അന്ന് കണ്ണു നിറഞ്ഞ് തല കുനിച്ച എൽദോയുടെ മനസ്സു നിറച്ച ‘വികൃതി’

suraj-eldho-vikruthi-movie
SHARE

ശബ്ദങ്ങളില്ലാതെ ആംഗ്യങ്ങളാൽ രചിക്കപ്പെട്ട കഥയാണു തിയറ്ററുകളിൽ കണ്ണും മനവും നിറച്ചു പ്രദർശനം തുടരുന്ന ‘വികൃതി’ എന്ന ചിത്രത്തിന്റേത്. കഥയെഴുതാൻ തിരക്കഥാകൃത്തിനും അഭിനയിക്കാൻ നായകനും കൈ വിരലുകൾ ഉപയോഗിച്ചു സംസാരിക്കുന്നത് എങ്ങനെയെന്നു പഠിക്കേണ്ടി വന്നു. മലയാളിയുടെ വികൃതിത്തരങ്ങളെ തുറന്നു കാട്ടിയ ചിത്രത്തിന്റെ എഴുത്തുകാരൻ അജീഷ് പി. തോമസ് ആ കഥ പറയുന്നു. 

∙ എൽദോ വൈറലായ കഥ

2017 ജൂൺ 17നാണ് അങ്കമാലിക്കാരനായ എൽദോയുടെ ജീവിതം സമൂഹമാധ്യമങ്ങൾ കീഴ്മേൽ മറിച്ചത്. ആദ്യമായി മെട്രോ ട്രെയിനിൽ യാത്ര ചെയ്യവേ, അറിയാതെ സീറ്റി‍ൽ കിടന്നുറങ്ങിപ്പോയ എൽദോയെ ‘മെട്രോയിലെ പാമ്പ്’ എന്ന വിശേഷണത്തോടെ സോഷ്യൽ മീഡിയ ആഘോഷിച്ചു. 2017 ജൂൺ 23ന് എൽദോയുടെ നിരപരാധിത്വം മനോരമ ന്യൂസ് പുറത്തു കൊണ്ടുവന്നതോടെ പലരുടെയും തല കുനിഞ്ഞു. പക്ഷേ, അപ്പോഴേക്കും എൽദോയുടെ മനസ്സിൽ ആഴത്തിൽ മുറിവേറ്റിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് അജീഷ് എൽദോയെ തിരഞ്ഞു പോയത്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫിസിലെ ഉദ്യോഗസ്ഥനായ എൽദോയോട് എങ്ങനെയൊക്കെയോ ആവശ്യം പറഞ്ഞു മനസ്സിലാക്കി. അൽപം സംശയിച്ചു നിന്നെങ്കിലും എൽദോ ഒടുവിൽ തന്റെ ജീവിതത്തെ പൊള്ളിച്ച അനുഭവം അജീഷിനു നൽകി. 

∙ എൽദോയ്ക്കായി ബേസിൽ പറഞ്ഞ കഥ

‘സംഭവത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം എൽദോയുടെ കണ്ണു നിറയും. ബധിരരും മൂകരുമായ അച്ഛനമ്മമാർക്കുവേണ്ടി സംസാരിച്ചിരുന്നതു മൂത്തമകനായ ബേസിലായിരുന്നു.  ഓരോ സന്ദർഭവും വിവരിക്കുമ്പോഴുള്ള ബേസിലിന്റെ സങ്കടവും ദേഷ്യവും കണ്ട് കഥയുടെ പൂർണരൂപം മനസ്സിൽ വന്നു. ഈ കഥയിൽ എൽദോ മാത്രമാകരുത് പ്രധാന കഥാപാത്രം എന്ന് ഞാൻ ഉറപ്പിച്ചു. ഭാവനയിൽ ഞാൻ കണ്ട ചില വ്യക്തികളിൽ നിന്നും പുതിയ കഥയും കഥാപാത്രങ്ങളും വന്നു. അങ്ങനെ വികൃതി എന്ന സിനിമയ്ക്കു തുടക്കമായി. വികൃതിയിലെ നായകനും വില്ലനും എല്ലാം നമ്മളിൽ ഓരോരുത്തരുമാണ്’ – അജീഷ് പറയുന്നു. 

∙ സിനിമയായ കഥ

ക്രിയേറ്റീവ് രംഗത്തു വർഷങ്ങളുടെ അനുഭവമുള്ള എം.സി. ജോസഫ് സംവിധായകനായെത്തി. കഥ കേട്ട  എ.ഡി.ശ്രീകുമാറും ഗണേഷ് മേനോനും ലക്ഷ്‌മി വാരിയരും അവരുടെ ആദ്യ സംരംഭമായി ഈ കഥ ഉറപ്പിച്ചു. ഏൽദോയുടെ വേഷം ചെയ്യാനായി സുരാജ് വെഞ്ഞാറമൂടിനെ സമീപിച്ചപ്പോൾ അദ്ദേഹം സ്വീകരിച്ചു. പക്ഷേ, യഥാർഥ സംഭവത്തിൽ ആളുകൾക്ക് അറിയാത്ത വ്യക്തിയുടെ വേഷത്തിലാണു സൗബിൻ ചിത്രത്തിലെത്തുന്നത്. ഈ സിനിമയ്‌ക്കായി മെട്രോ ട്രെയിൻ എട്ടുമണിക്കൂർ നേരത്തേക്കു വാടകയ്‌ക്കെടുത്തു. അതിൽ ജൂനിയർ ആർട്ടിസ്റ്റ്സും ടെക്‌നീഷ്യൻസുമായി ഇരുന്നൂറിലധികം ആളുകൾ നടത്തിയ യാത്രയാണു മറ്റൊരു കൗതുകം. ആൽബിയാണ് ക്യാമറാമാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA