ADVERTISEMENT

കണ്ണടച്ചു തുറക്കുന്ന വേഗതയിൽ മോഹൻലാൽ‌ കഥാപാത്രമായി മാറുമെന്നും എന്നാൽ തനിക്കതിനു സാധിക്കില്ലെന്നും തമിഴ് സൂപ്പർ താരം സൂര്യ. തനിക്കു കഥ‌ാപാത്രമാകാൻ ലുക്ക് ചെയ്ഞ്ചൊക്കെ ആവശ്യമാണെന്നും മോഹൻലാലിന്റെ അഭിനയം അടുത്തു നിന്ന് കണ്ടിട്ടുള്ളതു കൊണ്ടാണ് താനിങ്ങനെ പറയുന്നതെന്നും താരം പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ സൂരരൈ പോട്ര് എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ ഇൗ തുറന്നു പറച്ചിൽ. 

 

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ 

 

suriya-2

‌നമുക്ക് ചുറ്റുമുള്ള പലരും കഷ്ടപ്പാടിലും നിരാശയിലുമാണ്, ഇക്കാലത്ത് ഒരു ഇൻസ്പിരേഷനൽ കഥ പറയുന്നത് മന:പൂർവമാണോ ?

 

ഇങ്ങനെയൊരു കഥ പറയാൻ ഇതാണ് ശരിക്കുള്ള സമയമെന്ന് തോന്നുന്നു. ആളുകൾക്ക് ഒരു പ്രതീക്ഷ നൽകാനും മുന്നോട്ട് പോകാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയാകും ഇതെന്ന് ഞാൻ കരുതുന്നു. ഏതു തരത്തിലുള്ള പ്രേക്ഷകർക്കും കണക്ട് ചെയ്യാൻ പറ്റുന്ന ചിത്രമാണിത്. ഒരു ഗ്രാമപശ്ചാത്തലമുണ്ട്, കോർപറേറ്റ് പശ്ചാത്തലമുണ്ട്, ആർമിയുടെ ചില കഥാഭാഗങ്ങളുണ്ട്. ഒരു പാൻ ഇന്ത്യൻ ചിത്രമാണിത്. ഒരുപാട് സ്ഥലങ്ങൾ, ആളുകൾ. എല്ലാവരുടെയും കഥ പറയുന്നു സിനിമ. ‘ഒരു സ്വപ്നവും വലുതല്ല. ജീവിതത്തിൽ നേടാൻ സാധിക്കാത്തതായി ഒന്നുമില്ല’. ഇൗ സിനിമയക്ക് കാരണക്കാരനായ ഗോപിനാഥ് സാർ പറഞ്ഞതാണ്. ഇൗ സമയത്തു നമുക്ക് വേണ്ടതും അത്തരത്തിൽ ഒരു പ്രതീക്ഷയാണ്. 

 

sudha-suriya

വിമാനങ്ങൾ, വിമാനത്താവളങ്ങൾ, ചെലവേറിയ ഉപകരണങ്ങൾ: സൂര്യ എന്ന നടനും നിർമാതാവിനും പരീക്ഷണമായിരുന്നോ ഇൗ ചിത്രം ?

 

തീർച്ചയായും. ഇൗ സിനിമയ്ക്ക് ഒരു മാതൃക ഇല്ലായിരുന്നു. ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട് തെന്നിന്ത്യയിൽ ആദ്യമായിട്ടായിരിക്കാം ഇത്തരത്തിൽ ഒരു ചിത്രം. ഇതിനായുള്ള നിയമ നടപടിക്രമങ്ങളും ഒരുക്കങ്ങളും ഞങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. സ്പൈസ് ജെറ്റിന് വലിയ നന്ദിയുണ്ട്. കാരണം ലൊക്കേഷനിൽ സ്കൂട്ടറോ കാറോ ഒക്കെ അങ്ങോട്ട് മാറ്റി ഇട്, ഇങ്ങോട്ട് തിരിച്ചിട് എന്നൊക്കെ പറയും പോലെയായിരുന്നു വിമാനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. വിമാനങ്ങളും അതിനുള്ള ടെക്നീഷ്യന്മാരെയും തന്ന് തിരക്കഥയിൽ എഴുതി വച്ചത് പ്രാവർത്തികമാക്കാൻ സഹായിച്ച് സ്പൈസ് ജെറ്റാണ്. 

 

suriya-23

ലോക്ഡൗണിൽ പെട്ട് ഏവിയേഷൻ മേഖല ഏതാണ്ട് നിശ്ചലമായിരുന്നു. അപ്പോഴാണ് നിങ്ങൾ ഇൗ കഥ പറയുന്നത് ?

 

ശരിയാണ്. വിമാനങ്ങൾ പറക്കാത്ത കാലത്ത് വിമാനം പറത്തുന്ന കഥ. ഏവിയേഷൻ മേഖല ഒരുപാട് കാലം നമുക്ക് അടച്ചിടാനാകുന്ന ഒന്നല്ല. ആളുകൾക്ക് യാത്ര ചെയ്തേ മതിയാകൂ. ഇക്കാലവും കടന്നു പോകും. എത്രയും വേഗം എല്ലാം പഴയതു പോലെ ആകട്ടെ. 

 

ലോക്ഡൗൺ കാലത്തെ താങ്കളുടെ നീളൻ മുടിയുടെ ലുക്ക് കേരളത്തിൽ ട്രെൻഡിങ്ങാണ്. ഇൗ സിനിമയിലും കുറേ മേക്കോവറുകൾ ഉണ്ടല്ലോ ?

 

നീട്ടിയ മുടിയുടെ ലുക്ക് കേരളത്തിലാണ് ശരിക്കും ആരംഭിച്ചത്. ഇത് ലോക്ഡൗൺ കാലത്ത് വളർത്താൻ തുടങ്ങിയതാണ്. പക്ഷേ ഇതു കണ്ട് രണ്ടു സംവിധായകർ ഇൗ ലുക്കിൽ സിനിമ ചെയ്യാമെന്നു പറഞ്ഞു. ദീപാവലിക്കു ശേഷം ആദ്യം ഇൗ ലുക്കിൽ ഗൗതം വാസുദേവ മേനോന്റെ സിനിമയിൽ അഭിനയിക്കും. ശേഷം മറ്റൊരു സംവിധായകന്റെ ചിത്രത്തിലും അഭിനയിക്കും. പിന്നെ ഇൗ സിനിമയിലെ മേക്കോവർ സത്യത്തിൽ അടിച്ചേൽപ്പിച്ചതാണ്. അതു ചെയ്യാതെ എനിക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. പതിനെട്ടുകാരനായി ഞാൻ അഭിനയിച്ചാൽ ആളുകൾ ചിരിക്കുമെന്ന് ഞാൻ സുധയോട് (സൂരരൈ പോട്ര് സംവിധായിക) പറഞ്ഞിരുന്നു. പക്ഷേ എന്തോ സുധയ്ക്ക് എന്നെ വിശ്വാസമായിരുന്നു. എല്ലാവരുടെയും സഹായത്തോടെ ഡയറ്റ് ഒക്കെ നോക്കി 27 ദിവസത്തെ ക്രാഷ് കോഴ്സിനൊടുവിൽ 4 കിലോ കുറച്ചു. വെയിറ്റ് കുറച്ചു എന്നതിനെക്കാൾ മസിൽ കുറച്ചു എന്നു പറയുന്നതാവും ശരി. 

 

വ്യത്യസ്ത സിനിമകളിൽ വ്യത്യസ്ത ലുക്കുകൾ, ഒരേ സിനിമയിൽ തന്നെ പല രൂപങ്ങൾ. എന്തു കൊണ്ടാണിങ്ങനെ ?

 

ഞാൻ ഒരിക്കലും സൂര്യ ആകാതിരിക്കാനാണ് ശ്രദ്ധിക്കുന്നതും ശ്രമിക്കുന്നതും. അതിനു ലുക്കുകളിൽ‌ മാറ്റം വരുത്തുകയാണ് വേണ്ടതെങ്കിൽ അങ്ങനെ ചെയ്യും. എന്നെക്കൊണ്ട് പെട്ടെന്ന് മറ്റൊരു കഥാപാത്രമായി മാറാൻ സാധിക്കില്ല. മോഹൻലാൽ സാർ ഒക്കെ സെറ്റിൽ വന്ന് ആക്‌ഷൻ കേട്ട് തൊട്ടടുത്ത നിമിഷം കഥാപാത്രമായി മാറും. കണ്ണടച്ചു തുറക്കും മുമ്പാണ് അദ്ദേഹം ആ കഥാപാത്രമായി മാറുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോൾ ഞാനത് നേരിൽ കണ്ടിട്ടുള്ളതാണ്. എന്നെ സംബന്ധിച്ച് മറ്റൊരു കഥാപാത്രമാകാൻ ലുക്ക് ചെയ്ഞ്ച് അത്യാവശ്യമാണ്. അൻപുചെൽവനെ കണ്ടാലും ദുരൈസിങ്കത്തെ കണ്ടാലും ഒരുപോലെ ഇരുന്നാൽ ശരിയാവില്ലല്ലോ. നാളെ ഏതെങ്കിലും ഒരു സിനിമയിലെ സ്റ്റിൽ കണ്ടാൽ ആ സിനിമ ഏതാണെന്ന് അവർക്ക് മനസ്സിലാകണം. എല്ലാ സിനിമയിലും ഒരുപോലെ ഇരുന്നാൽ ശരിയാകില്ല. 

 

വാരണം ആയിരം പുറത്തിറങ്ങിയിട്ട് 12 വർഷം തികഞ്ഞു, സൂരരൈ പോട്ര് ട്രെയിലർ ആ ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് പലരും പറയുന്നുണ്ട് ?

 

ശരിയാണ്. സൂരരൈ പോട്ര് കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നിയിരുന്നു. സാധാരണ ഒരു സിനിമ സംഭവിക്കുന്നത് ആറു മാസം കൊണ്ടാണ്. എന്നാൽ വാരണം ആയിരത്തിന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. എനിക്കായാലും ഗൗതം സാറിനായാലും ഒരുപാട് ഇമോഷനൽ ഇൻവെസ്റ്റ്മെന്റുള്ള ചിത്രമായിരുന്നു അത്. ഗൗതം സാറിന്റെ അച്ഛനെക്കുറിച്ചായിരുന്നു ആ സിനിമ. 

 

രണ്ടു വർഷത്തിനു മേലെ തിരക്കഥയ്ക്കും മറ്റു ഒരുക്കങ്ങൾക്കുമായി സമയം ചിലവഴിച്ച ശേഷമാണ് ആ ചിത്രം ആരംഭിക്കുന്നത്. ഷൂട്ടിങ് സമയത്തും അതിലെ ലുക്കുകൾ മാറ്റാനും മറ്റു കാര്യങ്ങൾക്കുമായി ഒരുപാട് സമയം ചിലവിട്ടു. സാധാരണ ഒരു സിനിമ ഷൂട്ട് ചെയ്യുന്നതു പോലെയേ അല്ലായിരുന്നു അത്. ഇൗ സിനിമ ചിത്രീകരിക്കുമ്പോഴും എനിക്ക് അങ്ങനെ തോന്നിയിരുന്നു. സത്യത്തിൽ ഞാൻ എന്റെ ജീവിതത്തിന്റെ ആദ്യ കാലങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി. ഒന്നുമല്ലാതെ ഒന്നുമില്ലാതെ എന്താകുമെന്ന് അറിയാതെ നിന്നിരുന്ന ഒരു കാലത്തേക്ക്. ഇതിന്റെ സംവിധായിക സുധയ്ക്കും അങ്ങനെ തന്നെയായിരുന്നു. അവരുടെ ജീവിതത്തിലെ പല കാര്യങ്ങളുമായും ഇൗ സിനിമയ്ക്ക് ബന്ധമുണ്ട്. അങ്ങനെ നോക്കിയാൽ വാരണം ആയിരം പോലെ തന്നെ വ്യക്തിപരമായി ഏറെ അടുപ്പമുള്ള ചിത്രമാണ് സൂരരൈ പോട്ര്. 

 

ഒടിടി റിലീസ് പ്രതീക്ഷിച്ചിരുന്നോ ?

 

ഒരിക്കലുമില്ല. നമ്മാളാരും അങ്ങനെ പ്രതീക്ഷിച്ചിട്ടില്ലല്ലോ. പക്ഷേ ഇതിനോടൊക്കെ പൊരുത്തപ്പെട്ടേ മതിയാകൂ. ഇൗ സിനിമ വലിയ സ്ക്രീനിൽ കാണണം എന്നൊക്കെ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഇക്കാലത്ത് അതു നടക്കില്ല. സംഗീത സംവിധാനം നിർവഹിച്ച ജി.വി. പ്രകാശ്കുമാർ ഇതിന്റെ പാട്ടൊക്കെ റെഡിയാക്കി ഇപ്പോൾ ഫോണിൽ പ്ലേ ചെയ്തു എല്ലാം കേൾക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കും. തീയറ്റിലെ ഡോൾബി സംവിധാനത്തിലാണ് നേരത്തെ ഇതു പരിശോധിച്ചിരുന്നത്. നാം ഇപ്പോൾ നമുക്ക് ചുറ്റുമുള്ളതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. പൊരുത്തപ്പെടാതെ വേറെ മാർഗമില്ല. 

 

സിനിമ തീയറ്ററിൽ ആഘോഷമാക്കാൻ കഴിയാത്ത ആരാധകരോട് പറയാനുള്ളത് ?

 

തീയറ്ററിലെ ആഘോഷവും ആരാധകരുടെ സ്നേഹവുമൊക്കെ ഒരിക്കലും മറക്കാനാകാത്ത ഒന്നാണ്. ആ നിമിഷങ്ങൾ സമ്മാനിക്കുന്ന കോരിത്തരിപ്പിനും ഒരു സുഖമുണ്ട്. ഇക്കാലത്ത് അതൊന്നും നടക്കില്ല. തീയറ്റർ റിലീസ് ശരിക്കും മിസ് ചെയ്യും. പക്ഷേ എല്ലാവരും സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക. വീട്ടിൽ ഇരുന്ന് സിനിമ കാണുന്നവർ നിങ്ങളുടെ പ്രതികരണങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. ഇപ്രാവശ്യം ഒറ്റ വ്യത്യാസമേയുള്ളൂ. എല്ലാ ദീപാവലിക്കും പ്രേക്ഷകർ തീയറ്ററിലേക്ക് വരികയാണ് പതിവ്. പക്ഷേ ഇപ്രാവശ്യം ഞങ്ങൾ സിനിമയുമായി അവരുടെ വീട്ടിലേക്ക് ചെല്ലുകയാണ്. അവരുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com