ADVERTISEMENT

പടച്ച തമ്പുരാനെ ഒഴിച്ച് ഒന്നിനേയും ഭയപ്പെടാതെ ജീവിക്കുന്നൊരു സ്ത്രീ. രാജ്യത്തു നടക്കുന്ന കർഷക സമരം മുതൽ വാളയാർ ആത്മഹത്യ കേസുവരെ എല്ലാം കൃത്യമായി പിൻതുടരുന്നൊരു വീട്ടമ്മ. ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ മരണം കൊലപാതകമാണെന്നു വിശ്വസിച്ചു പോരാടുന്ന ആയിരക്കണക്കിനാളുകളിൽ സജീവമായി നിൽക്കുന്ന ഒരാൾ. കഴിഞ്ഞ ദിവസം വിളിക്കുകൊളുത്തി കൈ ഉയർത്തിപ്പിടിച്ചു സുശാന്തിനുവേണ്ടി പോരാടുമെന്നു പ്രതിഞ്ജയെടുത്ത മായ വിഡിയോ ഷെയർ ചെയ്തു. മലയാള സിനിമയിലെ പുതിയ ജനറേഷൻ അമ്മയായ മായാ   മേനോൻ ഇതെല്ലാമാണ്. 

 

ആഷിഖ് അബുവിന്റെ  മായാ നദിയിൽ ഐശ്വര്യ ലക്ഷ്മിയുടെ അമ്മയുടെ റോളിലെത്തിയതോടെയായായിരുന്നു ഈ പുതിയ അമ്മയുടെ ജനനം.  രണ്ടു മുതിർന്ന കുട്ടിയുടെ അമ്മയായ മായ പലരും അമ്മയാകാൻ മടിക്കുമ്പോൾ ആ വേഷം സന്തോഷത്തോടെ ഇരു കയ്യും നീട്ടി വാങ്ങി.

 

മികവുകൊണ്ടുതന്നെയാണു പിന്നീടു ഷാജി എൻ കരുണിന്റെ ഒാള്, ദുൽഖർ സൽമാന്റെ കുറുപ്പ്, മൈഡിയർ മച്ചാൻ, വുൾഫ് എന്നീ സിനിമകൾ തേടിവന്നത്. ഇവയെല്ലാം റിലീസ് ചെയ്യാൻ കാത്തിരിക്കുന്നു. 

maya-menon2

 

∙ മായ ചെയ്ത പരസ്യങ്ങൾ പലരും ശ്രദ്ധേയമായിരുന്നു. സിനിമയിലേക്കുള്ള വഴി പരസ്യമായിരുന്നോ. 

 

സത്യൻ അന്തിക്കാടാണ് സിനിമയിൽ ആദ്യ അവസരം തരുന്നത്.  ഫൊട്ടൊഗ്രാഫർ സ്വാമി നാഥൻ നൽകിയ ഫോട്ടോ കണ്ട് എന്നെ വിളിക്കുകയായിരുന്നു. പിന്നീടു 10 വർഷത്തോളം ഞാൻ ഗൾഫിൽ ഭർത്താവിനൊപ്പം ജോലി ചെയ്യുകയായിരുന്നു. തിരിച്ചു നാട്ടിൽ വന്നപ്പോൾ എന്നെ ആദ്യം വിളച്ചതു പരസ്യത്തിൽ അഭിനയിക്കാനാണ്. പലതും വലിയ ബ്രാൻഡുകൾ. അതു കണ്ടാണു എബിയിലും മായനദിയിലും മറഡോണയിലും അഭിനയിക്കാൻ വിളിച്ചത്. അതെല്ലാം എന്റെ കൂടി ഭാഗ്യംകൊണ്ടു ശ്രദ്ധേയമായി. തിരിച്ചുവരവു വെറുതെയായില്ല. ഷാജി എൻ.കരുൺ പോലുള്ളൊരു വലിയ മനുഷ്യന്റെ സിനിമയിൽ അഭിനയിക്കാനായി എന്നതിലും വലിയ ഭാഗ്യവും കുറവല്ലെ. ഒാള് എന്ന ആ സിനിമ എനിക്കുതന്ന അനുഭവം വലുതാണ്. 

 

∙ മായയെ പലരും സംഘിയെന്നു വിളിക്കാറുണ്ട്. മായയുടെ രാഷ്ട്രീയമെന്താണ്. 

 

സംഘിയെന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല. ഞാൻ സെറ്റിൽ രാഷ്ട്രീയം പറയാറില്ല. ജീവിതത്തിലും എനിക്കു രാഷ്ട്രീയമില്ല. പക്ഷെ അഭിപ്രായങ്ങളുണ്ട്.അതു സാമൂഹിക മാധ്യമങ്ങളിൽ പറയുകയും ചെയ്യും. ഒരു നടി അതു ചെയ്യുന്നതു പലർക്കും പെട്ടെന്നു ദഹിക്കുന്നില്ല. കാണുമ്പോൾ ചിരിച്ചു ലോഹ്യം പറയുന്നവർപോലും ഇതു കാണുന്നതോടെ മുഖം കറുപ്പിക്കും. സ്ത്രീകൾ അഭിനയിക്കുന്നതും രാഷ്ട്രീയം പറയുന്നതുമെല്ലാം നമുക്കിപ്പോഴും മനസുകൊണ്ടു സ്വീകരിക്കാനാകുന്നില്ല. 

 

∙ കുട്ടിക്കാലത്തു രാഷ്ട്രീയമുണ്ടായിരുന്നോ. 

maya-menon4

 

വളരെ യാഥാസ്ഥിതിക കുടുംബത്തിലാണു വളർന്നത്. ജീവിച്ചതും അതേ ചുറ്റുപാടിലാണ്. ഞാൻ സിനിമയിൽ പോയിട്ടു ഒരു നൃത്തവേദിയിലെത്തുമെന്നുപോലും വീട്ടിലെ ആരും കരുതിക്കാണില്ല.ഒരു രാഷ്ട്രീയവും ഇല്ലായിരുന്നു. പക്ഷെ എല്ലാ സ്വാതന്ത്ര്യവും തന്നാണ് എന്നെ വളർത്തിയത്. ആ സ്വാതന്ത്ര്യമാകണം പിന്നീടു എന്നെ തല ഉയർ‌ത്തിനിന്നു സംസാരിക്കാനും സിനിമയിലെത്താനും സഹായിച്ചത്. 

 

∙ പക്ഷേ മായയുടെ സാമൂഹിക പോസ്റ്റിനിടിയിൽ വരുന്ന കമന്റുകൾ വേദനിപ്പിക്കാറില്ലെ. 

 

ആദ്യമെല്ലാം വേദന തോന്നും. പിന്നെ മനസ്സിലായി കമന്റു ചെയ്യുന്നവർ‌ അവരുടെ സംസ്ക്കാരമാണു കാണിക്കുന്നതെന്ന്.അതവർ കാണിക്കട്ടെ. എനിക്കു ശരിയെന്നു തോന്നുന്നതു ഞാൻ പറയുകതന്നെ ചെയ്യും. ഞാൻ തുടർച്ചയായി ശ്രീകൃഷ്ണ ഭഗവാന്റെ പടം പോസ്റ്റ് ചെയ്യും. അതെന്റെ മതമോ രാഷ്ട്രീയമോ അല്ല. അതെന്റെ ഭക്തിയാണ്. ഞാൻ വലിയ ശ്രീകൃഷ്ണ ഭക്തയാണ്.അതുപോലും പലരും തെറ്റിദ്ധരിക്കുന്നു.ഭക്തിയില്ലാതെ എങ്ങനെയാണ് എനിക്കു ജീവിക്കാനാകുക. 

 

∙ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ അവസരം നഷ്ടപ്പെട്ടിട്ടില്ലെ. 

 

ഉണ്ടാകാം. അതു മാത്രമാണ് എന്നെ വേദനിപ്പിച്ചത്. ചേച്ചി എന്നു വിളിച്ചു പുഞ്ചിരിക്കുന്ന കുട്ടികൾപോലും ഞാൻ എഴുതിയ പോസറ്റുകളുടെ പേരിൽ എന്നെ മാറ്റി നിർത്താൻ പറഞ്ഞതായി കേട്ടു. അവരതു ചെയ്തോ എന്നെനിക്കുറപ്പില്ല. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ആരേയു വേദനിപ്പിച്ചിട്ടില്ല. ലൈറ്റ് ബോയ്സും അസിസ്റ്റന്റസും മേക്കപ്പ് ആർട്ടിസ്റ്റുകളും ചായ കൊണ്ടുവരുന്ന കുട്ടികളും സിനിമാ സെറ്റിൽ ജോലി ചെയ്യുന്നതു കണ്ടു വലിയ ബഹുമാനം തോന്നിയിട്ടുണ്ട്. എനിക്കുവേണ്ടി ദൈവം കാത്തുവച്ച വേഷങ്ങൾ എന്നെ തേടി വരികതന്നെ ചെയ്യും. അത് എന്റെ കർമ്മമാണ്. 

 

∙ നല്ല പോളിഷ് ആയി പെരുമാറിയാൽ കൂടുതൽ അവസരം കിട്ടുമെന്നു തോന്നിയിട്ടുണ്ടോ. 

 

ഒരിക്കലുമില്ല. ആഷിക് അബുവും ശ്യാം പുഷ്കരനും എബി മുരളിയുമെല്ലാം പ്രതിഭകളാണ്. അവരെപ്പോലുള്ളവർ അഭിനേതാക്കളെ വിളിക്കുന്നതും ജോലിയുടെ മികവു മാത്രം നോക്കിയാണ്.എന്റെ വ്യക്തിത്വം പണയംവച്ചു കൂടുതൽ പോളിഷ് ആയി പെരുമാറിയിട്ടു കാര്യമുണ്ടോ. ഞാൻ എല്ലാവരോടും പെരുമാറുന്നതു അതീവ ബഹുമാനത്തോടെയാണ്. കാരണം, അവരാണെനിക്കു ഒരു പ്ളാറ്റ് ഫോം തരുന്നത്. അത്തരം പ്ളാറ്റ്ഫോമുകൾ ഇല്ലെങ്കിൽ നടന്മാരും നടിമാരുമില്ലല്ലോ. 

 

പല വേഷങ്ങളും വേണ്ടന്നു വച്ചതോ. 

 

എനിക്കു ചെയ്യാൻ പറ്റാത്ത വേഷം ചാടി വീണു ചെയ്തിട്ടുകാര്യമില്ലല്ലോ. കൂടുതൽ സമയം സ്ക്രീനിൽ വേണമെന്നു ഞാൻ കരുതുന്നില്ല. ശിക്കാരി ശംഭുവിൽ കുറച്ചു സമയമേ ഉള്ളു.പക്ഷെ പലരും അതോർക്കുന്നു. എന്നെ മോഹിപ്പിക്കുന്നതു വേഷം മാത്രമാണ്. 

 

∙ സിനിമയിൽ സ്ത്രീകളോടു മോശമായി പെരുമാറുന്നതു കൂടിയിട്ടുണ്ടോ. 

 

ഒരാളുപോലും എന്നോടു മോശമായി പെരുമാറിയിട്ടില്ല. സിനിമയിൽ മാത്രം മോശമായി പെരുമാറുന്നുവെന്നും പറയാനാകില്ല. അത്തരക്കാർ എല്ലായിടത്തമുണ്ടാകും. അതിനു സ്ത്രീ സ്വയം ആർജ്ജിക്കുന്ന കരുത്തിലൂടെ നേരിടണം.അതിനു കഴിയും. എനിക്കതിനു കരുത്തുണ്ട്. 

 

∙ വായന, സാമൂഹിക മാധ്യമങ്ങളിലെ എഴുത്ത് എന്നിവയിൽ സജീവമാകാൻ സമയം കിട്ടുന്നത് എപ്പോഴാണ്. 

 

വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നൊരു സ്ത്രീയാണു ഞാൻ. കുട്ടികൾ പഠിക്കുന്ന സ്ഥലത്താകും. പ്രായമായ അമ്മയുണ്ട്. ഭർത്താവ് ഗൾഫിലാണ്. സ്വാഭാവികമായും സൂപ്പർ മാർക്കറ്റിൽ പോകുന്ന ജോലി അടക്കം എല്ലാം ചെയ്യണം. അതിനിടയിൽ ഷൂട്ടിനുള്ള യാത്രകളും മറ്റും ചെയ്യണം. എല്ലാം കഴിഞ്ഞു രാത്രി ഞാൻ വായിക്കുകയും എഴുതുകയും ചെയ്യും. 

 

∙ തനിയെ ഇത്തരമൊരു ജീവിതം പ്രയാസം തോന്നിയിട്ടില്ലെ. 

 

ഞാൻ നടിയമാകുമെന്നു ഒരിക്കലും കരുതിയിട്ടില്ല. നൃത്തം ചെയ്തു ജീവിക്കുകയായിരുന്നു സ്വപ്നം. വളരെ സൂക്ഷിച്ചു മാത്രമേ വേഷങ്ങൾ തിരഞ്ഞെടുക്കാറുള്ളു.കലാകാരിയായി ജീവിക്കുക എന്നതു വലിയ കാര്യമാണ്. അതല്ലാതെ എനിക്കു മറ്റൊന്നുമാകില്ല. അവിടെ എത്താൻ  വൈകിയെന്നു മാത്രം. ഇത് എന്റെ സ്വപ്നത്തിലെ ജീവിതമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com