‘ഈലം’ പിറന്ന കഥ

eelam-movie-2
വിനോദ് കൃഷ്ണ, തമ്പി ആന്റണി
SHARE

ഒരു ചെറുകഥയെഴുതി, അതാരും വായിച്ചില്ല എന്നു തോന്നിയാൽ എന്തു ചെയ്യും? ചെറുകഥാകൃത്ത് വിനോദ് കൃഷ്ണയോടാണു ചോദ്യമെങ്കിൽ, സിനിമയാക്കും എന്നാകും ഉത്തരം. തന്റെ തന്നെ കഥ ചലച്ചിത്രമാക്കി, സംവിധാനം ചെയ്തിരിക്കുകയാണു വിനോദ്. ‘ഈലം’ എന്ന വിനോദിന്റെ കഥ പ്രളയകാലത്താണു പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നു കേരളത്തിലെ സാഹിത്യപ്രേമികൾ കഥ വായിക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നതിനാൽ അധികം വായിക്കപ്പെട്ടില്ല എന്ന തോന്നലാണു സിനിമയൊരുക്കാൻ പ്രേരണയായത്. കഥയുടെ ദൃശ്യാത്മകത ചലച്ചിത്രഭാഷയ്ക്കു കൂടുതൽ ഉതകുമെന്നു വിനോദിനു തോന്നി. ഇതേ പേരിൽത്തന്നെയാണു സിനിമയും. നിർമാണത്തിൽ 2 വനിതകളുടെ പങ്കാളിത്തം, മലയാളത്തിൽ സർറിയൽ ശബ്ദസങ്കേതം ആദ്യമായി പരീക്ഷിക്കപ്പെടുന്ന ചലച്ചിത്രം തുടങ്ങി പ്രത്യേകതകൾ ഏറെയുണ്ട് ഈലത്തിന്.

നഗരത്തിലെ ഒരു ബാറിലെ പതിവു സന്ദർശകരുടെ മനോവിചാരങ്ങളിലേക്കു വ്യത്യസ്തമായ വഴികളിലൂടെ ഇറങ്ങിച്ചെല്ലുകയാണു സിനിമയെന്നു വിനോദ് പറയുന്നു. മലയാളത്തിൽ ആദ്യമായാകും ഇത്തരം ഒരു പശ്ചാത്തലത്തിൽ സിനിമ പൂർണമായും അവതരിപ്പിക്കപ്പെടുന്നത്. ഒരു മുറിക്കുള്ളിൽത്തന്നെ ചലച്ചിത്രത്തെ ഒതുക്കി നിർത്തേണ്ടി വരുന്നതു ശരിക്കും വെല്ലുവിളി ആയിരുന്നെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ ചലച്ചിത്രത്തിനു കഴിയുന്നുണ്ടെന്നാണു സംവിധായകന്റെ വിലയിരുത്തൽ.  ഫ്രെയിമുകളുടെ പശ്ചാത്തലത്തിലെ നിറത്തിനു പോലും ഏറെ പ്രാധാന്യമുള്ളതിനാൽ ഒരു കളർ തീം തിരക്കഥയിൽത്തന്നെ നിർണയിച്ച ശേഷമാണു ഷൂട്ട് തുടങ്ങിയത്. പച്ച നിറത്തിനു പ്രാമുഖ്യം കൊടുത്തുള്ള തീമാണ് ഉപയോഗിച്ചത്. കഥാപാത്രങ്ങൾക്കൊന്നും പേരില്ല എന്ന പ്രത്യേകതയുമുണ്ട്. കഥ എവിടെയാണു നടക്കുന്നതെന്ന സൂചനകളും സിനിമയിലില്ല.

eelam-movie-1

‌ഈലത്തിന്റെ ചിത്രീകരണം കൊച്ചിയിലും സാൻഫ്രാൻസിസ്കോയിലുമായി പൂർത്തിയായി. ഓഗസ്റ്റിൽ തിയറ്ററുകളിലെത്തും. ഈഗോ പ്ലാനറ്റ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജയ മേനോൻ, ഷിജി മാത്യു ചെറുകര, വിനയൻ നായർ എന്നിവരാണു നിർമിക്കുന്നത്. ഇതിൽ ജയയും വിനയനും വിനോദിന്റെ സുഹൃത്തുക്കളാണ്. ഇവരുടെ സുഹൃത്തായ ഷിജി കൂടി നിർമാണത്തിൽ സഹകരിക്കാൻ തയാറായി മുന്നോട്ടു വന്നതോടെയാണു സിനിമ യാഥാർഥ്യമായത്. ഇവരുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈലം. സംഗീത സംവിധായകൻ ബിജിബാലാണു ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. അജീഷ് ദാസന്റെ വരികൾക്ക് രമേശ് നാരായണൻ സംഗീതം നൽകി. ഷഹബാസ് അമനാണു ഗാനങ്ങൾ ആലപിച്ചത്. തമ്പി ആന്റണിയും കവിത നായരുമാണു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം തരുൺ ഭാസ്കരൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA