ADVERTISEMENT

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് ഒന്നിച്ചുകൂടുന്ന കുട്ടികൾക്കിടയിൽ സ്വാസിക ഉണ്ടായിരുന്നില്ല. പരീക്ഷയെഴുതിക്കഴി‍ഞ്ഞയുടൻ അവൾ വണ്ടി കയറിയത് ചെന്നൈയിലേക്കാണ്. വെള്ളിത്തിരയുടെ മിന്നുന്ന വെളിച്ചത്തിലേക്ക് ഇത്ര ചെറുപ്പത്തിലേ നായികയായി എത്തിപ്പെടുകയെന്ന ഭാഗ്യത്തിനു നന്ദി പറ‍ഞ്ഞു സ്വപ്നങ്ങളെ താലോലിച്ചു അവൾ സിനിമാ സെറ്റിലേക്കെത്തി. ഒന്നിനു പുറകേ മറ്റു 2 സിനിമകൾ കൂടി. എന്നാൽ 3 സിനിമകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ തമിഴ് സിനിമയിൽ നിന്നു മലയാളത്തിലേക്ക്. 

 

കൊച്ചു കൊച്ചു റോളുകളിൽ അഭിനയം ഒതുങ്ങിയതോടെ മിനിസ്ക്രീനിലേക്കായി യാത്ര. പിന്നെ ഡാൻസറായും അവതാരികയായും ആൽബങ്ങളിലും ഹൃസ്വചിത്രങ്ങളിലും തുടങ്ങി ക്യാമറക്കണ്ണുകളിൽ മുഴുവൻ നിറയാൻ തുടങ്ങി. എങ്കിലും തിരശീലയിൽ തകർത്താടാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു ഒരുപാട് നാളുകൾ. ഒടുവിൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയുടെ സെറ്റിൽ വച്ച് സിജു വിൽസൻ വാസന്തിയുടെ കഥ പറ‍‍ഞ്ഞു. 

 

അങ്ങനെ സിനിമയിലെ തേപ്പുകാരി, യഥാർഥത്തിൽ സിജുവിന്റെ സിനിമയിലെ നായികയായി. ആ നായികയും സിനിമയും ഇതാ സംസ്ഥാന ചലച്ചിത്ര പുരസ്കാര മികവിൽ തിളങ്ങുന്നു. സ്വപ്നത്തിന്റെ പിന്നാലെ പോകാൻ ധൈര്യമുള്ളവർ എപ്പോഴെങ്കിലും തിരിച്ചറിയപ്പെടും എന്ന വിശ്വാസമാണ് തന്നെ ഇവിടെ വരെ കൊണ്ടെത്തിച്ചതെന്ന് സ്വാസിക പറയുമ്പോൾ പേരു സൂചിപ്പിക്കുന്നതുപോലെ ശ്വാസത്തിൽ മുഴുവനും അഭിനയവും നൃത്തവും തെളിയുന്നു. ഒപ്പം, സ്വപ്നങ്ങളുടെ പിന്നാലെ പോകാനുള്ള ധൈര്യവും.

swasika-cyber

 

വാസന്തിയിലേക്ക്

 

swasika

സിജുവാണ് എന്നോട് വാസന്തിയെക്കുറിച്ചു പറയുന്നത്. കേട്ടപ്പോൾ തന്നെ സിനിമ ചെയ്യാൻ ഞാൻ തയാറായിരുന്നു. കള്ളുകുടിക്കുന്ന, ഉറക്കെ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വളരെ ബോൾഡായ ഒരു കഥാപാത്രം. അഭിനയ സാധ്യത കൂടുതലാണ്. മുഴുനീള കഥാപാത്രവും. എന്നെ ത്രസിപ്പിക്കാൻ ഇക്കാരണങ്ങൾ ധാരാളമായിരുന്നു. എങ്കിലും ചെറിയ പേടി തോന്നി. ഇതുവരെ ഇത്രയും വലിയ ഒരു കഥാപാത്രം എന്റെ കരിയറിൽ ഉണ്ടായിട്ടില്ല. എനിക്കാകുമോ ഇത് എന്ന ചോദ്യം വല്ലാതെ അലട്ടിയിരുന്നു. പക്ഷേ, സംവിധായകരും സിജുവും എന്നിലർപ്പിച്ച വിശ്വാസം, അതെനിക്കു തന്ന ഊർജം വളരെ വലുതായിരുന്നു.

swasika-vijay-2

 

ആദ്യമായി ഒരു സിനിമയുടെ തിരക്കഥ എന്റെ കയ്യിൽ കിട്ടുന്നത് വാസന്തിയിലൂടെയാണ്. പലയാവർത്തി ഞാൻ തിരക്കഥ വായിച്ചു. സംശയങ്ങൾ തോന്നുമ്പോൾ അപ്പോൾ തന്നെ സംവിധായകരോടു ചോദിച്ചു മനസ്സിലാക്കി. കണ്ണാടിക്കു മുൻപിൽ നിന്നു പലതവണ അഭിനയിച്ചു നോക്കി. ഇരുപ്പിലും നടപ്പിലും വാസന്തിയായി മാറണമെന്ന് അണിയറപ്രവർത്തകരുടെയും എന്റെയും വാശിയായിരുന്നു. റിഹേഴ്സൽ വർക്​ഷോപ്പ് പോലും അതിനായി സംഘടിപ്പിച്ചു. ഓരോ ഭാഗങ്ങളും എന്നെക്കൊണ്ട് അഭിനയിപ്പിച്ചു. ശരിയല്ലെന്നു തോന്നുന്നിടത്തു നിർത്തി വീണ്ടും വീണ്ടും അഭിനയിച്ചു. അതിനെല്ലാം ഫലം ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി.

 

പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനം

swasika-c-05-

 

സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാസന്തിക്ക്. ഒട്ടും പ്രതീക്ഷയില്ലാതെ ടിവി സ്ക്രീനിൽ കണ്ണുംനട്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി വാസന്തിയുടെ പേര് പറയുന്നത്. അതു കേട്ടപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരുപക്ഷേ, അവാർഡ് ലഭിച്ചില്ലെങ്കിൽ ആരാരും അറിയപ്പെടാതെ പോകുമായിരുന്ന സിനിമയായിരുന്നു അത്. തിയറ്റർ റിലീസിനു വേണ്ടി എത്രയോ ബുദ്ധമുട്ടിയിരുന്നു. അവസാന റൗണ്ടിൽ പരിഗണിച്ച സിനിമകളുടെ കൂട്ടത്തിൽ വാസന്തിയുടെ പേരോ എന്റെ പേരോ കേട്ടിരുന്നില്ല. അതുകൊണ്ടു തന്നെ പുരസ്കാരം ലഭിക്കുമെന്നും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ സിനിമയുടെ പേര് അനൗൺസ് ചെയ്തപ്പോൾ തന്നെ വലിയ സന്തോഷമായിരുന്നു. ഇരട്ടി മധുരം എന്നു പറയുന്നതുപോലെയാണ് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ഉണ്ടെന്നു കേട്ടപ്പോൾ തോന്നിയത്.

 

ഒരുപാട് പേർ വിളിച്ചഭിനന്ദിച്ചു. എന്നെ തിരിച്ചറിഞ്ഞു തുടങ്ങി എന്നു എനിക്കു തന്നെ തോന്നിയ സമയമായിരുന്നു അത്. ഇപ്പോഴും ഇതെല്ലാം ഭാഗ്യമെന്നേ കരുതാൻ പറ്റൂ. അല്ലെങ്കിലും സിനിമ എപ്പോഴും ഭാഗ്യത്തിന്റേതാണ്. അവാർഡ് ലഭിച്ചു കഴി‍ഞ്ഞതിനു ശേഷം ഇതുവരെ വാസന്തിയുടെ ടീമിനെ കാണാൻ സാധിച്ചിട്ടില്ല. ഞാൻ തിരുവന്തപുരത്തും അവരെല്ലാം ആലുവയിലുമാണ്. തിരിച്ചെത്തിയിട്ടു വേണം എല്ലാവരെയും കാണാൻ.

 

swasika-photo

തമിഴ്,മലയാളം, പിന്നെ സീരിയൽ

 

പത്താം ക്ലാസ് പരീക്ഷ കഴി‍‍‍‍ഞ്ഞ സമയത്താണ് തമിഴ് സിനിമയിലേക്ക് നായികയായി ക്ഷണം ലഭിക്കുന്നത്. ഒരുപാട് സ്വപ്നങ്ങളും കൊണ്ടാണ് അന്ന് ട്രെയ്ൻ കയറിയത്. എന്നാൽ ചെയ്ത സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയുടെ യഥാർഥ ലോകം അവിടെ വച്ചാണ് തുടങ്ങുന്നത്. ‍എന്നെപ്പോലെ തന്നെ സിനിമാ മോഹങ്ങളുമായി അവിടേക്കെത്തുന്നത് ആയിരക്കണക്കിനാളുകളാണ് എന്നു മനസ്സിലാക്കിയതോടെ പതിയെ നാട്ടിലേക്ക് തിരിച്ചു. ഇവിടെയും ചെറിയ റോളുകളായിരുന്നു. അങ്ങനെയാണ് സീരിയയിലേക്ക് തിരിയുന്നത്.

 

അഭിനയം എന്റെ സ്വപ്നമാണെന്നും ആ തീരുമാനത്തിൽ ഉറച്ചു നിന്നത് തെറ്റാണെന്നും ഒരിക്കൽ പോലും തോന്നിയിട്ടില്ല. പക്ഷേ, കഥാപാത്രങ്ങളും സിനിമകളും അധികം ലഭിക്കാതെ വന്നപ്പോൾ വിഷാദത്തിലേക്കു വീണുപോയിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ സഹായിച്ചിരുന്നത് സിനിമ എന്ന പ്രതീക്ഷയായിരുന്നു. ഒപ്പം നൃത്തവും സ്റ്റേജ് ഷോകളും.

സീരിയലിൽ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് ഞാൻ വീടു വയ്ക്കുന്നതും കാർ വാങ്ങുന്നതുമെല്ലാം. ഞാൻ ഇന്ന് എന്താണോ, അതിനു സീരിയലുകൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. എന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതുപോലും സീരിയലുകളിലൂടെയായിരുന്നു.

 

എല്ലാം ഇഷ്ടം

 

അവതാരിക ആയാമെങ്കിലും ആൽബം ചെയ്യുകയാണെങ്കിലും സിനിമയാണെങ്കിലും സീരിയലാണെങ്കിലും നൃത്തമാണെങ്കിലും എല്ലാം എന്റെ ഇഷ്ട മേഖലകളാണ്. എല്ലാ ക്ലാസിക്കൽ നൃത്തവും പഠിച്ചിട്ടുണ്ട്. ഫോക്കസ് ചെയ്തത് ഭരതനാട്യം ആണെന്നേയുള്ളൂ. സീരിയൽ സെറ്റുകളിൽ പോകാൻ എനിക്കു ഭയങ്കര ഇഷ്ടമാണ്. വർഷങ്ങളായുള്ള സൗഹൃദം അവിടെ കാണാം.

 

സിനിമാ സെറ്റിൽ നിന്നാകട്ടെ പഠിക്കാനുള്ള കാര്യങ്ങളാണേറെ. സ്റ്റേജ് ഷോകൾ മറ്റൊരു പാഠപുസ്തകമാണ്. ഇവയിലേതാണ് എനിക്കേറ്റം ഇഷ്ടം എന്നൊന്നും എനിക്കറിയില്ല. എല്ലാം പ്രിയപ്പെട്ടതു തന്നെ.

 

സ്ത്രീ മുന്നേറ്റങ്ങൾ

 

സിനിമ എപ്പോഴും നായകന്റേതാണ് എന്നൊരു ചിന്ത പലപ്പോഴും പലരിലും നമുക്ക് കാണാൻ കഴിയും. അതാരുടെയും കുറ്റമല്ല, നമ്മുടെ സാഹചര്യങ്ങൾ അങ്ങനെയായതുകൊണ്ടാണ്. അതിനൊരു മാറ്റം വേണ്ടെന്നല്ല, പക്ഷേ, മാറാൻ സമയമെടുക്കും. പതിയെ പതിയെ മാത്രമേ ഇതിൽ സ്ത്രീ സമത്വം എല്ലാവരും വാദിക്കുന്ന തരത്തിലേക്ക് പ്രാപ്യമാകുകയുള്ളൂ. എന്നു കരുതി ഇപ്പോഴുള്ള സകല സെറ്റുകളിലും പുരുഷാധിപത്യമാണ് എന്നൊന്നും ‍കരുതുന്നില്ല. എനിക്കങ്ങനെ തോന്നിയിട്ടുമില്ല. ഏറെക്കുറെ, സ്ത്രീകളെ പരിഗണിക്കുന്ന സെറ്റുകൾ തന്നെയാണ് ഇവിടെയുള്ളത്.

 

സീരിയലുകളിൽ പലപ്പോഴും പഴയ ട്രെൻഡ് തന്നെയാണ് പിൻതുടരുന്നത്. അതിനു പ്രധാന കാരണം സാമ്പത്തികമായിരിക്കും. അതിനു ഇപ്പോൾ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെയാണ് സ്ത്രീ സമത്വവും. അതിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

 

കുടുംബം

 

അച്ഛൻ വിജയകുമാർ, അമ്മ ഗിരിജ. സഹോദരൻ ആകാശ്. എല്ലാവരും ഇപ്പോൾ ഹാപ്പിയാണ്. അമ്മയാണ് കൂടുതൽ സന്തോഷിക്കുന്നത്. കാരണം, എന്റെ കൂടെ എപ്പോഴും നിന്നിട്ടുള്ളതും എന്നെ ഏറ്റവും കൂടുതൽ അറിയുന്നതും അമ്മയ്ക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com