മിന്നലേൽക്കുമ്പോൾ സൂപ്പർഹീറോയാകുന്ന മുരളി; ബേസിൽ ജോസഫ് അഭിമുഖം

tovino-basil
മിന്നൽ മുരളിയുടെ സെറ്റിൽ ബേസിൽ, ടൊവീനോ
SHARE

മിന്നൽ പോലെ വെട്ടിത്തിളങ്ങുകയും പ്രവഹിക്കുകയും ചെയ്യുന്ന നാടൻ സൂപ്പർ ഹീറോയാണ് മിന്നൽ മുരളി. വയനാട്ടിലെ  നയന മനോഹരമായ തിരുനെല്ലി ഗ്രാമത്തിലെ മുരളി എന്ന യുവാവിന് ഒരു ദിവസം മിന്നലേൽക്കുന്നതോടെ സൂപ്പർ പവർ കൈവരികയും പിന്നീട് കാര്യങ്ങളെല്ലാം കുഴഞ്ഞുമറിയുകയും ചെയ്യുന്നു. അതോടെ അയാൾ മിന്നൽ മുരളിയാകുന്നു. ഇൗ കഥയാണ് ഗോദ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഭിനേതാവ് കൂടിയായ ബേസിൽ ജോസഫ് മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പറയുന്നത്. 

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ പ്രവാസിയായ സോഫിയാ പോളാണ് ചിത്രം നിർമിക്കുന്നത്. ബാംഗ്ലൂർ ഡേയ്സിലൂടെ സഹ നിർമാവാതായി രംഗത്തെത്തി പിന്നീട്, മുന്തിരി വള്ളികൾ തളിർത്തപ്പോൾ, കാടു പൂക്കുന്ന നേരം, പടയോട്ടം എന്നീ ചിത്രങ്ങൾ നിർമിച്ച സോഫിയാ പോളിൻ്റെ ഇതുവരെയുള്ളതിൽ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും മിന്നൽ മുരളി. മലയാളത്തിന് അങ്ങനെ ആദ്യത്തെ നാടന്‍ സൂപ്പർ ഹീറോയെ സോഫിയാ പോൾ സമ്മാനിക്കുന്നു. 

ടൊവിനോ തോമസാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വർഗീസ്, മാമുക്കോയ, ബൈജു, ഹരിശ്രീ അശോകൻ, തമിഴ് താരം ഗുരു സോമസുന്ദരം, പുതുമുഖ നായിക ഫെമിനാ ജോർജ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.  തിരുനെല്ലിയിലെ ചിത്രീകരണ സ്ഥലത്ത് ബേസിൽ ജോസഫ് മനോരമ ഒാൺലൈനിനോട് സംസാരിക്കുന്നു:

ആരാണ് മിന്നൽ മുരളി?

നമ്മുടെ ആദ്യത്തെ സ്വന്തം സൂപ്പർ ഹീറോയാണ് മിന്നൽ മുരളി. അതാണ് ഇൗ ചിത്രത്തിന്റെ പ്രത്യേകത. നാട്ടിൻപുറത്തെ മുരളി എന്ന യുവാവിന് ഒരിക്കൽ മിന്നലേൽക്കുന്നതോടെ അതിഭയങ്കര ശക്തി ലഭിക്കുന്നതും തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലും ഗ്രാമത്തിലുമുണ്ടാകുന്ന മാറ്റങ്ങളും ചിത്രം രസകരമായി പറയുന്നു. വിഷ്വൽ എഫക്ട്സിന് ഏറെ സാധ്യതകളുള്ള, കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിക്കുന്ന പക്കാ എന്റർടെയ്നറായിരിക്കും ഇൗ ചിത്രം. മലയാളം കൂടാതെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ കൂടി ചിത്രം പുറത്തിറങ്ങും. 

എങ്ങനെയാണ് ഇത്തരമൊരു സബ് ജക്ടിലേയ്ക്ക് എത്തപ്പെട്ടത്?

തിരക്കഥാകൃത്തുക്കളിലൊരാളായ അരുണാണ് ആദ്യം ഇത്തരമൊരു ആശയവുമായി എത്തിയത്. തിരക്കഥാ രചനയിൽ ജസ്റ്റിനെ കൂടെ കൂട്ടി. എന്നാൽ, വിചാരിച്ച പോലെ രചന മുന്നോട്ട് പോയില്ല. ഞാൻ അഭിനയിക്കുന്ന സെറ്റുകളിൽ കൂടെ വന്ന് താമസിച്ചാണ് ഇരുവരും രചന പൂർത്തിയാക്കിയത്. തിരക്കഥ വായിച്ചവർ, സംഭവം കൊള്ളാം പക്ഷേ, എങ്ങനെ യാഥാർഥ്യമാക്കും എന്ന ചോദ്യമുന്നയിച്ചു. അതായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളി. അത് ഞാൻ ഏറ്റെടുക്കുകയും ആസ്വദിച്ച് മുന്നോട്ട് പോവുകയും ചെയ്തു. 

ഏതാണ്ട് ഒരു വർഷത്തിലേറെ നീണ്ട തയ്യാറെടുപ്പുകളാണ് മിന്നൽ മുരളിക്ക് വേണ്ടി നടത്തിയത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റണ്ട് ഡയറക്ടറായ ഹോളിവുഡിൽ നിന്നുള്ള വ്ളാഡ് റിംബർഗ് ആണ് ആക്‌ഷൻ കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം: സമീർ താഹിർ. ഡ്രാമ ആഗ്രഹിക്കുന്നവർക്ക് അതും കുട്ടികൾക്ക് രസിക്കാനുള്ള വകയും മിന്നൽമുരളിയിൽ ഉണ്ടാകും. എ കംപ്ലീറ്റ് ഫാന്റസി എന്റർടെയ്നർ.

സൂപ്പർ ഹീറോ എന്ന സങ്കൽപം മലയാളികൾക്ക് എത്രമാത്രം സ്വീകാര്യമാകും?

സ്വന്തമായി സൂപ്പർഹീറോ ഇല്ലാത്തവരാണ് നമ്മൾ. നമുക്ക് ഉള്ളത് ഇന്ത്യൻ പുരാവൃത്തങ്ങളിലെ സൂപ്പർഹീറോകൾ മാത്രമാണ്. ഹോളിവു‍ഡ് സിനിമകളിലെ സൂപ്പർഹീറോകളെയാണ് നമ്മുടെ കുട്ടികൾ ആരാധിക്കുന്നത്. നമ്മുടെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു സൂപ്പർ ഹീറോയെ അവർ സ്വീകരിക്കുമെന്ന വിശ്വാസം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവർക്കുമുണ്ട്. നമ്മുടെ സ്വന്തം സൂപ്പർഹീറോയാകുമ്പോൾ പ്രേക്ഷകർക്ക് വിശ്വാസ്യത കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ കാൻവാസിൽ വലിയ ചിത്രം–അതാണ് ഞങ്ങളുടെ ലക്ഷ്യം. 

minnal-murali-set
തിരുനെല്ലിയിലെ മിന്നിൽ മുരളി ലൊക്കേഷൻ ചിത്രം.

എന്തൊക്കെയാണ് വെല്ലുവിളികൾ?

ഏറെ ഗവേഷണം നടത്തിയാണ് തിരക്കഥ ഒരുക്കിയത്. 1990കളിൽ നടക്കുന്ന ഇത്തരമൊരു കഥയിൽ തമാശ ചേർക്കുക വെല്ലുവിളിയാണ്. കൂടാതെ, സൂപ്പർഹീറോയ്ക്ക് സൂപ്പർ വില്ലൻ ഇല്ലാതെ പറ്റില്ല. അല്ലെങ്കിൽ ഹീറോ സീറോയായിപ്പോകും. അതെല്ലാം പരിഹരിച്ചാണ് തിരക്കഥ പൂർത്തിയാക്കിയത്. മൂന്ന് പ്രധാന സംഘട്ടന രംഗങ്ങൾ പ്രേക്ഷകരെ രസിപ്പിക്കും. 

പ്രേക്ഷകരുടെ പ്രതീക്ഷയുടെ 50 ശതമാനമെങ്കിലും സഫലീകരിക്കാനാണ് ശ്രമം. ഒാരോ സീനും ഏറെ സമയമെടുത്താണ് ഒരുക്കിയത്. അത് അതുപോലെ ചിത്രീകരിക്കുന്നു. 120 ദിവസത്തിലേറെ ദിനങ്ങളിലാണ് ചിത്രീകരണം നടക്കുക. വയനാട്ടിൽ തന്നെ 70 ദിവസത്തോളമുണ്ടാകും. കൂടാതെ, എറണാകുളം, കൂത്താട്ടുകുളം, വാഗമൺ എന്നിവിടങ്ങളിലും ചിത്രീകരിക്കും. നിര്‍മാതാവ് സോഫിയാ പോളിൻ്റെ പിന്തുണ വളരെ വലുതാണ്. ഇൗ വർഷം ഒാണം റിലീസാണ് ഉദ്ദേശിക്കുന്നത്.

ആദ്യം സംവിധാനം ചെയ്ത കുഞ്ഞിരാമായണം, തുടര്‍ന്ന് ഗോദ എന്നീ ചിത്രങ്ങളും ഇപ്പോൾ മിന്നൽ മുരളിയും ഗ്രാമീണ പശ്ചാത്തലത്തിലാണല്ലോ?

ഗ്രാമങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്. എന്നും നമ്മളില്‍ ഗൃഹാതുരത്വം സൃഷ്ടിക്കുന്ന ഇടമാണല്ലോ ഗ്രാമങ്ങള്‍. എങ്കിലും എന്റെ ചിത്രങ്ങൾ  ആ പശ്ചാത്തലത്തിലമാകുന്നത് മനഃപൂർവമല്ല. അടുത്ത ചിത്രമെങ്കിലും നഗരത്തിൽ നടക്കുന്ന കഥയാക്കണമെന്നാണ് ആഗ്രഹം. 

sophia-paul
ഭർത്താവ് പോളിനൊപ്പം സോഫിയ പോൾ

തിരുനെല്ലി തിരഞ്ഞെടുക്കാൻ കാരണം?

ലൊക്കേഷൻ മാനേജർ സലീം ബാവയാണ് തിരുനെല്ലി കണ്ടെത്തിയത്. മിന്നൽ മുരളിയും അളിയനും (അജു വർഗീസ്) താമസിക്കുന്ന മുഖത്തോട് മുഖം ചേർന്നുള്ള വീടുകൾ അന്വേഷിച്ചാണ് അദ്ദേഹം ഇവിടെയെത്തിയത്. രാമുകാര്യാട്ട്–പി.വത്സല ടീമിന്റെ നെല്ല് (1974) എന്ന ചിത്രത്തിന് ശേഷം സിനിമാ പ്രവർത്തകരാരും ഇവിടെയെത്തിയിട്ടില്ല. സ്കൂളും ക്ഷേത്രവും പൊലീസ് സ്റ്റേഷനുമൊക്കെയുള്ള ആരെയും കൊതിപ്പിക്കുന്ന ഗ്രാമമാണ് തിരുനെല്ലി. പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യ വിരുന്നകൂടിയായിരിക്കും മിന്നൽ മുരളി.

minnal-murali-movie-launch-1

അടുത്തകാലത്ത് അഭിനയത്തിലും സജീവമാണല്ലോ?

അഭിനയവും ഞാൻ നന്നായി ആസ്വദിക്കുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയമായത് ഭാഗ്യം തന്നെ. എന്നാൽ, മിന്നൽ മുരളി കഴിഞ്ഞേ ഇനി അഭിനയ രംഗത്തേയ്ക്കുള്ളൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA