‘കേരള കഫേ’യിൽ തുടക്കം: കനി കുസൃതി അഭിമുഖം

kani-kusruti
SHARE

നാടകനടിയായി അഭിനയജീവിതം ആരംഭിച്ച ആളാണ് കനി കുസൃതി. പിന്നീട് കേരള കഫേ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലൂടെ ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരവും. ജീവിതത്തിലെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞ് നടി കനി കുസൃതി.

പുരസ്കാരങ്ങളുടെ ‘ദം പൊട്ടിച്ച’ ബിരിയാണി

സജിൻ (സംവിധായകൻ സജിൻ ബാബു) ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ ഇതു ചെയ്യണോ വേണ്ടയോ എന്നൊരു സംശയമുണ്ടായിരുന്നു. ഖദീജയുടെ റോളിനായി മറ്റു ചില നടിമാരെ ഞാൻ സജസ്റ്റ് ചെയ്തു. എന്തുകൊണ്ടോ അതൊന്നും ശരിയായില്ല. സജിൻ വീണ്ടുമെത്തി. അങ്ങനെ വളരെ സമയമെടുത്താണ് ‘ബിരിയാണിയിലെ’ ഖദീജയെ ഞാൻ എറ്റെടുക്കുന്നത്.

കനിയെ കൂടുതലും കണ്ടിരിക്കുന്നത് സമാന്തര സിനിമയുടെ ഭാഗമായാണ്..

നാടകനടിയായി അഭിനയജീവിതം ആരംഭിച്ചയാളാണു ഞാൻ. സിനിമയിലേക്കുള്ള കാൽവയ്പ് ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് കോക്ടെയ്ൽ, ശിക്കാർ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. കഥാപാത്രങ്ങളെ മാത്രമാണു ഞാൻ ശ്രദ്ധിക്കാറുള്ളത്. അല്ലാതെ മുഖ്യധാര – സമാന്തര ചിത്രങ്ങൾ എന്നു വേർതിരിച്ചു കാണാറില്ല. മുഖ്യധാരാ ചിത്രങ്ങളുടെ കാസ്റ്റിങ് കോളുകൾ കണ്ട് ഓഡിഷനു വരട്ടേ എന്നു ചോദിക്കുമ്പോൾ വേണ്ട എന്ന മറുപടിയാണു കൂടുതലും ലഭിക്കാറുള്ളത്. കനിയെ അറിയാം, കനിക്കു വേറെയൊരു ഇമേജാണ് തുടങ്ങിയ മറുപടികളും ചിലപ്പോൾ കിട്ടും. അതുകൊണ്ടു തന്നെ ഏതുതരം സിനിമയുടെ ഭാഗമാകണം എന്നത് എന്റെ തീരുമാനമായിരുന്നില്ല.

അഭിനയമാണ് കരിയർ എന്നു തീരുമാനിച്ച നിമിഷം?

അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി എത്തിയ ആളല്ല ഞാൻ. ചെറുപ്പംതൊട്ടേ ശാസ്ത്രവിഷയങ്ങളോടാണു താൽപര്യം. പ്ലസ് വൺ സമയത്താണു നാടകത്തിലേക്കു വരുന്നത്. അന്ന് ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ‘കമല’ എന്ന നാടകത്തിന്റെ ഭാഗമാകാൻ സാധിച്ചു. അതിന്റെ റിഹേഴ്സൽ സമയത്തുണ്ടായ ക്ലാസുകളാണ് അഭിനയത്തോടുള്ള ഇഷ്ടം വർധിപ്പിച്ചത്. ആത്മാവിഷ്കാരത്തിനും ജീവിതത്തിനു കൂടുതൽ വ്യക്തത നൽകാൻ നാടകത്തിലൂടെയും അഭിനയത്തിലൂടെയും സാധിക്കുന്നതായി എനിക്കു തോന്നി.

ഫ്രാൻസിലെ നാടകപഠനം

നാടകത്തിൽത്തന്നെ വ്യത്യസ്ത ശ്രേണികളുണ്ട്. അതിൽ ഫിസിക്കൽ ആക്ടിങ്‌ കൂടുതലായി പഠിക്കാനാണു പാരിസിലെ നാടക സ്കൂളിൽ പോയത്‌.

kani-kusruthi-family
അച്ഛൻ മൈത്രേയനും അമ്മ ഡോ. എ.കെ.ജയശ്രീക്കുമൊപ്പം കനി.

അച്ഛനെ പേരു വിളിക്കുന്ന, അമ്മയെ ചേച്ചി എന്നു വിളിക്കുന്ന കനി

മൈത്രേയൻ (അച്ഛൻ) അദ്ദേഹത്തെ പേരു വിളിച്ചാൽ മതി എന്നു പറഞ്ഞാണ് എന്നെ വളർത്തിയത്. ജയശ്രീച്ചേച്ചിയെ (അമ്മ) വീട്ടിലുണ്ടായിരുന്ന മറ്റൊരു ചേച്ചി അങ്ങനെ വിളിക്കുന്നതു കേട്ടാണ് ഞാനും വിളിച്ചു തുടങ്ങിയത്. കുട്ടിക്കാലത്ത്, ഇങ്ങനെ വിളിക്കുന്നതിനെക്കുറിച്ചു മറ്റുള്ളവർ വേവലാതിപ്പെടുന്നതെന്തിന് എന്നു തോന്നാറുണ്ടായിരുന്നു. മൈത്രേയനും ജയശ്രീച്ചേച്ചിക്കും എനിക്കുമിടയിൽ സന്തോഷവും സ്നേഹവും പരസ്പര ബഹുമാനവുമാണ് എന്നുമുള്ളത്‌.

ഏറെ വിവാദങ്ങളുണ്ടാക്കിയ ഹ്രസ്വചിത്രമായിരുന്നു ‘മെമ്മറീസ് ഓഫ് എ മെഷീൻ’. അതിനെക്കുറിച്ച്...

അതു സത്യത്തിൽ ഒരു ഹ്രസ്വചിത്രമായിരുന്നില്ല. അതിന്റെ സംവിധായിക ഷൈലജ അവരുടെ കന്നഡ ചിത്രത്തിൽ അഭിനയിക്കണം എന്നാവശ്യപ്പെട്ടാണു സമീപിക്കുന്നത്. അതിനു നിർമാതാവിനെ കണ്ടെത്താനായി ചിത്രത്തിലെ ചില സീനുകൾ മാത്രം ‘വർക്ക്‌ ഇൻ പ്രോഗ്രസ്’ ആയി ഷൂട്ട് ചെയ്ത് കാണിക്കാനായിരുന്നു തീരുമാനം. അങ്ങനെ ഷൂട്ട് ചെയ്ത ഭാഗം പിന്നീട് ‘മെമ്മറീസ് ഓഫ് എ മെഷീൻ’ എന്ന പേരിൽ ഹ്രസ്വചിത്രമായി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് അതു യുട്യൂബിൽ റിലീസ് ചെയ്യുന്നത്. അതെല്ലാം ഷൈലജയുടെ മാത്രം തീരുമാനമായിരുന്നു.

ചിത്രം യുട്യൂബിൽ വന്നപ്പോൾ എനിക്കു നേരെ സൈബർ ആക്രമണമുണ്ടായി. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്നു എന്ന പേരിലായിരുന്നു അത്. എന്നാൽ, ഷൈലജ അവരുടെ അനുഭവങ്ങളുടെയും ചിന്തകളുടെയും വെളിച്ചത്തിൽ എടുത്ത ചിത്രമായിരുന്നു അത്. കുട്ടികൾക്കെതിരെയുള്ള അത്തരം അതിക്രമങ്ങളെ ഒരുതരത്തിലും പിന്തുണയ്ക്കുകയോ ഗ്ലോറിഫൈ ചെയ്യുകയോ ചെയ്യാൻ അവർ ആഗ്രഹിച്ചിരുന്നില്ല.

kani-kusruthi-2

അഭിനേതാക്കളുടെ സംഘടനയിലെ പ്രശ്നങ്ങളും പാർവതി തിരുവോത്തിന്റെ നിലപാടും

എഎംഎംഎയിൽ ഞാൻ ഒരുകാലത്തും അംഗമായിരുന്നില്ല. സംഘടനകളെക്കാൾ, ഒറ്റയ്ക്കു നിൽക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പിന്നെ, മലയാള സിനിമയിൽ ഞാൻ അത്രകണ്ടു സജീവമല്ലാത്തതും ഒരു കാരണമായിരിക്കാം. അവൾക്കൊപ്പമാണ്, അന്നും ഇന്നും. ഇത്രയും മുതിർന്ന ഒരു നടന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു കമന്റ് വിഷമമുണ്ടാക്കുന്നതാണ്. പാർവതിക്കു വോയ്സ് ഉള്ളതിനാലാണ് അവർക്ക് അത്തരത്തിൽ പ്രതികരിക്കാൻ സാധിച്ചതും അതിന് ഇത്രത്തോളം സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞതും. എന്നാൽ, അതേ വോയ്സുള്ള പലരും അത്തരത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ പാർവതിയോടു ബഹുമാനമുണ്ട്. പാർവതിക്കു സമാനമായ നിലപാടുമായി മുന്നോട്ടുവന്ന ഒട്ടേറെപ്പേർ നമ്മുടെ ചുറ്റുമുണ്ട്. അവരൊന്നും ലൈം ലൈറ്റിൽ ഇല്ലാത്തതുകൊണ്ട് ആരും കേൾക്കുന്നില്ല എന്നു മാത്രം.

മലയാള സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസും ബോഡി ഷെയ്മിങും

നായികയെ തല്ലുന്നതു നായകന്റെ ഹീറോയിസമായി കണ്ട് ആഘോഷിക്കപ്പെടുന്ന ചിത്രങ്ങൾ, അതു കാണുന്നവരിൽ തീർച്ചയായും സ്വാധീനമുണ്ടാക്കും. അത്തരം പ്രവണതകളാണു സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നെസിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. അതേസമയം, കൃത്യമായ ചട്ടക്കൂടുകളിൽ തളച്ചിടേണ്ടവയല്ല സിനിമയും മറ്റു കലകളും. ഈ രണ്ടു പക്ഷങ്ങൾക്കും നടുവിലാണ് യഥാർഥത്തിൽ സിനിമയുടെ സ്ഥാനമെന്നു ഞാൻ വിശ്വസിക്കുന്നു.

സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിലുള്ളവരെ കളിയാക്കുന്ന തമാശകൾക്കു ലോകസിനിമയിൽ സ്ഥാനമില്ല. അതൊരു ക്രൈം ആയാണു വിദേശരാജ്യങ്ങളിൽ കണക്കാക്കുന്നത്. ലോകത്തെ ഏറ്റവുമധികം ചിരിപ്പിച്ച ചാർലി ചാപ്ലിൻ ചിത്രങ്ങളിൽ അത്തരം കോമഡികൾ നമുക്കു കാണാൻ സാധിക്കില്ല. ആ തിരിച്ചറിവിലേക്കു മലയാള സിനിമ പതിയെ വന്നുകൊണ്ടിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA