sections
MORE

'മൊയ്തീനിലെ കാഞ്ചനമാലയോട് കൊതി തോന്നി'; മിയ പറയുന്നു

miya-1
SHARE

ആകാശം വീണാലും താങ്ങിനിർത്താമെന്ന ഊറ്റമുണ്ട് പാലായിലെ കാറ്റിനു പോലുമെന്നാണ് വയ്പ്. കരുത്തും ആഴവുമുള്ള കഥാപാത്രങ്ങളും മൂർച്ചയുള്ള ശബ്ദവുമായി സ്ക്രീനിലെ മിയയും പലപ്പോഴും അങ്ങനെയാണ്. മലയാളത്തിലെ പുതുതലമുറ നടിമാരിലെ എണ്ണം പറഞ്ഞ പേരാണിപ്പോൾ ജിമി ജോർജ് എന്ന മിയ. 

∙ മിയയുടെ ശ്രദ്ധേയ വേഷങ്ങൾ പലതും തനി പാലാക്കാരെപ്പോലെയാണ്, വളരെ ബോൾഡ്.

അങ്ങനെ പ്ലാൻ ചെയ്തു ചെയ്യുന്നതൊന്നുമല്ല. ചേട്ടായീസിന്റെ സ്ക്രിപ്റ്റ് സച്ചിയേട്ടനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു അനാർക്കലി. ആ പരിചയത്തിലാണ് സച്ചിയേട്ടൻ അനാർക്കലിയിലേക്കു വിളിച്ചത്. ക്യാരക്ടർ എനിക്കിഷ്ടപ്പെട്ടു, ചെയ്തു. ബോൾഡ് അല്ലാത്ത, പാവം കഥാപാത്രങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ കൂടുതലാളുകളും ഇഷ്ടപ്പെട്ടു എന്നു പറഞ്ഞിട്ടുള്ളത് അത്തരം ബോൾഡ് കഥാപാത്രങ്ങളെയാണ്. എനിക്കും അത്തരം കഥാപാത്രങ്ങളെ ഇഷ്ടമാണ്. അനാർക്കലിയുടെ അവസാനം ദേഷ്യപ്പെടുന്ന സീനൊക്കെയുണ്ട്. അങ്ങനെ ചൂടാകാനൊക്കെ എനിക്കും ഇഷ്ടമാണ്. 

∙ ആക്ടറാവണമെന്ന് എപ്പോഴാണു തീരുമാനിച്ചത്?

അത് അങ്ങനെയങ്ങു സംഭവിച്ചുപോയതാണ്. അൽഫോൻസാമ്മ എന്ന സീരിയലിൽ മാതാവായി അഭിനയിക്കാൻ പറ്റിയ കുട്ടികളുണ്ടോ എന്ന് ഞാൻ പഠിച്ചിരുന്ന ഭരണങ്ങാനം സ്കൂളിൽ അന്വേഷണം വന്നതായിരുന്നു. സ്കൂളിലെ സിസ്റ്റേഴ്സ് ആണ് എന്നെ അതിനു വിട്ടത്. അപ്പോഴും അഭിനയം കരിയറാക്കണം എന്നൊന്നുമില്ലായിരുന്നു. സ്കൂളിൽനിന്നു പറഞ്ഞതല്ലേ, മാതാവിന്റെ വേഷമല്ലേ, ചെയ്തേക്കാം എന്നേ കരുതിയുള്ളൂ. സിനിമയിലേക്ക് ഓഡിഷനുകൾക്കു പോകുകയോ ഫോട്ടോ അയച്ചുകൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല. അൽഫോൻസാമ്മയുടെ തുടർച്ചയായി ചില വർക്കുകൾ വന്നപ്പോൾ ചെയ്തു എന്നുമാത്രം. അഭിനയത്തിൽ തുടരണമെന്നൊന്നും ഇല്ലായിരുന്നു. കുറച്ചു സിനിമകളൊക്കെ ചെയ്ത ശേഷം ചേട്ടായീസ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അഭിനയത്തെ ഗൗരവമായി കാണുന്നതും കരിയറാക്കണമെന്ന് ആഗ്രഹമുണ്ടായതും.

miya-2

∙ അൽഫോൻസാമ്മയിലെ മാതാവാണല്ലോ തുടക്കം. ഇപ്പോഴും ‘മാതാവ്’ എന്നു തിരിച്ചറിയുന്ന ആളുകളുണ്ടോ? 

അത് തുടക്കത്തിലായിരുന്നല്ലോ. കുറേ വർഷമായില്ലേ. ഇപ്പോ കൂടുതൽ ആളുകളും സിനിമകളുടെ പേരിലാണ് എന്നെ തിരിച്ചറിയുന്നത്. എങ്കിലും ചിലർ അൽഫോൻസാമ്മയെപ്പറ്റി ഓർത്തു പറയാറുണ്ട്. പലരും സിനിമകളെപ്പറ്റി സംസാരിച്ചുകഴിഞ്ഞു പറയാറുണ്ട്, മാതാവിന്റെ വേഷവും ഓർക്കാറുണ്ടെന്ന്. അതൊരു സന്തോഷമാണ്. 

∙ പ്ലസ് ടു വരെ ക്ലാസിക്കൽനൃത്തം പഠിച്ചതല്ലേ. അതു തുടരുന്നുണ്ടോ?

ഡാൻസ് ഇപ്പോഴും ചെയ്യാറുണ്ട്. ഇപ്പോൾ പക്ഷേ ഷോകളുമായുമൊക്കെ ബന്ധപ്പെട്ടു വരുന്നതെല്ലാം വെസ്റ്റേൺ, സിനിമാറ്റിക് പ്രോഗ്രാമുകളാണ്. അതിൽനിന്നു വ്യത്യസ്തമായി വന്നത് സൂര്യ കൃഷ്ണമൂർത്തി സാറിന്റെ ത്രയംബകം എന്ന ഷോയായിരുന്നു. അദ്ദേഹത്തിന്റെ നൂറാമത്തെ ഷോ. അതിൽ ക്ലാസിക്കൽ തന്നെ ചെയ്യാൻ പറ്റി. പഠിച്ചതും പ്രാക്ടീസ് ചെയ്തിരുന്നതും ക്ലാസിക്കൽ ഡാൻസ് ആയിരുന്നെങ്കിലും കിട്ടിക്കൊണ്ടിരുന്നത് പലപ്പോഴും സിനിമാറ്റിക് ആയിരുന്നു. ത്രയംബകം വളരെ സന്തോഷം തന്ന പരിപാടിയാണ്. പിന്നെ ക്ഷേത്രങ്ങളിലും മറ്റും നൃത്തപരിപാടികൾ അവതരിപ്പിക്കുന്നുണ്ടായിരുന്നു. അത്തരം പരിപാടികൾ വന്നാൽ ഇപ്പോഴും ചെയ്യാൻ ഇഷ്ടമാണ്. 

∙ മിയയുടെ പല ക്യാരക്ടറുകളും നായികയേയും കടന്നു നിൽക്കുന്ന സഹനായികാ വേഷങ്ങളാണ്. അവയിലേറെയും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിട്ടുമുണ്ട്. എന്തുകൊണ്ടാണ് അങ്ങനെയൊരു തിരഞ്ഞെടുപ്പ്?

നമ്മൾ ചെയ്യുന്ന ക്യാരക്ടറിന് ടോട്ടൽ സിനിമയിൽ ഇംപാക്ട് ഉണ്ടാക്കാൻ കഴിയണം. നായകന്റെ പെയർ ആണ്, പക്ഷേ കാര്യമായി ഒന്നും ചെയ്യാനില്ല എന്ന മട്ടിലുള്ള കഥാപാത്രങ്ങൾ എന്നെ എക്സൈറ്റ് ചെയ്യിക്കാറില്ല. നമുക്കെന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങൾ, സിനിമ കഴിഞ്ഞ് തിയറ്ററിൽനിന്നിറങ്ങിയാലും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്കിഷ്ടം. അവസാനം ഇറങ്ങിയ പട്ടാഭിരാമനിലും ബ്രദേഴ്സ് ഡേയിലും അത്തരം കഥാപാത്രങ്ങളായിരുന്നു. അനാർക്കലിയും ബ്രദേഴ്സ് ഡേയുമൊക്കെ മുൻപ് ഞാൻ വർക്ക് ചെയ്തിട്ടുള്ള ടീമുകൾക്കൊപ്പമാണ്. ആ അടുപ്പവും അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിനു പിന്നിലുണ്ട്. കുറച്ചു മുമ്പിറങ്ങിയ ‘ഇര’യിൽ എനിക്ക് പത്തു സീനേയുള്ളൂ. പക്ഷേ സിനിമയുടെ ഗതി നിർണയിക്കുന്ന, ശ്രദ്ധേയമായ കഥാപാത്രമാണത്. അങ്ങനെയുള്ള കഥാപാത്രങ്ങളും ചെയ്യാറുണ്ട്.

∙ മിയയുടെ സ്വന്തം ശബ്ദമാണ് സ്ക്രീനിലും. ഒറ്റക്കേൾവിയിൽ തിരിച്ചറിയാവുന്ന, പ്രത്യേകതയുള്ള ശബ്ദം.

ശബ്ദം കൊണ്ടു നമ്മൾ തിരിച്ചറിയുന്ന എത്രയോ നടിമാരുണ്ട്. കെപിഎസി ലളിത, കവിയൂർ പൊന്നമ്മ, സുകുമാരി തുടങ്ങി മഞ്ജു വാര്യർ വരെയൊക്കെ എത്രയോ വലിയ അഭിനേത്രികൾ. അതേസമയം, ഒരു സമയത്തു കത്തിനിന്ന പല നായികമാരുടെയും യഥാർഥ ശബ്ദം നമ്മൾ കേട്ടിട്ടുമില്ല. പ്രേക്ഷകർ എന്റെ ശബ്ദം തിരിച്ചറിയുന്നു എന്നത് സന്തോഷമാണ്. അതെന്റെ ഒരു ഐഡന്റിറ്റിയാണല്ലോ. മമ്മൂക്ക, ലാലേട്ടൻ അങ്ങനെ ഒരുപാട് ആർടിസ്റ്റുകളുടെ ഒരു വാക്കു കേട്ടാൽ നമ്മൾ പിടിച്ചെടുക്കില്ലേ. അതുപോലെ കാലങ്ങൾക്കു ശേഷവും ശബ്ദം കേട്ട് ഒരാൾ എന്നെ തിരിച്ചറിഞ്ഞാൽ‌ അതു വലിയ സന്തോഷമാണ്. പിന്നെ, നമ്മൾ ഒരു ക്യാരക്ടർ ചെയ്യുമ്പോൾ വേറൊരാളാണ് ഡബ് ചെയ്യുന്നതെങ്കിൽ നമ്മുടെ ശരീരം മാത്രമല്ലേ അവിടെയുള്ളൂ. ശബ്ദമില്ലല്ലോ. അത് കംപ്ലീറ്റാവില്ല എന്നാണ് എന്റെ ഒരിത്. ഞാൻ ചെയ്യുന്ന ക്യാരക്ടറിന് എനിക്കുതന്നെ ഡബ് ചെയ്യണമെന്നത് ആഗ്രഹവും താൽപര്യവുമൊക്കെയാണ്. അതു നല്ലതായോ ചീത്തയായോ, പ്രേക്ഷകർ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ എങ്ങനെയായാലും കംപ്ലീറ്റായി എനിക്കുതന്നെ ചെയ്യണം. 

∙ മലയാള നായികമാരിൽ പലരും അന്യഭാഷകളിൽ സൂപ്പർതാരങ്ങളാണ്. മിയ മറ്റു ഭാഷകളിൽ എറെ സിനിമ ചെയ്തിട്ടില്ല.

ഞാൻ തമിഴിൽ ആറു സിനിമ ചെയ്തു. അറിഞ്ഞോ അറിയാതെയോ, തമിഴിൽ എനിക്ക് ഒരു വർഷത്തോളം ഒരു ഗ്യാപ് വന്നു. ആ സമയത്ത് ഇര അടക്കമുള്ള മലയാളം സിനിമകൾ ചെയ്യുന്നുമുണ്ടായിരുന്നു. അപ്പൊ നല്ല സബ്ജക്ട് വന്നിട്ട് തമിഴിൽ ചെയ്താൽമതി എന്നുവച്ചു. കഥകൾ കേൾക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഒരു സ്ക്രിപ്റ്റ് കേട്ടിരുന്നു. പക്ഷേ ചെയ്യണമെന്നു തോന്നിയില്ല. അതിൽ ഒന്നുരണ്ടെണ്ണം അറിയപ്പെടുന്ന ഹീറോമാരുടെ പ്രോജക്ടുകളായിരുന്നു. പക്ഷേ സ്ക്രിപ്റ്റിൽ പല ലോജിക്കൽ പ്രശ്നങ്ങളും തോന്നി, ഞാൻ ചെയ്യേണ്ട കഥാപാത്രങ്ങൾക്കു പലപ്പോഴും ന്യായീകരണവും തോന്നിയില്ല. അതുകൊണ്ട് അവ സ്വീകരിച്ചില്ല. തെലുങ്കിൽ ഒരു സിനിമയേ ചെയ്തുള്ളൂ. ഭാഷ ഒട്ടും പഠിക്കാനും പറ്റിയില്ല. തമിഴ് അത്യാവശ്യം പഠിച്ചിരുന്നു. അതുകൊണ്ട് അവിടെ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടു തോന്നിയിരുന്നില്ല. തെലുങ്ക് എനിക്കു വഴങ്ങിയില്ല. ഡയലോഗ് പറഞ്ഞ് അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മനസ്സിൽ സംശയമാണ്, ഞാൻ പറയുന്നതു ശരിയാണോ, ചെയ്യുന്നതു ശരിയാവുന്നുണ്ടോ എന്നിങ്ങനെ. ഈ ബുദ്ധിമുട്ടുകാരണം വർക്ക് സാറ്റിസ്ഫാക്‌ഷനും ഉണ്ടായില്ല. അതുകൊണ്ട് തെലുങ്ക് പിന്നെ ഫോളോ ചെയ്തില്ല.

∙ അഭിനയം കഴിഞ്ഞും ചില കഥാപാത്രങ്ങൾ വിട്ടുപോവില്ലെന്ന് ചില അഭിനേതാക്കൾ പറയാറുണ്ട്. അത്തരം അനുഭവമുണ്ടോ?

മനസ്സിൽനിന്ന് ഇറക്കിവിടാൻ ഭയങ്കര ബുദ്ധിമുട്ടു തോന്നിയ കഥാപാത്രങ്ങളൊന്നുമില്ല. സിനിമ ചെയ്തു കഴിഞ്ഞാൽ അതു പോകാറുണ്ട്. എന്നാലും എനിക്കു സോഫ്റ്റ്കോർണർ തോന്നിയ, മനസ്സിൽ കുറേക്കാലം നിന്ന കഥാപാത്രം അമരകാവ്യത്തിലേതാണ്. ഞാൻ തമിഴിൽ ആദ്യം ചെയ്ത സിനിമയാണത്. കാർത്തിക എന്നാണ് ക്യാരക്ടറിന്റെ പേര്. ഇതുവരെ ചെയ്തതിൽ എന്റെ ഫേവറിറ്റ് ആണ് അത്. സിനിമ കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞും എനിക്ക് അതിനോട് സെന്റിമെന്റ്സുണ്ടായിരുന്നു. ആ കഥാപാത്രത്തിന് ബിഹൈൻഡ് വുഡ്സിന്റെ ഗോൾഡ് മെഡലും കിട്ടിയിരുന്നു.

∙ മറ്റുള്ളവർ ചെയ്തതിൽ കൊതി തോന്നിയ കഥാപാത്രം?

എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാല. ഭയങ്കര ചേഞ്ച് ഓവറുള്ള, എല്ലാവരുടെയും മനസ്സിൽ നിൽക്കുന്ന ക്യാരക്ടർ. ആ സിനിമ കണ്ടപ്പൊ, അത്തരം ക്യാരക്ടർ വന്നാൽ ചെയ്യണമെന്നു തോന്നിയിട്ടുണ്ട്. അതൊരു മനോഹരമായ ലൗ സ്റ്റോറിയാണല്ലോ. ഞാനത്തരം അതിതീവ്ര പ്രണയസിനിമയൊന്നും ചെയ്തിട്ടുമില്ല. തമിഴിൽ ചെയ്ത അമരകാവ്യം ലൗസ്റ്റോറിയായിരുന്നു. കുറച്ചു മുമ്പു ചെയ്ത മെഴുതിരി അത്താഴങ്ങളും ഒതുക്കമുള്ളൊരു പ്രണയകഥയായിരുന്നു. എന്നാലും മൊയ്തീനൊക്കെ പോലെയൊരു സിനിമ ചെയ്തിട്ടില്ലല്ലോ.

∙ ചെയ്യാൻ കാത്തിരിക്കുന്ന കഥാപാത്രങ്ങളുണ്ടോ?

പീരീഡ് മൂവീസ് ചെയ്യാനിഷ്ടമാണ്. ഒരു കാലഘട്ടത്തെയും അതിലെ ആളുകളെയുമൊക്കെ അവതരിപ്പിക്കുന്ന സിനിമ, അതുപോലെ ബയോപിക്. സാധാരണ സിനിമ പോലെയല്ല, വലിയ ബുദ്ധിമുട്ടാണ് അത്തരം സിനിമകൾ ചെയ്യാൻ. ജീവിച്ചിരുന്ന ഒരു ക്യാരക്ടർ, അല്ലെങ്കിൽ ഒരു പ്രത്യേക കാലഘട്ടം എന്നൊക്കെ പറയുമ്പോൾ കൂടുതൽ ശ്രദ്ധയും കോൺസൻട്രേഷനുമൊക്കെ വേണം. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്.

miya-3

∙ സൂപ്പർ താരങ്ങൾ സർവകലാശാലകളാണെന്നൊക്കെ പുതിയ താരങ്ങൾ പറയാറുണ്ട്. മിയ അവരിൽനിന്നു പഠിച്ചതെന്താണ്?

എല്ലാവരും ആഗ്രഹിക്കുന്നതല്ലേ അവർക്കൊപ്പം അഭിനയിക്കാൻ. ലാലേട്ടനൊപ്പം മിസ്റ്റർ ഫ്രോഡും മമ്മൂക്കയ്ക്കൊപ്പം പരോളുമാണ് എനിക്കു കോംപിനേഷൻ സീനുണ്ടായിരുന്നത്. അവർക്കൊപ്പം സിനിമകൾ ചെയ്യാൻ അവസരം കിട്ടുമോ എന്നറിയാതെ ഇരിക്കുമ്പോഴാണ് ആ സിനിമകളിലേക്കു വിളിക്കുന്നത്. സീനെത്രയെങ്കിലുമാകട്ടെ, അവർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നു പറയാമല്ലോ എന്ന സന്തോഷത്തിലാണ് ആ സിനിമകളിൽ അഭിനയിച്ചത്. ആ രണ്ടു  ലെജൻഡ്സ് ലൈവായി നിൽക്കുന്ന കാലത്ത് ഞാനും ഈ ഇൻഡസ്ട്രിയിൽ ഉണ്ടായിട്ട് അവർക്കൊപ്പം വർക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നെന്താ? അതിനു ഭാഗ്യമുണ്ടായി. ഇനിയും അവസരം കിട്ടിയാൽ ചെയ്യും.

ആദ്യം ലാലേട്ടനൊപ്പമാണ് വർക്ക് ചെയ്തത്; മിസ്റ്റർ ഫ്രോഡിൽ. വളരെ ഡൗൺ ടു എർത്തായ, യൂണിറ്റിലെ എല്ലാവരോടും ഇടപഴകുന്ന ലാലേട്ടൻ. ഒരു സീൻ എടുക്കുകയാണ്, ഞാനൊരു ഡയലോഗ് പറഞ്ഞത് വളരെ പ്ലെയിനായാണ്. അപ്പോ ലാലേട്ടൻ അതിന്റെ മോഡുലേഷൻ ഒന്നു മാറ്റി എന്നെ പറഞ്ഞു കേൾപ്പിച്ചു. കേൾക്കുമ്പോൾ അതാണ് ഭംഗി. ഇത് ഇങ്ങനെ ചെയ്യൂ എന്നു പറയുകയല്ല, ഇങ്ങനെ ചെയ്തുകൂടേ എന്നു ചോദിക്കുകയേ ഉള്ളൂ ലാലേട്ടൻ. ഒപ്പം അഭിനയിക്കുന്ന ആർട്ടിസ്റ്റിന്റെ ഡയലോഗ് കറക്ട് ചെയ്തു കൊടുക്കാനുള്ള മനസ്സും ശ്രമവുമൊക്കെ പാഠങ്ങളാണ്.

മമ്മൂക്കയുടെ സഹോദരിയായാണ് പരോളിൽ അഭിനയിച്ചത്. ഷോട്ട് എടുക്കാനുള്ള ഒരുക്കം നടക്കുമ്പോൾ മമ്മൂക്ക എന്നെ വിളിച്ചു. നമുക്ക് ഡയലോഗ് പറഞ്ഞുനോക്കാം എന്നു പറഞ്ഞ് ഞങ്ങൾ പരസ്പരം ഡയലോഗ് പറഞ്ഞു പ്രാക്ടീസ് ചെയ്തു. പിന്നെയും കണ്ടിട്ടുണ്ട് ഷോട്ടിനു മുൻപ് മമ്മൂക്ക മാറിയിരുന്ന് ഡയലോഗ് പറഞ്ഞുപഠിക്കുന്നത്. ഒരു ധ്യാനം പോലെയാണത്. എത്രയോ എക്സ്പീരിയൻസുള്ള ആക്ടറാണ്. അപ്പൊ ഞാനോർത്തിട്ടുണ്ട് അവരൊക്കെ ഒരു സീൻ മനസ്സിൽകയറ്റാനും നന്നായി ചെയ്യാനും എത്രയോ വർക്ക് ചെയ്യുന്നുണ്ട്. നമ്മൾ അതൊക്കെ കണ്ടുപഠിക്കേണ്ടതാണ്.

∙ പൃഥ്വിരാജിനൊപ്പമാണ് കൂടുതൽ സിനിമകൾ. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ ഇഷ്ടമാണെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്.

രാജുച്ചേട്ടന്റെ കൂടെ ആദ്യം ചെയ്തത് മെമ്മറീസ് ആണ്. പിന്നെ അനാർക്കലി, പാവാട, ബ്രദേഴ്സ് ഡേ, ഇപ്പോൾ ഡ്രൈവിങ് ലൈസൻസ് ചെയ്യുന്നു. പാവാടയിൽ മാത്രമാണ് ഞങ്ങൾ പെയർ ആയത്. ആ സിനിമകളും എന്റെ ക്യാരക്ടേഴ്സും ശ്രദ്ധിക്കപ്പെട്ടു. ഡയലോഗ് വേഗം പഠിക്കുന്നയാളാണ് രാജുച്ചേട്ടൻ. ഡയലോഗ് ഓടിച്ചുവായിക്കുന്നതു കാണാം. പിന്നെ ഒരു തെറ്റും വരുത്തില്ല. ഷോട്ട് എത്ര തവണ ടേക്ക് പോയാലും ഏതൊക്കെ ആംഗിളിൽ വച്ചാലും ആദ്യത്തെ ഷോട്ടിലുള്ള മോഡുലേഷനിലോ വാക്കുകളിലോ ഒരു വ്യത്യാസവുമുണ്ടാകില്ല. പിന്നെ, ഒരു സിനിമ ‍ഡബ് ചെയ്യാനൊക്കെ വളരെ ചുരുങ്ങിയ സമയമേ എടുക്കൂ എന്നാണ് കേട്ടിട്ടുള്ളത്. ലാംഗ്വേജിലൊക്കെ മിടുക്കനായതുകൊണ്ട് ഡയലോഗ് പ്രസന്റേഷനിലും ഡബ്ബിങ്ങിലുമൊക്കെ ഫാസ്റ്റാണ്. 

miya-4

∙ മലയാളത്തിലെ പല താരങ്ങളുടെയും സ്വപ്നമാണ് ഡാൻസ് സ്കൂൾ. പലരും നടത്തുന്നുമുണ്ട്. മിയയ്ക്കോ?

ഡാൻസ് സ്കൂൾ നടത്താനൊക്കെ നല്ല അറിവു വേണം. കുട്ടികൾക്കു കൃത്യമായി പറഞ്ഞുകൊടുക്കാനുള്ള ജ്ഞാനമുണ്ടാവണം. നൃത്തം പഠിച്ചിട്ടുണ്ടെന്നു പറഞ്ഞാലും അധ്യാപിക ആകാനുള്ള അറിവ് എനിക്കുണ്ടെന്നു തോന്നുന്നില്ല. അടിസ്ഥാനം മുതൽ പഠിപ്പിച്ചു കൊടുക്കണം. നൃത്തം പഠിപ്പിക്കാനുള്ള ഡിഗ്രിയോ മറ്റു കാര്യങ്ങളോ ഒന്നും എന്റെ കയ്യിലില്ല. നൃത്തം ചെയ്യുന്നതാണ് എന്റെ സന്തോഷം. അതിനൊപ്പം,  അറിയാവുന്ന ചിലത് കുട്ടികൾക്കു പറഞ്ഞുകൊടുക്കാമെന്നല്ലാതെ ഡാൻസ് സ്കൂൾ തുടങ്ങാനുള്ള ആത്മവിശ്വാസമൊന്നും എനിക്കില്ല.

∙ സംവിധായികയാകുമോ?

ഇല്ല. ഒരിക്കലുമാവില്ല. അതിനു ഭയങ്കര വിവരം വേണം. ഭയങ്കര ടെൻഷനാണ്. മാത്രമല്ല, സംവിധാനത്തിനുള്ള സ്കില്ലോ കേപ്പബിലിറ്റിയോ എനിക്കില്ല. എനിക്ക് പറ്റുന്ന പണി അഭിനയമാണ്. അതുതന്നെയേ ചെയ്യൂ.

∙ അടുത്ത പ്രോജക്ടുകൾ

ഡ്രൈവിങ് ലൈസൻസ് ആണ് ഷൂട്ടിങ് നടക്കുന്ന പ്രോജക്ട്. ചില സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. തീരുമാനിച്ചിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA