ADVERTISEMENT

ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയത്.  ലോക്ഡൗൺ കാലത്ത് തരംഗമായ 'നോളജ്' എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധായികയുടെ മേലങ്കിയണിഞ്ഞ ഗ്രേസ്ഹലാൽ ലവ് സ്റ്റോറി എന്ന പുതിയ ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ നായികയായി അഭിനയിക്കുന്നു.  തന്റെ പുതിയ സിനിമയെക്കുറിച്ചും ഹലാൽ ലവ് സ്റ്റോറിയുടെ ടീമിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവത്തെക്കുറിച്ചും അഭിനയത്തോടുള്ള പ്രണയത്തെക്കുറിച്ചും ഗ്രേസ് സംസാരിക്കുന്നു.

 

ഹലാൽ ലവ് സ്റ്റോറിയിലെ കഥാപാത്രത്തെക്കുറിച്ച് ?

 

ഇന്ദ്രജിത്ത് സുകുമാരന്റെ ഷെരീഫ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സുഹ്റ ആയിട്ടാണ് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.. സിനിമയ്ക്കുള്ളിൽ മറ്റൊരു സിനിമ എന്ന രീതിയിൽ ആണ് ഇതിന്റെ കഥ പറഞ്ഞിരിക്കുന്നത് രണ്ടിലേയും നായിക സുഹറ തന്നെയാണ്.

 

ഈ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ നേരിട്ട വെല്ലുവിളികൾ എന്തായിരുന്നു?

 

ഈ സിനിമയിൽ എനിക്ക് അഭിനയം അറിയാത്ത ഒരാളായി ആണ് അഭിനയിക്കേണ്ടിവന്നത്. സാധാരണ സിനിമ ചെയ്യുമ്പോൾ നന്നായി അഭിനയിച്ചു കാണിക്കുക എന്നതാണ് എന്റെ ജോലി.  ഇവിടെ അഭിനയം അറിയാത്ത ഒരാളായി നന്നായി അഭിനയിക്കേണ്ടി വന്നു.  അതിനായി വളരെ പണിപ്പെട്ടു.  ആദ്യമൊക്കെ വല്ലാത്ത ആശയക്കുഴപ്പമുണ്ടായിരുന്നു.  ഒരു ടേക്കിൽ സാധാരണ സുഹ്റയായും അടുത്ത ടേക്കിൽ ഒരു മോശം നടിയായും അഭിനയിക്കണം.  ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കുഴഞ്ഞു മറിയുന്ന അവസ്ഥ.  ഒരു കഥാപാത്രത്തിൽ നിന്നും അടുത്ത നിമിഷം തന്നെ വളരെ വ്യത്യസ്തമായ മറ്റൊരാൾ, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ എല്ലാം തകരും, പക്ഷെ ഞാൻ ആ വെല്ലുവിളി ഏറ്റെടുത്തു.  

grace-suhra

 

കഥാപാത്രവുമായി പൊരുത്തപ്പെടാൻ സക്കറിയ എന്ന സംവിധായകൻ സഹായിച്ചോ? 

 

സുഹ്റയാകാൻ സക്കറിയ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. സക്കറിയ ഇല്ലായിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ ഇത് നന്നായി ചെയ്യാൻ കഴിയില്ലായിരുന്നു.  ഇന്ദ്രജിത്തും എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.  അദ്ദേഹം ഒരു അനുഗ്രഹീത നടനാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടു ചിലപ്പോഴൊക്കെ ഞാൻ അന്തം വിട്ടിരുന്നിട്ടുണ്ട്.  അദ്ദേഹത്തിനും കഥാപാത്രത്തിനുവേണ്ടി മോശമായി അഭിനയിക്കേണ്ടി വന്നു. എല്ലാ അഭിനേതാക്കൾക്കും ഇതൊരു വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ ഞങ്ങൾ എല്ലാവരും പരസ്പരം പ്രോത്സാഹിപ്പിച്ച് ചെയ്തുകൊണ്ടേയിരുന്നു.  ചിലപ്പോഴൊക്കെ  സക്കറിയ വന്നു പറയും "ഗ്രേസ് വളരെ നന്നായി മോശമായി അഭിനയിച്ചു"  ശരിക്കും അതൊരു വലിയ പ്രോത്സാഹനമായിരുന്നു. 

 

ഹലാൽ ലവ് സ്റ്റോറിയുടെ ടീമിനൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ ?

grace-antony

 

വളരെ നല്ല ഒരു ടീമായിരുന്നു.  അവരോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.  സിനിമയുടെ ഷൂട്ടിംഗിനു മുമ്പുതന്നെ എല്ലാവരുമായി അടുപ്പത്തിലായി.  ടീമിൽ ഭൂരിഭാഗം പേരും ഒരുപാട് എക്സ്പീരിയൻസ് ഉള്ളവരും കഴിവ് തെളിയിച്ചവരുമായിരുന്നു. ആ ഒരു ടെൻഷൻ ആദ്യം ഉണ്ടായിരുന്നു,  അവരോടൊപ്പം പിടിച്ചു നിൽക്കുക എന്നത് ഒരു വലിയ ഉത്തരവാദിത്തമായിരുന്നു, ഞാൻ കാരണം സിനിമ മോശമാകാൻ പാടില്ലല്ലോ. ചിത്രത്തിലെ പരിചയസമ്പന്നരായ മറ്റ് അഭിനേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ ഒരു പുതുമുഖമാണ്. പക്ഷെ അവരെല്ലാം എന്നോട് വളരെ സ്നേഹത്തോടെ പെരുമാറി.  ഈ  ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.

 

സുഹ്റയ്ക്കായുള്ള തയാറെടുപ്പുകൾ?

 

കഥ കേട്ടപ്പോൾ കൺഫ്യൂഷൻ ആയി. എനിക്കിതു ചെയ്യാൻ കഴിയുമോ‌ എന്ന് സംശയമുണ്ടായിരുന്നു. ഞാൻ ഒരു മുസ്ലിം കഥാപാത്രമായി ഇതുവരെ അഭിനയിച്ചിട്ടില്ല. കമ്മിറ്റ് ചെയ്തു കഴിഞ്ഞിട്ട് എങ്ങനെ സുഹ്റ ആയി മാറാം എന്നായി ചിന്ത.  എനിക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കൾ ഉണ്ടായിരുന്നു.  അവരോട് സംസാരിക്കുമ്പോഴൊന്നും ഇതുപോലുള്ള ഒരു കഥാപാത്രം ചെയ്യേണ്ടി വരും എന്ന് കരുതിയിട്ടില്ല‌. അങ്ങനെ ഞാൻ കാണുന്ന ഓരോരുത്തരെയും നിരീക്ഷിക്കാൻ തുടങ്ങി.  ഞാൻ ഇങ്ങനെ ഒരു വ്യക്തിയെ മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് മനസ്സിൽ ഓർക്കും എന്നിട്ടു അവരുടെ മാനറിസം പകർത്താൻ ശ്രമിക്കും.  ആ ഒരു രീതി ഈ കഥാപാത്രത്തെ മികച്ചതാക്കാൻ ഒരുപാടു സഹായിച്ചു.  സിനിമ സിങ്ക് സൗണ്ടിൽ ആണ് ചെയ്തത്, എന്റെ ശബ്ദത്തിൽ സുഹ്റയുടെ സ്ലാങ് ഒക്കെ കൊണ്ടുവരാൻ കുറച്ചു ബുദ്ധിമുട്ടി.

 

സുഹ്റയുടെ സ്ലാംഗ് മറ്റാരിൽ നിന്നെങ്കിലും ഉൾക്കൊണ്ടതാണോ?

 

ഇല്ല. അങ്ങനെ പ്രത്യേകിച്ച് ആരെയും കണ്ടിട്ടല്ല ചെയ്തത്.  ഒരു അഭിനേത്രി എന്ന നിലയിൽ ചെയ്യുന്ന കഥാപാത്രം മികച്ചതാക്കുക എന്നുള്ളതാണ് എന്റെ കടമ . ഞാൻ എന്റെ ചുറ്റുപാടുമുള്ളവരെ കാണുകയും കേൾക്കുകയും ചെയ്തു, മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ ശ്രമിച്ചു.  ചിലപ്പോഴൊക്കെ മുഹ്സിനോട് ചിലതെല്ലാം ചോദിച്ചു മനസ്സിലാക്കി. അങ്ങനെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് നല്ല റിസൾട്ട് ഉണ്ടാക്കിയെടുത്തത്. നന്നായി ചെയ്യാൻ കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്.

 

ഒരു മികച്ച സംവിധായകന് അഭിനേതാവിന്റെ കഴിവ് വളരെ നന്നായി പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് കരുതുന്നുണ്ടോ ?

 

തീർച്ചയായും. നിങ്ങൾക്ക് ഈ സിനിമ കാണുമ്പോൾ അത് മനസ്സിലാകും. നന്നായി വന്നിട്ടുണ്ടെങ്കിൽ അതിനു കാരണം സക്കറിയ തന്ന സ്വാതന്ത്ര്യമാണ്.  ഓരോ ഷോട്ടും വളരെ വ്യക്തമായി പറഞ്ഞു പഠിപ്പിച്ചു തന്നു.  അടുത്ത ഷോട്ടിൽ എന്താണ് സംഭവിക്കുക എന്നോ, ഞാൻ ഇങ്ങനെ ചെയ്താൽ ശരിയാകുമോ, അല്ലെങ്കിൽ അത് ഇങ്ങനെ ചെയ്യട്ടെ എന്നോ ഒക്കെ അദ്ദേഹത്തോട് ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം സക്കറിയ തന്നിരുന്നു.  ചില സെറ്റുകളിൽ സംവിധായകനോട് പോയി എന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്ന് സംശയിച്ചു നിന്നിട്ടുണ്ട് എന്ന് ചില സുഹൃത്തുക്കൾ പറയാറുണ്ട്. പക്ഷെ അവരിൽ നിന്ന് രണ്ടു വഴക്കു കേട്ടാലും സാരമില്ല എന്റെ കഥാപാത്രം മികച്ചതാക്കാൻ ഞാൻ സംവിധായകരോട് ചോദ്യങ്ങൾ ചോദിച്ചു ശല്യം ചെയ്തുകൊണ്ടേയിരിക്കും, കാരണം ഞാൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ടാകണം.  ചിലപ്പോഴൊക്കെ ഞാൻ ഇന്ദ്രജിത്തിനെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്, ഡയലോഗ് ഡെലിവറി ശരിയാണോ എന്നൊക്കെ അറിയാൻ. ആദ്യം ഒന്നു രണ്ടും‌ വട്ടം പറഞ്ഞു നോക്കി എങ്ങനെ ചെയ്യണം എന്ന് തീരുമാനിക്കൂ എന്ന് അദ്ദേഹം പറയും. 

 

ഒരു ഷോട്ട് അഭിനയിച്ചു സംതൃപ്തി കിട്ടുന്നതുവരെ റീടെക്ക് എടുക്കാറുണ്ടോ ?

 

എന്റെ കഥാപാത്രം അതിന്റെ പൂർണതയിൽ എത്താൻ എത്ര റീടേക് പോകുന്നതിനും എനിക്ക് മടിയില്ല.  സംവിധായകൻ കട്ട് പറയുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ മുഖത്തു നോക്കും.  പുള്ളിയുടെ മുഖം തെളിഞ്ഞാൽ ഞാൻ ഹാപ്പി ആയി, അല്ലെങ്കിൽ ഞാൻ തന്നെ പറയും വീണ്ടും എടുക്കാമെന്ന്.  ചിലപ്പോഴൊക്കെ എന്നെ ബുദ്ധിമുട്ടിക്കരുതെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും. സിങ്ക് സൗണ്ട് ആയതുകാരണം ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു.  അപ്പോൾ നിരവധി തവണ ചെയ്യേണ്ടി വരും. എത്ര ക്ഷീണിച്ചാലും എനിക്കതൊരു പ്രശ്നമേ അല്ല.  ഏറ്റവും മികച്ചത് നൽകണം എന്നതാണ് എന്റെ ചിന്ത അതിനായി എത്ര റീടേക് എടുക്കുന്നതിനും എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല.

 

ഹ്രസ്വചിത്രത്തിലൂടെ തിരക്കഥയിലും സംവിധാനത്തിലുമൊക്കെ കൈവച്ചല്ലോ. ആർത്തവത്തെക്കുറിച്ചുള്ള വളരെ കാലിക പ്രസക്തിയുള്ള ഒരു വിഷയമായിരുന്നു ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെട്ടത്.  എന്തു കൊണ്ടാണ് അത്തരത്തിൽ ഒരു പ്രമേയം തിരഞ്ഞെടുത്തത് ?

 

സത്യസന്ധമായി പറഞ്ഞാൽ ആ ചിത്രം സംസാരിച്ച വിഷയം എന്റെയും എന്റെ സുഹൃത്തുക്കളുടെയുമൊക്കെ കഥ തന്നെയാണ്.  ഈ വിഷയം ചർച്ച ചെയ്യപ്പെടണമെന്നത് എന്റെ ആഗ്രഹമായിരുന്നു.  പക്ഷെ അത് വലിയ പ്ലാൻ ഒന്നും ഇല്ലാതെ ചെയ്ത ചിത്രമാണ്.  ലോക്ഡൗൺ കാലത്തു ഒന്നും ചെയ്യാനില്ലാതിരുന്നപ്പോൾ എന്റെ മനസ്സിൽ സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് ഈ വിഷയം മനസ്സിൽ കയറിയത്.  എന്നാൽ എന്തുകൊണ്ട് അത് ചെയ്തുകൂടാ എന്ന് തോന്നി. ഭാഗ്യവശാൽ ചിത്രം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.  പക്ഷെ അത് എന്റെ മാത്രം കഴിവല്ല കേട്ടോ, എന്റെ കസിൻസ് വളരെ നന്നായി അഭിനയിച്ചു.  അവരുടെ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് ആ കഥാപാത്രത്തെ നന്നായി ആവിഷ്കരിക്കാൻ കഴിഞ്ഞത്.

 

 ഒരു ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യാൻ പ്ലാനുണ്ടോ ?

 

ഒരു സിനിമ എന്നെങ്കിലും ചെയ്യണം, അത്രയേ ഇപ്പോൾ പറയാൻ കഴിയൂ.  ഒരുപാട് പഠിക്കാനുണ്ട്. സംവിധാനം ചെയ്യുന്നത് ചെറിയ കാര്യമല്ല എന്ന്  ഹ്രസ്വചിത്രം ചെയ്തപ്പോൾ മനസ്സിലായി. ചെയ്യുന്ന സിനിമകളിൽ നിന്നും ഏറെ പഠിക്കാനുണ്ട്. എല്ലാം മനസ്സിലാക്കിയിട്ട് അതിനുള്ള ആത്മവിശ്വാസം കൂടി ലഭിക്കുകയാണെങ്കിൽ എപ്പോഴെങ്കിലും ഞാൻ ഒരു സിനിമ സംവിധാനം ചെയ്തേക്കും.

 

ഇൻസ്റ്റാഗ്രാമിൽ ചില ഡാൻസ് നമ്പറുകൾ കണ്ടിരുന്നു. ഫിറ്റ്നസ്സിനു വേണ്ടി ചെയ്യുന്നതാണോ അതോ നൃത്തം ചെയ്യാൻ ഇഷ്ടമാണോ ?

 

എനിക്ക് നൃത്തവും, എഴുത്തും, അഭിനയവും എല്ലാം ഇഷ്ടമാണ്.  സിനിമ കാണുന്നതും വളരെ ഇഷ്ടമാണ്.  കല പ്രകടിപ്പിക്കാനുള്ള എന്ത് മാർഗവും എനിക്കിഷ്ടമാണ്. തീർച്ചയായും കൂടുതൽ ഡാൻസ് വിഡിയോകൾ ചെയ്യാൻ പ്ലാനുണ്ട്. 

 

പുതിയ പ്രോജക്ടുകൾ എന്തൊക്കെയാണ്?

 

ലോക്ക്ഡൗണിന് മുമ്പ് ഷൂട്ടിംഗ് ആരംഭിക്കേണ്ട സിനിമയായിരുന്നു 'സിംപ്ലി സൗമ്യ'.  ഇനിയിപ്പോൾ ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ചേക്കും.  മറ്റു ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നതേയുളൂ.  ഡേറ്റ്സ് ഒന്നും തീരുമാനം ആയിട്ടില്ല.  പുതിയ പ്രൊജക്റ്റുകൾ എന്ന് തുടങ്ങുമെന്ന് ഇപ്പോൾ പറയാൻ കഴിയാത്ത സ്ഥിതിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com