വെട്ടവും റൺവേയും കഴിഞ്ഞു, പക്ഷേ ആരും വിളിച്ചില്ല; കാത്തിരുന്നത് 7 വർഷം: മിഥുൻ രമേശ് പറയുന്നു

HIGHLIGHTS
  • വെട്ടവും റൺവെയും റിലീസ് ആയി കഴിയുമ്പോൾ ഒരുപാട് കോൾ വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ആരും വിളിച്ചില്ല.
  • ഏഴു വർഷം സിനിമയിൽ നിന്നു വിളി വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു.
SHARE

അവതാരകനായി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും, മലയാളികളുടെ! അക്കാര്യത്തിൽ നടനും അവതാരകനുമായ മിഥുൻ രമേശ് ഭാഗ്യവാനാണ്. അഭിനയിച്ച സിനിമകളിലെ കഥാപാത്രത്തെക്കാൾ മിഥുനെ പ്രശസ്തനാക്കിയത് ഒരു ടെലിവിഷൻ ഷോയിലെ അവതാരക വേഷമാണ്. സിനിമാ നടനാകാൻ ആഗ്രഹിച്ച് മോഹിച്ച് സീരിയൽ താരവും ഡബ്ബിങ് ആർടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനുമൊക്കെ ആയെങ്കിലും മിഥുന്റെ മനസു മുഴുവൻ ഇപ്പോഴും സിനിമയാണ്. ഓരോ സിനിമ ചെയ്യുമ്പോഴും കരുതുന്നത്, ഈ സിനിമ ഒരു ബ്രേക്ക് ആകും എന്നാണ്. പക്ഷെ, അതൊരിക്കലും സംഭവിച്ചില്ല, മിഥുൻ പറയുന്നു. എന്നാൽ, അതിലൊന്നും മിഥുന് പരിഭവമോ പരാതിയോ ഇല്ല. "ഇതെല്ലാം നമുക്ക് ബോണസല്ലേ,"– പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന സ്വതസിദ്ധമായ ആ ചിരിയോടെ മിഥുൻ പറയുന്നു.  

സിനിമ സ്വപ്നം കണ്ട സ്കൂൾ–കോളജ് കാലത്തെക്കുറിച്ചും ജീവിതം മാറ്റി മറിച്ച പ്രവാസ ജീവിതത്തെക്കുറിച്ചും മനോരമ ഓൺലൈന്റെ 'സീ റിയൽ സ്റ്റാർ' പരിപാടിയിൽ മിഥുൻ രമേശ് മനസു തുറക്കുന്നു. 

കുട്ടിക്കാലത്തെ സിനിമാ മോഹം

എന്റെ നാട് തിരുവനന്തപുരത്താണ്. മെഡിക്കൽ കോളേജിനടുത്ത് ചാലക്കുഴി റോഡ് എന്നു പറയുന്ന സ്ഥലത്താണ് ജനിച്ചതും വളർന്നതുമൊക്കെ. അച്ഛന്റെ നാട് നെയ്യാറ്റിൻകരയാണ്. അമ്മയുടെ വശത്തുള്ള എല്ലാവരും കലയുമായി ആഭിമുഖ്യമുള്ളവരാണ്. അമ്മാവൻ എം.രാധാകൃഷ്ണൻ, പാട്ടുകാരനാണ്. വീട്ടിലെ ഏറ്റവും വലിയ താരം രാധ മാമൻ ആണ്. മാമൻ‌ ദൂരദർശനിൽ പാടാൻ വരുമ്പോളാണ് വീട്ടിൽ എല്ലാവരും കൂടിയിരുന്നു ഏറ്റവും വലിയ ഒരു ആഘോഷമാകുന്നത് . ഇതൊക്കെ കണ്ടിട്ടാവണം എനിക്ക് കുട്ടിക്കാലം മുതൽ സിനിമയിൽ വരണമെന്ന് വലിയ ആഗ്രഹമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവരോടും പറഞ്ഞിരുന്നത്, ആക്ടർ ആകണം... അഭിനയിക്കണം... എന്നു തന്നെയാണ്.

mithun-img-2

എല്ലാത്തിനും മത്സരിക്കും, പക്ഷേ

ലയോള സ്കൂളിലാണ് പഠിച്ചത്. അവിടെ മിമിക്രി, മോണോ ആക്ട് എന്നിവയിൽ ഭയങ്കര കഴിവുള്ള ആളുകൾ ഉണ്ട്. നമുക്ക് ചിന്തിക്കാൻ പറ്റാത്ത വമ്പൻ സ്കിറ്റുകൾ ഒക്കെ ചെയ്യുന്ന ആൾക്കാൾ! അന്നൊന്നും മത്സരത്തിൽ എനിക്ക് ഒന്നാം സ്ഥാനമൊന്നും കിട്ടുമായിരുന്നില്ല. അത്രയും നല്ല കഴിവുള്ളവരായിരുന്നു അന്നു ലയോളയിൽ ഉണ്ടായിരുന്നത്. എനിക്ക് ബെസ്റ്റ് ആക്ടർ കിട്ടിയത് തന്നെ ഹിന്ദി പ്രചാര സഭയുടെ  മത്സരത്തിനു പോയിട്ടാണ്. അല്ലാതെ എനിക്ക് ബെസ്റ്റ് ആക്ടർ ഒന്നും കിട്ടിയിട്ടില്ല.

mithun-ramesh-1

വഴിത്തിരിവായ മാർ ഇവാനിയസ്

പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പാണ് എടുത്തത്. വീട്ടിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. പക്ഷെ, ഡിഗ്രി ആയപ്പോൾ ബി എ ലിറ്ററേച്ചർ എടുത്തു. എന്റെ മേഖല ഇതാണെന്നുള്ള തീരുമാനം അന്ന് എടുത്തിരുന്നു. ഒരു പ്ലാറ്റ്ഫോം തരുന്നത് ഇവാനിയസ് ആണ്. സർവകലാശാല മത്സരങ്ങൾ വലിയൊരു അനുഭവമായിരുന്നു. സ്റ്റേജിൽ വലിയ ആളുകളുടെ മുമ്പിൽ പെർഫോം ചെയ്യാൻ കഴിയുക, അറിയാത്ത വലിയ ഒരു ഓഡിയൻസിനു മുന്നിൽ പെർഫോം ചെയ്യുക, എന്തു പ്രതീക്ഷിക്കണം എന്ന് അറിയാതെ പെർഫോം ചെയ്യുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകുന്നത് മാർ ഇവാനിയസ് കോളജിലാണ്. 

ആദ്യം പടം ലാലേട്ടനൊപ്പം 

പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ് ആദ്യ പടം ലൈഫ് ഈസ് ബ്യൂട്ടിഫുൾ അഭിനയിക്കുന്നത്. അതിനു മുൻപ് ടെലിവിഷൻ ഷോകളും അഭിമുഖങ്ങളും നടത്താൻ ഭാഗ്യം ഉണ്ടായി. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിൽ 40 ഓളം കുട്ടികളിൽ ഒരാളായി ചെറിയ ഒരു ക്യാരക്ടറായിരുന്നു എന്റേത്. ഈ 40 പേരും വന്നിരിക്കുന്നതും അഭിനയിക്കാനാണ്. അപ്പോൾ, ഡയലോഗുള്ള വേഷം കിട്ടാനായി അസിസ്റ്റന്റ് ഡയറക്ടറെ ഒന്നു സോപ്പിടുമല്ലോ! അങ്ങനെ രണ്ടുപേർക്ക് അൽപം പ്രാധാന്യമുള്ള വേഷമുണ്ടെന്നു മനസിലായി. അതിലൊന്നു അരുണും രണ്ടാമത്തെ കുറച്ചു പ്രാധാന്യമുള്ളത് എനിക്കും കിട്ടി. ആ സിനിമ എനിക്ക് ബ്രേക്ക് തന്നെയായിരുന്നു. അത് കണ്ടിട്ടാണ് സൂര്യകാന്തി എന്ന സീരിയലിലേക്ക് വിളിക്കുന്നത്. അതു കഴിഞ്ഞ് ഒരുപാട് സീരിയലുകളിൽ അഭിനയിക്കാൻ സാധിച്ചു. അന്നും സിനിമ തന്നെയായിരുന്നു മനസിൽ! പിന്നെ ഒരു ലൈം ലൈറ്റിൽ  നിൽക്കുക തന്നെയാണ് ഉദ്ദേശം എന്നതുകൊണ്ട് വരണതെല്ലാം ചെയ്യുമായിരുന്നു. 

സിനിമ കിട്ടാൻ ഡബിങ് ആർടിസ്റ്റായി

തുടക്കത്തിൽ എനിക്ക് സിനിമയിൽ ചാൻസ് ചോദിക്കാനൊരു മേൽവിലാസം ഇല്ലായിരുന്നു. അതുണ്ടാക്കാനാണ് ഡബിങ് ചെയ്തു തുടങ്ങിയത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി, നവോദയ എന്നിവിടങ്ങളിൽ ഡബിങ് ഒരുപാട് നടക്കുന്ന സമയമാണ്. ഇംഗ്ലിഷിന്റെ ഡബിങ് വരുവാണെങ്കിൽ എന്നെ വിളിക്കണമെന്നു പറഞ്ഞു വയ്ക്കും. അങ്ങനെ എന്നെ വിളിക്കും. നാലഞ്ച് ഇംഗ്ലിഷ് കഥാപാത്രങ്ങൾക്ക് ഒക്കെ ഒരേ ശബ്ദം തന്നെയായിരിക്കും. ഡബിങ് എനിക്ക് ഒരു ചവിട്ടുപടിയായിരുന്നു. ശബ്ദം കൊടുത്തു പുറത്തിറങ്ങുമ്പോൾ ഡയറക്ടേഴ്സിന്റെ അടുത്തുപറയും, 'ഡബിങ് ചെയ്യുന്നുണ്ടെങ്കിലും അഭിനയമാണ് മെയിൻ. അടുത്ത പടത്തിൽ സാറിന്റെ പടത്തിൽ ഒരു വേഷം ഉണ്ടെങ്കിൽ പറയണം,' എന്നൊക്കെ. കമൽ സർ, പ്രിയദർശൻ സർ, സിദ്ദിഖ് സർ എന്നിവരെയൊക്കെ പരിചയപ്പെട്ടത് ഡബിങ് വഴിയാണ്. 

അമ്മ പറഞ്ഞു, ഒരു ജോലി വേണം

ഡിഗ്രിക്ക് ചേർന്നപ്പോൾ ആണ് അച്ഛൻ‌ മരിക്കുന്നത്. അമ്മയ്ക്ക് ഇവൻ വഴിതെറ്റിപ്പോകുമോ എന്നൊരു പേടിയുണ്ടായിരുന്നു. പ്രത്യേകിച്ച് എന്നെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാത്ത കാലഘട്ടം ആയിരുന്നു. മറ്റുള്ളവർ എന്തു പറയും എന്നുള്ള വിചാരവും അമ്മ ഒറ്റയ്ക്ക് വളർത്തുമ്പോൾ ഉണ്ടായിരുന്നു. സജീവമായി ഈ മേഖലയിൽ നിൽക്കുമ്പോഴും ഒരു സ്ഥിരമായ ജോലി ദുബായ് കിട്ടിയപ്പോൾ അവിടെ പോകണം എന്ന് വീട്ടുകാർ നിർബന്ധിച്ചതും അതു കാരണമാണ്. സിനിമയും സീരിയലും എല്ലായ്പ്പോഴും ഉണ്ടോ? ഇതിൽ നിന്നുള്ള  വരുമാനം എന്നും ലഭിക്കുമോ? എന്നൊക്കെ സാധാരണ ഒരു കുടുംബത്തിന് എപ്പോഴും ഒരു പ്രശ്നം തന്നെയാണ്.

mithun-new-img

അങ്ങനെ ഞാൻ ദുബായ്ക്കാരനായി

ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് ദുബായ്‌യിൽ പുതിയതായി തുടങ്ങാൻ പോകുന്ന എഫ്എം സ്റ്റേഷനിലേക്ക് റേഡിയോ ജോക്കിയായി ഇന്റർവ്യൂവിന് വിളിക്കുന്നത്. ഇങ്ങനെയൊരു ഓഫർ വന്ന കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. എന്നെ കിട്ടാതെ വന്നപ്പോൾ അവർ വീട്ടിലേക്കു വിളിച്ചു. അന്ന് വൈകുന്നേരം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ കളിച്ചിട്ട് തിരിച്ച് വീട്ടിൽ എത്തുമ്പോൾ അമ്മാവൻമാരൊക്കെ വന്ന് എന്നെ കാത്തിരിക്കുകയാണ്. ഞാൻ ഈ ജോലിക്ക് പോകണം എന്നാണ് അവരുടെ നിർബന്ധം. ആ സമയത്ത് ഞാൻ വെട്ടത്തിലും റൺവെയിലും അഭിനയിച്ച് ഇരിക്കുകയാണ്. രണ്ടും ദിലീപേട്ടന്റെ പടം. 'ഇതോടുകൂടി ഞാൻ രക്ഷപ്പെട്ടു... ഈ പടം ഇറങ്ങിക്കഴിഞ്ഞാൽ കൈ നിറയെ ഓഫറുകൾ ആയിരിക്കും' എന്നൊക്കെയായിരുന്നു ധാരണ. ആളുകൾ എന്നെ അന്വേഷിച്ച് വിളിക്കുമ്പോഴേക്കും ദുബായ് ഒക്കെ അടിച്ചു പൊളിച്ചിട്ടുവരാം എന്നയിരുന്നു പ്ലാൻ. അങ്ങനെ ഈ ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ 16 വർഷമായി! നൈല ആണ് എന്റെ പേര് ആദ്യമായി എഫ്എമ്മിലേക്ക് നിർദ്ദേശിച്ചത്. ഞാൻ ഇടയ്ക്ക് പറയാറുണ്ട്, എന്നെ ഈ പറുദീസയിലേക്ക് തള്ളിവിട്ടതിന് നൈലയോട് പ്രത്യേകമായ നന്ദി ഉണ്ടെന്ന്.

ആഗ്രഹിച്ച സമയത്ത് സിനിമ കിട്ടിയില്ല

തുടക്കത്തിൽ സിനിമ ആഗ്രഹിച്ചിട്ട് എനിക്ക് സീരിയൽ ആണ് ലഭിച്ചത്. വെട്ടവും റൺവെയും റിലീസ് ആയി കഴിയുമ്പോൾ ഒരുപാട് കോൾ വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ആരും വിളിച്ചില്ല. പിന്നീട്, സിബി സർ അമൃതം എന്ന സിനിമയിലേക്ക് വിളിച്ചു. ലീവ് കിട്ടാത്തതുകൊണ്ട് വന്നു അഭിനയിക്കാൻ സാധിച്ചില്ല. ഏഴു വർഷം സിനിമയിൽ നിന്നു വിളി വരും എന്ന പ്രതീക്ഷയിൽ ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഞാൻ ജോലി ചെയ്യുന്ന റേഡിയോ സ്റ്റേഷന്റെ വാർഷിക പരിപാടിയിൽ വന്നു. ജോഷി സർ ആയിരുന്നു മുഖ്യാതിഥി. നീയിപ്പോൾ പടത്തിൽ അഭിനയിക്കുന്നില്ലേ എന്ന് ജോഷി സർ ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ 'എന്റെ അടുത്ത പടത്തിൽ നീ അഭിനയിക്കണം' എന്നു പറഞ്ഞു. അങ്ങനെ അഭിനയിച്ച പടമാണ് ‘സെവൻസ്’. അതിനു ശേഷവും കാര്യമായി സിനിമകളൊന്നും വന്നില്ല. സത്യത്തിൽ, എനിക്ക് കിട്ടിയ ഏറ്റവും വലിയ ബ്രേക്ക് സിനിമ അല്ല. കോമഡി ഉത്സവം എന്ന ഷോ ആണ്.  

കോമഡി പരിപാടി എന്നെക്കൊണ്ട് പറ്റുമോ?

കോമഡി ഉത്സവം അവതരിപ്പിക്കാൻ വിളിച്ചപ്പോൾ, 'കോമഡി പരിപാടി ഒന്നും എന്നെക്കൊണ്ട് പറ്റില്ല' എന്ന നിലപാടിലായിരുന്നു ആദ്യം ഞാൻ. പക്ഷെ, പരിപാടിയുടെ പ്രൊഡ്യൂസർ എന്നെ വിശ്വാസത്തിലെടുത്തു. കോട്ടൊക്കെ ഇട്ടു വന്നു ചെയ്യുന്ന പരിപാടി എന്നായിരുന്നു ആദ്യം മനസിൽ. പക്ഷെ, അതൊന്നും വേണ്ടെന്ന് ആദ്യമെ എന്നോടു പറഞ്ഞു. ഇവിടെ വരുന്ന ആളുകൾക്ക് നല്ല രീതിയിൽ ഒരു വേഷം പോലും ഇടാൻ ഇല്ല. അവരുടെ അടുത്ത് കോട്ടിട്ട് നിൽക്കുന്നതൊക്കെ ബോറാകും. സാധാരണക്കാരുടെ പരിപാടിക്ക് അവരുടെ കൂടെ നിന്ന് പ്രോത്സാഹനം നൽകുക. അതാണ് എനിക്ക് ചെയ്യേണ്ടിയിരുന്നത്. എന്തായാലും, ആ പരിപാടി പ്രേക്ഷകർ സ്വീകരിച്ചു. 

നായകനായി സിനിമ കിട്ടിയത് ഇപ്പോൾ

mithun-jimmy

ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിൽ നായകവേഷമാണ് ഞാൻ ചെയ്യുന്നത്. രാജു ആണ് ഡയറക്ടർ. പ്രൊഡ്യൂസേഴ്സ് എന്റെ സുഹൃത്തുക്കളാണ്. എല്ലാവരും ചേർന്നൊരു കൂട്ടായ്മ പടമാണ് ഇത്. ഒരു പട്ടിയാണ് ഇതിനകത്തെ മെയൻ!‌ എന്റെയും പട്ടിയുടേയും പേരി ജിമ്മിയെന്നാണ്. അറബ് സിനിമകളിലും ഹോളിവുഡ്, ഇറാനി എന്നീ പടങ്ങളിലുമൊക്കെ ഇതിലെ പട്ടി അഭിനയിച്ചിട്ടുണ്ട്. അതിന് മലയാളമൊന്നും അറിയില്ല. പെറ്റ്സ് ഉള്ളവർക്ക് ശരിക്കും ഫീൽ ചെയ്യുന്ന ചിത്രമാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം! 

സിനിമയ്ക്കുവേണ്ടി തടി കുറയ്ക്കുമോ?

തടി കുറയ്ക്കാൻവേണ്ടി ഒന്നും ചെയ്യാറില്ല. ദൈവാനുഗ്രഹത്തിൽ ഇങ്ങനെ പോകുന്നു. അടുത്ത പടത്തിന്റെ ആൾക്കാർ തടി കുറയ്ക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ഭക്ഷണം ഭയങ്കര ഇഷ്ടമാണ്. കഴിക്കുന്നത് കുറച്ചിട്ടില്ല. വർക്കൗട്ട് ചെയ്യുന്നുണ്ട് . ഒരു നല്ല കഥാപാത്രം ചെയ്യാൻ വന്നിട്ടുണ്ട്. അതിനുവേണ്ടി ചിലപ്പോൾ കുറച്ചെന്നു വരാം. എന്റെ കാര്യം ആയതുകൊണ്ട് ഉറപ്പില്ല.

ട്രോളന്മാർ ഏറ്റെടുത്ത ചിരി

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് നല്ല ട്രോളുകളേ കിട്ടിയിട്ടുള്ളൂ. അതുകൊണ്ട് അതിന്റെ ഒരു മോശം വശം എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. പിന്നെ, എല്ലാവരും എന്റെ എന്റെ ചിരിയുടെ കാര്യം പറയാറുണ്ട്. സത്യത്തിൽ, എന്റെ ചിരി ഇത്രയും വൃത്തികേടാണെന്ന് മനസിലാകുന്നത് ഇവർ ഇതു പറഞ്ഞതിനുശേഷമാണ്. ആദർശ് എന്റെ ചിരി എടുത്ത് ബീറ്റ് ബോക്സിങ് ചെയ്തപ്പോഴാണ് യഥാർഥത്തിൽ എന്റെ ചിരി ഇത്ര ബോറാണെന്നു തോന്നിയത്. അതിനുശേഷം, ചിരി കുറെയൊക്കെ നിയന്ത്രിച്ചിട്ടുണ്ട്.

സെലിബ്രിറ്റി ആയപ്പോൾ

ഇത് മനസിലാക്കാൻ കുറച്ചു സമയമെടുത്തു. എന്നെ കാണുമ്പോൾ ആളുകൾ വളരെ ക്ലോസ് ആയിട്ട് പെരുമാറാറുണ്ട്. അവർ മനസുകൊണ്ട് ഒരുപാട് ഇഷ്ടപ്പെടുന്നത് കോമഡി ഉത്സവത്തിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ കണ്ടിട്ടാണ്. ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ കൂടെ നിൽക്കുന്ന ജനങ്ങളാണ്. നമുക്കുവേണ്ടി എന്തെങ്കിലും അവർ ചെയ്യാൻ തയാറാകുമ്പോഴാണ് ഈ ചെയ്ത അഭിനയത്തിനും ഇതുവരെ ചെയ്ത കോമഡി ഉത്സവത്തിനും ഒക്കെ എന്തെങ്കിലും ഒരു പ്രതിഫലം ഉണ്ടാകുന്നത്.

അവതാരകരുടെ മംഗ്ലിഷിനെക്കുറിച്ച്

മലയാളം ഇംഗ്ലിഷ് ആക്കേണ്ട കാര്യമില്ല. മലയാളം മലയാളമായും ഇംഗ്ലിഷ് ഇംഗ്ലിഷ് ആയും പറയണം. ഇംഗ്ലിഷിന്റെ സ്വാധീനത്തോടെ മലയാളം പറയുന്നത് മലയാളിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. നമ്മൾ പഠിച്ചത് കേരളത്തിൽ തന്നെയല്ലേ. ഇംഗ്ലിഷ് സംസാരിക്കേണ്ടിടത്ത് ഉപയോഗിക്കുക. ബാക്കി നമ്മുടെ മലയാളം പറഞ്ഞാൽ മതിയെന്നുള്ളതാണ് എന്റെ രീതി.

നന്ദി പറയേണ്ടത് പ്രേക്ഷകരോട്

മൂന്ന് നാല് വർഷമായിട്ടാണ് ഇതുപോലൊരു വ്യത്യാസം വന്നത്. ജീവിതത്തിൽ ആഗ്രഹിച്ച തലത്തിൽ വന്നതിന്റെ ഒരു സന്തോഷം. എന്റെ അഭിമുഖം മാധ്യമങ്ങളിൽ വരുന്നു.... ഹീറോ ആയിട്ട് സിനിമ ചെയ്യുന്നു. ഇതൊക്കെ ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങളാണ്. അതെല്ലാം ഇപ്പോൾ സംഭവിക്കുന്നു. അതിനൊക്കെ നന്ദി പറയേണ്ടത് പ്രേക്ഷകരോടാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA