കഥ കേട്ട് മോഹൻലാൽ പറഞ്ഞു,‘ഇനി ഒന്നും ആലോചിക്കേണ്ട, ഇങ്ങുപോര്’: ഉദയ്കൃഷ്ണ–ബി. ഉണ്ണികൃഷ്ണൻ അഭിമുഖം

arattu-mohanlal
SHARE

ഏതു നടന്റെ സിനിമയാണെങ്കിലും ആദ്യ ഷോ തന്നെ കാണുന്ന ചില സംവിധായകരും എഴുത്തുകാരുമുണ്ട് കൊച്ചിയിൽ. ഗവേഷണ വിദ്യാർഥികൾ യൂണിവേഴ്സിറ്റിയിലേക്കു വരുന്നതുപോലെയാണ് ഇവർ തിയറ്ററിലേക്കു വരുന്നത്. തിങ്ങിനിറഞ്ഞ പ്രേക്ഷകരുടെ ആരവങ്ങൾക്കിടയിലിരുന്നു സിനിമ കണ്ടാലേ ഇവർക്കു തൃപ്തിയാവൂ. ജനം എവിടെ കയ്യടിക്കും എവിടെ കൂക്കിവിളിക്കും എന്നു മനസ്സിലാക്കാനുള്ള പ്രാക്ടിക്കൽ ക്ലാസാണിത്. എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിൽ ഒന്നാം റാങ്കോടെ പാസായ ബി.ഉണ്ണിക്കൃഷ്ണൻ ജനപ്രിയ സിനിമയുടെ വ്യാകരണം പഠിക്കാൻ പോയതും ഈ ബാൽക്കണിയിലേക്കാണ്. അതിന്റെ പിൻസീറ്റിലൊന്നിൽനിന്നു പരിചപ്പെട്ട സഹപാഠിയാണ് ഉദയകൃഷ്ണ എന്ന തിരക്കഥാകൃത്ത്. പരസ്പരം കഥകൾ പറഞ്ഞും തിരുത്തിയും അവർ നല്ല സുഹൃത്തുക്കളായെങ്കിലും  ഒരുമിച്ചൊരു സിനിമ ചെയ്യാൻ 16 വർഷം വേണ്ടിവന്നു.  മോഹൻലാൽ നായകനായ ‘ആറാട്ട്’ പാലക്കാട്ടു ചിത്രീകരണം പുരോഗമിക്കുമ്പോൾ ഉണ്ണിക്കൃഷ്ണന്റെയും ഉദയകൃഷ്ണയുടെയും സൗഹൃദം കൂടിയാണു വളരുന്നത്. 

കോവിഡ്കാല പ്രതിസന്ധികളൊന്നും നിങ്ങളെ ബാധിക്കുന്നില്ലേ..?

ഉണ്ണിക്കൃഷ്ണൻ: ഈ സിനിമ തന്നെ കോവിഡ്കാലത്തിന്റെ സൃഷ്ടിയാണ്. ആദ്യം ഞങ്ങൾ പ്ലാൻ ചെയ്തത് മറ്റൊരു സിനിമയായിരുന്നു. മോഹൻലാൽ തന്നെയായിരുന്നു നായകൻ. നാൽപത്തഞ്ചോളം ലൊക്കേഷനുകളിൽ ചിത്രീകരിക്കണം.  ഭൂരിഭാഗവും കേരളത്തിനു പുറത്ത്. കൂടാതെ പല സീനുകളിലും അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളും വേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നടക്കില്ലെന്നു മനസ്സിലായി. അങ്ങനെയാണ് പുതിയ കഥയിലേക്കു വന്നത്. 

തിരക്കഥയെഴുതാൻ മറ്റൊരാളെ കണ്ടെത്തിയതിനു പിന്നിലെ കാരണം?

ഉണ്ണിക്കൃഷ്ണൻ: ഞാനും മോഹൻലാൽ സാറും ഒരുമിച്ചുള്ള അഞ്ചാമത്തെ പടമാണ്.  ഒരു ‘പക്കാ മാസ്’ പടത്തിലേക്കു പോയാലോ എന്ന് ആലോചന വന്നു. കഴിഞ്ഞ സിനിമകളെല്ലാം ജനപ്രിയ  ഫോർമാറ്റിൽ തന്നെ ചെയ്തതാണെങ്കിലും പക്കാ മാസ് എന്ന നിലയിലേക്കു വന്നിട്ടില്ല എന്നാണ് എന്റെ വിലയിരുത്തൽ. ഞാൻ തന്നെ എനിക്കു കൽപിക്കുന്ന ചില നിരോധനങ്ങളാവാം അതിനു കാരണം. അപ്പോൾ ഞാനൊന്ന് അഴിയണം എന്നു തോന്നി. അങ്ങനെയാണ് ഉദയനോടു തിരക്കഥയെപ്പറ്റി പറയുന്നത്. 

aarattu-shoot

ഉദയകൃഷ്ണ: എനിക്കും തോന്നിയിട്ടുണ്ട് ഉണ്ണിക്കൃഷ്ണൻ ഒന്ന് അഴിയാനുണ്ടെന്ന് (രണ്ടുപേരും ചിരിക്കുന്നു). അപ്പോൾ ഒരു അഴിഞ്ഞാട്ടമാകട്ടെയെന്നു കരുതി. പെട്ടെന്ന് ഒരു മാസം കൊണ്ട് എഴുതിത്തീർത്തതാണ് ഈ തിരക്കഥ. 

ഉണ്ണിക്കൃഷ്ണൻ: പുതിയൊരു കഥ ആലോചിക്കാം എന്നു പറഞ്ഞതു മോഹൻലാൽ തന്നെയാണ്. 

ഉദയകൃഷ്ണ:  എന്റെ മനസ്സിലുണ്ടായിരുന്ന കഥാപാത്രത്തെപ്പറ്റി ഉണ്ണിക്കൃഷ്ണനോടു പറ‍ഞ്ഞു. നെയ്യാറ്റിൻകര ഗോപൻ എന്നാണ് പേര്. അയാൾ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ വന്നിറങ്ങുന്നതോടെയാണ് കഥ തുടങ്ങുന്നത്. 

ഉണ്ണിക്കൃഷ്ണൻ:  മോഹൻലാൽ കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലായിരുന്നു. ഞാൻ ഫോണിലൂടെയാണ് അദ്ദേഹത്തോടു കഥാപാത്രത്തെപ്പറ്റി പറയുന്നത്. കേട്ടയുടൻ അദ്ദേഹം പറഞ്ഞു: ‘‘ഇനി ഒന്നും ആലോചിക്കേണ്ട, ഇങ്ങുപോര്’’എന്ന്. അങ്ങനെ ഞങ്ങൾ രണ്ടുപേരും കോവിഡ് ടെസ്റ്റൊക്കെ ചെയ്ത് ഗുരുകൃപയിൽ പോയി കഥ പറഞ്ഞു. പിന്നീട് സംഭാഷണങ്ങൾ സഹിതം മുഴുവൻ എഴുതി പൂർത്തിയാക്കി ദൃശ്യം 2ന്റെ  ലൊക്കേഷനിൽ പോയി തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിച്ചു. 

എഴുത്തുകാരൻ കൂടിയായ സംവിധായകനു വേണ്ടി എഴുതുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

ഉദയകൃഷ്ണ:  ഞാൻ ഇരുപതോളം സംവിധായകർക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. അവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി കൂടിച്ചേരാൻ കഴിയണം എന്നതാണു പ്രധാനം. എഴുത്തുകാരായ സംവിധായകർക്കുവേണ്ടി അധികം എഴുതിയിട്ടില്ല. പ്രിയൻ സാറിന്റെ ‘വെട്ടം’ മാത്രമാണ് അങ്ങനെ പറയാനായിട്ടുള്ളത്. അത് എഴുതാൻ പോകുമ്പോൾ ടെൻഷനുണ്ടായിരുന്നു. ഉണ്ണിക്കൃഷ്ണനുമായി 16 വർഷത്തെ സൗഹൃദമുണ്ട്.  എത്രയോ കാലങ്ങളായി ഞങ്ങൾ പരസ്പരം കഥകൾ ചർച്ച ചെയ്യുന്നു. 

aarattu

ഗൗരവതരമായ എഴുത്തുകളും ജനപ്രിയ സിനിമയും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകുന്നു?

ഉണ്ണിക്കൃഷ്ണൻ: പ്ലേറ്റോ മുതൽ ഇങ്ങോട്ടുള്ളവരുടെ നിലപാടുകൾ മനസ്സിലാക്കിയിട്ടുള്ള ഒരാളും ജനപ്രിയ കല മോശമാണെന്നു പറയുമെന്നു തോന്നുന്നില്ല. ഏറ്റവും ജനപ്രിയ എഴുത്തുകാരനായിരുന്നു ഷെയ്ക്സ്പിയർ. സാഹിത്യവും കലയുമെല്ലാം അന്ന് വിനോദോപാധി തന്നെയായിരുന്നു. എന്നാൽ, സാഹിത്യം സ്ഥാപനവൽക്കരിക്കപ്പെട്ടതിന്റെ ഭാഗമായി  ജനപ്രിയ കല മോശമാണെന്ന ചിന്ത രൂപം കൊണ്ടു. നമ്മൾ ജനപ്രിയമെന്നു പറയുന്ന പല സിനിമകളും മികച്ച രീതിയിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നവയാണ്. അതുപോലെ ഉദാത്തം എന്നു പറയുന്ന പല സിനിമകളും വളരെ അപകടകരമായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നവയുമാണ്. 

സിനിമയിലെ സ്ത്രീപക്ഷ ചർച്ചകളെ എങ്ങനെയാണു കാണുന്നത്? 

ഉണ്ണിക്കൃഷ്ണൻ:  അത്തരം ചിന്തകളും പൊളിച്ചെഴുത്തുകളും നല്ലതാണ്. അതുകൊണ്ട് നമ്മുടെ സൃഷ്ടികൾ മെച്ചപ്പെടുകയാണു ചെയ്യുന്നത്. ഇതു സമൂഹത്തിൽ  പുതിയ അവബോധം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, പൊളിറ്റിക്കൽ കറക്ട്നെസ് എന്നതു മൗലികവാദമായി മാറരുത്. നിർഭാഗ്യവശാൽ, ചില സന്ദർഭങ്ങളിലെങ്കിലും അങ്ങനെ സംഭവിക്കുന്നു. എല്ലാ തീവ്രവാദവും ചർച്ചകളെ നിരാകരിക്കും. സംഭാഷണത്തിലൂടെയും സംഘർഷത്തിലൂടെയുമാണ് സമൂഹം വളരുന്നത്. 100 ശതമാനം പൊളിറ്റിക്കലി കറക്ട് ആകാൻ ആർക്കും പറ്റില്ല. തെറ്റുകളിലൂടെ മുന്നോട്ടുപോകുന്ന ജീവിയാണു മനുഷ്യൻ. അതു നാളെ കറക്ട് ചെയ്യപ്പെടുകയാണു ചെയ്യുന്നത്. 

ഉദയകൃഷ്ണ: ‘നീ വെറും പെണ്ണാണ്’ എന്ന ഡയലോഗിനു ജനം കയ്യടിക്കുന്നതു കണ്ടയാളാണ് ഞാൻ. എന്നാൽ, ഇന്നു ജനം അങ്ങനെ ചെയ്യാത്തതു കൊണ്ടുതന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാവുന്നു. അതുപോലെ, ജാതിപ്പേരു പറഞ്ഞും തൊഴിലിന്റെ പേരുപറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങൾ പഴയ സിനിമകളിൽ കാണാം. ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെപ്പറ്റി ബോധ്യമുള്ള ഒരു ജനതയോടാണ് ഇന്നത്തെ സിനിമ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് എഴുത്തുകാരനു മുന്നോട്ടു പോകാനാവില്ല. 

അപ്പോൾ പുതിയൊരു ഭാവുകത്വം ആറാട്ടിൽ പ്രതീക്ഷിക്കാമോ?

ഉദയകൃഷ്ണ: ഇതൊരു മാസ് മസാല പടം തന്നെയായിരിക്കും. മോഹൻലാൽ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാൽ, അതിൽ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവർക്കും കുടുംബത്തോടെ വന്നു കാണാവുന്ന എന്റർടെയ്നർ എന്നു പറയാം. 

തിയറ്ററിൽ തന്നെയായിരിക്കുമോ റിലീസ്?

ഉണ്ണിക്കൃഷ്ണൻ: തിയറ്റർ തുറന്ന് എല്ലാവർക്കും ധൈര്യമായി വന്നു കാണാൻ പറ്റുന്ന സാഹചര്യത്തിലേ ചിത്രം പ്രദർശനത്തിന് എത്തിക്കാനാവൂ. കാരണം ഇതൊരു ചെറിയ സിനിമയല്ല. നല്ല ബജറ്റ് ആവശ്യമുള്ള വലിയ പടം തന്നെയാണ്. പാലക്കാട്ടെ ഒറ്റ ലൊക്കേഷനിൽ പൂർത്തിയാക്കാം എന്നതു മാത്രമാണ് കൊറോണക്കാലത്തെ സൗകര്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA