സംഗീത പാടും, എല്ലാ പ്രശ്നങ്ങളും അവിടെ തീരും, ശ്രീകാന്ത് മുരളി പറയുന്നു

‘സിനിമയിൽ എക്സ്ക്യൂസുകളില്ല: പ്രിയദർശൻ അന്ന് എന്നോടു പറഞ്ഞു’ ​

SHARE

സംവിധായകനാകാൻ മോഹിച്ചു നടന്ന്, സ്വന്തമായി സിനിമയെടുക്കുന്നതിനു മുൻപെ നടനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ശ്രീകാന്ത് മുരളി. ആക്ഷൻ ഹീറോ ബിജുവിലെ വക്കീലിന്റെ വേഷം മുതൽ അടുത്തിടെ പുറത്തിറങ്ങിയ ലൂക്കയിലെ നിഹാരികയുടെ അങ്കിളായും സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ പൊലീസുകാരനായും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ നിരവധി കഥാപാത്രങ്ങൾ ശ്രീകാന്തിനെ തേടിയെത്തി. 

എത്രയോ നാളുകളായി ഈ അഭിനേതാവിനെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു എന്നൊരു തോന്നലാണ് ശ്രീകാന്ത് മുരളിയെ വെള്ളിത്തിരയിൽ കാണുമ്പോൾ പ്രേക്ഷകർക്കു അനുഭവപ്പെടുക. അതിൽ തെറ്റു പറയാനാകില്ല. 1988 മുതൽ ശ്രീകാന്ത് മുരളി മലയാളിയുടെ ചലച്ചിത്രപരിസരങ്ങളിലുണ്ട്. സംവിധാന സഹായിയായും പരസ്യചിത്ര നിർമാതാവായും ടെലിവിഷൻ ചാനൽ പ്രൊഡ്യൂസറായും പലതരത്തിൽ ദൃശ്യമാധ്യമത്തോടു ചേർന്നു തന്നെയായിരുന്നു ശ്രീകാന്ത് മുരളി എന്ന സിനിമാപ്രേമിയുടെ സഞ്ചാരങ്ങൾ. ഈ യാത്രയിലേക്ക് 2005ൽ പുതിയൊരു കൂട്ടുകാരിയെത്തി; ഗായിക സംഗീത. സിനിമയിൽ നിന്ന് സംഗീതത്തെ ഇഴപിരിക്കാൻ കഴിയാതിരിക്കുന്നതു പോലെയാണ് ശ്രീകാന്ത് മുരളിയും സംഗീതയും. ഈ ഓണക്കാലത്ത് ഇരുവരും മനോരമ ഓൺലൈനിന്റെ അതിഥികളായെത്തുന്നു. ഇവരുടെ വിശേഷങ്ങളിലേക്ക്...

സോൾട്ട് ആൻഡ് പെപ്പർ ലുക്ക്

2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജുവാണ് ശ്രീകാന്ത് മുരളി എന്ന അഭിനേതാവിന്റെ അരങ്ങേറ്റചിത്രം. അതിൽ മധ്യവയസ്കനായ ഒരു വക്കീലിന്റെ വേഷമായിരുന്നു ശ്രീകാന്തിന്. തുടർന്നു വന്ന ചിത്രങ്ങളിലും സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ തന്നെയാണ് ശ്രീകാന്ത് തിളങ്ങിയത്. യഥാർത്ഥ ജീവിതത്തിലും ശ്രീകാന്ത് മുരളിയുടെ ഗ്ലാമർ ഈ ലുക്കിലാണ്. "മുടി കറുപ്പിക്കാറില്ല...അതു തന്നെയാണ് ഈ ലുക്കിന് പിന്നിലെ രഹസ്യം," സംഗീത പറയുന്നു.

srikanth-murali-sangitha
സംഗീത ശ്രീകാന്ത്, ശ്രീകാന്ത് മുരളി

മുടി കറുപ്പിക്കാതെ നടക്കുന്നതു കൊണ്ട് രസകരമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്, ശ്രീകാന്ത് മുരളി പറഞ്ഞു തുടങ്ങി. "സംഗീതയുടെ യഥാർത്ഥ പേര് സംഗീത പ്രഭു എന്നാണ്. പിന്നീടാണ് സംഗീത ശ്രീകാന്ത് ആയത്. പലപ്പോഴും സംഗീതയ്ക്കൊപ്പം പരിപാടികളിൽ പോകുമ്പോൾ എന്നെ നോക്കി സംഘാടകർ പറയും, പ്രഭു അങ്കിൾ ഇവിടെ ഇരുന്നോളൂ. മോള് പാടിയിട്ടു വരട്ടെ എന്ന്. ഞങ്ങൾ അത് നന്നായി ആസ്വദിക്കാറുണ്ട്."

സംഗീത പാടും; പ്രശ്നങ്ങൾ തീരും

ഛോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെയാണ് സംഗീത ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. അതിനു മുൻപെ തന്നെ റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു സംഗീത. പാട്ടുകാരി ഒരാൾ വീട്ടിലുണ്ടെങ്കിൽ അതിൽപ്പരം സന്തോഷം വേറെയുണ്ടോ എന്നാണ് ശ്രീകാന്തിന്റെ പക്ഷം. "പാട്ട് പാടുന്നത് മാത്രമല്ല അത് ആസ്വദിക്കാൻ കഴിയുന്നതു പോലും വലിയ ഭാഗ്യമാണ്," എന്നാണ് ശ്രീകാന്തിന്റെ നിരീക്ഷണം. അക്കാര്യത്തിൽ ഇരട്ടിഭാഗ്യവതിയാണ് താെനന്ന് തുറന്നു പറയുകയാണ് സംഗീത. "ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് എന്നെക്കാളും പാട്ടിനെ പ്രണയിക്കുന്നത് ശ്രീകാന്തേട്ടനാണ് എന്ന്!"

ജീവിതത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളും പാട്ടും പാടി പരിഹരിക്കാറുണ്ടെന്ന് പുഞ്ചിരിയോടെ ശ്രീകാന്ത് പറയുന്നു. "പാട്ടു പാടുന്നത് സംഗീതയും പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഞങ്ങൾ രണ്ടുപേർ തമ്മിലുമാണല്ലോ. എല്ലാ പ്രശ്നങ്ങളും തീരുന്നത് പാട്ടിലൂടെയാണ്. സംഗീത പാടും. ആ പ്രശ്നം അവിടെ തീരും." 

പരുക്കൻ ശബ്ദം അനുഗ്രഹമായി

എന്റെ ശബ്ദം പ്രത്യേകതയുള്ളതാണ്. അച്ഛൻ പറയാറുള്ളത്, പാറപ്പുറത്ത് ചിരട്ട ഇട്ട് ഉരയ്ക്കുന്നതു പോലെയാണ് എന്റെ ശ്ബദം എന്നാണ്. എങ്കിലും പാട്ടിനോടുള്ള ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നു. അതിനായി ഗുരുക്കന്മാരുടെ അടുത്ത് പോകണം എന്നൊക്കെ തോന്നിയിരുന്നെങ്കിലും അവിടെയും എന്റെ ഈ ശബ്ദം തന്നെയാണ് പ്രശ്നമായത്– ശ്രീകാന്ത് ഓർത്തെടുത്തു. ശ്രീകാന്തിന്റെ പരുക്കൻ ശബ്ദത്തിന്റെ ആരാധികയാണ് സംഗീത. "ശ്രീകാന്തേട്ടന്റെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നത് ഈ ശബ്ദമാണ്. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഈ ശബ്ദം മൂലം അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. അന്നും ഇന്നും എന്റെ പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് ശ്രീകാന്തേട്ടന്റെത്. സിനിമാജീവിതത്തിൽ അദ്ദേഹത്തിന് സ്വന്തം ശബ്ദം വലിയൊരു അനുഗ്രഹമായി മാറി," സംഗീത കൂട്ടിച്ചേർത്തു

പ്രിയദർശനൊപ്പം 13 സിനിമകൾ

"എന്റെ ജ്യേഷ്ഠന് ഗായകൻ എം.ജി ശ്രീകുമാറുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം വഴിയാണ് പ്രിയദർശന്റെ സംവിധാന സഹായിയായി എനിക്ക് അവസരം ലഭിക്കുന്നത്. 1996 ജൂലൈ 21ന് തേന്മാവിൻ കൊമ്പത്തിന്റെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിൽ ഞാൻ പ്രിയൻ സാറിനൊപ്പം ചേർന്നു. സെക്കൻഡ് ഷെഡ്യൂളിലായിരുന്നു ഞാൻ എത്തിയത്. അവിടെ അരവിന്ദ് സ്വാമിയും ജൂഹി ചൗളയുമടക്കമുള്ള വമ്പൻ താരങ്ങൾ. അതൊരു മാജിക്കൽ സ്പെയ്സ് ആയിരുന്നു. സത്യമാണോ എന്നു പോലും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഞാൻ ദേഹത്തു നുള്ളി നോക്കിയിട്ടുണ്ട്,"- ശ്രീകാന്ത് പ്രിയദർശനൊപ്പം ചേർന്ന കാലത്തെ ഓർത്തെടുത്തു. 

സിനിമയിൽ ഒഴിവുകഴിവുകളില്ല

പ്രിയദർശനൊപ്പമുള്ള സിനിമകൾ ശ്രീകാന്തിനെ സംബന്ധിച്ചിടത്തോളം പഠനകളരികളായിരുന്നു. "ഒരുപാട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ചിലതിനൊക്കെ പ്രിയൻ സാറിന്റെ കയ്യിൽ നിന്ന് നല്ല രീതിയിൽ വഴക്കു കേട്ടിട്ടുമുണ്ട്," ശ്രീകാന്ത് മുരളി ആ കഥ പങ്കു വച്ചു. "ചന്ദ്രലേഖയുടെ ഡബിങ് നടക്കുന്ന സമയം. മദ്രാസിലാണ് ഡബിങ് നടക്കുന്നത്. എം.ജി. സോമൻ ഡബിങ് കഴിഞ്ഞു മടങ്ങി. പക്ഷേ, അദ്ദേഹത്തിന്റെ ഒരു ഡയലോഗ് വിട്ടു പോയി. ഒരു റീലിൽ അദ്ദേഹത്തിന്റെ ഒറ്റ ഒരു സീൻ മാത്രമേയുള്ളൂ. അതാണ് വിട്ടു പോയത്. എല്ലാം കഴിഞ്ഞ് റീൽ റിവൈൻഡ് ചെയ്തപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. പ്രിയൻ സാർ വൈകുന്നേരം വന്നപ്പോൾ എന്താണ് നടന്നിരിക്കുക എന്ന് ഊഹിക്കാമല്ലോ. പിറ്റേ ദിവസം തന്നെ ഞാൻ നാട്ടിലേക്ക് തിരിച്ചു പോരാനൊരുങ്ങി. പ്രിയൻ സാറിനോട് യാത്ര പറഞ്ഞിറങ്ങാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് രാവിലെ തന്നെ പോയി." 

"ബാഗ് പിടിച്ച് നിൽക്കുന്ന എന്നെ കണ്ടപ്പോൾ അദ്ദേഹം കാര്യം തിരക്കി. തിരിച്ചു പോവുകയാണ് എന്നു പറഞ്ഞപ്പോൾ എന്നോടു വണ്ടിയിൽ കയറാൻ പറഞ്ഞു. വണ്ടിയിലിരുത്തി അദ്ദേഹം പറഞ്ഞു– ഓരോ ജോലിക്കും അതിന്റെതായ ഗൗരവം ഉണ്ട്. തന്നെ വിശ്വസിച്ച് ഒരു കാര്യം ഏൽപ്പിച്ചതാണ്. എം.ജി. സോമൻ ഇനി ഈ ഒരു ഡയലോഗിന് വേണ്ടി തിരുവനന്തപുരത്തു നിന്നു വരണം. സിനിമയിൽ എക്സ്ക്യൂസുകളില്ല. നമ്മൾ ഒരു തെറ്റ് കാണിച്ചാൽ ആ സിനിമ എത്രകാലം ആളുകൾ കാണുന്നുണ്ടോ അത്രയും കാലം ആ തെറ്റ് അതിലുണ്ടാകും. അതു മനസിലാക്കുക. താൻ ഇവിടെ നിൽക്കുമ്പോൾ നിരവധി പേരുടെ അവസരങ്ങളാണ് ഇല്ലാതാകുന്നത്. അതും കൂടി ഓർക്കുക." പ്രിയദർശന്റെ വാക്കുകൾ ഇപ്പോഴും ഓർമയിൽ നിന്നും മാഞ്ഞുപോയിട്ടില്ലെന്ന് ശ്രീകാന്ത് പറയുന്നു. 

സിനിമയ്ക്കൊപ്പമുള്ള ശ്രീകാന്തിന്റെയും സംഗീതയുടെയും ജീവിതം പുതിയ വഴിത്തിരിവുകളിലൂടെ മുന്നോട്ടു പോവുകയാണ്. അധികം വൈകാതെ പുതിയൊരു ചിത്രവുമായി സംവിധായക വേഷത്തിൽ തിരിച്ചെത്തുമെന്ന് ശ്രീകാന്തിന്റെ ഉറപ്പ്. ആ ഉറപ്പിന് സംഗീതയുടെ പുഞ്ചിരി തിളക്കം കൂട്ടായെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA