താരയ്ക്കും മിനിക്കും ക്ലാപ്

thara
മിനി, താര
SHARE

മലയാള സിനിമയിലെ പോയ വർഷത്തെ ഏറ്റവും വലിയ അവാർ‍ഡ് തുക ലഭിച്ചത് താരാരാമാനുജനും ഐ.ജി.മിനിക്കും ആണ് എന്നത് അധികമാരും അറിഞ്ഞിട്ടില്ല. ചലച്ചിത്ര വികസന കോർപറേഷൻ വനിതാ സിനിമാ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ തിരക്കഥാ മൽസരത്തിൽ ജേതാക്കളായ ഇരുവർക്കും 1.50 കോടി രൂപ വീതമാണ് ലഭിക്കുന്നത്. ഈ തുക കൊണ്ട് ഇരുവരും തങ്ങളുടെ ചിത്രങ്ങൾ സംവിധാനം ചെയ്യുകയാണ്. താരയുടെ സിനിമയുടെ പൂജ ഇന്ന് ആലപ്പുഴയിലും മിനിയുടെ സിനിമയുടെ തുടക്കം ഇന്നു തിരുവനന്തപുരത്തും നടക്കും. പുരുഷ കേന്ദ്രീകൃതമായ സിനിമയിൽ സ്ത്രീകളുടെ സർഗാത്മകതയ്ക്ക് അംഗീകാരം നൽകുക എന്ന ലക്ഷ്യത്തിലേക്കു വനിതാദിനത്തിൽ ഒരു ‘ക്ലാപ്’. 

പെൺസിനിമ എന്ന കെഎസ്എഫ്ഡിസിയുടെ ആശയത്തിനു പിന്തുണ നൽകി സർക്കാർ 3 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചത്. 62 സ്ത്രീകളാണ് തിരക്കഥയുമായി എത്തിയത്. രഘുനാഥ് പലേരി അധ്യക്ഷനായ ജൂറി 25 ദിവസത്തോളം കഥകൾ കേട്ടു. അതിൽ നിന്നാണ് താരയും മിനിയും തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഘട്ടത്തിൽ സ്വയമെഴുതിയ തിരക്കഥ സമർപ്പിച്ചു. പിന്നീടു വിശദമായ ബജറ്റും പദ്ധതികളും തയാറാക്കി നൽകിയാണ് ഇരുവരും കേരളത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരം സ്വന്തമാക്കിയത്. 

സിനിമയുടെ താരാപഥം 

തൊണ്ണൂറുകളിൽ അമേരിക്കയിലെ ടെക്സസിലേക്കു ചേക്കേറിയതാണ് തൃപ്പൂണിത്തുറ സ്വദേശി താരാരാമാനുജൻ. സോഷ്യോളജിയും ഇൻഫർമേഷൻ സിസ്റ്റവും ജേണലിസവും പഠിച്ച് അമേരിക്കയിൽ ജീവിക്കുമ്പോൾ സിനിമയോ തിരക്കഥയോ താരയുടെ മനസ്സിലുണ്ടായിരുന്നില്ല. 

‘‘ ഇരുപതു വയസ്സുവരെ ഞാൻ സിനിമയെ ഒരു വിനോദോപാധി എന്ന നിലയിൽ ആസ്വദിച്ചയാളാണ്. പിന്നീടാണ് തിരക്കഥയെ അടുത്തറിയുകയും അത്തരം എഴുത്തിലേക്കു നീങ്ങുകയും ചെയ്തത്. കുറച്ചുകാലം അഡ്വർടൈസ്മെന്റ് രംഗത്തു പ്രവർത്തിച്ചു. കഥ പറയാൻ മോഹം തോന്നിയപ്പോൾ ചില പ്രൊഡക്‌ഷൻ കമ്പനികൾ മുഖേന ശ്രമങ്ങൾ നടത്തി. ഗൗതം മേനോനോടും മറ്റും അങ്ങനെ കഥ പറഞ്ഞു. സിനിമയുടെ കഥകൾ പറയാൻ ശ്രമിക്കുമ്പോൾ ആർട്ടാണോ കൊമേഴ്സ്യലാണോയെന്നു പലരും ചോദിക്കാറുണ്ട്. അതിന് എങ്ങനെ മറുപടി പറയാനാകും? നമ്മുടെ കഥ കേട്ട് ഒരു നിർമാതാവിനു നിശ്ചയിക്കാവുന്നതാണ് അക്കാര്യം’’– താര പുതിയ സിനിമയുടെ തിരക്കിനിടെ പറഞ്ഞു. 

കെ.ഗോപിനാഥ് സംവിധാനം ചെയ്ത ‘ഇത്രമാത്രം’ ആണ് താരയുടെ ആദ്യ തിരക്കഥ. 2017 ൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. അഞ്ചു തിരക്കഥകൾ എഴുതിയിട്ടുള്ള താര അവാർഡിന് അയച്ചത് ‘നിഷിദ്ധോ’ എന്ന തിരക്കഥയാണ്. കേരള സമൂഹം ‘അന്യസംസ്ഥാനക്കാർ’ എന്നു വിളിച്ചു മാറ്റിനിർത്തുന്ന ബംഗാളിയും തമിഴനുമെല്ലാം ഈ കഥയിൽ കടന്നുവരുന്നുണ്ട്. കൊൽക്കത്തയും ദുർഗാപൂജയുമെല്ലാം പശ്ചാത്തലമാകുന്ന സിനിമയുടെ ദൃശ്യാനുഭവങ്ങളിലേക്കു കടക്കാനുള്ള ആവേശത്തിലാണ് താര. 

കൊച്ചിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. രാധാദേവിയുടെയും എസ്.രാമാനുജന്റെയും മകളാണ് താര. 

നാടകം പഠിപ്പിച്ച സിനിമ 

നാടകത്തിന്റെ അണിയറയിൽ നിന്നാണ് സിനിമയുടെ അരങ്ങിലേക്കു തിരുവനന്തപുരം സ്വദേശി ഐ.ജി.മിനി വരുന്നത്. ന്യൂഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു ഡിസൈനിങ് ആൻഡ് ഡയറക്‌ഷനിൽ ബിരുദാനന്തര ബിരുദം നേടിയ മിനി ലണ്ടനിലെ സെൻട്രൽ സെയിന്റ് മാർട്ടിൻസിൽ നിന്നു പെർഫോമൻസ് ഡിസൈൻ ആൻഡ് പ്രാക്ടീസിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം കോഴിക്കോട് ബാലുശ്ശേരി കേന്ദ്രമാക്കി ഹോസ്റ്റോ തിയറ്റർ എന്ന നാടക സംഘം രൂപീകരിച്ച മിനി അരങ്ങിൽ എന്നും സജീവമായിരുന്നു. ചെറുതും വലുതുമായി 25 നാടകങ്ങൾ സംവിധാനം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി നാടക കളരികൾ സംഘടിപ്പിച്ചു. ചാനലിൽ പ്രൊഡ്യൂസറായിരുന്നു കുറച്ചുകാലം. 

‘‘സിനിമയിൽ ഒരു കഥ പിച്ച് ചെയ്ത് ഒരു പ്രൊഡ്യൂസറെ കണ്ടെത്തി മുന്നേറുകയെന്നതു സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ കാര്യമാണ്. 1.50 കോടി രൂപ ഒരു വലിയ തുകയാണ്. എന്നാൽ സിനിമയെ സംബന്ധിച്ച് അത്ര വലിയ തുകയല്ല. ഈ ബജറ്റിൽ പരമാവധി മിഴിവോടെ ഒരു സിനിമ ഒരുക്കുക എന്ന വെല്ലുവിളിയാണ്. അത് ഏറ്റെടുക്കുന്നു ’’– മിനിയുടെ വാക്കുകളിൽ ആത്മവിശ്വാസം. 

ലാൽജോസിനും പി.ബാലചന്ദ്രനുമൊപ്പം അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള മിനി ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ ഉൾപ്പെടെ 6 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ചു നാടകങ്ങളും 3 തിരക്കഥകളുമെഴുതി. ‘ഡിവോഴ്സ്’ എന്ന തിരക്കഥയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 

റിട്ട. ഗവ. ജോയിന്റ് സെക്രട്ടറി  എൻ.ഗോപിനാഥൻ നായരുടെയും ഇന്ദിരയുടെയും മകളാണ് മിനി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA