ബോക്സ്ഓഫിസ് ഹിറ്റിനുവേണ്ടിയുള്ള സിനിമയല്ല മൂത്തോൻ: നിവിന്‍ പോളി

nivin-moothon
SHARE

റിലീസിനു മുമ്പേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മൂത്തോൻ. നിരവധി രാജ്യാന്തര മേളകളിൽ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ചിത്രം നവംബർ എട്ടിന് കേരളത്തിൽ റിലീസ് ചെയ്യുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് നിവിൻ പോളി എത്തുന്നതെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം. സ്വന്തം നാട്ടിൽ ചിത്രം റിലീസിനെത്തുമ്പോൾ ചിത്രത്തെക്കുറിച്ച് മനസ്സു തുറന്ന് നിവിൻ പോളി....

രാജ്യാന്തരതലത്തിൽ മൂത്തോൻ

രാജ്യത്തിനു പുറത്തൊരു ഫെസ്റ്റിവലിൽ പങ്കെടുക്കുക എന്നത് ആദ്യത്തെ അനുഭവമായിരുന്നു. നമ്മുടെ നാട്ടിൽനിന്ന് ഒരു പടത്തിന് അവിടെ അംഗീകാരം കിട്ടുക, അതിന്റെയൊരു ഭാഗമാകാൻ പറ്റി എന്നതൊക്കെ ഒരുപാടു സന്തോഷം തരുന്ന കാര്യങ്ങളാണ്.

ആളുകൾക്കറിയാം ഇതൊരു പ്രത്യേകതയുള്ള സിനിമയായിരിക്കുമെന്ന്. അപ്പോൾ അവർ ആ രീതിയിലായിരിക്കും ഈ സിനിമയെ സമീപിക്കുന്നത്. പ്രത്യേക ഓഡിയൻസിനു വേണ്ടി മാത്രമായുള്ള സിനിമയല്ല. ഇതിൽ ഇമോഷൻസൊക്കെ വളരെ ഹൈ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയാലും മനസ്സിനെ ഇതെല്ലാം വേട്ടയാടും.

മൂത്തോൻ

ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നതിന് എന്റെ മുന്നിൽ യാതൊരു തടസ്സങ്ങളും ഇല്ലായിരുന്നു. മുൻപ് ഈ രീതിയിലുള്ള ഒരു സിനിമ ചെയ്യുകയോ ഇങ്ങനെയുള്ള ഒരു സ്ക്രിപ്റ്റ് കേൾക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഞാൻ വളരെ ഷോക്ക്ഡ് ആയിരുന്നു. കഥ കേട്ടതിനു ശേഷം ഞാൻ പറഞ്ഞത് രണ്ടു ദിവസം കഴിഞ്ഞു പറയാം എന്നായിരുന്നു. ഇതെനിക്കു ചെയ്യാന്‍ സാധിക്കും. പക്ഷേ എങ്ങനെ ഇതിനെ സമീപിക്കണം എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. വലിയ കാരക്ടറാണ് ഇതെന്റെ കയ്യിൽ ഒതുങ്ങുമോ, പെർഫോം ചെയ്യാൻ പറ്റുമോ എന്നൊക്കെയുള്ള തോന്നലുകൾ ഉണ്ടായിരുന്നു. പക്ഷേ ചെയ്യണമെന്ന് ഭയങ്കരമായി ആഗ്രഹിച്ചിരുന്നു.

തുടക്കം മുതലേ ട്രെയിനിങ് ക്ലാസ്സുകൾ ഉണ്ടായിരുന്നു. എടുത്തുചാടി ഷൂട്ടിങ് തുടങ്ങാതെ എല്ലാവരും ഏകദേശം ഒരുമാസം മുൻപു തന്നെ മുംബൈയിൽ പോയി താമസിച്ച് ദിവസവും അവിടെയുള്ള സ്ട്രീറ്റിൽ നടക്കാന്‍ പോകുമായിരുന്നു. ചില ദിവസങ്ങളിൽ കോസ്റ്റ്യൂമൊക്കെ ഇട്ട് നടത്തിച്ച് ഷൂട്ട് ചെയ്യും. ഇങ്ങനെയുള്ള കുറേ പ്രോസസൊക്കെ നടത്തിയിരുന്നു. ഇതൊക്കെ സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തു.

മലയാളമല്ല സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ലക്ഷ്വദ്വീപ് മലയാളമാണ് കഥാപാത്രങ്ങൾ പറയുന്നത്. നമ്മൾ കേട്ടിട്ടുള്ള ചില വാക്കുകൾ ഒക്കെയാണെങ്കിലും പെട്ടെന്നു മനസ്സിലാവില്ല. ലക്ഷദ്വീപ് മലയാളവും ഹിന്ദിയുമാണ് പടത്തിലുള്ളത്.

ഗീതു മോഹൻദാസ്

അഭിനേതാക്കൾ നൂറു ശതമാനം അല്ലെങ്കിൽ ഇരുന്നൂറു ശതമാനം കാരക്ടറിനെ ഫോക്കസ് ചെയ്യണം എന്നു നിർബന്ധമുള്ള ഡയറക്ടറാണ് ഗീതു. അത് നമുക്കും ഒരുപാടു ഗുണം ചെയ്യും. പക്ഷേ രാജീവേട്ടൻ അങ്ങനെ ഡിമാൻഡ് ചെയ്യുന്നയാളല്ല. രാജീവേട്ടൻ ചിന്തിക്കുന്നത് ഒരു കഥാപാത്രമായി അഭിനേതാവ് തനിയെ മാറണം എന്നാണ്. അവർക്കതു പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല എന്നാണ് അദ്ദേഹം പറയുക.

geetu-nivin-moothon

പക്ഷേ ഗീതു അങ്ങനെയല്ല. ഒരു തരിപോലും നമ്മുടെ ഫോക്കസ് പോകരുത് എന്നു നിർബന്ധം പിടിക്കും. സെറ്റിൽ മൊബൈൽ നോക്കിയൊന്നും ഇരിക്കരുത്, ഒരുപാടു ചിരികളികൾ പാടില്ല എന്നു പറയും. ഷൂട്ട് ചെയ്തു കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ നമ്മളറിയാതെതന്നെ ഇതു നമ്മുടെ കഥയാണെന്ന് തോന്നിപ്പോകും. ഇതുപോലെ പല ഡയറക്ടേഴ്സിന്റെയും കൂടെ വർക്കു ചെയ്യുമ്പോൾ പല പുതിയ കാര്യങ്ങളും പഠിക്കാൻ സാധിക്കും.

വിമർശനം

വിമർശനങ്ങളിൽനിന്ന് പല നല്ല കാര്യങ്ങളും നമുക്ക് എടുക്കാനുണ്ടാകും. അതിൽനിന്ന് കറക്ട് ചെയ്യേണ്ട കാര്യങ്ങൾ മനസ്സിലാക്കി അടുത്ത പടം ചെയ്യുമ്പോൾ അതു ശരിയായി ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. മറ്റുള്ളവർ പറയുമ്പോഴാണ് നമ്മൾ അതു ശ്രദ്ധിക്കുന്നത്. ആദ്യം നമുക്ക് ഇഷ്ടപ്പെടില്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ ചിന്തിക്കും, ശരിയാണ് അങ്ങനെ ചെയ്യാമായിരുന്നു എന്ന്.

moothon-movie23

ബോക്സ്ഓഫിസ് വിജയങ്ങൾ

ബോക്സ്ഓഫിസ് ഹിറ്റാകണം എന്നു കരുതി ചെയ്ത സിനിമയല്ല മൂത്തോൻ. അങ്ങനെയൊരു പടവുമല്ല. അത്തരമൊരു കാര്യത്തെക്കുറിച്ച് ഡയറക്ടറുൾപ്പെടെ ആരും ചിന്തിക്കുന്നതേയില്ല. ജനങ്ങൾ സിനിമ കാണുക. ഇങ്ങനെയൊരു ‌ഫിലംമേക്കർ മലയാളം ഇൻഡസ്ട്രിയിലുണ്ട് എന്നു നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു ചിത്രമാണിത്. നമ്മുടെ ഇൻഡസ്ട്രിക്ക് വേറൊരു പ്ലാറ്റ്ഫോം നൽകുന്ന ചിത്രമാകും മൂത്തോൻ. അങ്ങനെയുള്ള സിനിമകൾ വന്നിട്ടുണ്ട്. ഇനിയും വരും. ആ ഒരു രീതിയിലാണ് ഞങ്ങൾ ഈ സിനിമയെ കാണുന്നത്. ഗീതുവിന്റെ ആദ്യ സിനിമ ആരും കണ്ടിട്ടില്ല. പക്ഷേ ഈ സിനിമ കണ്ടു കഴിഞ്ഞാൽ അടുത്ത സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA