സർക്കാർ ജോലി ഉപേക്ഷിച്ചത്; കാർ വിറ്റ് ചാരിറ്റി ചെയ്തു; ഇനിയും തുടരും: സന്തോഷ് പണ്ഡിറ്റ് അഭിമുഖം

santhosh-pandit-charity
SHARE

സന്തോഷ് പണ്ഡിറ്റ് ഇന്നൊരു ഹീറോയാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും.  ഒരു സിനിമയുടെ സംവിധാനത്തിൽ തുടങ്ങി ലൈറ്റ് ചുമക്കുന്നത് വരെയുള്ള കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്ത് മുഖ്യധാരാ ചലച്ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വതസിദ്ധമായ ശൈലിയിൽ സിനിമ ചെയ്ത് സന്തോഷ് മലയാളികളെ ഞെട്ടിച്ചുകൊണ്ടേയിരിക്കുന്ന താരം.  ഇപ്പോഴിതാ കൊറോണ പ്രതിസന്ധിയിൽ പകച്ചു നിൽക്കുന്ന പാവപ്പെട്ടവർക്ക് സ്വന്തം വരുമാനത്തിന്റെ സിംഹഭാഗവും കൊടുത്ത് വീണ്ടും വ്യത്യസ്തനാവുകയാണ് സന്തോഷ്.  സന്തോഷ് പണ്ഡിറ്റ് മനോരമ ഓൺലൈനിനു അനുവദിച്ച അഭിമുഖത്തിൽ നിന്ന്... 

എന്താണ് പുതിയ വിശേഷങ്ങൾ?

എന്റെ പത്താമത്തെ സിനിമ ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ ആണ്.  അത് വിഷുവിനു റിലീസ് ചെയ്യാനിരുന്നപ്പോഴാണ് കൊറോണ വരുന്നത്. ഇനി തിയറ്റർ തുറന്നാലും ജനങ്ങൾ സിനിമ കാണാൻ വരുമോ എന്ന് അറിയില്ല.  ഓടുന്ന ബസിൽ ആളില്ല പിന്നല്ലേ തിയറ്റർ.  അവസാന ഓപ്ഷൻ ആയി എടുക്കുന്ന കാര്യമാണ് വിനോദം, അതുകൊണ്ടു തന്നെ തിയറ്ററിൽ ആളുകൾ ഉടനെ വരാൻ ചാൻസ് കുറവാണ്.  

santhosh-pandit-charity-1

തിയറ്റർ തുറക്കുമ്പോൾ ചിലപ്പോൾ ഞാൻ എന്റെ പഴയ സിനിമ ഒന്നുകൂടി ഓടിക്കും.  'ഉരുക്കു സതീശൻ' ആണ് അവസാനമായി റിലീസ് ചെയ്ത സിനിമ, അതുപലരും കണ്ടില്ല എന്ന് പറഞ്ഞു.  പുതിയ രണ്ടു സിനിമ എഴുതി വച്ചിരിക്കുന്നു.  ഷൂട്ടിങ് കേരളത്തിന് പുറത്താണ്, എട്ടു പാട്ടുകളൊക്കെ ഉണ്ട്. കൊറോണ വന്നത് കാരണം ഷൂട്ടിങ് നടന്നില്ല, അത് ഉടനെ തന്നെ തുടങ്ങണം.  കോവിഡ് ആയതോടെ നമ്മൾ എല്ലാം കഷ്ടപ്പെടുവാണല്ലോ, പക്ഷേ നമ്മുടെ കഷ്ടപ്പാടൊന്നും ഒന്നുമല്ല, ഒരു നേരത്തെ അന്നം പോലും ഇല്ലാതെ കിടക്കുന്നവർ ഉണ്ട്.  അതുപോലെ തന്നെ ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ പഠിക്കാൻ സാഹചര്യം ഇല്ലാത്ത കുട്ടികൾ ഒരുപാടുണ്ട്. 

pandit-2

ഞാൻ കൂടുതലും പ്രവർത്തനം നടത്തുന്നത് വയനാടും അട്ടപ്പാടിയിലും ഒക്കെ ആണ്.  അവിടെ കുറച്ചു കുട്ടികൾക്ക് പഠിക്കാനുള്ള സഹായം ചെയ്തു കൊടുക്കുന്നുണ്ട്.  ഞാൻ ആർക്കും പണം  കൊടുക്കാറില്ല ആളുകൾക്ക് വേണ്ട കാര്യം എത്തിച്ചു കൊടുക്കും.  ചില കുട്ടികൾക്ക് ക്ലാസ് കിട്ടാൻ വേണ്ടി ടി വി കൊടുത്തു.  ചില പാവപ്പെട്ട സ്ത്രീകൾക്ക് തയ്യൽ മെഷിൻ, പശുക്കുട്ടി, ആട്ടിൻകുട്ടി, കോഴി അങ്ങനെ ഓരോരുത്തർക്കും ഉപകാരപ്രദമായ സാധനങ്ങൾ ആണ് കൊടുക്കുന്നത്.  എനിക്ക് കിട്ടുന്നതിൽ 50 ശതമാനത്തിൽ കൂടുതൽ ഞാൻ ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കും.  

ചാരിറ്റിക്ക് വേണ്ടി ഫണ്ട് എവിടെനിന്നാണ് കണ്ടെത്തുന്നത്?

ഞാൻ സിനിമ എടുത്തുകൊണ്ടിരിക്കുമ്പോൾ എന്റെ ലാഭത്തിന്റെ ഒരു വിഹിതം പാവപ്പെട്ട ആളുകൾക്കു കൊടുത്തിരുന്നു.  ഇപ്പോൾ സിനിമ ഇല്ലല്ലോ പക്ഷേ യൂട്യൂബ് വരുമാനം ഉണ്ട്. അതിൽ നിന്നാണ് എന്റെ ജീവിത ചെലവിനും പിന്നെ ചാരിറ്റിക്കും പണം കണ്ടെത്തുന്നതു.  എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ച കാര്യമുണ്ട്, നാം ആർക്കെങ്കിലും വല്ലതും കൊടുത്താൽ അത് അവർക്കു വേണ്ട സാധനമായിരിക്കണം അല്ലാതെ നമുക്ക് തോന്നിയതാകരുത്  എന്ന്.  അതാണ് ഞാൻ എപ്പോഴും പ്രാവർത്തികമാക്കുന്നത്.  വരുമാനത്തിന്റെ ഒരു ഭാഗം എന്നുള്ളത് ഇപ്പോൾ വരുമാനം മുഴുവൻ കൊടുക്കുന്നു എന്ന നിലയിൽ ആണ്.  അത്രയ്ക്കുണ്ട് ആവശ്യക്കാർ.  

pandit-11

പ്രളയകാലത്തു ഞാൻ ഒരു സ്ത്രീയെ കണ്ടു, അവർ എന്നെ അവരുടെ വീട്ടിൽ കൊണ്ടുപോയി. അവരുടെ അടുക്കള സാധനങ്ങളൊക്കെ ഒലിച്ചു പോയിരുന്നു.  ദുരിതാശ്വാസ പ്രവർത്തനം നടത്തിയവർ 12 കിറ്റ് കൊടുത്തു. അതെല്ലാം അരിയും പലവ്യഞ്ജനങ്ങളും, പക്ഷേ ഇതൊക്കെ പാകമാക്കാനുള്ള കലം മാത്രം അവർക്ക് ഇല്ല .  അവർ ഈ സാധനങ്ങൾ ഒക്കെ പെറുക്കി വച്ച് ഇങ്ങനെ ഇരിക്കുകയാണ്. ദയനീയ അവസ്ഥ.  ആ സമയത്താണ് എന്നെ കാണുന്നത്, മോനെ എനിക്കൊരു കലം വാങ്ങി തരുമോ എന്ന് ചോദിച്ചു.  ഞാൻ അവരെയും മറ്റു ചില സ്ത്രീകളെയും കൊണ്ട് ഒരു കടയിൽ പോയി ഇഷ്ടമുള്ളത് എടുക്കാൻ പറഞ്ഞു.  വേറൊരു വീട്ടിൽ പ്രായമായ ഒരു പുരുഷൻ മാത്രം, അദ്ദേഹത്തിന്റെ കയ്യിൽ ഇഷ്ടംപോലെ പണമുണ്ട്, പക്ഷേ പ്രളയകാലത്ത് ആരും അന്വേഷിച്ചു വന്നില്ല.  കയ്യിൽ പണമുണ്ട് മരുന്ന് വാങ്ങി നൽകാൻ ആരുമില്ല.  ഞാൻ മരുന്ന് വാങ്ങി എത്തിച്ചു.  ചിലർക്ക് വേണ്ടത് സാന്ത്വനമാണ്, ചിലർക്ക് സ്നേഹവും, അതെല്ലാം ഞാൻ വാരിക്കോരി കൊടുക്കും.

andit-tv

കൊറോണ തകർത്ത താങ്കളുടെ സിനിമ പ്രതീക്ഷകൾ? 

ഭാഗ്യത്തിന് ഞാൻ പടം ഒന്നും തുടങ്ങി വച്ചിട്ടില്ല, അതുകൊണ്ടു തന്നെ മുടങ്ങിയില്ല, ഷൂട്ട് പക്ഷെ പ്ലാൻ ചെയ്തു വച്ച സിനിമകൾ നടന്നില്ല, അത് ഉടനെ ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.  തിയറ്ററുകൾ തുറന്നാലേ ആഗ്രഹിക്കുന്ന പണം ചാരിറ്റിക്ക് വേണ്ടി ചെലവഴിക്കാൻ കിട്ടൂ.  ഇപ്പോൾ പിടിച്ചു നിൽക്കുന്നത് യൂട്യൂബ് വരുമാനം കൊണ്ട് ആണ്.

santhosh-pandit-wayanadu

എങ്ങനെയാണ് മറ്റുള്ളവരെ സഹായിക്കണം എന്ന തോന്നൽ ഉണ്ടായത്?

സഹായം ഞാൻ പണ്ടുമുതലേ ചെയ്യുമായിരുന്നു.  ഞാൻ ഒരു സർക്കാർ ജോലിക്കാരനായിരുന്നു, ജോലി ഉപേക്ഷിച്ചതാണ്.  അന്ന് മുതലേ ഞാൻ കിട്ടുന്നതിൽ പങ്ക് പാവങ്ങൾക്ക് കൊടുക്കും.  അതൊക്കെ  വാർത്തയാകണമെങ്കിൽ കൊടുക്കുന്ന ആൾ പ്രശസ്തനായിരിക്കണം.  അതുകൊണ്ടു തന്നെ ഞാൻ കൊടുത്തതൊന്നും ആരും അറിഞ്ഞില്ല.  ഇപ്പോൾ എന്നെ നാലാൾ അറിഞ്ഞു തുടങ്ങിയപ്പോൾ ഞാൻ കൊടുക്കുന്നതും അറിയുന്നു അത്രേ ഉള്ളൂ .  നമ്മൾ പാവങ്ങളുടെ കഥ സിനിമയാക്കിയാൽ മാത്രം പോരാ, പാവപ്പെട്ടവർക്ക് വേണ്ടതു അറിഞ്ഞു ചെയ്യണം.  നഴ്സ്മാരുടെ  കഥ സിനിമയാക്കുന്നവർ അവർക്കു ഒരു പ്രശനം വന്നപ്പോൾ എന്ത് ചെയ്തു?  അതുപോലെ പ്രവാസികളുടെ കഥ എടുക്കുന്നവർ ഈ കൊറോണ കാലത്തു അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ അറിയുന്നുണ്ടോ?  കലാകാരന് സാമൂഹിക പ്രതിബദ്ധത വേണം.   കോടികൾ വാങ്ങി കീശ വീർപ്പിച്ചിട്ടു കാര്യമില്ല, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണം അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കണം, അവർക്കു വേണ്ട സഹായം ചെയ്യണം.  അതാണ് എന്റെ അഭിപ്രായം.

santhosh-pandit-charity-2

വിപ്ലവം മണ്ണിലിറങ്ങി നിന്ന് നടത്തണം അല്ലാതെ സോഷ്യൽ മീഡിയ വിപ്ലവമല്ല നടത്തേണ്ടത്.  എന്റെ അമ്മ പറഞ്ഞു തന്ന കാര്യമാണ്, ഒരു സ്ഥലത്തു അന്ധകാരമാണെങ്കിൽ ആ അന്ധകാരത്തിനു കാരണമായവനെ തെറി പറയാം, അല്ലെങ്കിൽ പേടിച്ച് ഓടാം. പക്ഷേ നമ്മൾ ചെയ്യേണ്ടത് അവിടെ ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുക, അങ്ങനെ മറ്റുള്ളവർക്കായി വെളിച്ചം പകരുക, ഈ ഉപദേശമാണ് ഞാൻ എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത്.

എന്താണ് സിനിമയുടെ ഭാവി??

സിനിമയുടെ ഭാവി വളരെ പരിതാപകരമാണ്.  തിയറ്ററുകൾ തുറന്നാൽ തന്നെ ആളുകൾ എത്താൻ സാധ്യതയില്ല.  സിനിമകൊണ്ടു ഒരുപാട് പേര്‍ ജീവിക്കുന്നുണ്ട്.  ലീഡിങ് ആയ നടന്മാരും നടിമാരും സംവിധായകരും മറ്റു സാങ്കേതിക വിദഗ്ധരും ഉൾപ്പടെ ഒരു നൂറു പേര്‍ കാണും നല്ല വരുമാനം ഉണ്ടാക്കുന്നവർ.  ബാക്കി എല്ലാവരും ചെറിയ പ്രതിഫലത്തിൽ ആണ് പണിയെടുക്കുന്നത്.  തിയറ്റർ ഉടമകളുടെ കാര്യമാണ് കഷ്ടം.  സിനിമ കളിച്ചില്ലെങ്കിൽ പോലും അവർക്ക് ചെലവാണ്. 

santhosh-pandit-charity-22

നഗരത്തിലെ ഏറ്റവും പ്രൈം സ്ഥലത്തായിരിക്കും തിയറ്റർ.  അവിടെ ഭീകരമായ കറന്റ് ചാർജ് വരും, ജോലിക്കാർക്ക് ശമ്പളം കൊടുക്കണം,  ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചില്ലെങ്കിൽ അതും നശിച്ചു പോകും.   ഇതിപ്പോ വരവും ഇല്ല ചെലവും ഉണ്ട് എന്ന സ്ഥിതിയാണ്.   ചെറിയ വരുമാനമുള്ള തൊഴിലാളികൾക്ക് എന്ത് പണിയും എടുക്കാം.  9 മുതൽ 5 വരെ പണിയെടുത്താൽ 700 മുതൽ 1000 വരെ കിട്ടും, സിനിമാമേഖലയിലും അത്ര തന്നെയേ കിട്ടു , അപ്പോൾ കഴിയുന്ന പണി എടുത്തു ജീവിക്കുക.  പക്ഷേ വൻകിട താരങ്ങൾക്കാണ് പ്രശനം വരുന്നത്.  അവർക്കു എന്ത് പണിയും ചെയ്യാൻ കഴിയില്ലല്ലോ.  

pandit-22

മലയാള സിനിമയിൽ ഇനി ചെയ്യാവുന്ന കാര്യം, നിർമാതാക്കൾ മാറി ചിന്തിക്കുക.  വാരിവലിച്ച് സിനിമ ചെയ്യേണ്ട, നല്ല സിനിമകൾ ചെയ്യുക.  അതുപോലെ തന്നെ വലിച്ചു വാരി ഷൂട്ട് ചെയ്യാതെ ആവശ്യമുള്ള സീൻസ് മാത്രം എടുക്കുക.  താരത്തിന്റെ സാറ്റലൈറ്റ്  വാല്യൂ നോക്കിയിട്ടു അതിനുള്ളിൽ വരുന്ന കോസ്റ്റിൽ സിനിമ എടുക്കുക.  വളരെ മിനിമം  ആളുകളെ മാത്രം കാസ്റ്റ് ചെയുക.  പ്ലാൻ ചെയ്യുന്ന സമയത്തു തന്നെ തീർക്കാൻ നോക്കുക.  അതിവ്യയം ചെയ്യുന്ന സംവിധായകരെ ഒഴിവാക്കുക.  

santhosh-pandit-charity-3

സിനിമയുടെ ദൈർഘ്യം ഒരു മണിക്കൂർ അമ്പതു മിനിറ്റൊക്കെ മതി, അത്രയും ചെയ്താലും സാറ്റലൈറ്റ്   റൈറ്റ് കിട്ടും.  ഗൾഫ് റിലീസ് ഒക്കെ കുറവാണ്.  അതുകൊണ്ടു തന്നെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതു.  നിർമാതാവ് നേരായ വഴിയിൽ ഉണ്ടാക്കിയ ക്യാഷ് കൊണ്ടാണ് സിനിമ എടുക്കുന്നതെങ്കിൽ  കൃത്യമായി ആയി കാര്യങ്ങൾ ചെയ്യുക.  അല്ലാതെ കള്ളക്കടത്തു പണം വെളുപ്പിക്കാൻ ആണെങ്കിൽ  അവർക്ക് തോന്നുന്നതുപോലെ ചെയ്യട്ടെ.  സംവിധായാകർക്ക് കുഴപ്പമില്ല, ക്യാഷ് പോകുന്നത് നിർമാതാവിന്റെ അല്ലെ, കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ കൊണ്ടാണ് സിനിമ എടുക്കുന്നതെങ്കിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കുക. എങ്കിൽ ഒരു പരിധി വരെ ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപെടാൻ കഴിയും.

pandit-5

താരങ്ങൾ പ്രതിഫലം കുറക്കണം എന്നാണോ പറയുന്നത്? 

അയ്യോ അല്ല, താരങ്ങൾ കുറക്കരുത്.  ഒരു നിർമാതാവ് ഒരു താരത്തെ സമീപിക്കുമ്പോൾ  താരം തന്റെ പ്രതിഫലം പറയുക. അത് തരാൻ വിസമ്മതിക്കുകയാണെങ്കിൽ പോയി പണി നോക്കാൻ പറയുക.  സാറ്റലൈറ്റ് റൈറ്റ് ഉള്ളവർക്ക് തനിയെ പടം എടുക്കാമല്ലോ.  രണ്ടു കോടി റൈറ്റ് ഉള്ള ആൾക്ക് ഒരു കോടിക്ക് പടം പിടിച്ചാൽ ബാക്കി ലാഭമാണ്.  ഈ  നടൻ തന്നെ വേണം എന്ന് പറഞ്ഞു വന്നാൽ അയാൾ പറയുന്ന പ്രതിഫലം കൊടുത്തേ മതിയാകൂ.  സാറ്റലൈറ്റ് റൈറ്റ് ഇല്ലാത്ത നടന്മാർക്കാണ് പ്രതിസന്ധി.  അവർക്ക് നിർമാതാക്കൾ പറയുന്നതുപോലെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. 

തിയറ്ററുകൾ തുറക്കുമ്പോൾ ഈ പ്രതിസന്ധിക്കിടയിൽ താങ്കളുടെ ചിത്രത്തിന് സ്ഥാനം കിട്ടും എന്ന് കരുതുന്നോ?

എന്റെ ഓഡിയൻസ് അവിടെ തന്നെ കാണും.  എനിക്ക് എന്റെ സിനിമയിൽ വിശ്വാസം ഉണ്ട്.  ഒരു അമ്പതു തിയറ്റർ കിട്ടിയാൽ ഞാൻ ഹാപ്പി, അല്ലെങ്കിൽ ഞാൻ അത് സോഷ്യൽ മീഡിയയിൽ ഇട്ടു മുതലാക്കും.  എന്റെ സിനിമകൾ എല്ലാം യൂട്യൂബിൽ ബിഗ് ഹിറ്റ് ആണ്.  അതിൽ നിന്നാണ് എനിക്കിപ്പോൾ വരുമാനം ലഭിക്കുന്നത്.  ഞാൻ  കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കൊണ്ടാണ് സിനിമ എടുക്കുന്നത്, അത് തിരിച്ചു പിടിക്കാനുള്ള വഴി ഞാൻ എങ്ങനെയെങ്കിലും കണ്ടെത്തും.  സ്വന്തം വർക്കിൽ എനിക്ക് വിശ്വാസം ഉണ്ട്.  എന്റെ സിനിമ കണ്ടു തുടങ്ങിയാൽ പ്രേക്ഷകർ അത് മുഴുവൻ കണ്ടിരിക്കും, ആ വിശ്വാസം ശരിയാണെന്നു എനിക്ക് മനസിലായി, യൂട്യൂബിൽ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ട്

pandit-3

കോവിഡ് മൂലം കഷ്ടപ്പെടുന്ന സിനിമാരംഗത്തെ ദിവസവേതനക്കാർക്കുവേണ്ടി എന്ത് ചെയ്യാൻ കഴിയും?

വൻകിട താരങ്ങളാണ് ഇതിനു മറുപടി പറയേണ്ടത്.  അവർ മറ്റുള്ളവരെ കൂടി താങ്ങി നിർത്തണം,.  സന്തോഷ് പണ്ഡിറ്റിന് ചെയ്യുന്നതിന് പരിമിതി ഉണ്ട്.  എന്നെക്കൊണ്ട് കഴിയുന്ന സഹായം എല്ലവർക്കും കൊടുക്കുന്നുണ്ട്.  പക്ഷേ ഒരാൾക്ക് സഹായം കൊടുത്തു എത്രനാൾ ജീവിപ്പിക്കും.  ഓരോരുത്തരും തങ്ങളെക്കൊണ്ട് ആകുന്ന പണി കണ്ടുപിടിക്കുക.  ദിവസ വേതനക്കാർക്ക് കിട്ടുന്ന അതേ പ്രതിഫലം കൂലിപ്പണിക്കാർക്കു കിട്ടുന്നുണ്ട്.  തങ്ങളാൽ കഴിയുന്ന പണി എല്ലാവരും ചെയ്യുക, അല്ലാതെ ഇന്നത്തെ ചെയ്യൂ എന്ന് പറഞ്ഞിരുന്നിട്ടു കാര്യമില്ല.  ഞാൻ ചാരിറ്റിക്ക് പൈസ ഇല്ലാതെ വന്നപ്പോൾ എന്റെ കാർ വിറ്റു ആ പൈസ എടുത്തു പോലും മറ്റുള്ളവരെ  സഹായിച്ചു.  

അർണാബ് ഗോസ്വാമിയുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചു കണ്ടല്ലോ?

അത് അത്രയും വലിയ ഒരു മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തുകൊണ്ട് പോയ രീതി ശരിയായില്ല എന്നാണു പറഞ്ഞത്.  വളരെ പഴക്കമുള്ള ഒരു കേസിൽ ആണ് ഇപ്പോൾ ശിക്ഷ നേരിടുന്നത്.  ആ കേസിനെപ്പറ്റി ഡീറ്റൈൽ ആയി പഠിച്ചിട്ടില്ല.  എനിക്ക് കിട്ടിയ വിവരം വച്ചിട്ട് ആ മനുഷ്യനോട് ചെയ്തത് ശരിയല്ല എന്ന് തോന്നി പ്രതികരിച്ചതാണ്.  കോടതിക്ക് മുന്നിൽ ഇരിക്കുന്ന കേസ് അല്ലെ, കൂടുതൽ തെളിവുകൾ വരട്ടെ.

എന്തൊക്കെയാണ് ഭാവി പരിപാടികൾ?

കൊറോണാ കാരണം എന്റെ ഷൂട്ടിങ്ങ് മുടങ്ങിയപ്പോൾ ആ സമയം പരമാവധി ചാരിറ്റിക്കായ് ഞാൻ സമയം മാറ്റി വെച്ചു. ജൂൺ 1 മുതല്‍ തുടങ്ങിയ എന്റെ പര്യടനം തുടരുകയാണ്.   വയനാട് ജില്ലയില്‍ ഓൺലൈൻ  പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേ ടി വി കൂടി നൽകുന്നുണ്ട്. കൂടെ നി൪ധനരായ വീട്ടമ്മമാ൪ക്ക് പശു, ആട് , കോഴി, തയ്യൽ  മെഷീൻ, വാഴക്കന്ന്,  തയ്ക്കുവാനുള്ള വസ്ത്രങ്ങളും നല്കി വരുന്നു. ഇതിനിടയില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും, അട്ടപ്പാടി കോളനികളിലും, താനൂ൪, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്.  

ഷൂട്ടിങ് തുടങ്ങുകയാണെങ്കിൽ സിനിമകൾ ചെയ്തു തീർക്കണം.  തിയറ്റർ കിട്ടിയില്ലെങ്കിൽ ഒടി ടി നോക്കും.  എന്നെ സമീപിക്കുന്ന പാവപ്പെട്ടവരെ സഹായിക്കുക.  എപ്പോഴും പണമല്ല എല്ലാവർക്കും വേണ്ടത്.  ഈ ലോകത്ത് ഏറ്റവും വിലപിടിച്ചത് സമയമാണെന്ന് എന്റെ അമ്മ എന്നെ പഠിപ്പിച്ചതാണ്.  ആ വിലപിടിച്ച കാര്യം മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കുക അതിൽ നിന്നും കിട്ടുന്ന സംതൃപ്തി വളരെ വലുതാണ്.  അതുകൊണ്ടു തന്നെയാണ് ഞാൻ സോഷ്യൽ മീഡിയ കമൻന്റുകളിൽ പ്രതികരിക്കുന്നത്.  എന്റെ ഒരു മറുപടി കിട്ടാൻ വേണ്ടി ഒരാൾ ഒരു കമന്റ് ഇട്ടാൽ ഞാൻ മറുപടി പറയും. അതിലൂടെ അയാൾക്ക് സന്തോഷം ലഭിക്കുന്നെങ്കിൽ അതൊക്കെയാണ് എനിക്ക് സംതൃപ്തി തരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA