ADVERTISEMENT

മലയാളിക്കു സ്വർണത്തോടുള്ള ഒരിഷ്ടം എന്നും മോഹൻലാലിനോടുമുണ്ട് ! കുറച്ചു സ്വർണം വാങ്ങി വീട്ടിൽ വയ്ക്കാൻ ആഗ്രഹിക്കുന്നതുപോലെ മോഹൻലാലിനെ കുറച്ചെങ്കിലും സ്വന്തമാക്കാൻ ഓരോ മലയാളിയും ആഗ്രഹിക്കുന്നുണ്ട്. സ്ത്രീകൾ പ്രത്യേകിച്ചും..! സ്വർണത്തിന്റെ കഥ പറയുന്ന ലോഹം എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഈ അഭിമുഖത്തിനായി ലാലിനെ കണ്ടത്. 

 

തേവരയിൽ കൊച്ചിക്കായലിന്റെ തീരത്തുള്ള വിസ്മയം എന്ന വീട്ടിലാണ് അക്കാലത്ത് ലാൽ താമസം. വീട്ടു മുറ്റത്തിരുന്ന് ലാൽ അന്ന് സംസാരിക്കുമ്പോൾ അരികിൽ സംവിധായകൻ രഞ്ജിത്തും നിർമാതാവും ലാലിന്റെ സഹചാരിയുമായ ആന്റണി പെരുമ്പാവൂരുമുണ്ട്.  ഒപ്പം മനോരമയിലെ എന്റെ സഹപ്രവർത്തരായ അസിസ്റ്റന്റ് എഡിറ്റർ എൻ. ജയചന്ദ്രനും ചീഫ് ഫൊട്ടോഗ്രഫർ ആർ.എസ്. ഗോപനും. 

 

വീട്ടിൽ ലാലിന്റെ അമ്മയുണ്ട്. അമ്മ ഇടയ്ക്ക് സ്വീകരണ മുറിയിൽ വന്നിരിക്കുന്നത് ഞങ്ങൾക്കു കാണാം. ലാലിനെ ആദ്യം കണ്ടത് ഓർമിച്ച് രഞ്ജിത്താണ് സംഭാഷണം തുടങ്ങിയത്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിയാണ് അന്ന് രഞ്ജിത്.  കോഴിക്കോട്ടെ മാവൂർ റോഡിലൂടെ തിക്കോടിയന്റെ വീട്ടിലേക്കു  നടക്കുമ്പോൾ റോഡിലൊരു വെളുത്ത അംബാസഡർ. ഗട്ടർ കണ്ടിട്ടോ, ആരോ വിലങ്ങൻ ചാടിയിട്ടോ എന്നറിയില്ല, പെട്ടെന്നു ബ്രേക്കിട്ട കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ലാൽ റോഡരികിൽ നിന്ന രഞ്ജിത്തിനെ നോക്കി ചിരിച്ചു. 

 

ഇക്കഥ കേൾക്കെ ലാൽ പറഞ്ഞു : എനിക്ക് അതൊന്നും ഓർമയില്ല, രഞ്ജീ..കടൽ ആദ്യം കാണുന്നത് നമ്മൾ എന്നും ഓർമിക്കും. കടൽ  അത് ഒരിക്കലും ഓർമിക്കാറില്ലല്ലോ ലാൽ... എന്ന് രഞ്ജിത്തിന്റെ മറുപടി. 

mohanlal-ranjith-2
ചിത്രങ്ങൾ: ആർ.എസ്. ഗോപൻ

 

അന്നത്തെ ചിരിയുടെ കഥ എന്താണെന്ന് അറിയില്ലെങ്കിലും രഞ്ജിത് പിന്നീട് ലാലിനെ കാണുന്നത് ഒരു സിനിമയുടെ കഥ പറയാനായിരുന്നു – പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ! 

ഇന്നലെ ഉണ്ണി കെ വാരിയരുമായുള്ള ഏറ്റവും പുതിയ സംഭാഷണത്തിൽ സൗഹൃദങ്ങളെപ്പറ്റി ലാൽ പറഞ്ഞത് ഓർമ വരുന്നു: എന്റെ ജീവിതത്തിലെ സൗഹൃദങ്ങൾ ഞാൻ പോയിക്കണ്ടു കൊണ്ടുവന്നിട്ടുള്ളവയാണ്. അല്ലാതെ അവരുടെ സൗഹൃദം എന്നിലേക്കു വരാൻ കാത്തുനിന്നു സമ്പാദിച്ചവയല്ല. നല്ല മനസ്സുകളെ തേടിച്ചെല്ലണം എന്നു കരുതുന്ന ആളാണു ഞാൻ. 

 

ലാലിന്റെ ആ ചിരി എഴുത്തുകാരനും നടനും തമ്മിൽ പിന്നീടുണ്ടാവാനിരിക്കുന്ന സൗഹൃദത്തിന്റെ അവിചാരിതമായ തുടക്കമായിരുന്നോ ! വെറുതെ അങ്ങനെ ആലോചിക്കാൻ തോന്നുന്നു. 

 

ഞാൻ ലാലിനോടു ചോദിച്ചു...  എത്ര കഥകൾ കേട്ടിട്ടുണ്ടാകും... വർഷങ്ങളായി കഥ കേട്ടുകേട്ട് എക്സൈറ്റ്മെന്റ് കുറയുണ്ടോ?

 

ലാൽ –  എക്സൈറ്റ്മെന്റ് കുറയുന്നതായി തോന്നിയാൽ പിന്നെ സിനിമയൊക്കെ നിർത്തി നമ്മൾ പുസ്തകം വായിച്ചു വീട്ടിൽ ഇരുന്നാൽ മതി. എന്നുവച്ച് എല്ലാ സിനിമകളുടെ കാര്യത്തിലും അങ്ങനെയേ ചെയ്യൂ എന്ന് തീരുമാനിക്കാനും പറ്റില്ല. അങ്ങനെ തീരുമാനിച്ചാൽ വളരെ അപൂർവമായിട്ടേ സിനിമ ചെയ്യാൻ പറ്റൂ. ഈ വ്യവസായം നിലനിൽക്കണമെങ്കിൽ അതു പോരല്ലോ. നമ്മൾ മാത്രം പോരല്ലോ. നമ്മുടെ കൂടെ ഘോഷയാത്ര പോലെ ഒരു സംഘം ഉണ്ട്. അവരുടെ ജീവിതം ഉണ്ട്. അവർക്കൊക്കെ സിനിമ കിട്ടണം. ശമ്പളം കിട്ടണം. അല്ലാതെ ഞാൻ ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂ എന്നൊക്കെ പറഞ്ഞ് ഇരുന്നാൽ അവരുടെയൊക്കെ ജീവിതം വഴിമുട്ടിപ്പോകും. എന്നുവച്ച് കിട്ടുന്ന എല്ലാ സിനിമകളും ചെയ്യണമെന്നല്ല.... ആശയക്കുഴപ്പമായല്ലോ. ഇക്കാര്യത്തിൽ അങ്ങേയ്ക്ക് എന്താണ് മറുപടി പറയാനുള്ളത് രാവണപ്രഭോ ?

 

രഞ്ജിത് ചിരിച്ചു – ഒരു മോശം സിനിമയിലായാൽപ്പോലും ലാലിന്റെ അഭിനയം നന്നായില്ല എന്ന് ഇന്നേവരെ ഒരു പ്രേക്ഷകനും പറഞ്ഞിട്ടില്ല. തന്നോട് ആവശ്യപ്പെടുന്നത്, തനിക്ക് ലഭിച്ച സാഹചര്യങ്ങൾ ഉപയോഗിച്ച് എന്നും മനോഹരമാക്കാനേ ലാൽ എന്ന ആക്ടർ ശ്രമിച്ചിട്ടുള്ളൂ. മോശം ചിത്രങ്ങളുടെ ഉത്തരവാദിത്തം ലാലിന്റേതു മാത്രമല്ല.

 

ലാൽ ഇടപെട്ടു – കഥകൾ പറയാൻ ഒരുപാടുപേർ വരാറുണ്ട്. ചിലരോടൊക്കെ വളരെ ഫോഴ്സ്ഫുൾ ആയിട്ട് നോ എന്നു പറയേണ്ടി വരാറുമുണ്ട്.

mohanlal-ranjith-4
ചിത്രങ്ങൾ: ആർ.എസ്. ഗോപൻ

 

രഞ്‍ജിത് – കഥയുടെ കണ്ടന്റിനോട് വിയോജിപ്പുണ്ടാകുമ്പോൾ ലാൽ അതു തുറന്നു പറയും, പുതുമയില്ലെന്നു തോന്നിയാൽ ഒഴിവാക്കും. തിരക്കഥ റീവർക്ക് ചെയ്ത് വരൂ, ആലോചിക്കാം എന്നാണ് അദ്ദേഹം പറയാറുള്ളത്. കിട്ടുന്നെതല്ലാം അദ്ദേഹം സ്വീകരിക്കുന്നില്ല 

 

ലാൽ –നമ്മുടേത് ചെറിയ സ്ഥലമല്ലേ, നമ്മുടെ സിനിമയും നിലനിൽക്കണ്ടേ.. പണ്ട് നസീർ സാർ പറയുമായിരുന്നു. പരശുരാമൻ മഴു കുറെക്കൂടി നീട്ടി എറിയണമായിരുന്നു. ചെറിയ സ്റ്റേറ്റ് ആയിപ്പോയി. എന്നിട്ടും എല്ലായിടത്തും നമ്മൾക്ക് ആദരവു കിട്ടുന്നുണ്ടല്ലോ..!

 

ലാലിനോട് എങ്ങനെയാണ് രഞ്ജിത് കഥ പറയുന്നത് ? ലാൽ കഥ കേൾക്കുന്നതോ  ?

 

രഞ്ജിത് –  ഒരു സിനിമയുടെ ആശയം ഷെയർ ചെയ്യുമ്പോൾ മോഹൻലാൽ എന്നും ചോദിച്ചിട്ടുള്ള  ചോദ്യം  ഇതാണ് – എന്തിനാണ് രഞ്ജിത് ഇപ്പോൾ ഇങ്ങനെയൊരു സിനിമ ? അതിനുള്ള ഉത്തരം ആ കഥ പറയുന്ന ആളുടെ കൈയിൽ ഉണ്ടോ എന്നാണ് ആദ്യം ഇദ്ദേഹം ചെക്ക് ചെയ്യാറുള്ളത്.

 

‌ലാൽ – പല സിനിമകളും ചെയ്തു കഴിഞ്ഞ് ഞാൻ ആലോചിക്കാറുണ്ട് എന്തിനാണ് അങ്ങനെയൊരു സിനിമ ചെയ്തത്. ഉത്തരമില്ല. സ്പിരിറ്റ് എന്തിനു ചെയ്തു എന്നു ചോദിച്ചാൽ അതൊരു വലിയ സാമൂഹിക പ്രശ്നത്തെപ്പറ്റിയാണ് എന്ന് ഒരു ഉത്തരമുണ്ട്. 

 

രഞ്ജിത് – ഞാനും ലാലും കഴിഞ്ഞാൽ ഒരു മൂന്നാമത്തെ ആളുണ്ട്. അത് പ്രേക്ഷകനെന്ന് മോഹൻലാൽ പറയും. പക്ഷേ, അതിനും ഇടയ്ക്ക് മറ്റൊരാളുണ്ട്. അതാണ് ആന്റണി പെരുമ്പാവൂർ. സിനിമയുടെ നിർമാതാവ്. ലാലിന്റെ ഡേറ്റുണ്ട്, എന്നാലൊരു സിനിമ ചെയ്യാം എന്ന് ആലോചിച്ചു വരുന്നയാളല്ല ആന്റണി. അയാൾ പ്രേക്ഷക സമൂഹത്തിന്റെ ഒരു സ്പെസിമെൻ ആയി നിന്നിട്ടാണ് സിനിമകൾ നിർമിക്കുന്നത്. സിനിമയുടെ കഥ കേൾക്കുമ്പോൾ ആന്റണിക്ക് അത് രുചിക്കുന്നുണ്ടോ, അയാളെ രസിപ്പിക്കുന്നുണ്ടോ എന്നത് അനുസരിച്ചാണ് അയാൾ അതിൽ മുതൽമുടക്കാൻ വരുന്നത്. ഞങ്ങൾ ആന്റണിയിലാണ് വിശ്വസിച്ചിരിക്കുന്നത് !

mohanlal-ranjith-3
ചിത്രങ്ങൾ: ആർ.എസ്. ഗോപൻ

 

ലാലേട്ടന് എന്താണു പറയാനുള്ളത് ?

 

ലാൽ –  രസിപ്പിക്കുന്ന ഒരു കഥ വേണം. കഥ കേൾക്കുമ്പോൾ നമ്മൾക്ക് ഒരു പെപ്പ് ഉണ്ടാകണം. എല്ലാവരുടെ കൈയിലും അത്തരം സബ്ജക്ടറ്റ് ഉണ്ടാവട്ടെ.. ഇതിനെ കുറച്ച് ലളിതമാക്കി പറയൂ രഞ്ജിത്, പ്ളീസ്, പറയൂ..

 

രഞ്ജിത് – ഒരു പാൻ ഇന്ത്യൻ ലവലിലുള്ള തോട്സ് വരുമ്പോഴാണ് സിനിമ ഭാഷയ്ക്ക് അതീതമായി വളരുന്നത്. മറ്റു ഭാഷക്കാർ വന്ന് ആ സിനിമയെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

 

രസകരം എന്നു പറയുന്നത് എന്ത് അർഥത്തിലാണ് ?

 

ലാൽ – എനിക്ക് ആ വേഷം ചെയ്യാൻ ഒരു പെപ്പ് തോന്നണം. കഥ കേൾക്കുമ്പോൾ എന്നിട്ട് എന്തു സംഭവിച്ചു എന്ന് ഒരു ആകാംക്ഷ തോന്നണം.  കേട്ടിരിക്കെ ആ കഥ നമ്മളെയും കൊണ്ട് എങ്ങോട്ടോ യാത്ര ചെയ്യണം. ആ യാത്ര ഒരു സിനിമയിലെത്തണം.  വളരെ അപൂർവമായിട്ടേ അതു കിട്ടാറുള്ളൂ. ചിലപ്പോൾ നമ്മൾ ചിന്തിക്കുന്ന രീതിയിൽ കഥ വരും. അതു രസകരമാണ്. ചിലപ്പോൾ ഒട്ടും ചിന്തിക്കാത്ത രീതിയിലേക്കു മാറും. അപ്പോൾ കൂടുതൽ രസകരം. ദ്യശ്യം എന്ന സിനിമയുടെ കഥ കേട്ടപ്പോൾ അങ്ങനെ തോന്നി. 

 

mohanlal-ranjith-1

ലാലിനെപ്പോലെ ഒരു നടനെ രസിപ്പിക്കുക.  രസിപ്പിക്കുക ഭയങ്കര പാടുള്ള ജോലിയല്ലേ ? 

 

രഞ്ജിത് – ഞാൻ രാവിലെ എഴുന്നേറ്റ് കുളിച്ച് വേഷം മാറി മമ്മൂട്ടിയുടെ അല്ലെങ്കിൽ മോഹൻലാലിന്റെ വീട്ടിൽ പോയി ഇവരിൽ ഒരാളെ ഒന്നു രസിപ്പിച്ചേക്കാം എന്നു വിചാരിക്കുകയല്ലല്ലോ.  ഒരു കഥ മനസ്സിൽ തോന്നുമ്പോൾ എനിക്കു കിട്ടുന്ന എക്സൈറ്റ്മെന്റ് ഞാൻ ഷെയർ ചെയ്യുകയാണ്. അത് അദ്ദേഹത്തിനും അതേ അളവിൽ ലഭിച്ചാൽ മാത്രം അതൊരു സിനിമയാകുന്നു. ഞങ്ങൾ പരസ്പരം പറ‍ഞ്ഞ എല്ലാക്കഥകളും സിനിമയാക്കിയിട്ടില്ലല്ലോ. 

 

ലാൽ ഒരു നിമിഷം ഏതോ ചില കഥകൾ ഓർമിച്ചതുപോലെ ... എന്നിട്ടു പറഞ്ഞു– സത്യമാണ് എത്രയോ കഥകൾ നമ്മൾ സംസാരിക്കുന്നു ! എഴുതുന്ന ആൾക്ക് ആ കഥ ഇഷ്ടമായിരിക്കും. നമ്മളോടു ഷെയർ ചെയ്യുമ്പോൾ നമ്മൾ ചില ചോദ്യങ്ങൾ ചോദിക്കും. അതിന്റെ ഉത്തരം എനിക്കു മനസ്സിലാകണം.  അതിനാണ് ഒരു സിങ്ക് എന്നു പറയുന്നത്.

 

കഥ നടന് ഇഷ്ടപ്പെട്ടില്ലെങ്കിലോ ?

 

രഞ്ജിത് – അതിൽ വാശി പിടിക്കാതിരിക്കുക. ഞാൻ ഇദ്ദേഹത്തിനോട് ഒരു കഥ പറഞ്ഞു.  രഞ്ജീ, ഈ കഥ അതായത്...പിന്നെ... എന്നൊക്കെ ലാൽ പറയാൻ തുടങ്ങുമ്പോൾത്തന്നെ  എനിക്കു കാര്യം മനസ്സിലാകും. എന്നാൽ ശരി കാണിച്ചു തരാം എന്ന മട്ടിൽ  ആ കഥയിൽത്തന്നെ മുറുകെപ്പിടിക്കുകയും ലാലിന്റെ  വീട്ടിൽ നിന്നിറങ്ങി ഒരു കാറെടുത്ത് പനമ്പിള്ളി നഗറിലേക്ക് ലൈറ്റിട്ടു പായുകയും ചെയ്യുക, മമ്മൂട്ടിയെ കാണുക, അദ്ദേഹത്തോടു പറയുക. അത് എന്റെ രീതിയല്ല. ആദ്യത്തെ കേൾവിയിൽത്തന്നെ ഒരാളെ എൻഗേജ് ചെയ്യിക്കാനും എക്സൈറ്റ്മെന്റ് ഉണ്ടാക്കാനും പറ്റിയില്ലെങ്കിൽ അതിനെ അവിടെ മറക്കുക. അതാണ് എന്റെ രീതി. ഞാനൊരു ഗംഭീര കഥ പറഞ്ഞു, പാവം ലാലിന് അത് മനസ്സിലായില്ല, എന്നു പുറത്തു പോയി പറഞ്ഞു നടക്കാറില്ല ഞാൻ. 

 

കഥയുമായി വരുന്ന ആളും കേൾക്കുന്ന ആളും സാക്ഷിയാക്കി ചോദിക്കുകയാണ്. ഒരാൾ വന്ന് കഥ പറഞ്ഞ് രസിപ്പിക്കുന്നതാണോ സിനിമയുടെ തുടക്കം ? 

 

ലാൽ –ഹോളിവുഡിൽ ഒക്കെ നടൻ കഥകൾ അറിയുന്നു പോലുമുണ്ടാവില്ല. അവിടെ കഥ കേൾക്കാൻ മാത്രം ആളുകളുണ്ട്. ഒരു പ്രോജക്ട് ഉണ്ടാകും. നടന്മാരെ തീരുമാനിക്കാൻ കാസ്റ്റിങ് ഡയറക്ടർ ഉണ്ടാകും. അതിലേക്ക് നടൻ വരികയാണ്. നമ്മുടെ ഇവിടെ നേരെ തിരിച്ചല്ലേ.. ഒരു ഡയറക്ടറും പ്രൊഡ്യൂസറും വരുന്നു. കഥ പറയുന്നു. ഒരു സിനിമ ചെയ്യണമെന്നു പറയുന്നു. അതാണ് ഇവിടത്തെ കീഴ്‌വഴക്കം.

 

രഞ്ജിത് പറഞ്ഞു– ഈ ഇന്റർവ്യൂവിന്റെ കാര്യം തന്നെ നോക്കൂ. വിനോദ് എന്നോടു വിളിച്ചു പറയുന്നു, മോഹൻലാലിന്റെ ഒരു ഇന്റർവ്യൂ വേണം. കൂടെ ഞാനും ഇരിക്കണം.  ബോളിവുഡിൽ ഇതൊക്കെ ചിന്തിക്കാൻ പറ്റുമോ? 

 

ലാൽ –  തമിഴിൽ പറ്റുമോ ? ഒന്നും പറ്റില്ല. ദേഹപരിശോധന, സെക്യൂരിറ്റി ക്ളിയറൻസ് എന്തൊക്കെ കഴിഞ്ഞാലാണ് ഒരു നടന്റെ അല്ലെങ്കിൽ സംവിധായകന്റെ അടുത്ത് എത്താൻ പറ്റുക !

 

രഞ്ജിത് – നമ്മൾ ഇപ്പോൾ മോഹൻലാലിന്റെ വീടിനു പിന്നിലെ കായൽത്തീരത്ത് ഇരുന്നാണ് സംസാരിക്കുന്നത്. നിങ്ങൾക്ക് മനോധർമം അനുസരിച്ച് ചോദിക്കാം. വേറെ എവിടെ പറ്റും ഇത് ! മറ്റു ഭാഷകളിലെ അഭിമുഖത്തിന് എത്രയോ ദിവസം മുമ്പ് ചോദ്യങ്ങൾ നടന്റെ സെക്രട്ടറിയെ ഏൽപ്പിക്കണം. അവർ അത് വായിച്ച് അംഗീകരിച്ച് ആവശ്യം ഇല്ലാത്തത് വെട്ടിക്കളഞ്ഞ്, വേണ്ടത് കൂട്ടിച്ചേർത്ത് ഒക്കെയാണ് അഭിമുഖങ്ങൾ പോലും. 

 

യഥാർഥ ജീവിതം ഇങ്ങനെയൊക്കെയാണെങ്കിലും സിനിമയിൽ കാണുന്ന ജീവിതം അങ്ങനെയല്ലല്ലോ.  ദേവാസുരത്തിലും രാവണപ്രഭുവിലൊക്കെ ലാർജർ ദാൻ ലൈഫ് കഥാപാത്രങ്ങളാണ് എന്നു വിമർശനമുണ്ടല്ലോ.. ?

 

ലാൽ–  എല്ലാ സിനിമകളും അങ്ങനെയല്ലേ; നമ്മൾ ജീവിതത്തിൽ സിനിമയിലെപ്പോലെ ഡയലോഗുകൾ പറയാറില്ലല്ലോ.. അങ്ങനെ നോക്കിയാൽ എല്ലാ കഥാപാത്രങ്ങളും അമാനുഷികന്മാർ തന്നെയാണ്. ദൃശ്യം എന്ന സിനിമയിൽ ജോർജ്കുട്ടി ചെയ്തതുപോലെ ചെയ്താൽ പൊലീസ് പിടിച്ച് ഇടിച്ചു മഹാനാശമാക്കിക്കളയില്ലേ... 

 

രഞ്ജിത് – പലരും വെറുതെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശക്തമായ സ്ത്രീകഥാപാത്രമുള്ള സിനിമയാണ് ദേവാസുരം.  നർത്തകിയായ സ്ത്രീയുടെ മുന്നിൽ തോൽക്കുന്ന ആണു തന്നെയാണ് മംഗലശേരി നീലകണ്ഠൻ.

 

ലാൽ – നരസിംഹം എന്ന സിനിമ വ്യത്യസ്ത അഭിരുചികളുള്ള അച്ഛന്റെയും മകന്റെയും സ്നേഹത്തിന്റെ കഥയാണ്. ആ സിനിമയിൽ ഏറ്റവും കൂടുതലുള്ളത് ഇമോഷൻസാണ്.  

 

രഞ്ജിത് – ഇതെല്ലാം മനപ്പൂർവം മറന്നിട്ടാണ് മോഹൻലാൽ മീശ പിരിച്ചു എന്നു മാത്രം പറയുന്നത്.  നമ്മൾക്ക് ഏറ്റവും ഹിറ്റായ ഒരു ഇന്ത്യൻ സിനിമയെപ്പറ്റി സംസാരിക്കാം. 

ബാഹുബലി. അതിലെ നായകൻ മനുഷ്യർക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നത്.  ആതിരപ്പള്ളി വെള്ളച്ചാട്ടത്തിലെ വഴുക്കുള്ള പാറക്കെട്ടുകളിൽക്കൂടി പിടിച്ചു കയറിപ്പോകുന്നുണ്ട് ബാഹുബലി. നരസിംഹത്തിലോ ആറാം തമ്പുരാനിലോ ‍ നായകനെക്കൊണ്ട് ഇങ്ങനെയൊന്നും ഞാൻ ചെയ്യിച്ചിട്ടില്ല,  ഓരോ സമയത്തും നമ്മൾ റിയാക്ട് ചെയ്യുന്ന രീതി ഓരോന്നായിരിക്കും.. ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠൻ പൊലീസുകാരോടു പറയുന്നത് സ്ഥലം മാറ്റിക്കളയുമെന്നല്ല, കൊന്നു കളയും ഞാൻ എന്നാണ്. വർഷങ്ങൾക്കു ശേഷം സ്പിരിറ്റിലെ നായകൻ മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലാകുമ്പോൾ ആ ഡയലോഗ് അല്ലല്ലോ പറയുന്നത്. അയാൾ പൊലീസ് സ്റ്റേഷനിലേക്കു പോകാൻ തയാറാവുകയാണ്. എന്റെ ഇപ്പോഴത്തെ പ്രായവും അതിനു കാരണമാകാം. 

 

ലാൽ – സ്പിരിറ്റിലെ നായകൻ‌ തനിക്കു ഷുഗർ ഉണ്ടോയെന്നു ടെസ്റ്റ് ചെയ്യണമെന്ന് പൊലീസുകാരോടു പറയുകയാണ് ചെയ്യുന്നത് !

 

രഞ്ജിത് – മറ്റു മദ്യപന്മാർക്കൊപ്പം സ്റ്റേഷനിൽ ഇരുന്നിട്ട് ആ സിറ്റ്‌വേഷൻ ഈസിയായി കൈകാര്യം ചെയ്യുകയാണ് സ്പിരിറ്റിലെ നായകൻ ചെയ്യുന്നത്. അതും ഹീറോയിസമാണ്.   തിരുവനന്തപുരത്ത് നരസിംഹവും സ്ഫടികവുമൊക്കെ കളിക്കുമ്പോൾ ഇന്റർവെല്ലിന് ഒരു അടിയുണ്ടാകും. കാരണം തിയറ്ററിൽ നിന്ന് സിനിമ കണ്ട് ഇറങ്ങി വരുന്നവരൊക്കെ മോഹൻലാൽമാരാണ്. അത് മറ്റൊരു ഹീറോയിസം.

 

ലാൽ – തൃശൂരിൽ ചിലർ മുണ്ട് ഊരി തലയിലിട്ട് ഇടിച്ചിട്ടുണ്ട് !

 

രഞ്ജിത് – നരസിംഹം ഇറങ്ങിയ സമയത്ത് തൃശൂരിലെ ചില ചെറുപ്പക്കാർ സോഡ വാങ്ങുന്നതു നിർത്തി. മദ്യം വാങ്ങി കുളത്തിലെ വെള്ളത്തിൽ മിക്സ് ചെയ്ത് കഴിക്കാൻ തുടങ്ങി. ഇപ്പോഴത്തെ എന്റെ ഹീറോയ്ക്ക് ചെയ്യാൻ പറ്റില്ല. ആളു മരിച്ചുപോകും. ഓരോ കാലത്തും ഓരോ രീതിയാണ്. കാലം, പ്രായം തുടങ്ങിയവയൊക്കെ അതിനു ബാധകമാണ്.  ദൃശ്യത്തിലെ നായകനെ സമൂഹം മാരകമായി ആക്രമിക്കുമ്പോഴും അയാൾ തിരിച്ച് ആക്രമിക്കുകയല്ല ചെയ്യുന്നത്. ബുദ്ധിപരമായി അതിൽ നിന്നു രക്ഷപ്പെടാനുള്ള നീക്കം നടത്തുകയാണ്. ദൃശ്യത്തിൽ പൊലീസുകാർ  ഇടിച്ചപ്പോൾ ലാലേട്ടൻ തിരിച്ച് ഇടിക്കണമായിരുന്നു എന്ന് ഒരു ആരാധകനും പറഞ്ഞില്ല. വിശ്വസനീയമാവണം ആ കഥാപാത്രം. അത്ര മതി. 

 

രാവണപ്രഭുവിന്റെ വിശ്വസനീയത അല്ല, സ്പിരിറ്റിൽ, അതല്ല ദൃശ്യത്തിൽ. നരസിംഹത്തിലെയും  ദേവാസുരത്തിലെയും  നായകനെപ്പോലെയുള്ള ഹീറോയിസം തന്നെയാണ് ദൃശ്യത്തിലെ ജോർജ്കുട്ടിയും ചെയ്തിട്ടുള്ളത്. എത്ര ബ്രില്യന്റായിട്ടാണ് അയാൾ ആ  കുടുംബത്തെ സേവ് ചെയ്തത്. അതല്ലേ ഹീറോയിസം. അതാണ് അതിമാനുഷം !

ലാൽ –മേക് ബിലീഫ്. അതാണ് സിനിമ. ടെർമിനേറ്ററും ഏലിയനും ചെയ്യുന്നതൊന്നും നമ്മൾക്ക് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളല്ലേ, നമ്മൾ അതിനെ വിശ്വസിപ്പിക്കുകയല്ലേ.. ഹോളിവുഡിൽ എത്ര കാലമായി രണ്ടു പച്ച മനുഷ്യർ തമ്മിൽ വഴക്കു പിടിച്ചിട്ട് !  എല്ലാം ട്രാൻസ്ഫോമറുകളും അന്യഗ്രഹജീവികളുമല്ലേ.. !(ദൃശ്യം രണ്ടാംഭാഗമായിരിക്കും ഇനി താൻ ആദ്യംചെയ്യുന്ന സിനിമയെന്ന് അനൗൺസ് ചെയ്തു കഴിഞ്ഞു മോഹൻലാൽ.)

 

കുറെ വർഷങ്ങളായി മലയാളിയുടെ മോഹം അല്ലേ,  ലാലേട്ടൻ പ്രണയിക്കുന്നതുപോലെ പ്രണയിക്കണം,  ഇടിച്ചതുപോലെ ഇടിക്കണം... ലാലേട്ടനെപ്പോലെയുള്ള ഭർത്താവു വേണം എന്നൊക്കെ..?

 

ലാൽ ഒന്നു ചമ്മി. മുഖം സായംകാലത്തെ സൂര്യനെപ്പോലെ പൂത്തുലഞ്ഞു, ചുവന്നു. – അത്തരം കഥാപാത്രങ്ങൾ അല്ലേ.. അത് ഞാനല്ലല്ലോ. 

 

സ്ത്രീകളെ ആകർഷിക്കുന്ന എന്തു ഘടകമാണ് ഈ മനുഷ്യനിലുള്ളത് ?

 

ലാൽ – ആകർഷിക്കപ്പെടുന്നുണ്ടോ ? അത് ആദ്യം അന്വേഷിച്ചിട്ട് ഉത്തരം പറയാമെന്നേ...

 

ഈ ചോദ്യം മോഹൻലാലിനോടല്ല.. രഞ്ജിത്തിനോടാണ്. എന്താണ് ഇദ്ദേഹത്തിന്റെ പൗരുഷം ? ആറടി എട്ടിഞ്ച് ഉയരവും വിടർന്ന നെഞ്ചുമൊന്നും ഇല്ലല്ലോ ?

 

ലാൽ – അല്ല രഞ്ജീ, നമ്മൾ ചെയ്ത കഥാപാത്രങ്ങൾ തന്നെയാണ്.. അല്ലേ..

 

ഇതിനു രഞ്ജിത് ഉത്തരം പറഞ്ഞോട്ടെ. ലാലേട്ടൻ ദയവായി വിഷയം മാറ്റാൻ ശ്രമിക്കല്ലേ.. 

 

ലാൽ ചിരിച്ചു – ഇല്ലേയില്ല, ഞാൻ അറിയാതെ പറഞ്ഞതാണ്. വിട്ടു..

 

രഞ്ജിത് – എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ്. അയാൾക്ക് ഡിഗ്രി വിദ്യാഭ്യാസം കഷ്ടി, തൊഴിലില്ല, രാവിലെ വീട്ടിൽ നിന്നിറങ്ങും.. വൈകുന്നേരം വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും ചോദിക്കുന്ന ചോദ്യങ്ങൾ കേൾക്കാൻ പറ്റില്ല.  അവരുടെ കണ്ണിൽപ്പെടാതെ വീട്ടിനകത്തു മുറിയിലേക്ക് എങ്ങനെ കയറും എന്ന് ആലോചിച്ചാണ്  ഓരോ ദിവസവും പോകുന്നത്. ആ കാലഘട്ടത്തിൽ തന്നെ രക്ഷിച്ചത് ലാലേട്ടനാണെന്നാണ് അയാൾ പറയുന്നത്..  ഷഹബാസ് അമൻ എന്ന പാട്ടുകാരനെപ്പറ്റിയാണ് ഇത്. ഓരോ ദിവസവും വിഡിയോ ഷോപ്പിൽ നിന്ന് ഒന്നുകിൽ നാടോടിക്കാറ്റ്,, അല്ലങ്കിൽ വരവേൽപ്.. അല്ലെങ്കിൽ മറ്റൊരു മോഹൻലാൽ ചിത്രത്തിന്റെ കസെറ്റ് എടുത്തുകൊണ്ടു വരും. അത് വീട്ടുകാർക്ക് മുന്നിൽ വച്ചിട്ട് അവരുടെ ശ്രദ്ധ ആ സിനിമയിലാകുന്ന തക്കം നോക്കി സൂത്രത്തിൽ മുറിയിൽ കയറി രക്ഷപ്പെടുകയാണ്.  വിഡിയോ കസെറ്റിന് പത്തു രൂപ വാടക. മധ്യവർത്തി ചെറുപ്പക്കാരന്റെ പ്രശ്നങ്ങൾ. തൊഴിലില്ലായ്മ ഇതൊക്കെയാണ് ഇദ്ദേഹം മലയാളിയുടെ മുന്നിൽ അവതരിപ്പിച്ചത്.  

 

ലാൽ – ആ പ്രശ്നങ്ങൾക്കിടയിലും ഒരു പെൺകുട്ടിയെ പ്രണയിക്കും അയാൾ..

 

രഞ്ജിത് – ഇയാളുടെ പ്രശ്നങ്ങളൊക്കെ മലയാളി സമൂഹം അനുഭവിച്ചതാണ്. പലർക്കും അവരുടെ കാമുകനെ, സഹോദരനെ ഒക്കെ ലാലിൽ കാണാൻ പറ്റി. 

 

ലാൽ – നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമ കണ്ടുകഴിഞ്ഞാൽ ആ സമയത്ത് സ്ത്രീകൾക്കൊക്കെ അങ്ങനെയൊരു അയൽക്കാരനെ കിട്ടിയെങ്കിൽ എന്നു തോന്നും...

രഞ്ജിത് – തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെന്ന കാമുകനോട് എല്ലാവർക്കും ഭയങ്കര അസൂയ തോന്നാറുണ്ട്. 

 

ലാൽ – അതല്ലേ ഞാൻ പറഞ്ഞത് ഞാനല്ല, എന്റെ കഥാപാത്രങ്ങളാണെന്ന്. 

 

രഞ്ജിത് –  കുടുംബം എന്നത് ഇപ്പോൾ ഒരു സിനിമയുടെയും പശ്ചാത്തലം അല്ല.  ഭൂരിപക്ഷം സിനിമകളും സൗഹൃദങ്ങളാണ്. എല്ലാവരും സുഹൃത്തുക്കൾ.  വീട് പലപ്പോഴും സിനിമയിൽ ഇല്ല. തട്ടിൻപുറങ്ങളിലാണ് അവർ ഒത്തു കൂടുന്നത്. 

 

ലാൽ – ഈ അടുക്കള എന്നു പറയുന്നത് അടുപ്പിക്കുന്ന സ്ഥലമാണ്. നമ്മുടെ എത്രയോ സിനിമകളിൽ മുമ്പ് അതു കണ്ടിരുന്നു..

 

രഞ്ജിത് – ഇപ്പോൾ കുട്ടികൾ കൂടുതലായി ജങ്ക് ഫുഡ് കഴിക്കുന്നവരാണ്. അവർക്ക് അടുക്കള വേണ്ട. വീട്ടിലെത്തിയിട്ടു വേണം ഉണ്ണാൻ എന്നു പറയുന്നവരെപ്പോലും കാണാനില്ല. 

 

ലാൽ – എനിക്ക് പണ്ട് എല്ലാ സിനിമയിലും ഊണുകഴിക്കുന്ന സീൻ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല.

 

ഇപ്പോൾ എഴുത്തുകാരന്റെ റോളും കുറഞ്ഞു വരികയല്ലേ..

 

രഞ്ജിത് – തമിഴ്നാട്ടിലൊക്കെ ഒരു സംഘമായിട്ടാണ് ഇപ്പോ‍ൾ എഴുത്ത്. സുജാതയോ കെ. ബാലചന്ദ്രൻ സാറോ ഒക്കെ ഒഴിച്ചാൽ ബാക്കിയൊക്കെ സംഘങ്ങളാണ്. അതു തന്നെയാണ് മലയാളത്തിലും ഇപ്പോൾ. അടുത്ത കാലത്തിറങ്ങിയ പല മലയാള സിനിമയുടെയും തിരക്കഥാകൃത്തിന്റെ പേര് ഓർമയിൽ ഇല്ല. ആ സ്ഥാനം ഇല്ലാതാവുന്നു. എഴുത്ത് ഒരു സംഘപ്രവൃത്തിയായി  മാറുന്നു.

 

ലാൽ – അതുകൊണ്ട് മോശം എന്നൊന്നും അർഥമില്ല പുറത്ത് അങ്ങനെയൊക്കെയാണ്..അവിടെ സ്ക്രിപ്റ്റ് കറക്ട് ചെയ്യുവാൻ ആളുണ്ട്. ഒരു തിരക്കഥ വഴിമുട്ടി നിന്നാൽ അവർ വന്ന് ചികിത്സിച്ചു നേരെയാക്കും.

 

രഞ്ജിത് – തിരക്കഥ ആവശ്യമില്ലെന്നു പറയുന്ന കാലഘട്ടമാണല്ലോ.  തിരക്കഥയെ നിഷേധിക്കുക. ഗോ ആൻഡ് ഷൂട്ട്..

 

ലാൽ – ഷൂട്ട് വാട്ട് ?

 

ലാലേട്ടന്റെ ഇപ്പോളത്തെ ചോദ്യം ഒരു പഞ്ച് ഡയലോഗ് പോലെയുണ്ട്.  പഞ്ച് ഡയലോഗുകളുടെ സ്വീകാര്യത സ്വകാര്യമായെങ്കിലും ആഹ്ളാദിപ്പിക്കുന്നില്ലേ?

 

രഞ്ജിത് – ആഹ്ളാദത്തിനപ്പുറം പ്രേക്ഷകർ തിയറ്ററിൽ സ്വീകരിച്ചു എന്നറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ. അതാണ് പ്രധാനം.  അത്തരം വിജയങ്ങളിലും ലാലിന്റെ റിയാക്‌ഷൻ ഞാ‍ൻ ശ്രദ്ധിക്കാറുണ്ട്.  ലാൽ വലിയ വിജയങ്ങളെ ഒരിക്കലും കൊണ്ടുനടക്കാറില്ല. അതിനെക്കുറിച്ച്  വാചാലനാകുക, കണ്ടോ ഞാൻ  ആ സിനിമയിൽ ചില സാധനങ്ങൾ ഇറക്കിയിട്ടുണ്ട് എന്നൊക്കെ പറയുക. അതൊന്നും ചെയ്യില്ല. ഞാൻ ലാലിൽ നിന്നു പഠിച്ചത് അതു തന്നെയാണ്. പർപസ് കഴിഞ്ഞാൽ അതിനെയങ്ങു മറന്നേക്കുക. 

 

പർപസ് കഴി‍ഞ്ഞാൽ ലാലത് മറക്കും.. പിന്നെയത് തലമുറകളോളം ഓർമിച്ചും ലാളിച്ചും പറഞ്ഞും നടക്കുന്നത് മലയാളിയുടെ ഉത്തരവാദിത്തം, ഇഷ്ടം !

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com