നാലു മക്കളും പ്ലേ സ്കൂളിൽ പോയി തുടങ്ങി: നായകനാകുന്നത് തിരക്കഥ വായിക്കാതെ: അജു വർഗീസ് അഭിമുഖം

aju-varghese-kids
SHARE

ചിരിയുടെ പുതിയ വകഭേദങ്ങളുമായി അജു വര്‍ഗീസ് തിരശ്ശീലയില്‍ എത്തിയിട്ട് പത്താണ്ടിനരികെ എത്തുന്നു. ഹാസ്യസാമ്രാട്ടുകൾ അരങ്ങുവാഴുന്ന മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അജു. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിൽ തുടങ്ങി ലവ് ആക്‌ഷൻ ഡ്രാമയുടെ നിർമാതാവായി പുതിയ വേഷമണിഞ്ഞ് നില്‍‌ക്കുന്നു അജു. രഞ്ജിത്ത് ശങ്കറിന്റെ പുതിയ സിനിമയില്‍ അജു നായകനും ആകുകയാണ്.

സോഷ്യൽ മീഡിയയിലും സജീവമായ അജു ട്രോളന്മാർക്കും പ്രിയങ്കരനാണ്. മലർവാടി ഇറങ്ങി 9 വർഷങ്ങൾ കഴിയുമ്പോൾ അജു ആ വഴികള്‍ ഓര്‍ക്കുന്നു. ആദ്യ നിർമാണ സംരംഭത്തെക്കുറിച്ചും മനോരമ ന്യൂസ് ഡോട് കോമിനോട് അജു വർഗീസ് തുറന്നു പറയുന്നു. ഈ പതിറ്റാണ്ടില്‍ ഉണ്ടായ പ്രധാന മാറ്റം എന്തെന്ന ചോദ്യത്തിന്, നന്നായി തടിച്ചു എന്ന് ചിരിയില്‍ പൊതിഞ്ഞ് അജുവിന്‍റെ മറുപടി

മലർവാടിയുടെ 9 വർഷങ്ങളും അജു വർഗീസിന്റെ കരിയറും

അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ എന്തെങ്കിലുമൊക്കെ മികവ് വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പിന്നെ അതിൽ പ്രവർത്തിച്ച എല്ലാവരുമായും നല്ല സുഹൃദ്ബന്ധം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ ലൗ ആക്‌ഷൻ ഡ്രാമ എന്ന സിനിമ ചെയ്യുമ്പോഴും എല്ലാവരും അതിന്റെ ഭാഗമായി കൂടെയുണ്ട്. അതോടൊപ്പം പുതിയ സുഹൃത്തുക്കളെയും പരിചയപ്പെട്ടു. പരിചയപ്പെടണം എന്ന് ആഗ്രഹിച്ച പല പ്രഗൽഭരെയും കാണാനും ഒരുമിച്ച് ജോലി ചെയ്യാനും സാധിച്ചു.

aju-wife-shop

സിനിമയുടെ എണ്ണം വച്ച് ഒരാളുടെ വിജയം അളക്കുന്നതിനോട് യോജിപ്പില്ല. ശരിയായ സമയത്ത് ശരിയായ സംവിധായകനും, തിരക്കഥയും ആക്ഷനും കട്ടിനുമിടയ്ക്കുള്ള നമ്മുടെ പ്രകടനവും ഒക്കെ കൂടി ചേരുന്നതിനെയാണ് ഞാൻ വിജയം ആയി കണക്കാക്കുന്നത്. അത് മാത്രമല്ല, ലഭിച്ച ബന്ധങ്ങളും സൗഹൃദങ്ങളും സ്നേഹവും സഹകരണവുമൊക്കെയാണ് വിജയം നിശ്ചയിക്കുന്നത്. നമ്മുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഇടപെട്ടിട്ടുള്ള ജേഷ്ഠന്മാരെയും അനുജന്മാരെയും ലഭിച്ചു. അങ്ങനെ നോക്കുമ്പോൾ എന്റെ ഇത്രനാളത്തെ സിനിമാജീവിതം സക്സസ് ആണെന്ന് തന്നെ പറയാം.

സിനിമകളുടെ എണ്ണം കുറഞ്ഞത് അജു സിലക്ടീവായതുകൊണ്ടാണോ?

ലവ് ആക്‌ഷൻ ഡ്രാമയുടെ പിന്നിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏകദേശം 2 വർഷത്തിന് മേലെയായി. 100 ദിവസങ്ങളോളം ഷൂട്ട് ഉണ്ടായിരുന്നു. നിർമാതാവ് എന്ന നിലയിൽ കുറച്ചുകൂടി സമയം ഈ സിനിമയ്ക്ക് വേണ്ടി ചിലവഴിക്കണമല്ലോ. അങ്ങനെ വന്നപ്പോൾ ചെറിയ റോളുകൾ മാത്രമാണ് കൂടുതൽ കമ്മിറ്റ് ചെയ്തത്. മുഴുനീള വേഷങ്ങൾ ചെയ്യുന്നതിൽ കുറവുണ്ടായി. ആദ്യം നോക്കുന്നത് വിളിക്കുന്ന വ്യക്തിയുമായുള്ള ബന്ധമാണ്. ഒരാൾ ഇങ്ങോട്ട് വിളിച്ച് സിനിമ തരുമ്പോൾ അയാൾ ഒരിക്കലും നമ്മളെ ദ്രോഹിക്കാനായിരിക്കില്ലല്ലോ. നമുക്കൊരു ദോഷം വരണമെന്ന് ആഗ്രഹിക്കുന്നവരും ആയിരിക്കില്ല. അവന് ഈ വേഷം കൊടുത്ത് അവനെ നശിപ്പിക്കണം എന്ന് ആരും കരുതില്ല. ഇതെല്ലാം ഒരു കൊടുക്കൽ വാങ്ങലായിട്ടാണ് ഞാൻ കാണുന്നത്. ആ സിനിമയ്ക്ക് എന്തെങ്കിലും ഒരു ഗുണം കിട്ടുമെന്നുള്ളതുകൊണ്ടാകുമല്ലോ എന്നെ വിളിക്കുന്നത്.

aju-nivin

പിന്നെ ഡേറ്റ് ഇല്ലാതെ വരുമ്പോൾ മാത്രമാണ് പ്രശ്നം. അപ്പോഴും ഞാൻ പറയും ഒന്നോ രണ്ടോ ദിവസത്തേക്ക് അഡ്ജസ്റ്റ് ചെയ്യാമെന്ന്. അങ്ങനെ ചെയ്ത ചിത്രങ്ങളാണ് വിജയ് സൂപ്പറും പൗർണമിയും മധുരരാജയും. സ്ക്രിപ്റ്റ് ചോദിക്കാറില്ല. റോളെന്താണ് എന്ന് മാത്രം ചോദിക്കും. അത് എന്റെ രൂപത്തിൽ എന്തെങ്കിവും വ്യത്യാസം വരുത്താൻ വേണ്ടി മാത്രമാണ് ചോദിക്കുന്നത്.

ലവ് ആക്‌ഷൻ ഡ്രാമ എന്ന വലിയ സിനിമ നിർമിക്കാൻ തീരുമാനിച്ചത്

ഈ സിനിമ നിർമ്മിക്കാം എന്ന തീരുമാനം സിനിമയുടെ കാസ്റ്റിങ് ഒക്കെ നടക്കും മുൻപ് തന്നെ എടുത്തതാണ്. ധ്യാനിന്റെ കഥയിലും കഥ പറച്ചിലിലും പൂർണ വിശ്വാസമുള്ളത് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. ഒരു ചെറിയ ഹോട്ടൽ മുറിയിലിരുന്ന് തീരുമാനിച്ചതാണ്. അന്ന് ഈ സിനിമയ്ക്ക് ഇത്ര വലിപ്പം ഇല്ലായിരുന്നു. പിന്നീടാണ് നിവിനും നയൻതാരയും സിനിമയിലോക്ക് വരുന്നത്. രഞ്‍ജി പണിക്കർ, ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ തുടങ്ങി പ്രമുഖരായ താരനിരയെ നിശ്ചയിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീത സംവിധായകൻ. സുഹൃത്താണ്. ഇന്ന് മലയാളസിനിമയിലെ ഹിറ്റ് സംഗിത സംവിധായകനാണ്.

നാഷനൽ അവാർഡ് നേടിയ എഡിറ്റർ വിവേക് ഹർഷൻ, ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ എന്നിങ്ങനെ സിനിമയുടെ പിന്നണിയിലേക്ക് പ്രഗത്ഭർ എത്തുന്നു. സിനിമ പ്രതീക്ഷിച്ച നിലയിൽ നിന്നും മാറി. അപ്പോൾ എന്റെ ഉത്തരവാദിത്തവും കൂടി. ആദ്യം ഒന്ന് അമ്പരന്നു. ഇത് എങ്ങനെ തുടങ്ങും എന്നൊക്കെ ചിന്തിച്ചു. ഞാനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ് നിർമാണം. അദ്ദേഹം വളരെ ശക്തമായി തന്നെ കൂടെ നിന്നു. എല്ലാ സഹായവും ചെയ്തു തന്നത് വിശാഖാണ്. എം സ്റ്റാർ സാറ്റ്ലൈറ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിലാണ് പ്രൊഡക്‌ഷൻ. 

aju-varghese

രഞ്ജിത് ശങ്കറിന്റെ ‘കമല’യില്‍ ആദ്യമായി നായകന്‍

സത്യസന്ധമായി പറഞ്ഞാൽ ഞാൻ ആ സിനിമയുടെ തിരക്കഥ കേട്ടിട്ടില്ല. രഞ്ജിത്തേട്ടന്റെ 6 സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ റോളുകൾ അദ്ദേഹത്തോടൊപ്പം ചെയ്തു. ഒരു മെന്റർ എന്ന നിലയിൽ ഞാൻ കാണുന്ന സംവിധായകനാണ്. അത് പലയിടത്തും പറഞ്ഞിട്ടുമുണ്ട്. ഞാൻ‍ ഇത് കേട്ടപ്പോൾ അദ്ദേഹത്തോട് ഒരു കാര്യമേ പറഞ്ഞിട്ടുള്ളു. 'നിങ്ങൾ സൂപ്പർ സ്റ്റാറുകളെ വച്ച് പടം ചെയ്യുന്ന ഒരാളാണ്. നിങ്ങളുടെ റിസ്കിലാണ് എന്നെ വച്ച് പടം ചെയ്യുക എന്നത്. എനിക്ക് കുഴപ്പമൊന്നുമില്ല’ എന്ന്. ഒരിക്കലും നായകൻ ആകണമെന്ന് ഞാൻ സ്വപ്നം കണ്ടിട്ടില്ല. ഞാൻ അദ്ദേഹത്തോട് സിനിമ തുടങ്ങുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് വന്ന് തിരക്കഥ കേട്ടോളാം എന്നാണ് പറഞ്ഞിരിക്കുന്നത്. സെപ്റ്റംബറിൽ സിനിമ തുടങ്ങാനാണ് തീരുമാനം.

സിനിമയിലെ തമാശക്കാരൻ പുറത്ത് എങ്ങനെ? ട്രോളന്മാർക്ക് മറുപടി

സീരിയസായുള്ള സന്ദർഭങ്ങളിൽ നമ്മൾ അവിടെ തമാശ പറയുന്നത് ശരിയല്ല. തിരിച്ചാണെങ്കിലും അങ്ങനെ തന്നെ. സാഹചര്യവും സന്ദര്‍ഭവും നോക്കി പെരുമാറുക എന്നതാണല്ലോ നല്ലത്. സോഷ്യൽ മീഡിയയിലെ ട്രോളുകൾ ഞാൻ വളരെയധികം ആസ്വദിക്കുന്നയാളാണ്. 'സ്ട്രെസ്ബസ്റ്റർ' ആയിട്ടാണ് ട്രോളുകളെ കാണുന്നത്. ഞാനൊരിക്കലും മറ്റൊരു വ്യക്തിയെ അധിക്ഷേപിക്കാറില്ല. എന്നെ വച്ചുള്ള ട്രോളുകളാണ് ഞാൻ കൂടുതലും ഷെയർ ചെയ്യുന്നത്. അത് എന്നെ മാത്രം ബാധിക്കുന്നതായിരിക്കും. ഒരു ചിരി കൊടുക്കുന്നതും കിട്ടുന്നതും നല്ല കാര്യമല്ലേ. അതു മാത്രമല്ല ട്രോൾ ഒരു തരത്തില്‍ നമുക്ക് റീച്ച് തരുന്നുമുണ്ട്.

അതും ഒരു മാർക്കറ്റിങ് ആണല്ലോ. എന്നെ ഇതുവരെ വ്യക്തിപരമായി ഒരു ട്രോളും വേദനിപ്പിച്ചിട്ടില്ല. ചിലപ്പോൾ നാളെ സംഭവിച്ചേക്കാം. പക്ഷേ ഞാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.

വീട്ടിൽ എല്ലാവരും സുഖമായി ഇരിക്കുന്നുവെന്നും നാലു മക്കളും പ്ലേ സ്കൂളിൽ പോയി തുടങ്ങിയെന്നും സന്തോഷത്തോടെ അജു പറയുന്നു. സിനിമയിലെത്തിയിട്ട് ഇത് പത്താം വർഷമാണ്. ഇതിനിടയിൽ 100 സിനിമകളാണ് അജു ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA