത്. ക്യാംപിൽ ഞാൻ മറ്റുള്ളവരെ നോക്കുമ്പോൾ ശങ്കർ സാർ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നു പിന്നീടാണ് അറിഞ്ഞത്. വിപുലമായ ആ ക്യാംപിന്റെ അവസാന ദിവസമാണ് ജോയ് ഏബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രം ചെയ്യുന്നത് ഞാനാണെന്ന് സാർ പ്രഖ്യാപിച്ചത്.

ചന്തുനാഥും ജോയ് ഏബ്രഹാമും

എന്റെ ജീവിതവുമായി വളരെ അടുത്തു നിൽക്കുന്ന കഥാപാത്രമാണ് ജോയ്. തിരുവനന്തപുരം മാർ ഇവാനിയോസിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം ബെംഗളൂരു ക്രൈസ്റ്റിൽ നിന്നാണ് പിജി ചെയ്തത്. തുടർന്ന് എംഫില്ലും. അതിനുശേഷം അവിടെയും തിരുവനന്തപുരത്തും സ്കൂളുകളിലും കോളജിലും അധ്യാപകനായി. ഇംഗ്ലിഷ് ആണ് എന്റെ വിഷയമെങ്കിലും അധ്യാപകനായിച്ചെന്ന എല്ലായിടത്തും നാടകവും, നാടക ക്യാംപുകളുമൊക്കെയായി സജീവമായിരുന്നു. അതുകൊണ്ടു തന്നെ വിദ്യാർഥികളോട് വളരെ സൗഹൃദം പുലർത്താനും വഴക്കു പറയേണ്ടിടത്ത് അതിനും മടികാണിച്ചിരുന്നില്ല. ജോയിയും ഇതേ മാതൃകയിലുള്ള ഒരു അധ്യാപകൻ ആണ്. അതുകൊണ്ട് തന്നെ ജോയ് ആയി മാറാൻ അധികം പാടുപെടേണ്ടി വന്നില്ല. ശങ്കർ സാറിന് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ജോയ്. അതും സഹായകമായി.

chandu-ahana

ജോയ് ആകാനുള്ള തയാറെടുപ്പുകൾ

ആറു മാസം കൊണ്ടാണ് ചന്തുനാഥ് ജോയ് ആയി മാറിയത്. പോണിടെയിൽ ആണ് ജോയിയുടെ ഹെയർ സ്റ്റൈൽ. അതിനായി മുടി നീട്ടിവളർത്തി. താടിയും. കഥാപാത്രത്തിന്റെ മൂഡ് ചെയ്ഞ്ചുകൾക്ക് അനുസരിച്ച് മുടിയുടെ സ്റ്റൈലിലും വ്യത്യാസം വരുത്താൻ ഇത് സഹായിച്ചു. ശരീര ഭാരം 90 കിലോ വരെ കൂട്ടി. ഓരോ സീനിലും ജോയ് എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങി എല്ലാ കാര്യത്തിലും ശങ്കർ സാറിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അതിനുവേണ്ടി ഓരോ സീനും എത്ര തവണ ആവർത്തിച്ച് ഷൂട്ട് ചെയ്യാനും അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നുമില്ല. 

മമ്മൂക്കയോടൊപ്പം

രണ്ടാമത്തെ സിനിമയിൽ തന്നെ മമ്മൂക്കയുടെ അനിയനായി അഭിനയിക്കുക എന്നത് സ്വപ്നതുല്യമായ നേട്ടമാണ്. എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ള മമ്മൂക്ക കുറച്ചൊക്കെ ജാഡക്കാരനാണ്. എന്നാൽ ഞാൻ കണ്ട മമ്മൂക്ക തീരെ അങ്ങനെയല്ല. ശങ്കർ സർ എന്നെ മമ്മൂക്കയ്ക്ക് പരിചയപ്പെടുത്തിയതു മുതൽ എപ്പോൾ കണ്ടാലും അദ്ദേഹത്തിന്റെ മുഖത്ത് പരിചയഭാവം ഉണ്ടായിരുന്നു. സിനിമയിൽ ഞങ്ങൾക്കു രണ്ട് പേർക്കും ഒരേ ഹെയർ സ്റ്റൈലാണ്. വസ്ത്ര ധാരണത്തിലും സാമ്യമുണ്ട്. കോമ്പിനേഷൻ സീനുകൾ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അഭിനയം നേരിൽകണ്ടിരുന്നു. എന്റെ കഥാപാത്രത്തെ പറ്റി അദ്ദേഹം പറയുമ്പോഴൊക്കെ ശരിക്കും സന്തോഷവും അഭിമാനവും ആയിരുന്നു. കുട്ടികളോടൊക്കെ വളരെ അടുപ്പത്തോടെയാണ് അദ്ദേഹം ഇടപെട്ടത്. അവർക്ക് വേണ്ട എന്തു നിർദേശങ്ങളും ഉപദേശങ്ങളും നൽകാനും തയാറായിരുന്നു. എന്നാൽ പരിധിവിട്ടുള്ള കപട സൗഹൃദങ്ങൾക്കു താൽപര്യം കാണിച്ചിരുന്നുമില്ല.

അഹാനയോടൊപ്പം

‘ലൂക്ക’ ഇറങ്ങി അഹാന തിളങ്ങി നിൽക്കുമ്പോഴാണ് പതിനെട്ടാംപടിയും തിയറ്ററുകളിൽ എത്തിയത്. ഇതു സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. പ്രായത്തിൽ നന്നെ ചെറുപ്പമാണെങ്കിലും എനിക്കു വളരെ മുൻപ് തന്നെ സിനിമയിൽ വന്ന് ഒരു സൂപ്പർ താരത്തിന്റെ പാതയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ആളാണ് അഹാന. തീർച്ചയായും അത്രയും പരിചയസമ്പന്നയായ ഒരു നടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ഒരു പോസിറ്റിവിറ്റി എപ്പോഴും ഉണ്ടായിരുന്നു.

സിനിമയിലെ കുട്ടികൾ

പതിനെട്ടാം പടിയിലെ സ്കൂൾ കുട്ടികളുടെ വേഷം ചെയ്തിരിക്കുന്ന എല്ലാ ആൺകുട്ടികളും ഒന്നര വർഷം താമസിച്ചത് പൂജപ്പുരയിലെ ഒരു വാടക വീട്ടിലാണ്. ‘ചില്ല’ എന്നാണ് ശങ്കർ സാർ ആ വീടിന് പേരിട്ടിരുന്നത്. ഒരു മരത്തിലെ വിവിധ ചില്ലകളെപ്പോലെയാണ് അവർ ഓരോരുത്തരും എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അവരോരോരുത്തരും അവരവരുടെ മികച്ച പ്രകടനമാണ് പതിനെട്ടാംപടിയിൽ കാഴ്ചവച്ചിരിക്കുന്നത്.

ആദ്യ സിനിമ

കുട്ടിക്കാലം മുതൽ ഒപ്പംകൂടിയ സ്വപ്നമാണ് സിനിമ. അവിടേക്ക് എത്തിപ്പെടാനായി ബെംഗളൂരു വിട്ട് നാട്ടിൽ എത്തിയപ്പോഴാണ് സുഹൃത്തുകളുടെ കൂട്ടായ്മയിൽ പിറന്ന ‘ഹിമാലയത്തിലെ കശ്മലൻ’ എന്ന സിനിമയിൽ ഒരു വേഷം ചെയ്യുന്നത്. അഭിറാം സുരേഷ് ഉണ്ണിത്താനാണ് ആ സിനിമ സംവിധാനം ചെയ്തത്. വളരെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനെയാണ് ഞാൻ അതിൽ അവതരിപ്പിച്ചിരിക്കുന്നത്.

അധ്യാപനമോ സിനിമയോ?

കുട്ടിക്കാലത്ത് തന്നെ ഒപ്പംകൂടിയതാണ് സിനിമാ മോഹം. സ്കൂൾ, കോളജ് തലങ്ങളിലൊക്കെ നാടക മത്സരങ്ങളിലും മറ്റും ആവേശത്തോടെ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. അധ്യാപകനായി ജോലി നോക്കുന്ന സമയത്തും അഭിനയം തന്നെയായിരുന്നു മനസ്സിൽ. ആ സ്വപ്നത്തിലേക്കുള്ള ആഗ്രഹം പിടിവിട്ടു പോയപ്പോഴാണ് അധ്യാപനം ഉപേക്ഷിച്ച് പൂർണമായും സിനിമയ്ക്കായി ഇറങ്ങിയത്. പതിനെട്ടാംപടിയുടെ ആദ്യ പടിവാതിൽക്കൽ എത്തും വരെയും ശരിക്കും പ്രയാസമുള്ള കാലമായിരുന്നു. ജോയിയെപറ്റിയുള്ള പോസിറ്റീവ് റിവ്യൂസ് വന്നു തുടങ്ങിയതോടെ ആ കഷ്ടപ്പാടിനുള്ള ഫലം ലഭിച്ച തൃപ്തിയിലാണ്.

കുടുംബം

അച്ഛൻ, അമ്മ, ഭാര്യ, മകൻ എന്നിവരടങ്ങിയതാണ് എന്റെ കുടുംബം. അച്ഛൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആയി റിട്ടയർ ചെയ്തു. അമ്മ എംജി കോളജ് അധ്യാപികയാണ്. ഭാര്യ സ്വാതി, കോളജ് അധ്യാപികയാണ്. ഗായികയും, ഐഡിയ സ്റ്റാർ സിങ്ങറിൽ ഒക്കെ പങ്കെടുത്തിരുന്നു. മകൻ നീലാംശ്, നാലു മാസമാണ് പ്രായം. വീട്ടിൽ നീലൻ എന്നു വിളിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA