കലാഭവൻ ഷാജോണിന്റെ സിനിമ വരുന്നു. ഷാജോൺ നായകനായ സിനിമയല്ല, സംവിധായകനായ സിനിമ – ബ്രദേഴ്സ് ഡേ. നായകൻ പൃഥ്വിരാജ്.
1999ൽ ‘മൈ ഡിയർ കരടി’യിൽ അഭിനയിച്ചു സിനിമയിലെത്തിയ ഷാജോൺ 20 വർഷമാകുമ്പോൾ സംവിധായകനുമാകുന്നു. എങ്ങനെ ഇങ്ങനെയായി? ഷാജോൺ പറയുന്നു: ‘‘2009ൽ ആണ് ഞാൻ തിരക്കഥ എഴുതാൻ തുടങ്ങിയത്. അഞ്ചു വർഷമായപ്പോഴേക്കും അതു സുഹൃത്തുക്കളെ വായിച്ചുകേൾപ്പിക്കാവുന്ന വിധം വികസിച്ചു. 2016ൽ ഇതുമായി പൃഥ്വിരാജിന്റെ അടുക്കലെത്തി. കഥ വായിച്ചശേഷം അദ്ദേഹം പറഞ്ഞു: സമ്മതം. പക്ഷേ ചേട്ടൻ തന്നെ സംവിധായകനാകണം.’’ഷാജോൺ അനുസരിച്ചു; സംവിധായകനായി.
എല്ലാം പെട്ടെന്നായിരുന്നു
‘‘എന്റെ എല്ലാ നല്ലകാര്യങ്ങളും യാദൃച്ഛികമായാണ് സംഭവിച്ചിട്ടുള്ളത്. ചേട്ടൻ ഷിബുവിന്റെ മിമിക്രി ട്രൂപ്പിൽ ഒരാൾ വരാത്തതിനാൽ പകരക്കാരനായി കയറിയതാണ് അരങ്ങേറ്റം. വേദിയിൽ എൻ.എൻ. പിള്ളയെ അവതരിപ്പിച്ചു. നല്ല കയ്യടി കിട്ടി.’’
മംഗളം ട്രൂപ്പ്, കലാഭവൻ... കയ്യടിയുടെ അകമ്പടിയോടെ വച്ചടിവച്ചു കയറി. അപ്പോഴാണ് കോട്ടയം നസീർ വിളിക്കുന്നത്, ‘വേഗം വാ, മൈ ഡിയർ കരടിയിൽ വേഷമുണ്ട്.’ പിന്നെ ചെറുവേഷങ്ങളുടെ സിനിമക്കാലം. അതിനിടയിൽ ഒരു പരിചയവുമില്ലാത്ത ജിത്തു ജോസഫ് ‘മൈ ബോസി’ൽ വലിയ വേഷം കൊടുക്കുന്നു. പിന്നെ ‘ദൃശ്യം.’
ശ്രദ്ധിക്കപ്പെടുന്ന റോളുകളുടെ കാലം. ഷങ്കറിന്റെ 2.0ൽ രജനികാന്തിനൊപ്പവും അഭിനയിച്ചു.‘‘ഇതൊന്നും സ്വപ്നം കണ്ടതല്ല. നേരത്തെ തിരക്കഥ എഴുതിയിട്ടില്ല; സംവിധായകന്റെ കണ്ണിലൂടെ സിനിമയെ നോക്കിയിട്ടുമില്ല.’’പക്ഷേ തിരക്കഥാകൃത്തും സംവിധായകനുമായി. ‘‘പൃഥ്വിരാജിനോടു കഥ പറയുമ്പോൾ പോലും ഞാനൊരു സംവിധായകനാകും എന്നു കരുതിയില്ല.’’
ഫാമിലി ത്രില്ലർ
‘‘എല്ലാവരും ചോദിച്ചു. ഇതൊരു തമാശപ്പടമാണോ എന്ന്. പക്ഷേ ‘ബ്രദേഴ്സ് ഡേ’ ഫാമിലി ത്രില്ലറാണ്. എന്നാൽ തമാശയുണ്ട്, ഇമോഷനുണ്ട്. കുടുംബസമേതം കാണാവുന്ന ഓണച്ചിത്രമാണിത്.
നായകൻ കേറ്ററിങ് ജോലിക്കാരനാണ്. പേര് റോമി. സാധാരണക്കാരനാണ്. കള്ളിമുണ്ടുടുക്കുന്നവനാണ്. ഞാൻ കാണാൻ ആഗ്രഹിക്കുന്നത് പൃഥ്വിരാജിന്റെ അത്തരം കഥാപാത്രങ്ങളെയാണ്. ഇന്ത്യൻ റുപ്പിയിലൊക്കെയുള്ള പോലെ. പിന്നെ പൃഥ്വിരാജിന്റെ ഫൈറ്റും ഡാൻസും ഉണ്ട്.
ബ്രദേഴ്സ് ഡേ ആദ്യ ദിനം ആദ്യ ഷോ സൗജന്യ ടിക്കറ്റ് സ്വന്തമാക്കാം
റോമിയുടെയും നാലു പെൺകുട്ടികളുടെയും കഥയാണ് സിനിമ. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, മിയ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.’’
ധനുഷിന്റെ പാട്ട്
ഫോർ മ്യൂസിക്കിന്റെയാണ് സംഗീതം. ധനുഷ് ഒരു പാട്ട് എഴുതി ആലപിക്കുന്നു. ആദ്യമിട്ട പേര് സൂപ്പർ ബ്രദർ എന്നായിരുന്നു. സിദ്ദീഖിന്റെ സിനിമയുടെ പേര് ‘ബിഗ്ബ്രദർ’ എന്ന് പ്രഖ്യാപിച്ചതോടെ പേരു മാറ്റുകയായിരുന്നു.
‘‘പുതിയ പേര് എന്തു വേണമെന്ന് ചിന്തിച്ചിരിക്കുമ്പോൾ ഭാര്യ ഡിനിയാണ് ‘ബ്രദേഴ്സ് ഡേ’ എന്നു നിർദേശിച്ചത്. പഴയ പേരിനെക്കാൾ കൂടുതലിണങ്ങുക ഈ പേരാണെന്നു തോന്നുന്നു’’