ADVERTISEMENT

ജിംസി എന്ന നാടൻ പെൺകുട്ടിയായി വന്ന് ചടുലമായ അഭിനയരീതി കൊണ്ട് മലയാളികളുടെ മനം കവർന്ന താരമാണ് അപർണ ബാലമുരളി.  ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം വളരെ കുറഞ്ഞ സമയം കൊണ്ട് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ അനായാസമായി കൈകാര്യം ചെയ്ത് മലയാള സിനിമയിൽ അവിഭാജ്യ ഘടകമായി മാറി.  പിന്നീട് തമിഴിൽ നിന്നും നിരവധി അവസരങ്ങളാണ് അപർണയെ തേടി എത്തിയത്. തമിഴകത്തിന് അപർണ ഇപ്പോൾ ‘മാരന്റെ ബൊമ്മി’യാണ്. സൂരരൈ പോട്രിലെ അപർണയുെട അഭിനയത്തെ പ്രശംസിച്ച് താരങ്ങളടക്കം രംഗത്തുവന്നു. തന്റെ തമിഴ് സിനിമാ വിശേഷങ്ങളുമായി അപർണ ബാലമുരളി മനോരമ ഓൺലൈൻ വായനക്കാരോടൊപ്പം ചേരുന്നു...

 

സൂരരൈ പോട്രിലെ ബൊമ്മി ആകാൻ ഇടയായത് എങ്ങനെ?

bommi

 

തമിഴിൽ ഇത് മൂന്നാമത്തെ സിനിമയാണ് എങ്കിലും ഈ സിനിമയിലേക്ക് തെരഞ്ഞെടുത്തത് ഓഡിഷൻ വഴി ആണ്. അതിനു ശേഷവും സിനിമയ്ക്കായി കൃത്യമായ പരിശീലനം ലഭിച്ചു. വർക്ക് ഷോപ്പുകളും സ്ക്രിപ്റ്റ് റീഡിങ് സെഷനും ഒരുപാട് ഉണ്ടായിരുന്നു.  അതിനു ശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്.  ഷൂട്ട് തുടങ്ങിയപ്പോഴേക്കും ബൊമ്മി എന്ന കഥാപാത്രത്തിലേക്ക് ഞാൻ കടന്നിരുന്നു.  മുന്നേ തമിഴിൽ അഭിനയിച്ച പരിചയം ഉള്ളതുകൊണ്ട് ഭാഷ അറിയാമായിരുന്നു. എങ്കിലും ഈ സിനിമക്ക് വേണ്ടി മധുരൈ സ്ലാങ് പഠിച്ചു സ്വയം ഡബ്ബ് ചെയ്തു.  

 

നല്ല എക്സ്പീരിയൻസ് ആയിരുന്നു.  ബൊമ്മിയെ കുറിച്ച് ആദ്യം കേട്ടപ്പോൾ ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു, സുധ മാം ഇക്കാര്യത്തിൽ വളരെയധികം സഹായിച്ചു. കാരണം ബൊമ്മിക്ക് ഒട്ടും പ്രാധാന്യം കുറയരുത് എന്ന് സുധാ മാമിനു നിർബന്ധമുണ്ടായിരുന്നു.  ഈ ഒരു സിനിമയുടെ കരുത്ത് എന്ന് പറയുന്നത് അതിന്റെ ഹോം വർക്ക് ആണ്.  എല്ലാ അഭിനയേതാക്കളും തിരക്കഥയും ഡയലോഗും അറിഞ്ഞിരിക്കണം എന്ന് മാമിനു നിർബന്ധമുണ്ടായിരുന്നു.  ചിത്രീകരണം തുടങ്ങിയപ്പോഴേക്കും എല്ലാവരും നന്നായി പഠിച്ചിരുന്നു.  മധുരയിൽ പോയിരുന്നു, അവിടെ സ്വന്തം കാലിൽ ജീവിതം പുലർത്തുന്ന ഒരുപാട് ബൊമ്മിമാരെ കണ്ടു.  വളരെ ശക്തരാണ് മധുരയിലെ സ്ത്രീകൾ.

 

ഉർവശി എന്ന സൂപ്പർ താരത്തോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച്?

aparna-bommi

 

ഉർവശി ചേച്ചിയുടെ അഭിനയം കണ്ട് എല്ലാം മറന്നു ഇരുന്നിട്ടുണ്ട്. നൈസര്‍ഗ്ഗികമായ അഭിനയശൈലിയാണ് ചേച്ചിയുടേത്.  ആക്‌ഷൻ പറഞ്ഞു കഴിയുമ്പോഴേക്കും ആള് മാറും, പൊട്ടിച്ചിരിച്ചു തമാശയും പറഞ്ഞിരിക്കുന്ന ആള്‍ പെട്ടെന്ന് കരയും, അതുപോലെ ചിരിക്കും.  ഉർവശി ചേച്ചി പലപ്പോഴും വിസ്മയിപ്പിച്ചു.  എല്ലാവരോടും വളരെ സ്നേഹമാണ്, ആരും മിണ്ടാതെ ഇരിക്കാൻ സമ്മതിക്കില്ല.  എല്ലാവരെയും മോട്ടിവേറ്റ് ചെയ്തുകൊണ്ടിരിക്കും.  എനിക്ക് മലയാളത്തിൽ കിട്ടാത്ത ഒരു ഭാഗ്യമാണ് അവിടെ കിട്ടിയത്,  ഉർവശി ചേച്ചിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു.  

 

കൂടെ അഭിനയിക്കുന്ന നമുക്കും ചേച്ചിയുടെ ഇമോഷൻസ് പകർന്നു കിട്ടും, നമ്മളും അറിയാതെ കരഞ്ഞു പോകും.  ആർക്കും വിഷമം ഉണ്ടാകരുത് എന്ന് ചിന്തിക്കുന്ന ഒരാളാണ് ചേച്ചി.  അടുത്തത് കരയാനുള്ള സീൻ ആണെങ്കിൽ പോലും ചിരിച്ചുകളിച്ചു നിൽക്കും, നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള അഭിനയം ആയിരിക്കും അടുത്ത നിമിഷം കാഴ്ച വയ്ക്കുക. അതുപോലെ സെറ്റിലുള്ള എല്ലാവരെയും ചേച്ചി പിന്തുണയ്ക്കും.  സുധാമാമിനു ടെൻഷൻ ഉള്ള സമയമാണെങ്കിൽ മാമിനെ പ്രചോദിപ്പിക്കും, അതുപോലെ എനിക്കും നല്ല സപ്പോർട്ട് തന്നു ചേച്ചി.  ചേച്ചിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് ഈ സിനിമയിൽ കിട്ടിയ മറ്റൊരു ഭാഗ്യം.

 

സൂര്യയെക്കുറിച്ച്?

soorarai-pottru-trailer

 

അഭിനേതാവ് എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിനുടമ. എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് സൂര്യ സാർ. അതുകൊണ്ടു തന്നെ കോ–ആക്ടർ അദ്ദേഹം ആണെന്ന് അറിഞ്ഞപ്പോൾ ഒരു പേടി ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ അതൊക്കെ മാറി.  നല്ല ക്ഷമയുള്ള ഒരു വ്യക്തി ആണ് അദ്ദേഹം.    ഇത്രയും അനുഭവസമ്പത്തുള്ള ഒരാളായിട്ടു കൂടി വളരെ എളിമയോടും സ്നേഹത്തോടുമാണ് എല്ലാവരോടും പെരുമാറുന്നത്.  ഒപ്പം അഭിനയിക്കുന്നവരോട് ബഹുമാനമാണ് അദ്ദേഹത്തിന്.  ഒരു സൂപ്പർ സ്റ്റാർ ആണെന്ന ഒരു ഭാവവുമില്ല.  

 

വർക്ക് ഷോപ്പ് ഒക്കെ കഴിഞ്ഞപ്പോഴേക്കും എന്റെ പേടി ഒക്കെ മാറി.  നമ്മൾ നന്നായി ചെയ്യുന്നതുവരെ ക്ഷമയോടെ കാത്ത് നിൽക്കും.  ഒരു സൂപ്പർ സ്റ്റാറിനോടൊപ്പമാണ് അഭിനയിക്കുന്നത് എന്ന് സർ ഒരിക്കലും തോന്നിപ്പിച്ചില്ല.   ഓരോ സീനിനുവേണ്ടിയും ഉള്ള അദ്ദേഹത്തിന്റെ കഠിനാധ്വാനവും ആത്മസമർപ്പണവും വളരെ വലുതാണ്.  എല്ലാ കാര്യങ്ങളും ഡയറക്ടറിന് വിട്ടു കൊടുക്കും.  അദ്ദേഹത്തിനെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട്.  കൂടെ അഭിനയിക്കുന്നവർക്ക് സ്പേസ് തരും, അതാണ് എനിക്ക് നല്ല സമാധാനം തന്നിരുന്ന കാര്യം.  ഡയലോഗ് ഇങ്ങനെ പറഞ്ഞു നോക്കൂ, എന്നൊക്കെ പറഞ്ഞു തരും.  നമുക്ക് ഒട്ടും ടെൻഷൻ തരില്ല, നല്ല കമന്റ്സ് തരും.  സമാധാനത്തോടെ ചെയ്തതുകൊണ്ട് നല്ല റിസൾട്ട് ഉണ്ടാക്കാനും കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്.     

 

സുധ കൊങ്കര എന്ന സംവിധായിക..

 

സുധ മാം വളരെ നല്ല ഡിസിപ്ലിൻഡ് ആയ ഒരു വ്യക്തിയാണ്, അതുകൊണ്ടു തന്നെ സെറ്റിൽ സ്ട്രിക്ട് ആണ്.  എന്നാൽ അതൊരു പരിധിവരെ എല്ലാവരെയും സഹായിച്ചു.  ഒരു സീൻ എങ്ങനെ വേണം എന്ന് മാമിന്റെ മനസ്സിൽ ഒരു രൂപം ഉണ്ടാകും, അത് കിട്ടുന്നത് വരെ ക്ഷമയോടെ വർക്ക് ചെയ്യിക്കും.  സൂര്യ സാറിന്റെ നായികയാകാൻ അവർക്ക് വേണമെങ്കിൽ വളരെ പ്രശസ്ത ആയ ഒരു സീനിയർ നടിയെ തെരഞ്ഞെടുക്കമായിരുന്നു, പക്ഷേ എന്നെപ്പോലെ ഒരു തുടക്കക്കാരിയെ വിശ്വസിച്ചാണ് ഇത്രയും ശക്തമായ ഒരു കഥാപാത്രം ഏൽപ്പിച്ചത്.  അതുകൊണ്ടു തന്നെ അത് എന്റെ കഴിവിന്റെ പരമാവധി ചെയ്തു കാണിക്കണം എന്ന് എനിക്കും ആഗ്രഹമുണ്ടയിരുന്നു.  അതുപോലെ തിരക്കഥാകൃത്ത് ശാലിനി മാമും വളരെയധികം സഹായിച്ചു.  പരിശീലനം കഴിഞ്ഞപ്പോഴേക്കും നല്ല ആത്മവിശ്വാസം തോന്നി.  അത്ര മികച്ചതായിരുന്നു സുധ മാമിന്റെ ട്രെയിനിങ്.  സുധാ മാം ചെയ്യുന്ന കാര്യത്തിൽ വളരെ ഡെഡിക്കേറ്റഡായ ഒരു വ്യക്തിയാണ്.  ചെയ്യുന്നതെന്താണെന്ന് മാമിനു നല്ല ഉറപ്പും ആത്മവിശ്വാസവും ഉണ്ട്.   ഒരു തുടക്കകാരിയായ എനിക്ക് ഇങ്ങനെ ഒരു ഫിലിം മേക്കറോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് നല്ല ഒരു അനുഭവമാണ്.

 

ഈ സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല എന്ന നിരാശ ഉണ്ടോ?

 

വലിയ ആഘോഷത്തോടെ ഇറങ്ങേണ്ട സിനിമയായിരുന്നു സൂരരൈ പോട്ര്.  ആദ്യമൊക്കെ ഒരു ആശങ്ക ഉണ്ടായിരുന്നു, പിന്നെ പിന്നെ മനസ്സിലായി ഈ അവസ്ഥ ഉടനെയൊന്നും മാറില്ലെന്ന്. നമ്മൾ ചെയ്ത ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നുള്ളത് ഏതു കലാകാരിയുടെയും ആഗ്രഹമാണ്.  ഇപ്പോൾ എനിക്ക് തോന്നുന്നു തിയറ്ററിൽ കാണുന്നതിൽ കൂടുതൽ ആളുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കാണുന്നുണ്ടെന്ന്, കാരണം സ്വന്തം വീട്ടിൽ ഇരുന്നു തന്നെ ഇഷ്ടമുള്ളപ്പോൾ കാണാമല്ലോ.  ഒരുപാടു പേര് വിളിച്ചു നല്ല അഭിപ്രായം പറയുന്നുണ്ട്.  എന്റെ മലയാളസിനിമകളുടെ സംവിധായകരെല്ലാം വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു, അതൊക്കെയാണ് എന്നെ സന്തോഷിപ്പിക്കുന്നത്.  

 

തിയറ്ററിൽ ഹിറ്റ് ആണോ എന്നൊക്കെ ഉള്ള ടെൻഷനും ഇല്ല.  സിനിമ എല്ലാവരും ഏറ്റെടുക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.  വളരെ നല്ല അഭിപ്രായമാണ് കിട്ടുന്നത്.  ക്യാപ്റ്റൻ ഗോപിനാഥിന്റെ ഭാര്യ ഭാർഗവിയെയാണ് ഞാൻ സ്ക്രീനിൽ അവതരിപ്പിക്കുന്നത്.  വളരെ ബോൾഡ് ആയ അവരുടെ കഴിവും ആത്മവിശ്വാസവും വിജയവും ഒക്കെ എന്നിലൂടെ പ്രകടിപ്പിക്കണം, അതൊക്കെ വലിയ ടെൻഷൻ ആയിരുന്നു.  സിനിമ റിലീസ് കഴിഞ്ഞു ഗോപിനാഥ് സർ വിളിച്ചു, വളരെ നല്ല അഭിപ്രായം പറഞ്ഞു അപ്പോഴാണ് സമാധാനമായത്.  പിന്നെ കാർത്തി സർ, അദ്ദേഹത്തിന്റെ അച്ഛൻ ശിവകുമാർ സർ വിളിച്ചു. അതൊക്കെ എന്നെ സന്തോഷപ്പെടുത്തുന്ന കാര്യങ്ങളാണ്. 

 

ഒരു മലയാളി നായികയോട് തമിഴ് സിനിമ പ്രവർത്തകരുടെ പെരുമാറ്റം എങ്ങനെയാണു? മലയാളത്തിൽ നിന്നും എന്താണ് വ്യത്യാസം?

 

എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.  ഇവിടെയും എനിക്ക് സെറ്റിൽ നല്ല പെരുമാറ്റം ആണ് ലഭിച്ചിട്ടുള്ളത്, അതുപോലെ തന്നെ അവിടെയും.  ഇതുവരെയും ഒരു മോശം പെരുമാറ്റവും ആരിൽ നിന്നും ഉണ്ടായിട്ടില്ല.  പിന്നെ പ്രത്യേകിച്ചും സൂര്യ സാറിന്റെ പ്രൊഡക്‌ഷൻ കമ്പനി ആണ്.  നമുക്ക് ഒരു നിരാശയും തോന്നാത്ത സെറ്റ് ആയിരുന്നു ടു ഡി എന്റർടൈന്റ്മെന്റ് തന്നത്.  ഒരു ചെറിയ പരാതി പോലും ആർക്കും ഇല്ല.   എല്ലാവർക്കും നല്ല പരിഗണന കൊടുക്കുന്ന ആളാണ് സൂര്യ സർ, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രൊഡക്‌ഷൻ കമ്പനി എങ്ങനെയായിരിക്കും എന്ന് ഊഹമുണ്ടായിരുന്നു.  

 

പുതിയ പ്രോജക്ടുകൾ?

 

പുതിയ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ല.  ഒരു വർഷമായി ഈ സിനിമയുടെ കാത്തിരിപ്പിൽ ആയിരുന്നു.  ഇനി ബൊമ്മിയിൽ നിന്നും ഒട്ടും കുറഞ്ഞുപോകാൻ പാടില്ലല്ലോ,  അതുകൊണ്ടു ഓരോ കഥാപാത്രങ്ങളും ശ്രദ്ധയോടെ തെരഞ്ഞെടുക്കണം.  കോവിഡ് കാലത്ത് വീട്ടിലിരുന്നു പഠനമായിരുന്നു.  ആർക്കിടെക്ച്ചർനു പഠിക്കുന്നുണ്ട്, അതിന്റെ പരീക്ഷകൾ ഒക്കെ കഴിഞ്ഞിട്ടേ ഉള്ളൂ. 

 

പുതിയ ചിത്രങ്ങളുടെ ചർച്ചകൾ നടന്നുവരുന്നു, ഇതുവരെ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.  ഞാൻ ചെയ്ത എല്ലാ കഥാപാത്രങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്, ജിംസി ആയാലും ഇപ്പോൾ ബൊമ്മി ആയാലും.  സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്, തമിഴ്, മലയാളം തെലുങ്ക് എല്ലായിടത്തും നല്ല സ്വീകരണം.  എന്റെ കഥാപാത്രം എല്ലാവരും സ്വീകരിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com