ADVERTISEMENT

യോഗ, പാചകം, വീട്ടിനകത്തുള്ള നടത്തം, ജീവിതത്തിൽ വിട്ടുപോയവരെയെല്ലാം തിരിച്ചു വിളിച്ചുള്ള സ്നേഹാന്വേഷണം . മോഹൻലാലിന്റെ ഇപ്പോഴത്തെ ജീവിതം അതാണ്. 

അറുപതിന്റെ നിറവിലെത്തുമ്പോൾ,  ലാൽ വീടിന്റെ സുരക്ഷിതത്വത്തിലാണ്. നാലു പതിറ്റാണ്ടിനു ശേഷം വീണുകിട്ടിയ നീണ്ട വിശ്രമ കാലം. ചെന്നൈയിലെ വീട്ടിൽനിന്ന് ഫോണിൽ ലാൽ സംസാരിച്ചു:

 

ഇത്രയും കാലം വീട്ടിലിരുന്നപ്പോൾ എന്തു മാറ്റം തോന്നി ? 

 

മാറിയോ എന്നു പുറത്തിറങ്ങിയാലെ അറിയൂ. ഞാൻ പൂർ‌ണമായും വീട്ടിലാണ്. കൂടെ ജോലി ചെയ്തവർ അടക്കമുള്ള എത്രയോ പേർ കഷ്ടപ്പാടിലാണ്. അതു വലിയ സങ്കടമാണ്. അതിനിടയിലെ ചെറിയ സന്തോഷമാണു വീട്ടിൽ ഇത്രയും കാലം ഒന്നുമാലോചിക്കാതെ ഇരിക്കാനാകുന്നു എന്നത്. രാവിലെ എഴുനേൽക്കും, വാർത്ത വായിക്കും, വ്യായാമം ചെയ്യും.

 

എന്തെങ്കിലും സങ്കടം, എന്താണ് ലാലിനെ ഇപ്പോൾ അലട്ടുന്നത്? 

 

അമ്മയുടെ അടുത്തല്ല എന്ന സങ്കടമുണ്ട്. അമ്മ കൊച്ചിയിലെ വീട്ടിൽ വിശ്രമത്തിലാണ്. ഉടൻ രണ്ടു ദിവസം കൊണ്ടു തിരിച്ചെത്താമെന്നു കരുതി പോന്നതാണു ഞാൻ. എന്നും വിഡിയോ കോളിലൂടെ കാണും, സംസാരിക്കും. എന്തു ചെയ്യാം. ഇതൊന്നും ആരും ആസൂത്രണം ചെയ്തു ചെയ്യുന്ന കാര്യങ്ങളല്ലല്ലോ.

 

ഓർമ നഷ്ടപ്പെട്ട അച്ഛനെ അമ്മ  കൈ പിടിച്ചു കല്യാണങ്ങൾക്കു കൊണ്ടു പോകുന്നതും ഊണു വാരി കൊടുക്കുന്നതും ലാൽ പറഞ്ഞിരുന്നു. അമ്മയിൽനിന്ന് എന്താണ് പഠിച്ചത്? 

 

നമ്മുടെ ജീവിതത്തിലെ ശീലങ്ങൾ ആദ്യം കിട്ടുന്നതു അമ്മയിൽനിന്നു തന്നെയല്ലേ. അമ്മ അച്ഛനെ നോക്കിയതുപോലെ എല്ലാവരോടും പെരുമാറണമെന്നു എനിക്കു തോന്നിയിട്ടുണ്ടാകാം. മനഃപൂർവ്വം ഞാൻ ഒന്നും ചെയ്യുന്നില്ല. എന്റെ ജീവിതത്തിലെ സൗഹൃദങ്ങൾ ഞാൻ പോയി, കണ്ട് കൊണ്ടുവന്നിട്ടുള്ളവയാണ്. അല്ലാതെ അവരുടെ സൗഹൃദം എന്നിലേക്കു വരാൻ കാത്തുനിന്നു സമ്പാദിച്ചവയല്ല. നല്ല മനസ്സുകളെ തേടി ചെല്ലണം എന്നു കരുതുന്ന ആളാണു ഞാൻ.  

 

സിനിമ പല വിശ്വാസങ്ങളുടെയും ഇടമാണ്. സ്വന്തം പടത്തിന്റെ റിലീസ് സമയത്തുപോലും ലാൽ അമ്പലത്തിൽ പോകുന്നതു കണ്ടിട്ടില്ല.

 

ഞാൻ വ്യക്തിപരമായി അമ്പലത്തിൽ പോയി ദൈവത്തോടു കാര്യം പറയാൻ ആഗ്രഹിക്കുന്ന ആളല്ല. കുറെക്കാലമായി ഗുരുവായൂരിൽ പോകാത്തതെന്താണെന്നു ഒരു പാടു പേർ ചോദിച്ചപ്പോൾ അടുത്ത കാലത്തു ഗുരുവായൂരിൽ പോയി. ഭക്തി എന്നതു അമ്പലത്തിൽ പോയി പറയേണ്ട കാര്യമാണെന്നു ഞാൻ കരുതുന്നില്ല. എന്റെ ഭക്തി എന്റെ മനസ്സിൽ മാത്രമാണ്. അതിന്റെ സുഖവും വേദനയും ഞാൻ അനുഭവിക്കുന്നു. ദൈവം നമുക്കു കാര്യങ്ങൾ സാധിച്ചു തരാനുള്ള ആളാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.

 

 

പ്രിയദർശൻ പറഞ്ഞു, ‘ലാൽ ഇല്ലായിരുന്നുവെങ്കിൽ പ്രിയദർശൻ ഉണ്ടാകുമായിരുന്നില്ല’ എന്ന്. സത്യൻ അന്തിക്കാടു പറഞ്ഞു, ‘ലാലിനെ കാണുന്നതിനും ശേഷവും സത്യന്റെ സിനിമാ ജീവിതം മാറി’യെന്ന്. ലാലിനെന്തു തോന്നുന്നു? 

 

എല്ലാ ഭാഷയിലെ സിനിമകളിലും ഇത്തരം കൂട്ടുകെട്ടുകൾ ഉണ്ടായിട്ടുണ്ട്. ഇതു കഥ പറച്ചിലല്ലേ. മനസ്സ് അടുത്തു നിൽക്കുന്നവർ തമ്മിൽ കൂടുതൽ നല്ല കഥകൾ കൈമാറാനാകും. പരസ്പരം കൂടുതൽ തെളിച്ചത്തോടെ കാണാനാകും. ലോഹിതദാസും സിബി മലയിലുമായി ചേർന്നു ഞാൻ എത്രോ നല്ല വേഷങ്ങൾ ചെയ്തു. പത്മരാജനും ഭരതേട്ടനും എനിക്കു വേറെ തരത്തിലുള്ള വേഷങ്ങൾ തന്നു. ഐ.വി.ശശി, ടി.ദാമോദരൻ, ജോഷി, ശ്രീനിവാസൻ, ഭദ്രൻ,ശശികുമാർ സാർഅങ്ങിനെ എത്രയോ പേർ എനിക്കു തന്ന വേഷങ്ങളും ഗുരുത്വുവുമാണ് എന്നെ ഇവിടെ എത്തിച്ചത്. എല്ലാവരുടെയും പേരു പറയുന്നില്ലെന്നു മാത്രം. സത്യേട്ടനുമായി 12 വർഷം സിനിമ ചെയ്തില്ല. അതിനു പല കാരണങ്ങളും ഉണ്ടാകും. അതു സംഭവിച്ചുപോയി എന്നു മാത്രം. ഈ സമയമത്രയും എനിക്കുള്ള കഥ മാറ്റിവച്ചുവെന്നു സത്യേട്ടൻ പറയുമ്പോൾ ഞാനനുഭവിക്കുന്നതു പറഞ്ഞറിയിക്കാനാകാത്ത അടുപ്പത്തിന്റെ ചൂടാണ്. കിലുക്കം, താളവട്ടം, കാലാപാനി പോലുള്ള സിനിമകൾ പ്രിയൻ തന്നില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു. പരസ്പരം സ്നേഹിച്ചു വളരുന്ന കാടാണു എനിക്കു ജീവിതം. 

 

മകൻ പ്രണവിന്റെ സിനിമാ ജീവിതത്തിക്കുറിച്ചു ലാലിന് ആകാംഷയുണ്ടോ?

 

അയാൾക്കുതന്നെ ആകാംഷയില്ല, പിന്നെയാണോ എനിക്ക്! അപ്പുവിന്റെ ലോകം പുസ്തകവും പർവതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു. അതിനിടയിൽ അയാൾ സിനിമയും ആസ്വദിക്കുന്നു. അപ്പു എന്നെപ്പോലെ ആഗ്രങ്ങളില്ലാതെ ജീവിക്കുന്ന ആളാണ്.

 

നരേന്ദ്ര മോദിയുമായും പിണറായി വിജയനുമായും ഒരേ അടുപ്പം സൂക്ഷിക്കുന്നത് എങ്ങനെയാണ്? 

 

എനിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ഭാഗം പിടിക്കല്ലോ ഇല്ല. ഇവർ രണ്ടുപേരും വളരെ കഷ്ടപ്പെട്ടു നേതൃത്വത്തിൽ എത്തി വലിയ കാര്യങ്ങൾ ചെയ്യുന്ന, സുതാര്യതയുള്ളവരാണെന്നു ഞാൻ വിശ്വസിക്കുന്നവരാണ്.  ആദരവു തോന്നുന്നവർ. എന്റെ മനസ്സിലെ ആദരവ് അവർ തിരിച്ചറിയുന്നു എന്നു കരുതിയാൽ മതി. അല്ലാതെ എന്റെ രാഷ്ട്രീയമല്ല അവരെ എന്നിലേക്ക് അടുപ്പിച്ചത്. ഞാൻ നേരത്തെ പറഞ്ഞില്ലേ, ഞാൻ തേടി ചെന്നു നല്ല മനസുകളെ അടുപ്പിക്കാൻ ആഗ്രഹിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com