ADVERTISEMENT

‘പത്തു വർഷം പെട്ടെന്നു കഴിഞ്ഞുപോയതുപോലെ. തലശ്ശേരിയിൽ മലർവാടി ഷൂട്ട് ചെയ്ത പകലുകളും രാത്രിയും അതിലേക്കു തിരഞ്ഞെടുക്കപ്പെട്ട നിമിഷങ്ങളും കുറെ ദിവസങ്ങളായി മനസ്സിലേക്ക് ഓടിവരികയാണ്, ഓരോ ഫ്രെയിമായി. വേറൊരു ജീവിതം മുന്നോട്ടു വച്ചുതന്ന വിനീത് ശ്രീനിവാസൻ, ഒപ്പം നിന്ന കൂട്ടുകാർ. അങ്ങനെ ഒരുപാടു പേരോടു പറഞ്ഞാൽ തീരാത്ത നന്ദിയോടെ മനസ്സു തുളുമ്പി നിൽക്കുന്നു. അപ്രതീക്ഷിതമായി കിട്ടിയ സൗഭാഗ്യമാണ് സിനിമ’ – പുതുമണം മാറാത്ത ആലുവയിലെ വീടിന്റെ പടവുകളിലിരുന്ന് നിവിൻ പോളി കാലത്തെ ചേർത്തു പിടിച്ചു ചിരിച്ചു. 2010 ജൂലൈ 16ന് ഒബ്റോൺമാളിൽ മലർവാടി ആർട്സ് ക്ലബ്ബിന്റെ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴത്തെ അതേ ചിരി.

 

nivin-premam-1

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ വീടൊന്നു പുതുക്കി നേരെയാക്കിയത് കഴിഞ്ഞ മാർച്ചിൽ. അപ്പോഴേക്കും ലോക്ഡൗൺ വന്നു. അതുകൊണ്ട് പുതിയ വീട്ടിൽ ഇഷ്ടംപോലെ സമയം. പ്രിയപ്പെട്ട പലതും വെള്ളം കവർന്നു. നനഞ്ഞുപോയതിൽ അച്ഛന്റെ പ്രിയപ്പെട്ട ക്യാമറകളും ഫിലിമുകളുമുണ്ടായിരുന്നു. അതെല്ലാം ഈയിടെ നന്നാക്കി. ചില ചിത്രങ്ങൾ വീണ്ടെടുത്തു. 

 

nivin-premam

‘ഞാൻ ബെംഗളൂരുവിൽ ഇൻഫോസിസിൽ ജോലി ചെയ്യുമ്പോഴാണ് അച്ഛന്റെ മരണം. സിനിമാമോഹങ്ങളൊന്നും അച്ഛനോടു പറഞ്ഞിരുന്നില്ല. ഒരുപക്ഷേ, അന്നതു പറഞ്ഞിരുന്നെങ്കിൽ അച്ഛൻ പിന്തുണച്ചേനെ. ചെറുപ്പകാലത്ത് തനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ താൽപര്യം കാണിച്ച വ്യക്തിയായിരുന്നു അച്ഛൻ. അങ്ങനെയാണ് അച്ഛനു ക്യാമറയോട് ഇഷ്ടം വരുന്നത്. ഐടി മേഖലയിൽ തുടരാൻ താൽപര്യമില്ലെന്നു പറഞ്ഞ് ഞാൻ അച്ഛനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: മോനെ, ഇതൊരു മാന്ദ്യകാലമാണ്. സ്വന്തമായി അധ്വാനിച്ചു പണമുണ്ടാക്കുന്നത് ഒരു അനുഭവമാണ്. അപ്പോൾ ജീവിതത്തോടുള്ള കാഴ്ചപ്പാടു മാറും. അതൊന്ന് എക്സ്പീരിയൻസ് ചെയ്ത ശേഷം നീ ഇഷ്ടമുള്ള തീരുമാനമെടുത്തുകൊള്ളൂ’ – നിവിന്റെ വാക്കുകളെ മൗനം വന്നു മൂടി. 

 

nivin-4

മലർവാടിയുടെ ഓഡിഷനു ഷോർട് ലിസ്റ്റ് ചെയ്തവരിൽ ആദ്യം ഞാനുണ്ടായിരുന്നില്ല. ആ സമയത്ത് വിനീതിന്റെ ബ്ലോഗ് കൃത്യമായി വായിക്കാറുണ്ടായിരുന്നു. ഒരിക്കൽ വിനീത് എഴുതി: മനസ്സിൽക്കണ്ട നാലുപേരിൽ ഒരാളെയാണ് ഇനി കിട്ടാനുള്ളത്. അതിൽ ക്യാരക്ടറിന്റെ ഒരു ചെറിയ സ്കെച്ച് ഉണ്ടായിരുന്നു. അപ്പോൾത്തന്നെ  ബാക്കിയുണ്ടായിരുന്ന രണ്ടു ഫോട്ടോയും ഞാനയച്ചു. അന്ന് വീണു കാലൊടിഞ്ഞിരിക്കുകയായിരുന്നു. എങ്കിലും മനസ്സു പറഞ്ഞു, എങ്ങനെയെങ്കിലും ഓഡിഷനു പോകണം. സുഹൃത്ത് മജുവും കസിൻ ധീരജും കൂടിയാണ് എന്നെ കൊണ്ടുപോകുന്നത്. മൂന്നാം നിലയിലെ ഓഡിഷൻ ഹാളിലേക്ക് അവരെന്നെ എടുത്തുകൊണ്ടു പോവുകയായിരുന്നു. അങ്ങനെയാണു വിനീത് എന്നെ ആദ്യം കാണുന്നത്. പ്ലാസ്റ്ററിട്ട കാലുകളുമായി ഒരു സിനിമാമോഹി അന്തരീക്ഷത്തിലൂടെ വരുന്നു.

 

‘ഒരു വടക്കൻ സെൽഫി’യിലെ ഉമേഷിനെപ്പോലെ ഉഴപ്പൻ കഥാപാത്രങ്ങളോട് ഒരിഷ്ടമുണ്ടോ? പ്രേക്ഷകൻ അത്തരം കഥകൾ പിന്നെയും പിന്നെയും ഇഷ്ടപ്പെടുന്നു ?

 

alphonse-nivin

അത്തരം സിനിമകൾ ധാരാളമായി വന്നുകൊണ്ടിരിക്കും. നമ്മുടെ ചലച്ചിത്രയാത്രകൾ നമ്മുടെ തീരുമാനമാണ്. ഹ്യൂമർ എനിക്കു വലിയ ഇഷ്ടമാണ്. എന്നു കരുതി അത്തരം സിനിമകൾ മാത്രം ചെയ്തുകൊണ്ടിരിക്കുന്നതിൽ കാര്യമില്ല. ഞാനിവിടെ നിൽക്കുന്നത് വലിയ നടനായതുകൊണ്ടല്ല. നടനെന്ന നിലയിൽ ഇംപ്രൂവ് ചെയ്തേ പറ്റൂ. അതിനു ബ്രില്യന്റായ ഡയറക്ടർമാർക്കൊപ്പം ജോലി ചെയ്യണം. അപ്പോൾ നമ്മളറിയാതെ ഒരു അപ്ഡേഷൻ നമ്മളിൽ നടക്കും.  അതു കൂടെക്കൊണ്ടുപോകാൻ സാധിക്കണം. വിജയസിനിമകളുടെ ഫോർമുലയി ൽപെട്ടു മാത്രം മുന്നോട്ടു പോകണമെന്ന് ആഗ്രഹമില്ല. എന്റെയുള്ളിൽ ഞാൻ ടൈപ് കാസ്റ്റ് ആകരുത് എന്നുതന്നെയാണ്.

 

നിവിൻ പോളി സ്വയം വിലയിരുത്തുന്ന ശക്തിയും ദൗർബല്യവും എന്താണ്? 

 

padavettu-nivin-pauly

ചിലപ്പോൾ കംഫർട്ടബിളായുള്ള ടീമിനൊപ്പം വർക് ചെയ്യുമ്പോൾ നല്ല പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതു പ്രേക്ഷകർ സ്വീകരിച്ചിട്ടുമുണ്ട്. അതു കൂടുതൽ ഹ്യൂമർ പ്രാധാന്യമുള്ള സിനിമകളാണ്. അപ്പോൾ അതാകാം, എന്റെ കരുത്ത്. ദൗർബല്യങ്ങൾ എല്ലാവർക്കുമുണ്ട്, എനിക്കും. ചിലരൊക്കെ അഭിനയത്തിനിടയിലും ഡബ്ബിങ്ങിലും  മനോഹരമായി ശബ്ദം ഉപയോഗിക്കുന്നതു കാണുമ്പോൾ വോയ്സ് മോഡുലേഷൻ കുറച്ചുകൂടി ഭംഗിയാക്കണമെന്ന് ആഗ്രഹിക്കാറുണ്ട്.

 

nivin-moothon-scene

വിനീത് ശ്രീനിവാസൻ നല്ല ബൈൻഡ് ചെയ്ത തിരക്കഥയുമായി വരുന്നു, എബ്രിഡ് ഷൈൻ കടലാസിലില്ലാത്ത സീൻ അടിമുടി വിവരിച്ചു പറയുന്നു... ഏതു സ്കൂളാണ് ഇഷ്ടം? 

 

രണ്ടിനും അതിന്റേതായ സുഖമുണ്ട്. വിനീതിന്റെ സിനിമയിൽ തിരക്കഥ പക്കയായിരിക്കും. കൃത്യമായ സംഭാഷണമെല്ലാമുണ്ടാകും. റോഷൻ ആൻഡ്രൂസും അങ്ങനെയാണ്. എന്നാൽ, പ്രേമവും ആക്‌ഷൻ ഹീറോ ബിജുവും മൂത്തോനും സ്പോട്ടിൽ പലതും ഇംപ്രൂവ് ചെയ്തിട്ടുണ്ട്. അവിടെ നടന് ഉത്തരവാദിത്തം കൂടും. ഒരു ഫ്രീഡം കിട്ടുമ്പോൾ അതു നല്ലതുപോലെ ഉപയോഗിക്കണം. ഈ രണ്ടു സ്കൂളും നല്ല പാഠശാലകളാണ്.

 

നമുക്കൊരു പ്രോജക്ട് ചെയ്യാമെന്നു പറയുമ്പോൾ, കഥ പോലും കേൾക്കേണ്ട ഞാൻ റെഡി എന്നു പറയാൻ ധൈര്യമുള്ള സംവിധായകർ ആരൊക്കെയാണ്? 

 

പേഴ്സനൽ വൈബ് കിട്ടുന്ന സംവിധായകർ കുറച്ചുപേരുണ്ട്. എങ്കിലും കഥകൾ എല്ലാവരും ചർച്ച ചെയ്യുമല്ലോ. കഥകൾ കേട്ടിട്ടു മാത്രമാണു സിനിമ ചെയ്യാറുള്ളത്. അതു വിനീതായാലും ഷൈൻ ചേട്ടനായാലും അങ്ങനെയാണ്. ഞാൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സംവിധായകരാണ് ഇവരെല്ലാം. 

 

പല നടൻമാരും മസിൽ പെരുക്കി ശരീരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ കാണിക്കുന്നു. സിക്സ് പായ്ക്കും പുഷ് അപ്പുമൊന്നുമില്ലാതെ ശരീരത്തോട് ഒരു അവഗണനയുണ്ടോ? 

 

ആക്ടറുടെ പ്രധാനപ്പെട്ട ടൂളാണ് ശരീരം. അതു നന്നായി പരിരക്ഷിക്കണം. അതിൽ വിട്ടുവീഴ്ചയില്ല. ഇടക്കാലത്തു പല സിനിമകളുടെയും ഭാഗമായി ശരീരഭാരം കൂടുകയും കുറയുകയും ചെയ്തിട്ടുണ്ട്. ഇനി ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ‘പടവെട്ട്’ എന്ന സിനിമ വരുന്നുണ്ട്. കാത്തിരിക്കൂ...

 

അമ്മയുടെ സിനിമയോടുള്ള പേടി മാറിയതെപ്പോഴാണ് ?

 

അമ്മ തുടക്കത്തിൽ അത്ര സപ്പോർട്ടീവ് ആയിരുന്നില്ല. സിനിമ സുരക്ഷിതമായ ജോലിയല്ല എന്ന് അമ്മ കരുതിയതു സ്വാഭാവികം. പ്രത്യേകിച്ച്, സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബമാകുമ്പോൾ. നല്ല ജോലി കിട്ടുക, ശമ്പളം വാങ്ങുക.  റിസ്ക് വേണ്ട എന്ന പക്ഷക്കാരിയായിരുന്നു അമ്മ. ആദ്യ സിനിമ ഹിറ്റായപ്പോഴും അമ്മയിൽ വലിയ സന്തോഷം കണ്ടിരുന്നില്ല. അതിനു ശേഷവും ബാങ്ക് ജോലിക്കു ട്രൈ ചെയ്യണമെന്ന് അമ്മ പറയുമായിരുന്നു.

 

രാത്രി ഒൻപതു മണി കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ലെങ്കിൽ റിന്നയുടെ ഫോണിൽനിന്ന് ഇളയമകൾ റീസ അപ്പയെ വിളിക്കും: ‘ഞങ്ങൾക്ക് ഉറങ്ങണം. അപ്പ ഉടനെ വരണം.’ ലോക്ഡൗൺ നൽകിയ പുതിയ ശീലങ്ങൾ...രാത്രി ഒരു കഥ പറച്ചിൽ സെഷനു ശേഷമേ ദാവീദും റീസയും ഉറങ്ങൂ. റിന്നയോ നിവിനോ ഏതെങ്കിലുമൊരു കഥ  ഉറങ്ങുന്നതിനു മുൻപു വായിച്ചുകൊടുക്കും. കുട്ടികൾ വായനയോടും പുസ്തകങ്ങളോടും കൂടുതൽ അടുക്കണമെന്ന് ആഗ്രഹം.

‘അങ്ങനെ പത്തുവർഷം മുൻപ് കാലൊടിഞ്ഞ മാൻകുട്ടിയുമായി കൂട്ടുകാർ ചെന്നുകയറിയത് വിനീത് ശ്രീനിവാസന്റെ മടയിൽ...ഗർർർ....അപ്പോ, അപ്പാ മാൻ ഗർജിക്കുമോ? – ദാവീദ് എന്ന ദാദയ്ക്കു സംശയം. ആ കഥ നാളെ... തൽക്കാലം ലൈറ്റ്സ് ഓഫ്!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com