ADVERTISEMENT

അടുത്ത വീട്ടിലെ പെൺകുട്ടിയെപ്പോലെയാണു കീർത്തി സുരേഷ്. പച്ചമലയാളിപ്പെൺകുട്ടി. തിരുവനന്തപുരം വഴുതക്കാട്ടെ ആഡംബരങ്ങളില്ലാത്ത ഫ്ലാറ്റിലേക്കു തൊട്ടടുത്ത വിമൻസ് കോളജിൽനിന്നു ക്ലാസ് കഴിഞ്ഞു വരുന്ന വിദ്യാർഥിനിയെപ്പോലെ തോന്നും. ഈ കുട്ടിയാണോ ‘മഹാനടി’യിലെ പ്രകടനത്തിനു മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം നേടിയതെന്നു സംശയിച്ചേക്കാം.  ദേശീയ പുരസ്കാരത്തിന്റെ സന്തോഷം  അച്ഛനും നിർമാതാവുമായ ജി.സുരേഷ്കുമാറിനും അമ്മ മേനകയ്ക്കുമൊപ്പം കീർത്തി പങ്കുവച്ചു. അതിനിടയിലാണ് അഭിനന്ദിച്ചു നടൻ മോഹൻലാലിന്റെ വിളിയെത്തിയത്. 

 

‘ലാലങ്കിൾ... ലാലങ്കിൾ..! ലാലങ്കിളാണു വിളിക്കുന്നത്.’ സന്തോഷം അടക്കാനാവാതെ കീർത്തി തുള്ളിച്ചാടി. ലാലിനു നന്ദി പറഞ്ഞ ശേഷം ഫോൺ അച്ഛൻ സുരേഷ്കുമാറിനു കൈമാറി. ‘അഭിനയത്തിന് അടുത്ത ദേശീയ അവാർഡ് ഞാൻ വാങ്ങിക്കും. നീ നോക്കിക്കോളൂ ലാലൂ...’ എന്നു സുരേഷ് കുമാർ പറഞ്ഞപ്പോൾ കൂട്ടച്ചിരി.   

 

keerthi-mohanlal

∙ എന്തുകൊണ്ടാണ് അമ്മയ്ക്കിത് സമർപ്പിക്കുന്നത്? 

 

ഞാൻ സിനിമയിൽ വരാൻ കാരണം അമ്മയാണ്. ഒരുപാടു നല്ല വേഷങ്ങൾ ചെയ്തിട്ടും അമ്മയ്ക്കു ദേശീയ അവാർഡൊന്നും ലഭിച്ചില്ല. അമ്മയ്ക്ക് അവാർഡ് കിട്ടാത്തതിന്റെ കഥകൾ കേട്ടാണു വളർന്നത്. എന്നെക്കൊണ്ടു കഴിയുമെങ്കിൽ ദേശീയ പുരസ്കാരം നേടി അമ്മയ്ക്കു സമർപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

 

∙ അവസരം ഒട്ടേറെയുണ്ടായിട്ടും കീർത്തി സിനിമയിലെത്താൻ വൈകി? 

 

savithri-keerthi
മഹാനടിയിൽ സാവിത്രിയായി കീർത്തി സുരേഷ് കുമാർ, സാവിത്രി (ഫയൽ ചിത്രം)

ഉന്നതപഠനത്തിന് അമേരിക്കയിൽ പോകണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പഠനം കഴിഞ്ഞ് അവസരം വരുമെങ്കിൽ സിനിമയിൽ നോക്കാമെന്നും പറഞ്ഞു. ഒരിക്കലും നമ്മളായി സിനിമയെ തേടരുത്, അർഹതപ്പെട്ടത് നമ്മളെ തേടിവരും– ഇതാണ് അച്ഛൻ പറഞ്ഞത്. 12–ാംക്ലാസ് കഴിഞ്ഞപ്പോൾ അഭിനയിക്കട്ടേയെന്നു ചോദിച്ചു. നിനക്കുവേണ്ടി ഞാനെന്തായാലും സിനിമ എടുക്കില്ലെന്നായിരുന്നു അച്ഛന്റെ മറുപടി.  

 

∙ അമേരിക്കയ്ക്കു വിടാനുള്ള പദ്ധതി പാളിയതെങ്ങനെ? 

 

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയതിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ ഫോൺ അച്ഛൻ സുരേഷ് കുമാറിനു കൈമാറി കീർത്തി സുരേഷ്. അമ്മ മേനക സമീപം.
മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയതിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ ഫോൺ അച്ഛൻ സുരേഷ് കുമാറിനു കൈമാറി കീർത്തി സുരേഷ്. അമ്മ മേനക സമീപം.

അതേപ്പറ്റി അച്ഛനും അമ്മയ്ക്കും ഇപ്പോഴും അറിയില്ലെന്നു തോന്നുന്നു. യുഎസിൽ പോകാനുള്ള പരീക്ഷകളൊക്കെ ഞാൻ മനഃപൂർവം ഉഴപ്പി. പിന്നിലായതോടെ ഇവളെക്കൊണ്ട് ഇതൊന്നും പറ്റില്ലെന്ന് അവർ കരുതിയിരിക്കണം. പിന്നെ ഇവിടെ പഠനം തുടർന്നു. യുഎസിലേക്കു പോയിരുന്നെങ്കിൽ ജീവിതം മറ്റൊന്നായാനെ.  

 

∙ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിലൊരാളായ സാവിത്രിയുടെ ജീവിതമാണ് ‘മഹാനടി’യിൽ അവതരിപ്പിച്ചത്. എത്രത്തോളം വെല്ലുവിളി നേരിട്ടു? 

 

സാവിത്രിയമ്മയെപ്പോലെ ഒരു ലജൻഡിനെ അവതരിപ്പിക്കുക എളുപ്പമായിരുന്നില്ല. ഒന്നര വർഷത്തെ ഷൂട്ടിങ്.  വലിയൊരു യാത്രയായിരുന്നു അത്. ഈ കഥാപാത്രം ചെയ്യാൻ ആദ്യം ആത്മവിശ്വാസമുണ്ടായില്ല.  പിന്നെയും ഒരു നിയോഗംപോലെ അതെന്നെ തേടിയെത്തുകയായിരുന്നു. 

 

∙ സാവിത്രിയുടെ മകൾ വിജയ ചാമുണ്ഡേശ്വരിയും ഈ വേഷം ചെയ്യാൻ നിർബന്ധിച്ചതായി കേട്ടിട്ടുണ്ട്? 

 

തീർച്ചയായും. ഒരു ദിവസം അവർ ലൊക്കേഷനിൽ വന്നപ്പോൾ സാവിത്രിയമ്മയ്ക്കു മകൾ പിറക്കുന്ന സീനാണ് ഷൂട്ടു ചെയ്തിരുന്നത്. യഥാർഥ ജീവിതത്തിൽ വിജയ ചാമുണ്ഡേശ്വരിയമ്മ ജനിക്കുന്ന സന്ദർഭം. അവർ വളരെ വൈകാരികാവസ്ഥയിലായി. ‘മൈ പ്രെറ്റി ലിറ്റിൽ മോ’മെന്നു എന്നെ വിളിക്കാൻ തുടങ്ങി.  

 

∙ വേണ്ടെന്നു വച്ച സിനിമയ്ക്കാണ് അവാർഡ്. ഈ സിനിമ ചെയ്യണമെന്ന് അമ്മയും അച്ഛനും ആവശ്യപ്പെട്ടിരുന്നോ?  

 

സാവിത്രിയമ്മയുടെ വേഷം ചെയ്യണമെന്ന് അമ്മ പറഞ്ഞു. ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷേ, നന്നായില്ലെങ്കിലോ എന്ന പേടി. പടം റിലീസ് ആകുന്നതുവരെ ചെയ്തതു നന്നായില്ല എന്നാണു കരുതിയിരുന്നത്. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞപ്പോഴാണ് ആശ്വാസമായത്.  

 

∙ (ചോദ്യം സുരേഷ്കുമാറിനോട്) കീർത്തിയെ സിനിമയിലേക്ക് അയയ്ക്കേണ്ടെന്ന തീരുമാനം എന്തുകൊണ്ടായിരുന്നു? 

 

സിനിമ അവൾക്കു വലിയ താൽപര്യമായിരുന്നു. പക്ഷേ, ഞാൻ തന്നെ അവളെ ഇൻട്രഡ്യൂസ് ചെയ്യുന്നതിൽ കാര്യമില്ലല്ലോ. കീർത്തിയുടെ ഫോട്ടോ വനിതയിൽ വന്നപ്പോൾ കുറേപ്പേർ വിളിച്ചു. ഇപ്പോൾ ഇല്ലെന്ന് ഞാൻ പറഞ്ഞു. എന്റെ തന്നെ പടമായ ‘നീലത്താമര’യിൽ ‘ചേട്ടാ വീട്ടിൽ ആളുള്ളപ്പോൾ എന്തിനാണു പുതിയ ആർട്ടിസ്റ്റിനെ തേടുന്നതെന്നു’ ലാൽ ജോസ് ചോദിച്ചു. അപ്പോഴും സമയമായില്ല എന്നാണു പറഞ്ഞത്. പിന്നെയും കുറെക്കഴിഞ്ഞാണ് പ്രിയദർശൻ ഇക്കാര്യം പറയുന്നത്. അപ്പോൾ അതാണ് ശരിയായ സമയമെന്നു തോന്നി. പിന്നെയെല്ലാം ഒരാളുടെ തലയിലെഴുത്തു കൂടിയാണല്ലോ.  

 

∙ കീർത്തിയുടെ പ്രകടനത്തെക്കുറിച്ച് മേനക എന്തു പറയുന്നു? 

 

ചെന്നൈയിൽ മഹാനടി പ്രിവ്യൂ നടന്നപ്പോഴേ അവാർഡ് കിട്ടുമെന്നു പലരും പറഞ്ഞിരുന്നു. സാവിത്രിയമ്മയുടെ കൂടെ അഭിനയിച്ചിരുന്ന അഭിനേതാക്കാൾ കാണാൻ വന്നിരുന്നു.  ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും കീർത്തി സാവിത്രിയമ്മ തന്നെയെന്ന് അവർ പറഞ്ഞു. 

 

∙ ഈ അവാർഡ് മേനകയ്ക്കാണു കീർത്തി സമർപ്പിക്കുന്നത്?

 

‘ഞാനൊരു നാഷനൽ അവാർഡ് വാങ്ങിക്കും അമ്മാ’ എന്നവൾ പറയുമായിരുന്നു. ചെറുപ്പം മുതൽ ഒരു കാര്യം തീരുമാനിച്ചാൽ അതിനു പിന്നാലെയാണ് ഓട്ടം.  തന്നെക്കൊണ്ടു പറ്റില്ലെങ്കിലും സാധിച്ചെടുക്കണമെന്ന പ്രകൃതക്കാരി. സാവിത്രിയമ്മയുടെ വേഷം അത്രയും അപ്പർണഭാവത്തോടെയാണ് ചെയ്തത്.  

 

∙ സാവിത്രി എന്ന പേരിലുള്ള കഥാപാത്രത്തെ മേനകയും നേരത്തേ അവതരിപ്പിച്ചിട്ടുണ്ട് ? 

 

സാവിത്രിയമ്മ ഞങ്ങളുടെ ജീവിതത്തിലൂടെ എങ്ങനെയൊക്കെയോ കടന്നുപോവുകയാണ്. ഭരതൻ സാർ സംവിധാനം ചെയ്ത ‘എന്റെ സാവിത്രി’ എന്ന തമിഴ്പടത്തിന്റെ റഷസ് കണ്ടാണ് സേതുമാധവൻ സാർ എന്നെ ‘ഓപ്പോളി’ലേക്കു വിളിക്കുന്നത്. ആരെപ്പോലെ അഭിനയിക്കണം എന്നു ചോദിച്ചപ്പോഴൊക്കെ സാവിത്രിയമ്മയെപ്പോലെ എന്നാണു ഞാൻ പറഞ്ഞിട്ടുള്ളത്. പലരും കരുതുന്നത് എനിക്കും ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ടെന്നാണ്. മേനകയ്ക്കു കിട്ടി; ഇപ്പോൾ മകൾക്കും – അങ്ങനെയാണ് പലരും പറയുന്നത്.  

 

∙ വിജയ ചാമുണ്ഡേശ്വരിയല്ലാതെ സാവിത്രിയമ്മയുടെ കുടുംബത്തിൽനിന്നു മറ്റാരെങ്കിലും കീർത്തിയുടെ വേഷം കണ്ടു വിളിച്ചിരുന്നോ? 

 

സാവിത്രിയമ്മയുടെ മകൻ സതീഷ് മഹാനടി കണ്ടു വല്ലാതെ ഇമോഷനൽ ആയി. പിറ്റേന്ന് അദ്ദേഹം യുഎസിലേക്കു പോവുകയാണ്. അദ്ദേഹത്തിനു കീർത്തിയെ കാണാൻ ആഗ്രഹം. സമയം രാത്രി എട്ടുകഴിഞ്ഞിരുന്നു. ഈ സമയത്തു കീർത്തി ഒറ്റയ്ക്കല്ലേ, കാണാനാകുമോയെന്നു ചോദിച്ചു വിജയാമ്മ വിളിച്ചു. കുഴപ്പമില്ല ചെന്നോളൂ എന്നു ഞാൻ പറഞ്ഞു. 

 

പോകുന്ന വഴിയിൽ സതീഷ്, വിജയാമ്മയോട് ചോദിച്ചു, കീർത്തി കേരളത്തിൽ നിന്നല്ലേ, അവിടെ പഴംപൊരി എന്നൊരു പലഹാരമുള്ളതായി കേട്ടിട്ടുണ്ട്. ഇതുവരെ കഴിച്ചിട്ടില്ല. കീർത്തിയുടെ വീട്ടിൽ ചെന്നാൽ അതുണ്ടാക്കി തരുമോ എന്നു ചോദിച്ചു. ‘നമ്മൾ പോകുന്നതുതന്നെ അസമയത്താണ്. ആ കുട്ടി ഒറ്റയ്ക്കാണു താമസം. അടുക്കളയിൽ ജോലി ചെയ്യാൻ ആരെങ്കിലുമുണ്ടോ എന്നു പോലും അറിയില്ല. നമ്മൾ ചെല്ലുന്നു, കാണുന്നു, തിരിച്ചുവരുന്നു’ ഇതായിരുന്നു വിജയാമ്മയുടെ മറുപടി. അവർ വീട്ടിൽ ചെന്നപ്പോൾ കീർത്തി അവർക്കു മുന്നിൽ കൊണ്ടുവച്ചത് പഴംപൊരി ! അതുകണ്ടപ്പോൾ രണ്ടുപേരുടെയും കണ്ണുനിറഞ്ഞുപോയി. വിജയാമ്മ എന്നെ വിളിച്ച് ഇതു ടെലിപ്പതി പോലെ ആയല്ലോ മേനകാ എന്നു പറഞ്ഞു. സതീഷ് കഴിക്കണമെന്നാഗ്രഹിച്ചത് അമ്മയുടെ സ്ഥാനത്തിരുന്ന് കീർത്തി ഉണ്ടാക്കിക്കൊടുത്തു അതായിരുന്നു കണ്ണുനിറയാൻ കാരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com