വിനീത് പിള്ളേർക്ക് ക്ലാസെടുത്തു, ഞാൻ അതൊക്കെ ഒപ്പിയെടുത്തു: വിനോദ് ഇല്ലംപള്ളി

vinod-illampally
വിനോദ് ഇല്ലംപള്ളിക്കൊപ്പം ജോമോൻ ടി. ജോൺ
SHARE

പഴയ സ്കൂളിലേക്ക് തിരികെ കേറിച്ചെല്ലുന്ന വിദ്യാർത്ഥിയെ പോലെയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയുടെ സെറ്റിലെത്തിയ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി. അഭിനേതാക്കൾക്ക് അവർ അഭിനയിക്കുകയാണെന്നോ അണിയറയിലുള്ളവർക്ക് അവരൊരു ഗംഭീരൻ സിനിമയുടെ പണികളിലാണെന്നോ ഒട്ടും തോന്നിപ്പിക്കാതെ അനായാസമായി ഒരു സിനിമ പരുവപ്പെടുകയായിരുന്നു അവിടെ. 'ഞാൻ ഒരു സ്കൂളിൽ പഠിക്കാൻ പോകുന്ന പോലെ ആയിരുന്നു ഷൂട്ടിന് പോയത്. സാധാരണ ക്ലാസുകൾ നടക്കുന്ന രീതിയിൽ അവിടെ ക്ലാസ് നടക്കുന്നു. അതിന് ഇടയിൽ ഞാൻ ഒരു ക്യാമറ പിടിച്ച് നിൽക്കുന്നുണ്ട്. അഭിനയിക്കുന്ന ആർക്കും അതൊരു പ്രശ്നമേ അല്ല,' തണ്ണീർ മത്തൻ ദിനങ്ങളെക്കുറിച്ച് ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി ഓർത്തെടുക്കുന്നത് ഇതൊക്കെയാണ്. 

vinod-illampally-vineeth

രണ്ടാം പകുതിയിൽ കയറി വന്നപ്പോൾ

സിനിമയുടെ ഒന്നാം ഷെഡ്യൂളിന് ശേഷം ജോമോൻ ടി. ജോൺ തുടങ്ങി വച്ച പ്രൊജക്ടിലേക്ക് ക്ഷണം ലഭിക്കുമ്പോൾ അരക്കൊല്ല പരീക്ഷയ്ക്കു ശേഷം സ്കൂൾ മാറിയെത്തിയ വിദ്യാർത്ഥിയുടെ അങ്കലാപ്പുണ്ടായിരുന്നു വിനോദ് ഇല്ലംപള്ളിക്ക്. എന്നാൽ സെറ്റിലെത്തിയപ്പോൾ ആശങ്കകളെല്ലാം അസ്ഥാനത്തായി. 'ജോമോൻ എന്റെ സുഹൃത്താണ്. ഒരുപാടു വർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം അറിയാം. എനിക്കെന്റെ അനിയച്ചാരാണ് ജോമോൻ. അതുകൊണ്ട്, ഈ പ്രൊജക്ട് പൂർത്തിയാക്കാൻ കൂടാമോ എന്നു ചോദിച്ചപ്പോൾ ഞാൻ ഓകെ പറഞ്ഞു. ജോമോന് വേറൊരു സിനിമയുടെ വർക്കിന് പോകേണ്ടിയിരുന്നു. അതുകൊണ്ടാണ്, രണ്ടാമത്തെ ഷെഡ്യൂളിൽ ഞാനും കൂടി ഒപ്പം ചേർന്നത്,' തണ്ണീർമത്തൻ ദിനങ്ങളിലേക്ക് യാദൃച്ഛികമായി എത്തിപ്പെട്ടതിനെക്കുറിച്ച് വിനോദ് ഇല്ലംപള്ളി മനസു തുറന്നു. 

vinod-illampally47

ഇതു കൊള്ളാലോ!

ആദ്യ ദിവസം ഞാൻ ചെന്ന് ഷൂട്ട് ചെയ്തപ്പോൾ തന്നെ മനസിൽ വന്നത്, ഇതു കൊള്ളാലോ എന്നായിരുന്നു. ഷൂട്ട് ചെയ്തു വച്ചിരുന്ന സീക്വൻസുകൾ ഒന്നു ഓടിച്ചു നോക്കി. പിന്നെ, ഗിരീഷിന് പിള്ളേരോടുള്ള സമീപനം വല്ലാതെ ആകർഷിച്ചു. പെട്ടെന്നു തന്നെ അവരുടെ കൂട്ടത്തിൽ ഞാനും ഒരാളായി. പിന്നെ, വയ്ക്കുന്ന ഫ്രെയിമൊക്കെ അതേ പാറ്റേണിൽ തന്നെ സ്വാഭാവികമായി വരികയായിരുന്നു. സാധാരണ സ്കൂളിലേക്ക് പഠിക്കാൻ പോകുന്ന പോലെ എല്ലാ ദിവസവും ഞാൻ വരും. അഭിനയിക്കാനുള്ള കുട്ടികളും സ്കൂളിൽ വരുന്ന പോലെ അങ്ങ് വരും. ക്ലാസിൽ കയറും. പറഞ്ഞു കൊടുത്തിരിക്കുന്ന പോലെ ചെയ്യും. ക്യാമറ വച്ച് എല്ലാം ഞങ്ങൾ ഷൂട്ട് ചെയ്യും. എപ്പോഴെങ്കിലും കട്ട് വിളിക്കുമ്പോഴാണ് ഇതൊരു സിനിമാ ഷൂട്ട് ആണല്ലോ എന്നൊരു തിരിച്ചറിവ് അഭിനേതാക്കൾക്കും ഉണ്ടാകുന്നത്. 

vinod-illampally4

പിള്ളേര് പൊളിയാണ്

പുതിയ പിള്ളേരുടെ കൂടെ വർക്ക് ചെയ്യുമ്പോഴുള്ള ഒരു ഊർജ്ജം ഒന്നു വേറെയാണ്. ഓം ശാന്തി ഓശാന ഇതുപോലൊരു സംഭവമായിരുന്നു. വാണിജ്യ സിനിമകളും ഞാൻ ചെയ്യാറുണ്ട്. എന്നാലും, ഇതുപൊലുള്ള സിനിമകളാണ് 'നമ്മുടെ സിനിമ' എന്ന തോന്നലുണ്ടാക്കുന്നത്. ഞാൻ പകുതി ചിത്രീകരണത്തിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ലപോലെ ആസ്വദിച്ചാണ് ഓരോ ഫ്രെയിമും സെറ്റ് ചെയ്തത്. സ്കൂളിന്റെ പിന്നാമ്പുറത്തു കൂടെ വരുന്നതും ആരും കാണാതെ സിഗരറ്റ് വലിക്കുന്നതും ഒക്കെ നമ്മളും ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട്, ഒട്ടും അപരിചിതമായി തോന്നിയില്ല. 

vinod-illampally3

സീനിയോരിറ്റി വിഷയമല്ല

സിനിമയിൽ അങ്ങനെ സീനിയോരിറ്റി ഒന്നും വച്ചു പുലർത്തിയിട്ട് കാര്യമില്ല. സംവിധായകൻ ഗിരീഷിനെ സംബന്ധിച്ചിടത്തോളം അയാൾ ഇൻഡസ്ട്രിയിൽ പുതിയ ആളാണ്. ഞാനും ജോമോൻ ടി. ജോണുമൊക്കെ കുറച്ചുകാലമായി ഇവിടെ തന്നെയുണ്ട്. കുറച്ചു അധികം സിനിമകളിൽ പ്രവർത്തിച്ചു പരിചയം ഉണ്ടെന്ന് മാത്രമേ അതുകൊണ്ട് അർത്ഥമാക്കുന്നുള്ളൂ. ഇത് ഗിരീഷിന്റെ സിനിമയാണ്. ഇതിനെക്കുറിച്ച് ഏറ്റവും കൂടുതൽ സ്വപ്നം കണ്ടിട്ടുള്ളത് അയാളാണ്. അതിലേക്ക് നമ്മുടെ പരിചയ സമ്പത്ത് കൂടി ചേർത്തു വയ്ക്കുന്നു എന്നു മാത്രം. സംവിധായകൻ പറയുന്നത് കേട്ട് അതിലേക്ക് നമ്മുടെ കൂടെ അഭിപ്രായങ്ങൾ കൂടി പങ്കുവച്ച്, ചർച്ച ചെയ്താണ് മുന്നോട്ടു പോകുന്നത്. അതിൽ, സീനിയോരിറ്റി ഒന്നും വിഷയമാകുന്നില്ല. അവർ പറയുന്നത് കേൾക്കാനുള്ള മനസുണ്ടാകണമല്ലോ! അതിൽ നിന്നു നല്ലതെന്നു തോന്നുന്നത് മാത്രം എടുക്കും. 

vinod-illampally44
vinod-illampally45

മണിച്ചിത്രത്താഴിലും രണ്ടു യൂണിറ്റ്

തണ്ണീർ മത്തൻ ദിനങ്ങളിൽ ജോമോനും ഞാനും ക്യാമറ ചെയ്തതു പോലെ മണിച്ചിത്രത്താഴിൽ ആനന്ദകുട്ടൻ സാറും വേണു സാറുമുണ്ടായിരുന്നു. എന്നാൽ, രണ്ടു പേർ ക്യാമറ ചെയ്ത സിനിമയാണെന്ന് ഒരിക്കലും തോന്നില്ല. അതുപോലെ  തണ്ണീർ മത്തൻ ദിനങ്ങളിൽ രണ്ടുപേർ ക്യാമറ ചെയ്തിട്ടുണ്ടെന്ന് അനുഭവപ്പെട്ടതേയില്ലെന്നാണ് പ്രതികരണങ്ങളിൽ നിന്നു മനസിലാകുന്നത്. അത് തീർച്ചയായും വലിയൊരു അംഗീകാരമാണ്. പരമാവധി കൃത്രിമമായ ലൈറ്റുകൾ ഉപയോഗിക്കാതെയാണ് ചിത്രീകരണം നടത്തിയത്. 

vinod-illampally474
vinod-illampally-jomon1

പരിചയം ഹ്രസ്വചിത്രത്തിലൂടെ

ഗിരീഷ് ചെയ്ത ഹ്രസ്വചിത്രം 'മൂക്കുത്തി' ഞാൻ കണ്ടിട്ടുണ്ട് എന്നതല്ലാതെ വേറെ മുൻപരിചയം എനിക്ക് ഇല്ല. പക്ഷേ, ഗിരീഷിന് എന്നെക്കുറിച്ച് നന്നായി അറിയാമായിരുന്നു. വാണിജ്യചിത്രങ്ങളും കലാമൂല്യമുള്ള സിനിമകളും ഞാൻ ചെയ്യാറുണ്ടെന്ന് ഗിരീഷിന് അറിയാം. അതുകൊണ്ട്, രണ്ടാമത്തെ ഷെഡ്യൂളിൽ ഞാനാണ് വരുന്നത് എന്നതിൽ ഗിരീഷിനും സന്തോഷമായിരുന്നു. 

ക്ലൈമാക്സ് അൽപം കുഴപ്പിച്ചു

സിനിമയുടെ ക്ലൈമാക്സ് സീക്വൻസ് അൽപം കുഴപ്പിക്കുന്ന സംഭവമായിരുന്നു. ഷൂട്ട് ചെയ്തതിൽ ഏറ്റവും വെല്ലുവിളി നേരിട്ടതും അതായിരുന്നു. ക്ലീഷെ ആയിപ്പോയേക്കാവുന്ന ഒരു സീക്വൻസിനെ മടുപ്പിക്കാത്ത വിധത്തിൽ അവതരിപ്പിക്കണമായിരുന്നു. താറാവിന്റെ ഡയലോഗും മറ്റും ആ രംഗത്തിന്റെ രസം കളയാതെ നിലനിറുത്താൻ സഹായിച്ചു. ആദ്യം എടുത്തതിൽ നിന്നും വീണ്ടും ചർച്ച ചെയ്ത് മാറ്റങ്ങൾ വരുത്തി വീണ്ടും ഷൂട്ട് ചെയ്തൊക്കെയാണ് ഇപ്പോഴത്തെ രീതിയിൽ അവതരിപ്പിച്ചത്. നിർമാതാവ് ഷബിൻ ബക്കറിന്റെയും എഡിറ്റർ ഷമീറിന്റെയും എല്ലാം നിർദേശങ്ങൾ സഹായകരമായിരുന്നു. പ്രേക്ഷകർക്ക് ആ രംഗം ഇഷ്ടമായെന്ന് അറിയുമ്പോൾ സന്തോഷം. 

vinod-illampally41
vinod-illampally473

എന്റെ ഉള്ളിലെ സിനിമ

എന്റെ ഉള്ളിലെ സിനിമ എന്നു പറയുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്, തണ്ണീർ മത്തൻ ദിനങ്ങൾ പോലുള്ള സിനിമകളാണ്. മറ്റു സിനിമകളും ഞാൻ ചെയ്യും. എല്ലാത്തരം സിനിമകൾക്കും പ്രേക്ഷകരുണ്ട്. പക്ഷേ, ഞാൻ സംവിധാനം ചെയ്യുകയാണെങ്കിൽ ഇതുപോലൊക്കെയുള്ള സിനിമയാകും അത്. മറ്റ് സിനിമകൾ മോശമെന്നല്ല.  മാസ്റ്റർപീസ്, മേരാ നാം ഷാജി, ഒരു പഴയ ബോംബ് കഥ പോലുള്ള സിനിമകൾ വേറൊരു തലത്തിലുള്ള സിനിമകളാണ്.

vinod-illampally-jomon

വിനീത് പറഞ്ഞു, ഇവർ റെയ്ഞ്ച് വേറെയാ

വിനീത് ശ്രീനിവാസനും ഞാനും ഒരുമിച്ചപ്പോഴൊക്കെ ഹിറ്റുകളായിരുന്നു. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സെക്കൻഡ് ക്ലാസ് യാത്ര പിന്നെ ഇപ്പോൾ തണ്ണീർമത്തൻ ദിനങ്ങളഉം. ഈ സിനിമയ്ക്കായി എന്നെ വിളിച്ചപ്പോൾ വിനീത് പറഞ്ഞു, പിള്ളേരൊക്കെ വേറെ റെയ്ഞ്ചാ എന്ന്! സെറ്റിലെത്തിയപ്പോൾ അക്കാര്യം എനിക്കും ബോധ്യപ്പെട്ടു. പുതിയ ആളുകളുടെ കൂടെ പ്രവർത്തിക്കുമ്പോൾ നമ്മളും പുതിയ രീതിയിൽ കാര്യങ്ങൾ കാണാൻ പഠിക്കും.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA