ADVERTISEMENT

‘‘എനിക്കു കിട്ടിയ പിറന്നാൾ സമ്മാനമാണ് ‘അമ്പിളി’. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് എന്നെത്തേടി വന്ന ഒരു കിടിലൻ ഗിഫ്റ്റ്.’’ പുഞ്ചിരിയോടെ നവീൻ നസീം പറയുന്നു. കുസൃതി തുളുമ്പുന്ന കിലുക്കാംപെട്ടിയായി മലയാളികളുടെ ഹൃദയം കവർന്ന നടി നസ്രിയ നസീമിന്റെ സഹോദരനായ നവീൻ, ആദ്യ സിനിമയായ അമ്പിളി റിലീസ് ചെയ്യുന്ന ആവേശത്തിലാണ്.

 

‘അമ്പിളി’ കോളിങ് !

naveen-nazim2

 

നസ്രിയയും ഞാനും ഡിസംബർ 20ന് ആണ് ജനിച്ചത്. ഒരേ ദിനത്തിൽ പിറന്നെങ്കിലും ഞങ്ങൾ ഇരട്ടകളല്ല. ഒരു വർഷത്തെ വ്യത്യാസമുണ്ട്. എല്ലാ വർഷവും ഞങ്ങളൊന്നിച്ചാണു പിറന്നാൾ ആഘോഷിക്കുന്നത്. അങ്ങനെയുള്ള ഒരു പിറന്നാൾ വിഡിയോ കണ്ടാണു സംവിധായകൻ ജോൺ പോൾ ജോർജ് എന്നെ അമ്പിളിയിലേക്കു വിളിച്ചത്. സൗബിനിക്കയാണ് (സൗബിൻ ഷാഹിർ) ആദ്യം വിളിച്ചത്: ‘ഗപ്പി പോലൊരു ക്ലാസ് സിനിമയ്ക്കു ശേഷം ജോൺ പോൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ഒരു ക്യാരക്ടർ ഉണ്ട്. നീ ചെയ്യുമോ?’ എന്നായിരുന്നു ആ ചോദ്യം.

ambili-movie-naveen

 

കട്ട കൺഫ്യൂഷൻ!

 

‘സിനിമാ കുടുംബം’ എന്നതൊക്കെ ശരി തന്നെയാ... നസ്രിയയും ഷാനുവും (ഫഹദ് ഫാസിൽ) ഫർഹാനുമൊക്കെ അഭിനയരംഗത്തുണ്ട്. പക്ഷേ, സെറ്റുകൾ കണ്ടു പരിചയമുണ്ടെന്ന് അല്ലാതെ അഭിനയത്തിന്റെ എബിസി അറിയില്ലായിരുന്നു എനിക്ക്. എറണാകുളത്തെ എസ്‌സിഎംഎസ് സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ അവസാന വർഷ ബിആർക് വിദ്യാർഥിയാണ്.  ഓഫർ കേട്ടപാടെ ടെൻഷനും കൺഫ്യൂഷനും. അവസാനം എന്റെ ‘ഹിറ്റ്മേക്കർ സിസ്സിനെ’ വിളിച്ചു. ‘നന്നായി ആലോചിക്ക് ഇച്ചൂ. നല്ല അവസരമാണ്. നീ ഓകെ ആണെങ്കിൽ, ജസ്റ്റ് ഗിവ് ഇറ്റ് എ ട്രൈ’. ഷാനുവും ഫുൾ സപ്പോർട്ട്. അതോടെ  ഉറപ്പിച്ചു.

 

ട്രാവൽ ഇഷ്ടം!

 

സൈക്കിളിസ്റ്റായ ഒരു കഥാപാത്രത്തെയാണ് അമ്പിളിയിൽ ഞാൻ അവതരിപ്പിക്കുന്നത്. വെരി ബോൾഡ്, കുറെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള, എന്നാൽ കുറച്ച് ഇമോഷനലുമായ ഒരു പയ്യൻ. ഒരുപാടു യാത്രകൾക്കു ശേഷം ഞാൻ തിരികെ നാട്ടിൽ എത്തുന്നതും പിന്നീട് അമ്പിളിയുമൊത്തു പങ്കിടുന്ന സൗഹൃദ നിമിഷങ്ങളുമെല്ലാം പുതുമയുള്ള രീതിയിലാണു ചിത്രീകരിച്ചത്. എനിക്കുവേണ്ടി എന്തും ചെയ്യുന്ന ചങ്ക് ഫ്രണ്ടാണ് അമ്പിളി. തൻവി റാം ഉൾപ്പെടെ കുറച്ചു പുതുമുഖങ്ങളും സിനിമയിലുണ്ട്. 

 

പഠിപ്പിക്കാൻ ഹീറോസ്!

 

സൗബിൻ ഇക്ക കിടുവാണ്, പൊളിയാണ്! വളരെ സിംപിളായി ഇടപഴകുന്ന ഒരു ആർട്ടിസ്റ്റാണ് ഇക്ക. സ്റ്റാർട്... ആക്‌ഷൻ... ക്യാമറ... എന്നു കേട്ടിട്ട്, ഇനി എന്തു ചെയ്യണമെന്ന് അറിയാതെ വണ്ടറടിച്ചു നിന്നതായിരുന്നു സെറ്റിലെ എന്റെ ആദ്യദിവസം.  പിന്നെ സൗബിനിക്ക പ്രോത്സാഹനവും അഭിനയ പാഠങ്ങളുമെല്ലാം ഫ്രീ ഓഫ് കോസ്റ്റായി തന്നു. ഇക്കേടെ ആ സ്പെഷൽ ചിരി തന്നെ ഒരു ബൂസ്റ്റിങ് തരും. അതുപോലെ നസ്രിയയും ഷാനുവും സഹായിച്ചു. നസ്രിയ എനിക്കു ചേച്ചി മാത്രമല്ല, സൂപ്പർ ക്യൂട്ട് ഫ്രണ്ടുമാണ്. 

 

റിലീസിനായി വെയിറ്റിങ്!

 

പുതിയ പ്രോജക്ടുകൾ ഒന്നും തൽക്കാലം കമ്മിറ്റ് ചെയ്തിട്ടില്ല. അമ്പിളിയുടെ റിലീസ് കാത്തിരിപ്പാണ്. പിന്നെ ബിആർക് കംപ്ലീറ്റ് ചെയ്യണം. ഒരു കുടുംബ ചിത്രമാണ് അമ്പിളി. യുവാക്കൾക്കും ആസ്വദിക്കാവുന്ന സിനിമയാണിത്. ഒന്നര വർഷമായി വിവിധ ഷെഡ്യൂളുകളിലായാണ് ഷൂട്ടിങ് നടന്നത്.  കട്ടപ്പനയിൽ നിന്ന് ആരംഭിച്ച ശേഷം പിന്നൊരു യാത്ര തന്നെയായിരുന്നു. ജയ്പുർ, അജ്മീർ, ഗോവ, മഹാരാഷ്ട്ര അങ്ങനെ ഒട്ടേറെ നാടുകളുടെ വിഷ്വൽസ് അമ്പിളിയുടെ ഛായാഗ്രാഹകൻ ശരൺ വേലായുധൻ മനോഹരമായി പകർത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com