ADVERTISEMENT

ഈ വർഷത്തെ തന്റെ ആദ്യ ചിത്രവുമായി നമിത പ്രമോദ് എത്തുകയാണ്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന 'മാർഗംകളി'യാണ് നമിതയുടെ പുതിയ റിലീസ്. തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ് ആണ് നായകൻ. ചിത്രത്തിന്റെ വിശേഷങ്ങളുമായി നമിത മനോരമ ഓൺലൈനിൽ...

 

മാർഗംകളിയിലെ ഊർമിള

margam-kali-movie2

 

ഈ ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേര് ഊർമിള എന്നാണ്. കൂടുതലൊന്നും ഈ കഥാപാത്രത്തെ പറ്റി പറയാൻ സാധിക്കില്ല. പ്രേക്ഷകർക്കൊരു സർപ്രൈസ് ആകും ഈ കഥാപാത്രം. അതുകൊണ്ട് കൂടുതലൊന്നും പറയാൻ വയ്യ. പെർഫോമൻസിന് ഒരുപാട് പ്രാധാന്യമുള്ള കഥാപാത്രമാണിത്.

 

namitha-pramod

സ്ക്രിപ്റ്റ് കേട്ട് ഒരുമാസത്തോളം സമയം കിട്ടിയിരുന്നു. സിനിമയ്ക്കായി നന്നായി തയാറെടുക്കാൻ സാധിച്ചു. കുടുംബത്തിനൊപ്പം കാണാൻ പറ്റുന്ന ഒരു ചിത്രമാണിത്. മിനിസ്ക്രീനിലൂടെയും സ്കിറ്റുകളിലൂടെയും എല്ലാവർക്കും സുപരിചിതനായ ശശാങ്കേട്ടനാണ് സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. ഒരുപാട് സമയമെടുത്താണ് അദ്ദേഹം ഇതിന്റെ സ്ക്രിപ്റ്റ് തയാറാക്കിയത്. കുട്ടനാടൻ മാർപാപ്പ എന്ന സിനിമയുടെ ഡയറക്ടറായ ശ്രീജിത്ത് ചേട്ടനാണ് സംവിധായകൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണിത്.  കമ്മാരസംഭവത്തിനു ശേഷം ഒരു വർഷത്തെ ഗ്യാപ്പുണ്ടായിരുന്നു. ആ സമയത്ത് കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായ സ്ക്രിപ്റ്റായിരുന്നു. കഥ കേട്ട് ഒരു പാട് ഇഷ്ടത്തോടെ ചെയ്ത സിനിമയാണിത്. 

 

namitha-pramod-2

നല്ല സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുക

 

ഒതുങ്ങിയ കഥാപാത്രമാണ് ഞാൻ. പുതിയ തീരങ്ങൾ ചെയ്ത സമയത്ത് സത്യനങ്കിൾ ഒരുപാട് ഹെൽപ് ചെയ്തിരുന്നു. ക്യാരക്ടറിനെ മനസ്സിലാക്കാനും ഡയലോഗ് ഡെലിവറി എങ്ങനെ ചെയ്യണം, പെർഫോമൻസ് ഇതെല്ലാം പറഞ്ഞ് തന്നിരുന്നു. ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോള്‍ പ്ലസ്ടു പോലും കഴിഞ്ഞിട്ടില്ല. സിദ്ദുവേട്ടനും (സിദ്ധാർഥ് ഭരതൻ) ഒരുപാട് സഹായിച്ചിട്ടുണ്ട് ഓരോ കഥാപാത്രവും കടന്നു പോകുന്ന അവസ്ഥ നമ്മൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അങ്ങയുള്ള സാഹചര്യങ്ങളില്‍ എങ്ങനെ പെർഫോം ചെയ്യണം എന്നൊക്കെ സംവിധായകരാണ് പറഞ്ഞു മനസ്സിലാക്കി തരുന്നത്.

 

നല്ല സ്ക്രിപ്റ്റ് ചെയ്യുക എന്നതാണ് പ്രധാനം. ഒരു കാലം കഴിയുമ്പോൾ നമ്മുടെ കഥാപാത്രം എല്ലാവരും ഓർത്തിരിക്കണം. വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ പേര് പറയുമ്പോൾ അഭിനയത്തെക്കുറിച്ച് നല്ലത് പറയണം, എന്ന് കേൾക്കാനാഗ്രഹിക്കുന്നു. അതുകൊണ്ടാണ് സമയമെടുത്ത് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്. എത്ര ടൈമെടുത്താലും ഇതുപോലുള്ള കഥാപാത്രങ്ങൾക്കു വേണ്ടിയാണ് കാത്തിരിക്കുന്നതും. നമ്മുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി മുന്നേറിയാൽ മാത്രമേ കൂടുതൽ വളരുവാൻ സാധിക്കുകയുള്ളൂ. 

 

namitha

കോമഡി പടങ്ങൾ ചെയ്യണം എന്ന ഉദ്ദേശത്തോടെ ചെയ്യുന്നതല്ല ഇത്തരം സിനിമകൾ. മാർഗംകളിയില്‍ കോമഡിയും പ്രണയവും ഉണ്ട്. കണ്ടു മടുത്ത കോമഡിയിൽ നിന്നൊക്കെ മാറി പുതുമയുള്ള തമാശകളാണ് ചിത്രത്തിലേത്. 

 

ഞാൻ ഒരു ട്രെയിൻഡ് ഡാൻസറല്ല. ചെറുപ്പത്തിലേ പഠിക്കാൻ പോയിരുന്നു. പക്ഷേ തുടർന്ന് പഠിച്ചില്ല. സിനിമയിലെത്തിയപ്പോൾ എല്ലാത്തരം ഡാൻസുമുണ്ട്. ഡപ്പാംകൂത്ത്, ക്ലാസിക്കൽ എനിക്ക് കിട്ടിയതൊക്കെ ക്ലാസിക്കൽ ഡാൻസ് ആയിരുന്നു. ഇതു കണ്ട് എല്ലാവരും അമ്പലത്തിലും ഒക്കെ ഡാൻസ് ചെയ്യാൻ വിളിച്ചിരുന്നു. അപ്പോളൊക്കെ അവരോട് ഞാൻ ഒരു ക്ലാസിക്കൽ ഡാൻസറല്ല എന്നു പറയേണ്ടി വന്നിട്ടുണ്ട്. 

 

വിമർശനം

 

അഭിനയവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ കാണാറുണ്ട്. അത് കണ്ട് തിരുത്താൻ ശ്രമിക്കാറുമുണ്ട്. പക്ഷേ ലൈംഗിക ചുവയുള്ള കമന്റുകൾ ഒരു പെൺകുട്ടിയുടെയും മുഖത്തു നോക്കി പറയാൻ  പാടില്ല. അത് ആരുമായിക്കോട്ടെ, ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ   അങ്ങനെ പറയാൻ പാടില്ല. അത് ശരിയല്ല. അങ്ങനെ വരുന്ന കമന്റുകൾ ഞാൻ ബ്ലോക്ക് ചെയ്യാറുണ്ട്.  ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പെട്ടെന്ന് റിയാക്റ്റ് ചെയ്യുന്ന ഒരാളല്ല, പക്ഷേ തുടർച്ചയായി പല അക്കൗണ്ടുകളിൽ നിന്നും ശല്യം ചെയ്തു കൊണ്ടിരിക്കുന്ന അവസരങ്ങളിലാണ് ഞാൻ പ്രതികരിച്ചിട്ടുള്ളത്. 

 

ദിലീപേട്ടനും മീനൂട്ടിയും

 

സൗണ്ട് തോമ മുതൽ എനിക്ക് ദിലീപേട്ടനെ അറിയാം. മീനൂട്ടി (മീനാക്ഷി ദിലീപ്) എന്റെ ഏറ്റവും ക്ലോസ് ഫ്രണ്ടാണ്. ഞാൻ എന്നും വിളിക്കുന്ന കൂട്ടുകാരില്‍ ഒരാൾ. 

 

ഏത് കഥാപാത്രം കിട്ടിയാലും അതിനെ വ്യത്യസ്തമാക്കി ചെയ്യുന്ന അഭിനേതാവാണ് ദിലീപേട്ടൻ. വളരെ കംഫർട്ടബിളായി കൂടെ വർക്ക് ചെയ്യാൻ പറ്റുന്ന താരം. ഇത്രയും നല്ല ഒരു ആർട്ടിസ്റ്റിനൊപ്പം ഇത്രയധികം സിനിമകൾ ചെയ്യാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു. 

 

പഠനം, അടുത്ത പടം

 

ഇപ്പോൾ ബാച്ച്‌ലർ ഓഫ് സോഷ്യൽ വർക്ക് (BSW) ആണ് പഠിക്കുന്നത്. അത് കഴിഞ്ഞിട്ട് പിജി, എംഫിൽ, പിഎച്ച്ഡി ഒക്കെ ചെയ്യണമെന്നാണ് ആഗ്രഹം. അടുത്ത പ്രോജക്ട് അൽ മല്ലു. ബോബൻ ചേട്ടന്റെ (ബോബൻ സാമുവൽ) പ്രോജക്ടാണ്. സ്ത്രീപ്രാധിനിത്യമുള്ള ചിത്രമാണ്. അബുദാബിയിലാണ് ഷൂട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com