ADVERTISEMENT

നൂറിലേറെ സിനിമകൾക്ക് തിരക്കഥ രചിച്ച ജോൺ പോൾ സപ്തതിയുടെ വാതിൽ കടന്നു നിൽക്കുന്നു. കെ.എസ്. സേതുമാധവൻ, പി.എൻ.മേനോൻ, ഭരതൻ, മോഹൻ, ബാലു മഹേന്ദ്ര, പി.ജി.വിശ്വംഭരൻ, ഐ.വി.ശശി, ജോഷി, കമൽ, സിബി മലയിൽ, സത്യൻ അന്തിക്കാട്, ജേസി, കെ.മധു, വിജി തമ്പി തുടങ്ങിയ സംവിധായകരുടെ സിനിമകൾക്കാണ് അദ്ദേഹം തിരക്കഥ എഴുതിയത്. ചാമരം, രചന, വിടപറയും മുൻപേ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കാതോട് കാതോരം, തേനും വയമ്പും, ആരോരുമറിയാതെ തുടങ്ങിയവഅവയിൽ ചിലതു മാത്രം. അദ്ദേഹവുമായി യുവ തിരക്കഥാകൃത്ത് ദിലീഷ് നായർ നടത്തുന്ന അഭിമുഖം. (പുനപ്രസിദ്ധീകരിച്ചത്)

 

നാലു പതിറ്റാണ്ടു പിന്നിട്ട സിനിമാജീവിതത്തിൽ സാർ തൃപ്തനാണോ?

 

പൂർണ തൃപ്തി എന്നതു പ്രാപ്യമായ ഒന്നല്ല. നാം ചെയ്തതിൽ തൃപ്തനല്ലെന്ന സ്വയം വിമർശനം ഉള്ളതുകൊണ്ടാണു നമുക്കിതിൽ തുടരാൻ സാധിക്കുന്നത്.

 

ഭരതൻ, പത്മരാജൻ തുടങ്ങിയ സുഹൃത്തുക്കളെ മിസ് ചെയ്യുന്നുണ്ടോ?

 

ഭരതൻ, പത്മരാജൻ, കെ.ജി.ജോർജ്, മോഹൻ എന്നിവർ ഞാൻ വായിച്ച വലിയ പുസ്തകങ്ങളാണ്. ഒരിക്കൽ ഞാനും ഭരതനും പവിത്രനും കലാമണ്ഡലം ഹൈദരലിയും കൂടി ഇരിക്കുന്ന സദസ്സിൽ നിറം കടന്നുവന്നു. ഭരതനു രാഗങ്ങൾക്കെല്ലാം മുദ്ര വരയ്ക്കണം. അതുപോലെ നിറം പറയണം. ഭരതൻ ചോദിച്ചു, മരണത്തിന്റെ നിറം എന്തായിരിക്കുമെന്ന്. അപ്പോൾ പവിത്രൻ പറഞ്ഞു, തവിട്ടുനിറമെന്ന്. ഹൈദരലി പറഞ്ഞു, ആട്ടവിളക്കിന്റെ നിറമായിരിക്കുമെന്ന്.

 

ഞാൻ പറഞ്ഞു, ഞാൻ ഇതുവരെ മരിച്ചിട്ടില്ല, അതുകൊണ്ട് അറിയില്ല എന്ന്. ഭരതൻ പറഞ്ഞു, ഇളം നീലയാകാൻ സാധ്യതയുണ്ട്. ഞാൻ ചോദിച്ചു, അതെന്താ അങ്ങനെ?

 

john-paul

ഭരതൻ: അതല്ലടാ, മരിച്ചു കഴിഞ്ഞാൽ നമ്മളിങ്ങനെ ആകാശത്തേക്കല്ലേ പോകുന്നത്. അങ്ങോട്ടു ലയിക്കണമെങ്കിൽ നിറം ഇളം നീലയല്ലേ; അപ്പോൾ മരണത്തിന്റെ നിറം ഇളം നീലയല്ലേ?

 

അന്നു ഞങ്ങൾ പരസ്പരം പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മളിൽ ആരാണോ ആദ്യം മരിക്കുന്നത് അയാൾ അവിടെ ടെലിപ്പതിയുടെ കൗണ്ടർ തുറന്നിട്ടുണ്ടെങ്കിൽ അവിടെനിന്ന് ആദ്യം മരണത്തിന്റെ കളർ എന്താണെന്ന മെസേജ് അയയ്ക്കണമെന്ന്. മൂന്നു പേരും മരിച്ചു. ടെലിപ്പതിയുടെ കൗണ്ടർ തുറന്നിട്ടില്ല എന്നെനിക്കു മനസ്സിലായി.

 

‘യാത്ര’യുടെ പ്ലോട്ടിൽ എങ്ങനെ എത്തിച്ചേർന്നു?

 

ഫിന്നിഷ് ഭാഷയിലെ പോപ്പുലർ സോങ്ങാണത്. അതെനിക്കു പരിചയപ്പെടുത്തിയത‌ു ബാലരമയുടെ പത്രാധിപരായിരുന്ന എൻ.എം.മോഹനനാണ്. ഒരിക്കൽ ഞങ്ങൾ വഴിയരികിൽ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ‘ജോണിന് ഇതിൽനിന്നു സിനിമ ഉണ്ടാക്കാൻ പറ്റും’ എന്നദ്ദേഹം പറഞ്ഞു. അതെന്റെ മനസ്സിൽ കിടന്നു വളർന്ന് ‘യാത്ര’യിൽ എത്തി. അത് ഓസ്കർ വൈൽഡ് ചെറുകഥയാക്കിയിട്ടുണ്ടെന്നും അതിനെ ആസ്പദമാക്കി ‘യെല്ലോ ഹാൻഡ്കർച്ചീഫ്’ എന്ന സിനിമയുണ്ടായിട്ടുണ്ടെന്നും പിന്നീടാണ് അറിഞ്ഞത്.

 

സംവിധായകൻ മോഹൻ ഒരു ഡിസ‌ിപ്ലിൻഡ് ഡയറക്ടർ ആണെന്നു തോന്നിയിട്ടുണ്ട്. സാറിന്റെ അഭിപ്രായം?

 

അദ്ദേഹം അനുവർത്തിച്ച‌ു പോന്നിട്ടുള്ളത് മോസ്റ്റ്ലി ഒരു സ്റ്റുഡിയോ ഫിലിം മേക്കിങ് ആണ്. സേതുമാധവൻ സാറിന്റെ ഒക്കെ മേക്കിങ് ആണ്. ഔട്ട് ഡോർ ചെയ്യില്ലെന്നല്ല. അവിടെപ്പോലും ചിട്ടപ്പെടുത്തപ്പെട്ട രീതിയിലാണ്. പുള്ളി തിരക്കഥ‌ാവേളയിൽ പറഞ്ഞുറപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ‘മംഗളം നേരുന്നു’ എന്ന സിനിമ. അതിൽ മഞ്ഞിൻ കണങ്ങൾ ഇറ്റുനിൽക്കുന്ന പൂവിനു പകരം പ്ലാസ്റ്റിക് പൂ വച്ചതിനു സ്വന്തം പ്രൊഡക്‌ഷന്റെ ഷൂട്ടിങ് 2 മണിക്കൂർ നിർത്തിവച്ച ആളാണു മോഹൻ. ഒറിജിനൽ പൂ വന്നിട്ടാണു ചിത്രീകരണം തുടർന്നത്. അതായത് തന്റെ സങ്കൽപത്തിൽനിന്നു മാറാൻ അദ്ദേഹം തയാറല്ല.

 

എന്നാൽ, ഭരതൻ അങ്ങനെയല്ല. ഏതു ലൊക്കേഷനിലും പുതിയതു കണ്ടാൽ അതുകൂടി ഇതിലേക്കു ചേർക്കാൻ സാധ്യതയുണ്ടോ എന്ന് അന്വേഷിക്കും. അവിടെ വച്ച് എന്തെങ്കിലും ഭ്രാന്തമായ ആശയം പറഞ്ഞാലും വളരെ റിസപ്റ്റീവായി അതു ചെയ്യും. ‘സന്ധ്യമയങ്ങും നേരം’ എന്ന സിനിമയിൽ ഭരത് ഗോപ‌ിയുടേത് അൽപം അബ്നോർ‍മലായ കഥാപാത്രമാണ്. അതിൽ അദ്ദേഹം തന്നെത്താൻ സംസാരിക്കുന്ന സീക്വൻസുണ്ട‌്. ലൊക്കേഷനിൽ ഞാനും ഗോപിയും കൂടി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിനടുത്തായി വലിയൊരു നായയെ ചങ്ങലയ്ക്കിട്ടിരിക്കുന്നതു ശ്രദ്ധിച്ചു. അതിന്റെ നോട്ടവും ഭാവവും കണ്ടു ഭരതൻ നായയെ സിനിമയിലേക്കു കഥാപാത്രമായി സ്വീകരിച്ചു. ഗോപിയുടെ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിൽ നായയുടെ ചലനങ്ങൾ ചേർത്തുവച്ചു.

 

കൊറോണാനന്തര സിനിമയിലെ ‘ടൈം ആൻഡ് സ്പേസി’ന്റെ പ്ലേസ്മെന്റിനെ സാർ എങ്ങനെ കാണുന്നു?

 

അതു കാലഘട്ടത്തെ അടയാളപ്പെടുത്തുക എന്നുള്ളതല്ല. ഒരു പ്രമേയത്തെ നമ്മൾ എങ്ങനെ ചിട്ടപ്പെടുത്തുന്നു എന്നതിലാണ് (ടൈമും സ്പേസും പ്രസക്തമാകുന്നത്). ടൈമും സ്പേസും ഏറ്റവും കൂടുതൽ ലംഘിച്ചിട്ടുള്ളതു സിനിമയാണ്. ഇവിടെ ഇരുന്നുകൊണ്ട് നമ്മുടെ രണ്ടു പേരുടെയും പൊസിഷൻ മാറാതെ നമുക്കു ജർമനി വരെ ഒന്നു പോയി വരാം. നാം സ്കൂളിൽ പഠിച്ചിരുന്ന കാലത്തേക്കു പോയിവരാം. ഒരുവിധത്തിലുള്ള ആശയക്കുഴപ്പവും ഇല്ലാതെ പ്രേക്ഷകൻ ഉൾക്കൊള്ളുന്നതാണു സിനിമയുടെ ഭാഷ. പക്ഷേ, ഇനി എങ്ങനെ ആൾക്കൂട്ടം പങ്കെടുക്കുന്ന സിനിമകൾ ചെയ്യാൻ പറ്റും എന്ന ചോദ്യം പ്രസക്തമാണ്. ജീസസില്ലാതെ ജീസസിനെ കാണിച്ച, ബെൻഹറിലെ ദാഹജലം തട്ടിക്കളയുന്ന ആ സീൻ ഉദാഹരണമാണ്. അതുപോലെ തന്നെ കുറസോവയുടെ റെഡ് ബിയേഡ്. ഞാൻ 9 പ്രാവശ്യം കണ്ട സിനിമയാണ്. അദ്ഭുതപ്പെട്ടുപോയി. ആൾക്കൂട്ടമില്ലാതെ ആൾക്കൂട്ടത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ കഴിയണം. അസാധ്യമായത് ഒന്നുമില്ല, സിനിമയിൽ.

 

ഒടിടി പ്ലാറ്റ്ഫോമ‌ുകള‌ിലും സിനിമ എത്തുന്നു. ഈ മാറ്റം തിരക്കഥകളെ എങ്ങനെ പരിവർത്തനപ്പെടുത്തണം?

 

അതിന്റെ വിപണനവും സാധ്യതകളും പഠനവിധേയമാക്കിക്കൊണ്ടു വേണം മാറ്റങ്ങൾ വരുത്താൻ. നിലവിലുള്ള സിനിമയുടെ അവസ്ഥ പ്രധാനമാണ്. പിന്നെ ഒടിടി വേൾഡ് വൈഡ് മാർക്കറ്റാണു ലക്ഷ്യം വയ്ക്കുന്നത്.

 

നമ്മുടെ തിയറ്റർ സംസ്കാരം പുനഃസ്ഥാപിക്കപ്പെടുമോ; അതോ മറ്റു പ്രദർശന സങ്കേതങ്ങളിലേക്കു മാറുമോ?

 

വിദേശ രാജ്യങ്ങളിൽ ആദ്യം മുതൽ തന്നെ വലിയ തിയറ്ററുകൾ ഇല്ലാതായി. 50–60 പേർക്ക‌ിരിക്കാവുന്ന തിയറ്ററുകളിലേക്കു മാറി. ഹോം തിയറ്ററുകൾ വളരെ കൂടി. ഒരു ഫ്ലാറ്റിൽത്തന്നെ 5–6 തിയറ്ററുകൾ ഉണ്ടാകും. അത്തരത്തിലുള്ള മാറ്റം ഇവിടെയും സംഭവിച്ചേക്കാം. നമ്മുടെ കടൽത്തീരങ്ങളിൽ ഡ്രൈവ് ഇൻ സിനിമയ്ക്കുള്ള സാധ്യതയുണ്ട്. മഹാരാഷ്ട്രയിലൊക്കെ അനുവർത്തിച്ചുവരുന്ന നയമുണ്ട്, ഒരു തിയറ്റർ പൊളിച്ചു ഷോപ്പിങ് കോംപ്ലക്സ് പണിതാൽ അതിൽ ഉറപ്പായും ഒരു തിയറ്റർ പണിതിരിക്കണം. കൊച്ചിയിൽ നമ്മുടെ മേനക തിയറ്റർ പൊളിച്ചപ്പോൾ ഇത് അനുവർത്തിച്ചില്ല. കേരളത്തിൽ അബ്കാരി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വ്യവസായമാണ് സിനിമ. അതിന് അർഹിക്കുന്ന സംരക്ഷണം ഗവൺമെന്റുകൾ കൊടുത്തിട്ടില്ല.

 

തിരക്കഥയിൽ കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾ എങ്ങനെ അടയാളപ്പെടുത്തുന്നു?

 

നാടകങ്ങളിൽ നിന്നു സിനിമയിലേക്കുള്ള മാറ്റത്തിൽ കൊച്ചു കൊച്ചു രംഗങ്ങൾ കോർത്തിണക്കി അതിനൊരു താളം സൃഷ്ടിക്കുന്നിടത്തുനിന്ന‌ു കാലാകാലങ്ങളിൽ തിരക്കഥകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട‌്.സിനിമ ഒരു പാഷനാണ്; ഒരു സ്വപ്നത്തെ തേടിയുള്ള പാഷൻ. ആ സ്വപ്നം പാതി സത്യവും പാതി കളവുമാണ്.

 

സിനിമയിലെ ജെൻഡർ പൊളിറ്റിക്സ് ?

 

നർഗീസ് എന്ന നടി ഇല്ലായിരുന്നെങ്കിൽ ‘മദർ ഇന്ത്യ’ സങ്കൽപിക്കപ്പെടുമായിരുന്നോ? കേന്ദ്ര സ്ത്രീകഥാപാത്രം, പുരുഷ കഥാപാത്രം – ഇതിനെ കേന്ദ്രീകരിച്ചുള്ള വിപണന സമ്പ്രദായം, ഈ പഴയ വാർപ്പുരീതികളാണ് ഉടച്ചുവാർക്കേണ്ടത്.

 

സമൂഹത്തിൽ തിരക്കഥാകൃത്തിന്റെ സ്ഥാനം; ഡോക്ടർ, എൻജിനീയർ എന്നുള്ള ആംഗിളിൽ?

 

ഡോക്ടർ സമൂഹത്തോടു നേരിട്ടു സംവദിക്കുന്നു. തിരക്കഥാകൃത്ത്, സമൂഹത്തിൽനിന്ന് എടുക്കുന്ന സ്പെസിമെനുകളിൽ നിന്ന് ഒരു കഥ പാകപ്പെടുത്തി സംവിധായകനിൽ എത്തിക്കേണ്ട ആളാണ്. അതുകൊണ്ടു തന്നെ തിരക്കഥാകൃത്തിനു സമൂഹത്തെ ഉടച്ചുവാർക്കേണ്ട ഉത്തരവാദിത്തമൊന്നും ഇല്ല. ഒരു ജോലി എന്ന രീതിയിൽ സിനിമയുടെ ഗ്ലാമറുകളിൽ തിരക്കഥാകൃത്തിനും സ്ഥാനമുണ്ട്.

 

സാർ സിനിമ സംവിധാനം ചെയ്യാത്തത് എന്തുകൊണ്ട് ?

 

ഓഫറുകൾ ഉണ്ടായിരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ തിരക്കുകളിൽ പെട്ടുപോയി. മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചിലപ്പോൾ ചെയ്തെന്നു വരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com