ADVERTISEMENT

ഇന്ത്യയുടെ വടക്കേയറ്റത്തുള്ള ജമ്മു കശ്മീരിലാണ് ശ്രദ്ധ ശ്രീനാഥിന്റെ ജനനം. ആ ശ്രദ്ധ സിനിമയിൽ അരങ്ങേറിയതാകട്ടെ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കേരളത്തിൽ നിർ‌മിക്കപ്പെട്ട കോഹിനൂർ എന്ന മലയാള ചിത്രത്തിലും. ഒറ്റച്ചാട്ടത്തിൽ കശ്മീരിൽ നിന്ന് കേരളത്തിലേക്ക് എത്തിയതല്ല ശ്രദ്ധ. മറിച്ച് ഒാരോരൊ ചുവടുകൾ വയ്ക്കുന്നതു പോലെ ജീവിതത്തിന്റെ ഒാരോ ഘട്ടങ്ങളിൽ ഒാരോ സംസ്ഥാനങ്ങൾ കടന്നാണ് കേരളത്തിൽ എത്തുന്നത്. 2015–ൽ നടത്തിയ ആ അരങ്ങേറ്റത്തിനു ശേഷം മലയാള സിനിമയിൽ പിന്നെ ശ്രദ്ധയെ കണ്ടിട്ടില്ല. വിക്രം വേദ പോലുള്ള തെന്നിന്ത്യൻ ഹിറ്റുകളിലെ നായികയായി തിളങ്ങിയ താരം അഞ്ചു കൊല്ലങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ‘ആറാട്ട്’ എന്ന മോഹൻലാൽ ചിത്രത്തിലെ നായികയായി ആറാടാൻ. തിരിച്ചുവരവിനെക്കുറിച്ചും മലയാളത്തിലെടുത്ത ഇടവേളയെക്കുറിച്ചും ശ്രദ്ധ മനോരമ ഒാൺലൈനിനോട് സംസാരിക്കുന്നു. 

 

മലയാളത്തിൽ അരങ്ങേറി, പിന്നീട് 5 വർഷത്തെ ഇടവേള. എന്തായിരുന്നു കാരണം ?  

 

ഒരുപാട് ഒാഫറുകൾ മലയാളത്തിൽ നിന്ന് അക്കാലത്ത് വന്നിരുന്നു. പക്ഷേ എക്സൈറ്റിങ്ങായ ഒന്നും വന്നില്ല. അതു കൊണ്ടാണ് മന:പൂർവമല്ലെങ്കിലും ഒരു ഇടവേള ഉണ്ടായത്. മലയാള സിനിമയിൽ ആഗ്രഹിക്കാൻ ഒരുപാട് ഇഷ്ടമാണെനിക്ക്. ആദ്യ സിനിമയായ കോഹിനൂരിൽ നായികാവേഷം അല്ലായിരുന്നു. പക്ഷേ ആ കഥ എന്നെ എക്സൈറ്റ് ചെയ്യിച്ചതാണ്. അത്തരത്തിൽ ഒന്ന് പിന്നീട് സംഭവിച്ചില്ല. 

 

ആ എക്സൈറ്റ്മെന്റ് ‘ആറാട്ടിൽ’ കിട്ടിയോ ?

 

തീർച്ചയായും. അതു കൊണ്ടാണ് ഇൗ സിനിമ കമ്മിറ്റ് ചെയ്തതും. ഒപ്പം മോഹൻലാൽ സാർ, ഉണ്ണിക്കൃഷ്ണൻ സാർ തുടങ്ങിയ പ്രഗൽഭരടങ്ങുന്ന ടീമും എന്നെ ആകർഷിച്ചു. ഒരു ഐഎഎസ് ഒാഫീസറുടെ വേഷമാണ് സിനിമയിൽ എന്റേത്. ഒരു കേസന്വേഷണവും അതുമായി ബന്ധപ്പെട്ട ചില വെല്ലുവിളികളുമാണ് എന്റെ കഥാപാത്രത്തിന്റെ പശ്ചാത്തലം. സിനിമ ഒരു മാസ് എന്റെർടെയിനറാണ്. 

 

ലോക്ഡൗണിനു ശേഷമുള്ള ആദ്യ സിനിമയാണ്. സിനിമയും സെറ്റുമൊക്കെ അന്യമായതായി തോന്നുന്നുണ്ടോ ?

സത്യത്തിൽ 8 മാസങ്ങൾക്ക് ശേഷമാണ് സെറ്റിലേക്ക് എത്തുന്നത്. ജോലിയിലേക്കു മടങ്ങുന്നതിന്റെ സന്തോഷം തീർച്ചയായുമുണ്ട്. ക്യാമറയും ആക്‌ഷനും കട്ടുമൊക്കെ കേട്ടപ്പോൾ വല്ലാത്തൊരു പുതുമ. എല്ലാം മറന്നുപോയപോലാരു തോന്നൽ. 

 

മോഹൻലാലിനെ ആദ്യമായാണ് നേരിൽ കാണുന്നത്. ആ രംഗം എങ്ങനെയായിരുന്നു ?

 

എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഞാൻ സെറ്റിൽ പോയിരുന്നു. ഹെയർ, മേക്ക്അപ്പ്, കോസ്റ്റ്യൂം ട്രയലുകൾക്ക് വേണ്ടിയാണ് പോയത്. സെറ്റിൽ ചെന്നപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ തിരഞ്ഞു. അദ്ദേഹം ഷോട്ടിന് തയ്യാറായി നിൽക്കുകയായിരുന്നു. ഹായ് സർ എന്നു പറഞ്ഞ് ഞാൻ അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചും. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നു പറഞ്ഞാണ് അദ്ദേഹം സ്വീകരിച്ചത്. എങ്ങനെയാണ് ഒരാൾക്ക് ഇതിലും മനോഹരമായി സ്വാഗതം പറയാനാകുക. 

 

അദ്ദേഹത്തിനൊപ്പം അഭിയിക്കുക ഒരു വെല്ലുവിളി തന്നെയല്ലേ ?

 

ഉറപ്പായും. സത്യത്തിൽ ഞാൻ കുറച്ച് പേടിച്ചാണ് സെറ്റിൽ പോകുന്നത്. എന്റെ ഡയലോഗുകൾ ഒക്കെ നേരത്തെ പഠിച്ച് നന്നായി ഹോം വർ‌ക്ക് ഒക്കെ നടത്തിയ ശേഷമാണ് എന്നും ചെല്ലാറ്. പക്ഷേ ലാൽ സാറും ഉണ്ണിക്കൃഷ്ണകൻ സാറും വളരെ സോഫ്റ്റായാണ് പെരുമാറുന്നത്. ഉണ്ണി സാർ സീൻ ഒക്കെ വിവരിച്ച് തരുന്നത് തന്നെ മനോഹരമായാണ്. അതു കൊണ്ട് എന്റെ ജോലി വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. 

 

ശ്രദ്ധയുടെ അച്ഛൻ പട്ടാളക്കാരനാണ്, മകൾ സിനിമയിൽ അഭിനയിക്കുന്നതിനെ എതിർത്തില്ലേ ?

 

പട്ടാളക്കാർ കലാബോധമില്ലാത്തവരും പെട്ടെന്ന് ദേഷ്യപ്പെടുന്നവരുമാണെന്നുമുള്ളത് വെറും സ്ടീരിയോടൈപ്പ് ചിന്ത മാത്രമാണ്. എന്റെ അച്ഛൻ അങ്ങനെ ഒരാളെ അല്ല. അദ്ദേഹം എനിക്ക് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്. എന്റെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ഒപ്പം നിൽക്കുന്നയാൾ. എനിക്ക് അദ്ദേഹത്തെ ഒരുപാട് ബഹുമാനമാണ്. ഞാൻ കലാപരമായി എന്റെ കരിയർ മുന്നോട്ടു കൊണ്ടു പോുന്നതിൽ ഏറ്റവും സന്തോഷിക്കുന്നൊരാൾ അദ്ദേഹമാണ്. 

 

ഇഷ്ടപ്പെട്ട മലയാള സിനിമ ? അടുത്തു കണ്ട മലയാള സിനിമകൾ ?

 

സുഡാനി ഫ്രം നൈജീരിയ ആണ് പെട്ടെന്ന് ഒാർമയിൽ വരുന്ന ഇഷ്ടമുള്ള സിനിമ. അതിന്റെ ക്ലൈമാക്സിലെ ജഴ്സി കൈമാറുന്ന രംഗവും നായകൻ രണ്ടാനഛ്ഛനെ സ്വീകരിക്കുന്ന രംഗവുമൊക്കെ ഏറെ പ്രിയപ്പെട്ടതാണ്. ഏറ്റവുമൊടുവിൽ കണ്ട സിനിമ കപ്പേളയാണ്. പിന്നെ സീയൂ സൂൺ എന്ന സിനിമ കണ്ടു. അതൊക്കെ ഇഷ്ടപ്പെടുകയും ചെയ്തു. 

 

മലയാള സിനിമയിലെ സുഹൃത്തുക്കൾ ?

 

ഇന്ദ്രജിത്ത്, വിനയ് ഫോർട്ട്, നിവിൻ പോളി എന്നിവരൊക്കെയായി സൗഹൃദമുണ്ട്. ആകെ അഭിനയിച്ചത് ഒരു മലയാള സിനിമയിലാണ്. അതിനാൽ തന്നെ സൗഹൃദങ്ങളിലും ആ പരിമിതിയുണ്ട്. 

 

മലയാളത്തിൽ തുടർന്നും അഭിനയിക്കുമോ ?

 

അയ്യോ എനിക്ക് മലയാളത്തിൽ അഭിനയിക്കാൻ വളരെ ഇഷ്ടമാണ്. ഇന്ത്യൻ സിനിമാലോകത്ത് മലയാള സിനിമയ്ക്ക് വലിയ സ്ഥാനമുണ്ട്. ഇഷ്ടപ്പെട്ട അവസരങ്ങൾ ലഭിക്കാത്തതു കൊണ്ടാണ് ഇടവേള വന്നത്. ഇതു വായിക്കുന്നവർ‌ ആരെങ്കിലുമുണ്ടെങ്കിൽ കേൾക്കുക ‘എനിക്ക് മലയാള സിനിമയിൽ അഭിനയിക്കണം, ഇനിയും അഭിനയിക്കണം, എന്നോട് കഥകൾ പറയൂ പ്ലീസ്’. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com