ADVERTISEMENT

സിനിമയെന്നാൽ മഹേഷ് നാരാണന് സ്വന്തം ജീവനെക്കാൾ വിലപ്പെട്ടതാണ്. സിനിമയെ അത്രയും സ്നേഹിക്കുന്ന മഹേഷ് സംവിധാനം ചെയ്ത മാലിക്ക് എന്ന ചിത്രം റിലീസ് ചെയ്യാനൊരുങ്ങവെയാണ് തീയറ്ററുകൾക്ക് പൂട്ടു വീഴുന്നത്. ആദ്യം ഒന്നു പകച്ചെങ്കിലും ഉറ്റ ചങ്ങാതിയായ ഫഹദ് പണ്ടെപ്പോഴോ മഹേഷ് തന്നെ അദ്ദേഹത്തിനയച്ച ഒരു കഥാതന്തുവുമായി മുന്നോട്ടു വന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ചേക്കാവുന്ന ‘സീ യൂ സൂൺ’ പിറന്നു. ലോക്ഡൗൺ കാലത്ത് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ മഹേഷിനോട് സാക്ഷാൽ  കമൽഹാസൻ  പറഞ്ഞതും ഇതു തന്നെയാണ്. ‘നിങ്ങൾ  കല ഉണ്ടാക്കുക, ബാക്കിയൊക്കെ തനിയെ സംഭവിച്ചു കൊള്ളും’. കോവിഡിനോടുള്ള മഹേഷിന്റെ ഇൗ മധുരപ്രതികാരത്തെക്കുറിച്ച് അദ്ദേഹം തന്നെ സംസാരിക്കുന്നു. 

 

ഏറെ നാൾ കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു സിനിമയുടെ റിലീസ് അപ്രതീക്ഷിതമായി മുടങ്ങുന്നു. ലോകമാകെ ലോക്ഡൗണിലേക്ക് നീങ്ങുന്നു. ചുറ്റുമുള്ള പലർക്കും ഡിപ്രഷൻ പിടിപെടുന്നു. എന്നാൽ പിന്നീട് പെട്ടെന്നൊരു ദിവസം അതേ സിനിമയുടെ അണിയറയിൽ പ്രവർത്തകർ ചേർന്ന് മറ്റൊരു സിനിമ ഷൂട്ട് ചെയ്യുന്നു അതു പുറത്തിറക്കുന്നു. ലോക സിനിമ ആകെ സ്തംഭിച്ച ഇക്കാലത്ത് ഇൗ ഉൗർജം നിങ്ങൾക്ക് എവിടെ നിന്നാണ് ലഭിച്ചത് ?

 

ഡിപ്രഷനിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് നമ്മളിത് ചെയ്തത്. ആകെ അറിയാവുന്ന ജോലി സിനിമയാണ്. അത് ഏതെങ്കിലും തരത്തിൽ ചെയ്യുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. ഇതൊരു പരീക്ഷണമായി തുടങ്ങിയതാണ്. ഷൂട്ട് ആരംഭിച്ചു കഴിഞ്ഞപ്പോഴാണ് സംഭവം വർക്കൗട്ട് ആകുന്നുണ്ടെന്ന് മനസ്സിലായത്. അങ്ങനെ അതു പൂർത്തീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. 

mahesh-narayanan-fahadh-faasil

 

ഇങ്ങനെയൊരു സിനിമ ചെയ്യണമെന്നുള്ള ആലോചന വരുന്നത് എപ്പോഴാണ് ?

 

കുറച്ചു കാലം മുമ്പ് ‍ഞാൻ ഫഹദിനോട് പറഞ്ഞ കഥയാണിത്. ടേക്ക് ഒാഫിനും ഒക്കെ മുൻപ് ഞാൻ ഫഹദിന് ഒരു വിഡിയോ അയച്ചു കൊടുത്തിരുന്നു. അന്ന് അത് സിനിമയാക്കുന്നതിനെക്കുറിച്ചൊക്കെ ആലോചിച്ചിരുന്നെങ്കിലും പിന്നീട് അതു നടന്നില്ല. പക്ഷേ അതു ഫഹദിന്റെ മനസ്സിലുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ ടേക്ക് ഒാഫ് ചെയ്തു. അതു കഴിഞ്ഞ് മാലിക്ക് വന്നു. മാലിക്ക് തീരാറായ ഘട്ടത്തിലാണ് ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായത്. ഞാൻ പൊതുവേ പെട്ടെന്നു ഡിപ്രഷനിലേക്ക് നീങ്ങുന്നയാളാണ്. എല്ലാവർക്കും അതറിയാം. അങ്ങനെയിരിക്കെ ഒരു ദിവസം എന്നെ ഒന്നു ചിയർ അപ് ചെയ്യാനായി ഫഹദ് ഒരു മെയിലയച്ചു. നമ്മുടെ ആ പഴയ കഥ ഒാർമയുണ്ടോ, അതു വച്ച് എന്തെങ്കിലും ഒന്നു ചെയ്താലോ എന്നു ചോദിച്ചു. അപ്പോഴാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഫഹദ് അതിനൊപ്പം മുഴുവനായി കൂടെ നിന്നു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.

 

എന്തു കൊണ്ടാണ് ഇൗ സിനിമ ഇൗ രീതിയിൽ തന്നെ ചെയ്യാൻ തീരുമാനിച്ചത്. സാഹചര്യങ്ങൾ കൊണ്ടു മാത്രമാണോ ?

 

ഇൗ സിനിമ ആലോചിച്ചപ്പോൾ തന്നെ ഒരു കമ്പ്യൂട്ടർ സ്ക്രീൻ ബേസ്ഡ് സിനിമയായി തന്നെയാണ് ആലോചിച്ചത്. പക്ഷേ അന്നത്തെ കാലഘട്ടത്തിൽ ആളുകൾ എത്രത്തോളം ഇത് ഏറ്റെടുക്കുമെന്ന് സംശയമുണ്ടായിരുന്നു. ലോക്ഡൗൺ ആയതു കൊണ്ടല്ല ഇൗ സിനിമ ഇങ്ങനെ ചെയ്തത്. ലോക്ഡൗൺ ആല്ലെങ്കിലും ഇൗ സിനിമ ഇങ്ങനെയെ ചെയ്യാൻ സാധിക്കൂ. സ്ക്രിപ്റ്റ് പൂർത്തിയായ ശേഷം മാത്രം ഷൂട്ട് തുങ്ങുന്നയാളാണ് ഞാൻ. ഇൗ ചിത്രം തുടങ്ങിയപ്പോൾ എന്റെ കയ്യിൽ 65 പേജിന്റെ ഒരു ഡ്രാഫ്റ്റ് മാത്രമേയുളളൂ. അതു ശരിക്കുള്ള തിരക്കഥയാണോ എന്നു ചോദിച്ചാൽ‍ അറിയില്ല. പക്ഷേ ഷൂട്ട് തുടങ്ങിയപ്പോൾ കാര്യങ്ങൾ സാധാരണപോലയേ ആയിരുന്നില്ല. ഞങ്ങൾ ഒാരോ ദിവസവും ഒാരോ കാര്യങ്ങൾ പഠിക്കുകയായിരുന്നു. അങ്ങനെ പഠിച്ചു പഠിച്ചാണ് ഇതിന്റെ ഒരു പൂർത്തീകരണത്തിലേക്ക് എത്തിയത്. 

 

ഫോണിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്നു കേൾക്കുന്നു. എങ്ങനെയായിരുന്നു സാങ്കേതിക വശങ്ങൾ ?

 

ഐ ഫോൺ എന്നത് ഒരു പ്രൈമറി ഫോർമാറ്റ് മാത്രമേയുള്ളൂ. പാനസോണിക്ക് എസ്1എസ്2, ഗോപ്രോകൾ, ഫോണുകൾ, ഐമാക് ക്യാമറ, കാറിന്റെ റിവേഴ്സ് ക്യാമറ അങ്ങനെ ദൈനംദിന ജീവിതത്തിൽ  നാമുപയോഗിക്കുന്ന ഡിവൈസുകൾ‍ പലതും സിനിമയിൽ  ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ പ്രത്യേകിച്ച് ഒരു ഫോർമാറ്റില്ല. നിശ്ചിത ആസ്പെക്റ്റ് റേഷിയോ ഇല്ല. നിലവിലുള്ള എല്ലാ രീതികളും ബ്രേക്ക് ചെയ്താണ് സിനിമ ചെയ്തിരിക്കുന്നത്. 

 

മഹേഷ് നാരായണൻ എന്ന ടെക്നീഷ്യൻ എന്തൊക്കെയാണ് ഇൗ സിനിമയിൽ നിന്ന് പഠിച്ചത് ?

 

ഇൗ സിനിമ എഡിറ്റ് ചെയ്യുമ്പോൾ എന്റെ നാലു വയസ്സുകാരി മകളും ഒപ്പമുണ്ടായിരുന്നു. അവൾ സ്ക്രീനിൽ വന്ന് ഇടയ്ക്കിടെ ആ ഐക്കൺസിൽ തൊട്ട് ഒാഫ് ചെയ്യാനൊക്കെ ശ്രമിക്കും. ഇവർക്കൊക്കെ ഇക്കാര്യം റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടെന്ന് എനിക്കപ്പോൾ മനസ്സിലായി. അടുത്ത തലമുറയ്ക്കു വേണ്ടിയാണ് നാം സിനിമ ഉണ്ടാക്കുന്നത്. ഇവർ എങ്ങോട്ടാണ് പോകുന്നത് ? ഇവർ കാണുന്നത് എന്താണ്, ഇവർ  ഉപയോഗിക്കുന്ന ഡിവൈസുകൾ എന്താണ്. ഇതൊക്കെ അറിഞ്ഞു വേണം നാം സിനിമ ചെയ്യാൻ. 

 

പരീക്ഷണമായി ചെയ്തു തുടങ്ങിയ സിനിമ ഒടുവിൽ കണ്ടപ്പോൾ ബിഗ്സ്ക്രീനു വേണ്ടി ചെയ്യാമായിരുന്നു എന്നു തോന്നിയോ ?

 

തീയറ്ററുകൾ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞങ്ങൾ അതിനു വേണ്ടി ശ്രമിച്ചേനെ. പക്ഷേ ഇൗ സിനിമയുടെ സ്ക്രീനിൽ ഒരുപാട് എലമെന്റുകൾ വരുന്നുണ്ട്. അതൊക്കെ തീയറ്റർ സ്ക്രീനിൽ കണ്ട് ആളുകൾക്ക് ഫോളോ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. അതു കൊണ്ടാണ് ഇത്  ഒടിടി ഫ്രെണ്ട്‌ലി ആണെന്നു പറയുന്നത്. ചിലപ്പോൾ ആളുകൾക്ക് പോസ് ചെയ്തു കാണണമെന്നു തോന്നും, ചിലർക്ക് റിവൈൻഡ് ചെയ്യണമെന്നു തോന്നും. ഒടിടി ആണെങ്കിൽ അതൊക്കെ സാധ്യമാകുമല്ലോ. 

 

ആളുകളെ കുറച്ച് സിനിമ ചെയ്തത് വെല്ലുവിളിയായോ ? ഇത്തരത്തിലുള്ള ഷൂട്ടിങ് വിചാരിക്കുന്നതു പോലെ അത്ര പ്രയാസകരമാണോ ?

 

സർക്കാർ നൽ‍കിയിരിക്കുന്ന നിർദേശമനുസരിച്ച് 50 പേരുടെ ക്രൂവിനു മാത്രമാണ് ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. സാധാരണ നിലയിൽ 150 പേരാണ് ഒരു സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കാളികളാകുക. പക്ഷേ അത്തരത്തിൽ ഇനി ഒരു സിനിമ നടക്കണമെങ്കിൽ താമസമുണ്ടാകും. അപ്പോ നാം ചെയ്യേണ്ടത് പരമാവധി സിനിമകൾ ഉണ്ടാക്കുക എന്നതാണ്. കുറച്ച് ആളുകൾ  ജോലി ചെയ്യുന്ന നിരവധി സിനിമകൾ ഉണ്ടാകുമ്പോൾ ജോലി ഇല്ലാത്തവർക്ക് ഏതെങ്കിലുമൊരു ചിത്രത്തിലൊക്കെ വർക്ക് ചെയ്ത് എന്തെങ്കിലുമൊകക്കെ വരുമാനം ഉണ്ടാക്കാൻ സാധിക്കും. ഇതിൽ ഫഹദ് ചെയ്തിരിക്കുന്ന ഏറ്റവും വലിയ കാര്യം എന്താണെന്നു വച്ചാൽ ഇൗ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അവരുടെ  പ്രതിഫലം നൽകി തീർത്തു എന്നതാണ്. ഇൗ സിനിമ ഉണ്ടായിരുന്നതു കൊണ്ട് എന്റെ കൂടെ ജോലി ചെയ്തിരുന്ന കുറച്ച് ആളുകൾക്ക് എനിക്കും ജോലി കൊടുക്കാൻ സാധിച്ചു. ഇതേ രീതിയിൽ ബാക്കിയുള്ളവർ കൂടി പരിശ്രമിച്ചാൽ ഇൗ കാലഘട്ടം നമുക്ക് മറികടക്കാൻ സാധിക്കും.

 

ഫിലിമിൽ എഡിറ്റിങ് തുടങ്ങിയ ആളാണ് ഞാൻ. സിനിമകൾ ഫിലിമിൽ നിന്നു ഡിജിറ്റൽ‍ രൂപത്തിലേക്ക് മാറിയപ്പോൾ അതു ഉൾക്കൊള്ളാനാകാതെ ആത്മഹത്യ ചെയ്ത ആളുകളെ എനിക്കറിയാം. അങ്ങനെയൊരു അവസ്ഥ ഇനി മലയാള സിനിമയിൽ ഉണ്ടാകരുത്. അതു കൊണ്ട് സിനിമയെടുക്കുക എന്നതു തന്നെയാണ് ഏക പോംവഴി. എവിടെ കാണിക്കും എങ്ങനെ കാണിക്കും എന്നതിനെക്കുറിച്ച് തർക്കങ്ങളുണ്ടാകാം. ആളുകൾ തീയറ്ററിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാനും. പക്ഷേ ഇൗ ഘട്ടം മറികടക്കാൻ കാത്തിരിക്കുകയല്ല മറിച്ച് അറിയാവുന്ന ജോലി കൂടുതൽ ശകിതിയായി ചെയ്യുകയാണ് വേണ്ടത്. 

 

അപ്രതീക്ഷിതമായ ഇൗ കാലഘട്ടവും അതു വരുത്തിയ മാറ്റങ്ങളും ?

 

നാമൊരു മൂന്നാം ലോകമഹായുദ്ധം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇത് നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കിൽ നാമതു പഠിക്കണം. ഇതൊരു വ്യവസായമാണ്. ഒപ്പം കലയുമാണ്. അതിനെ നിലനിർത്തണം. അതിനായി കൂടുതൽ പഠിക്കണം. അതു തിരിയുന്ന വഴിയെ നാമും തിരിയണം. ലോക്ഡൗൺ കാലത്ത് കമൽസാറിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞതും ഇതാണ്. ഇൗ വർഷം നിങ്ങൾ സർവൈവ് ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. സർവൈവൽ‍  എന്നു പറഞ്ഞാൽ സാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാൻ  ചോദിച്ചു. നിങ്ങൾ ഒരു കലാകാരനാണ്. അതു കൊണ്ട് നിങ്ങൾ കല ഉണ്ടാക്കുക. അത് പ്രേക്ഷകരിലേക്ക് എങ്ങനെ എത്തുമെന്നൊന്നും ആശങ്കപ്പെടരുത്. അതൊക്കെ തനിയെ സംഭവിച്ചു കൊള്ളൂം. അദ്ദേഹത്തിന്റെ വാക്കുകൾ  വലിയ ഉൗർജമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com