ADVERTISEMENT

മലയാളത്തിലെ മുൻനിര നായക നടന്മാരിൽ തിളക്കമുള്ള പേരാണ് ജയസൂര്യയുടേത്. പ്രതിഭയും പുതിയവ കണ്ടെത്തി ചെയ്യാനുള്ള കൗതുകവും അതിനായുള്ള പരിശ്രമങ്ങളുമാണ് പ്രേക്ഷകർക്കു മുൻപിൽ ജയസൂര്യയെ ഇഷ്ടതാരമാക്കുന്നത്. ഒന്നര ദശാബ്ദക്കാലത്തിലധികമായി മലയാളികൾക്കു മുന്നിൽ ജയസൂര്യയുണ്ട്. നായകനിൽ നിന്ന് നല്ല നടനിലേക്കുള്ള ജയസൂര്യയുടെ പരിണാമം ഏറെ ആവേശത്തോടെയാണ് ചലച്ചിത്രപ്രേമികൾ സ്വീകരിച്ചതും. കരിയറിൽ നൂറാമത്തെ സിനിമയിലെത്തി നിൽക്കുന്ന ജയസൂര്യ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്. 

 

ലോക്ഡൗൺ കാലം എങ്ങനെ ചിലവഴിച്ചു?

jayasurya

 

ലോക്ഡൗൺ സമയത്താണ് സൂഫിയും സുജാതയും എന്ന പടം റിലീസ് ആയത്. അതിന്റെ ഓൺലൈൻ പ്രൊമോഷൻസ് നടന്നുകൊണ്ടിരുന്നു. അതെല്ലാം വീട്ടിൽ വച്ചായിരുന്നു നടന്നിട്ടുള്ളത്. ആദ്യമായിട്ടാണ് ഫസ്റ്റ് ഷോ തന്നെ കുടുംബത്തിനോടൊപ്പം വീട്ടിൽ തന്നെ ഇരുന്ന് കാണുന്നത്. അത് ഭയങ്കര അനുഭവമായിരുന്നു. ഇതാണ് പ്രൊഫഷണലി പറയാൻ ഉള്ളത്. ഇനി വ്യക്തിപരമായി പറയാനുള്ളത് ഒരു പാട് സമയം കുടുംബത്തോടൊപ്പം ഇരിക്കാനും കുട്ടികളോടൊപ്പം കളിക്കാനും വായിക്കാനും, പിന്നെ വെറുതെ ഇരിക്കാനും സമയം കിട്ടി. ലോക്ഡൗൺ സമയത്ത് കട്ടിലിൽ  കാലുകൾ നീട്ടി  പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നതായിരുന്നു എന്റെ ഹോബി. ആ ഒരു ഏരിയ മാത്രം മതി. എത്രനേരം വേണമെങ്കിലും മിണ്ടാതിരിക്കാനും, വെറുതെ ഇരിക്കാനും, എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കാനും ആ സ്പെയ്സ് മാത്രം എനിക്ക് മതിയായിരുന്നു. ഒരു ദിവസം മിണ്ടാതിരിക്കാൻ പറഞ്ഞാലും അതുപോലെ ചെയ്യും. 

 

ബയോപിക് സിനിമകൾ കൂടുതൽ ചെയ്യുന്നുണ്ടല്ലോ, അതെന്തുകൊണ്ടാണ് സംഭവിക്കുന്നത്?

 

അങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്യാനാണ് സത്യം പറഞ്ഞാൽ ഏറ്റവും കൂടുതൽ നിരീക്ഷണം വേണ്ടത്. ബുദ്ധിമുട്ട് ഉണ്ടെന്ന് ഞാൻ പറയുന്നില്ല. വേറൊരു കഥാപാത്രം ചെയ്യുമ്പോൾ നമുക്ക് നമ്മുടേതായ ഫ്രീഡം ഉണ്ട്. കാരണം അദ്ദേഹം ഇങ്ങനെയാണ് സംസാരിക്കുന്നത്. എഴുത്തുകാരൻ തന്ന ഡിസൈൻ വച്ച് എനിക്ക്  പല രീതിയിലും ആ ക്യാരക്ടർ ചെയ്യാൻ പറ്റും. അതിൽ എങ്ങനെ വേണമെങ്കിലും ചരിത്രം മാറ്റാം. ആ ക്യാരക്ടർ നമ്മുടെ കയ്യിൽ തന്നെയുണ്ടല്ലോ. പക്ഷേ വി പി സത്യന്റെ ക്യാരക്ടറിൽ ചരിത്രം മാറ്റി എഴുതാൻ പറ്റില്ല. അദ്ദേഹത്തെ മാറ്റി എഴുതാൻ പറ്റില്ല. വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട കാര്യമാണ് ബോയോപിക്കുകൾ. ഭയങ്കര റിസ്ക്കും ആണ്. അതുപോലെ ഇനി ചെയ്യാനിരിക്കുന്ന സത്യൻ മാഷിന്റെ ക്യാരക്ടർ. കോവിഡ് ആയതുകൊണ്ട് പല പ്രൊജക്ട്സും നിർത്തിവച്ചിരിക്കുകയാണ്. 

jayasurya-sunny-teaser

 

ജയസൂര്യയുടെ യാതൊരു മാനറിസവും ഇല്ലാതെ ജയസൂര്യ എന്ന വ്യക്തിയിൽ നിന്നും പുറത്തിറങ്ങി ചെയ്ത വേഷമാണ് മേരിക്കുട്ടി. എത്രത്തോളം ശ്രമകരമായിരുന്നു ആ കഥാപാത്രം?

 

എന്റെ ലൈഫ്ടൈമിൽ ഇനി എനിക്ക് അങ്ങനൊരു കഥാപാത്രം കിട്ടുമോ എന്ന് അറിയില്ല. ആ കഥാപാത്രം ചെയ്യാൻ പറ്റിയത് ഏറ്റവും വലിയ ഭാഗ്യമാണ്. ഒരു കാര്യത്തെ വേറൊരു രീതിയിൽ കാണാൻ സാധിച്ചത് മേരിക്കുട്ടി എന്ന കഥാപാത്രത്തെ ചെയ്തതുകൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്നു. കാരണം ഒരു പുരുഷൻ സ്ത്രീ ആകുക എന്നത് ചെറിയ ഒരു ടാസ്ക് അല്ല. ഇത്തിരി ബുദ്ധിമുട്ടാണ് അത് കൈകാര്യം ചെയ്യാൻ. അത്രയേറെ മേരിക്കുട്ടിയെ സ്നേഹിച്ചതുകൊണ്ടായിരിക്കാം ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റിയത്. ആദ്യത്തെ 3–4 ദിവസം ബുദ്ധിമുട്ടി. പിന്നീട് ഞാൻ ആ കഥാപാത്രത്തെ പൂർണമായിട്ടും സ്നേഹിച്ചു തുടങ്ങി. അങ്ങനെയാണ് അത് ചെയ്യാൻ പറ്റിയത്.

 

ലോക്ഡൗൺ സമയത്ത് കൂടുതൽ ആളുകൾ നെറ്റ്ഫ്ലിക്സ്,. ആമസോൺ പ്രൈം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ആട് 1, ആട് 2 ഒക്കെ വീണ്ടും കണ്ടിട്ടുണ്ട്. അതിന്റെ ഒക്കെ പ്രതികരണങ്ങൾ ഇപ്പോഴും കിട്ടാറുണ്ടോ?

ranjith-sankar-jayasurya-movie

 

പാപ്പൻ ഫാൻസ് ഒരുപാട് പേരുണ്ട്. കൊച്ചു കുട്ടികൾ ആണ് പാപ്പന്റെ ഫാൻസ്. ലോകത്ത് എവിടെ ചെന്നാലും പാപ്പന് ആരാധകരുണ്ട്. പാപ്പൻ എല്ലായിടത്തും ഉണ്ട്. അത് എനിക്ക് ഒരു ലൈഫ്ടൈം ക്യാരക്ടർ ആണ്. അയാൾ മാസുമാണ് മണ്ടനുമാണ്. അങ്ങനെ വളരെ ചുരുക്കം സിനിമകളാണ് സംഭവിക്കാറുള്ളത്. പാപ്പൻ എന്ന ക്യാരക്ടർ മാത്രമല്ല അതിലെ എല്ലാ കഥാപാത്രങ്ങൾക്കും ഐഡന്റിറ്റി ഉണ്ട്. ആടിന്റെ ഏറ്റവും വലിയ സവിശേഷത എല്ലാ കഥാപാത്രങ്ങളെയും എല്ലാവർക്കും ഓർമ്മയുണ്ട്. എല്ലാവരോടും സ്നേഹമുണ്ട്. ആട് 2 വിന്റെ ഷൂട്ടിങ് സമയത്ത് ഈ 'മണ്ടന്മാരെ' കാണാൻവേണ്ടി എവിടുന്നൊക്കെയോ ആളുകൾ വന്നിരുന്നു. തൊടുപുഴയിൽ ഷൂട്ട് നടക്കുമ്പോൾ നിങ്ങളുടെ പോസ്റ്റർ കണ്ടിട്ട് വന്നതാണെന്ന് പറഞ്ഞ് എവിടുന്നൊക്കെയോ ആളുകൾ വന്നിരുന്നു. വളരെ സന്തോഷം തോന്നി. ആദ്യം ആട് ഷൂട്ട് ചെയ്യുന്ന സമയത്ത് ആ പരിസരത്തുകൂടി പോകുമ്പോൾ 'ജയസൂര്യേ ഏതാ പടം' എന്ന് ചോദിക്കും. ആട് 2 ആയപ്പോൾ 'ഷാജി പാപ്പോ, ഏതാ പടം' എന്നായി. അതു കേൾക്കുമ്പോൾ ഭയങ്കര സന്തോഷം. സ്ഥിരം കാണുന്ന ആളുകളെ വിളിക്കുന്നതുപോലെയാണ് പാപ്പനെ വിളിക്കുന്നത്. വണ്ടിയിൽ ഒക്കെ പോകുമ്പോൾ 'പാപ്പോ എന്താ പരിപാടി അവിടെ', എന്നൊക്കെ ചോദിക്കും. എനിക്ക് ഇപ്പോളും അദ്ദേഹത്തെ മിസ് ചെയ്യാറുണ്ട്.

 

സൈജുകുറുപ്പ് പറഞ്ഞിട്ടുണ്ട് ആട് സിനിമയിലെ ഡയലോഗുകളിൽ പലതിലും ജയസൂര്യയുടെ കോൺട്രിബ്യൂഷൻ ഉണ്ടെന്ന്. ആ ഡയലോഗുകൾ ഇപ്പോഴും ട്രോളന്മാർ ആഘോഷിച്ചു കൊണ്ടിരിക്കുന്നു. ഷാജിപാപ്പനിലെ ടീംവർക്ക് എത്രമാത്രം വർക്ക് ഔട്ട് ആയിട്ടുണ്ട്?

jayasurya-100

 

അത് ആ സമയത്ത് വരുന്നതാണ്. അയാളായിട്ട് നിന്നതുകൊണ്ട് മാത്രം അത് കിട്ടണമെന്നില്ല. മൂന്നാമതൊരു ആളായി ആലോചിച്ച് ഓഡിയൻസിന്റെ രീതിയിൽ ചിന്തിച്ചിട്ട് അത് ആഡ് ഓൺ ചെയ്തിട്ടേ കാര്യമുള്ളൂ. ആടിന്റെ കാര്യം പറയുകയാണെങ്കിൽ സൈജുവിന്റെ അടുത്ത് പാപ്പനായിട്ട് നിൽക്കുമ്പോൾ സൈജുവിനുള്ളൊരു ഡയലോഗ് എനിക്ക് കിട്ടി. ഇത് നാളെ ഒരു ട്രോൾ ആയിട്ട് വരും എന്ന് സൈജുവിനോട് പറഞ്ഞു. ഡയലോഗ് ഇതായിരുന്നു– ‘നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകം ആയി കഴിഞ്ഞിരിക്കുന്നു ഷാജിയേട്ടാ’. ഇത് കേട്ടതും സൈജു ചിരിച്ചുകൊണ്ട് പറഞ്ഞു, ഉഗ്രൻ സാധനമാണ്. അങ്ങനെയുള്ള കാര്യങ്ങൾ സൗഹൃദത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ചില ഡയലോഗുകൾ പറയുമ്പോൾ തലകുത്തി ചിരിക്കാറുണ്ട്. അതൊക്കെ നാച്വ‌റലി വരുന്ന കാര്യമാണ്. 

 

സിനിമ കഴിഞ്ഞാലും അതിലെ കഥാപാത്രം മരിക്കുന്നില്ല, ആ ക്യാരക്ടർ ഉള്ളിൽ‌ കിടക്കുകയാണെന്ന് ജയസൂര്യ പറഞ്ഞിട്ടുണ്ട്. ഏറ്റവും മിസ് ചെയ്യുന്ന ഒരു ക്യാരക്ടർ ആണോ പാപ്പൻ?

 

പാപ്പൻ മാത്രമല്ല. ഹൃദയത്തോട് ചേർത്ത് പിടിച്ചിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട്. അങ്കുർ റാവുത്തർ സിനിമയിൽ മരിച്ചുപോകുന്നുണ്ടെങ്കിലും എന്നിൽ നിന്നും മരിക്കുന്നില്ല. അത് എന്നിൽ തന്നെ ഉണ്ട്. എല്ലാ കഥാപാത്രങ്ങളും മിസ് ചെയ്യാറുണ്ട്.

 

സിനിമയിൽ ജയസൂര്യ പാടിയിരിക്കുന്ന പാട്ടുകൾ പലതും സൂപ്പർഹിറ്റാണ്. പാട്ടുകൾ എങ്ങനെയാണ് ജയസൂര്യയിലേക്ക് എത്തിയത്?

ernakulam-actor-jayasurya

 

പുണ്യാളന്റെ സമയത്ത് രഞ്ജിത്ത് എന്റെയടുത്ത് ചോദിച്ചു, 'നിങ്ങള് അമ്മ ഷോയിലോക്കെ പാടിയതല്ലെ? ഒരു പാട്ട് പാടാമോ' എന്ന്. ഞാൻ അമ്മ ഷോക്ക് വേണ്ടി 'വാതിലിൽ ആ വാതിലിൽ' എന്ന പാട്ട് പാടിയിരുന്നു. 'അതിൽ പാടി ഒത്തിരി വെറുപ്പിച്ചു, ഇനി സിനിമക്കും കൂടി വേണോ' എന്ന് ഞാൻ തിരിച്ചു ചോദിച്ചു. പാടി നോക്കാനാണ് രഞ്ജിത്ത് പറഞ്ഞത്.  ഞാന്‍ പറഞ്ഞു, ഇത് announce ചെയ്യുകയോ ഒന്നും വേണ്ട. പാട്ട് ഓക്കെയാണെങ്കിൽ നമുക്ക് announce ചെയ്യാം. അല്ലെങ്കില്‍ അത് പറയണ്ട എന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം കൂടി എന്റടുത്ത് പറഞ്ഞു 'നിങ്ങൾ ആദ്യം പാടിയത് എനിക്ക്  ഇഷ്ടപ്പെട്ടില്ല' എന്ന്. അത് കറക്ട് ആണ്. കാരണം ഇതിന്റെ ട്രാക്കാണ് ആദ്യം കേട്ട് ശീലമാകുക. നമ്മൾ അത് കേട്ട്, അതിന്റെ എല്ലാ കുറവുകളും എല്ലാ നല്ലതും നമ്മൾക്ക് ഇഷ്ടമാകും. പിന്നെ എത്ര വലിയ ആള് വന്ന് പാടിയാലും നമ്മൾക്ക് നന്നായില്ല എന്ന് തോന്നും. രഞ്ജിത്ത് കുറെ തവണ ആശിച്ചവന്റെ ട്രാക്ക് കേട്ടിട്ടുണ്ട്. പിന്നെ ഞാൻ പാടിയാൽ എവിടെ ഇഷ്ടപ്പെടാൻ? പക്ഷെ ബിജു (ബിജിപാൽ) പറഞ്ഞു, അത് നന്നായിട്ടുണ്ട് എന്ന്. അങ്ങനെയാണ് ആ പാട്ട് വന്നത്. പാവാടയിലെ പാട്ടിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരു ദിവസം ഇതുപോലെ മണിയൻപിള്ള രാജു ചേട്ടൻ വിളിച്ചിട്ട് പറഞ്ഞു, 'പാവാടയിൽ ഒരു പാട്ട് പാടാമോ, രാജുവിന് വേണ്ടിയിട്ട് ഒരു പാട്ട്?' ഞാൻ പറഞ്ഞു, 'അവന് ഭ്രാന്താണ്... എന്തിനാ എന്നെ കൊണ്ടു പാടിക്കുന്നത്?'. 'ഇല്ലില്ല രാജുവാണ് പറഞ്ഞ'തെന്ന് രാജു ചേട്ടൻ. അങ്ങനെ ഞാൻ അവനെ വിളിച്ചു, എന്താ സംഭവം എന്നു ചോദിച്ചു. അവൻ പറഞ്ഞു, 'നിങ്ങൾ പാടി കഴിഞ്ഞാൽ അടിപൊളിയായിരിക്കും' എന്ന്. 'നിനക്ക് ഓക്കെയാണെങ്കിൽ ഞാൻ പാടാം, നിനക്ക് ഒരു പണി തരാൻ കാത്തിരിക്കുകയായിരുന്നു' എന്ന് തമാശയായി ഞാൻ പറഞ്ഞു. അങ്ങനെയാണ് പാവാടയിൽ 'മുത്താണ് ജോയി' എന്ന പാട്ട് പാടുന്നത്... അത് നല്ല രസമുള്ള പാട്ടായിരുന്നു. 

 

രഞ്ജിത്ത് ശങ്കറിനൊപ്പം സണ്ണി അടക്കം ഏട്ട് സിനിമകൾ... സത്യത്തിൽ, ആരാണ് മറ്റെ ആളെ വിടാതെ പിടിച്ചിരിക്കുന്നത് ? 

jayasurya

 

ആരുമല്ല. അദ്ദേഹം വിവരമുള്ള മനുഷ്യനാ! അയാള് വെറുതെ കൊണ്ടു വന്ന് എനിക്ക് കഥാപാത്രങ്ങൾ തരിക ഒന്നുമില്ല. ആ കഥാപാത്രങ്ങൾ ഞാന്‍ ചെയ്യുമെന്ന വിശ്വാസം കൊണ്ടാണെനിക്ക് തരുന്നത്. സൗഹൃദം കൊണ്ട് മാത്രം നമുക്കൊരു കഥാപാത്രം ചെയ്യാൻ പറ്റില്ലല്ലോ ? അത് ആ സിനിമയോട് ചെയ്യുന്ന നീതികേടായിരിക്കും. അല്ലെങ്കിൽ ആ സുഹൃത്തിനോട് ചെയ്യുന്ന നീതികേടായിരിക്കും. അതല്ല വേണ്ടത്. ചേരുന്ന കഥാപാത്രങ്ങള്‍ വരുമ്പോൾ അയാൾ അതെന്റെടുത്ത് ബൗൺസ് ചെയ്യും. ബൗൺസ് ചെയ്യണമെങ്കിൽ അയാൾക്ക് തോന്നണം. ഇത് അയാൾ ചെയ്താൽ നന്നാകും എന്ന്. 

 

സിനിമയുടെ നിർമാണത്തിൽ താൽപര്യം എത്രത്തോളമുണ്ട്? ബിസിനസിന്റെ നൂലാമാലകൾ ഏറ്റെടുക്കാൻ മടിയാണോ?

 

ഞാൻ അതിൽ വളരെ പുറകോട്ടാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പ്രോഡ്യൂസർ എന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടില്ല ഇതുവരെ. സിനിമയിൽ അഭിനയിക്കുക എന്നു മാത്രമേ ഒള്ളു. മടിയാണൊ അറിവില്ലായ്മയാണൊന്ന് എനിക്കറിയില്ല. കാരണം. ഇടക്കിടക്കിരുന്ന് കണക്കെഴുതുക, മറ്റു കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുക... അതൊന്നും എനിക്ക് പറ്റില്ല. നമ്മൾ ചെയ്യുന്നത് അഭിനയമാണ്. അത് മാത്രം ഫോക്കസ് ചെയ്തിരുന്ന് ചെയ്യുക. എനിക്ക് അത്രമാത്രം ബുദ്ധിയൊന്നുമില്ല, എല്ലാം കൂടി തലയിൽ വയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

 

ഹസ്ബന്റ്സ് ഇൻ ഗോവ, ത്രീ കിങ്സ്, ചതിക്കാത്ത ചന്തു‌ പോലെയുള്ള കഥാപാത്രങ്ങൾ ഇനി വന്നാൽ ചെയ്യുമോ?

 

ആ സിനിമകളിലെപ്പോലെ ലൗഡ് ആയ തമാശകൾ ഇപ്പോഴില്ല. വളരെ subtle ആയിട്ടുള്ള തമാശകളും കാര്യങ്ങളുമെ ഒള്ളു. ഹ്യൂമറിന്റെ രീതി മാറി. കൗണ്ടർ തമാശകൾ ഇപ്പോളില്ല. അങ്ങനത്തെ പടം വന്നാൽ, ഒരു പക്ഷേ, വിജയിക്കുമായിരിക്കും. അറിയില്ല... പക്ഷേ, ഇപ്പോൾ അത് സംഭവിക്കുന്നില്ല. വളരെ നല്ല തമാശകൾ എന്ന് പറയില്ലേ, അതുലത്തെയാണ് ഇപ്പോൾ നമ്മള്‍ കൂടുതലും കണ്ടുവരുന്നത്. സത്യം പറഞ്ഞാൽ എനിക്കങ്ങനെ ചെയ്യാനാണ് താൽപ്പര്യം. ഇപ്പോൾ ത്രീ കിങ്സ് പോലൊരു ചിത്രം വന്നാൽ ഞാൻ ഒരിക്കലും ചെയ്യില്ല. അന്നത് ശരിയായിരുന്നു. ഒരു ശരിയിൽ നിന്ന് മറ്റൊരു ശരിയിലേക്ക് വളരുന്നു എന്ന് മാത്രം. ചതിക്കാത്ത ചന്തു ഒക്കെ ഇന്നും കാണുമ്പോൾ നമ്മൾ ഭയങ്കരമായിട്ട് ചിരിക്കുന്ന സിനിമകളാണ്. അതിന്റെ സെക്കന്റ് പാര്‍ട്ട് എന്നൊക്കെ പറയുന്നതു കെട്ടു. അതിനി എടുക്കുകയാണെങ്കില്‍, ഈ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലെ നമുക്കത് ചെയ്യാൻ പറ്റുള്ളു എന്ന് മാത്രം. കൗണ്ടർ തമാശകളൊക്കെ നേരത്തെ പറഞ്ഞതുപോലെ തന്നെ വർക്ക്ഔട്ട് ആയേക്കും. പക്ഷെ അറിയില്ല. ഇപ്പോൾ അങ്ങനെയുള്ള സിനിമകൾ വരാത്തതുകൊണ്ട് എങ്ങനെയാണ് ജനങ്ങൾ‌ ഏറ്റെടുക്കുക എന്നറിയില്ല. എനിക്ക് ഹ്യൂമറസ് ആയിട്ടുള്ള ഒരു സിനിമ ചെയ്യാൻ ഭയങ്കര ആഗ്രഹത്തിൽ നിൽക്കുകയാണ്. പക്ഷേ, അങ്ങനെ ഒരു സ്ക്രിപ്റ്റ് വരുന്നില്ല. കഥ കേൾക്കാൻ നൂറു കോൾ വരുന്നതിൽ തൊണ്ണൂറ്റിഅഞ്ചെണ്ണം ത്രില്ലർ ആണ്. 

 

സ്ക്രിപ്റ്റ് ആയിട്ട് ഒരുപാട് ആളുകള് അപ്രോച്ച് ചെയ്യുമ്പോൾ ചിലത് നമ്മുടെ കാഴ്ചപ്പാടിൽ ഒട്ടും സെൻസിബിൾ ആയിട്ടുള്ളവ ആയിരിക്കില്ല. അത്തരം കഥകൾ എങ്ങനെയാണ് ഒഴിവാക്കുന്നത് ?

 

പുതിയ ഒരാൾ തിരക്കഥയുമായി വരുമ്പോൾ അത് നമുക്ക് ചേരുന്നതല്ലെങ്കിൽ, അത് പറഞ്ഞാൽ മതിയല്ലോ. കഥ കൊള്ളില്ല എന്നൊക്കെ പറഞ്ഞ് അയാളുടെ ആത്മവിശ്വാസം നമ്മളെന്തിനാ കളയുന്നത്? ഞാനത് ചെയ്യാറില്ല. ചിലപ്പോൾ അയാൾ നാളത്തെ നല്ലൊരു റൈറ്റർ ആകും. ചിലപ്പോൾ ഒരു വാക്ക് കൊണ്ട് അയാളുടെ റൈറ്റിംഗ് സെൻസ് ഇല്ലാതായി പോകും. അത് ഞാൻ ചെയ്യാറില്ല. ഞാൻ കാണുന്ന എന്റെ ശരിയാണത്. എല്ലാവരും അങ്ങനെയാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. എനിക്ക് അങ്ങനെ സമീപിക്കാനാണിഷ്ടം. എനിക്ക് കഥാപാത്രം ഓക്കെയല്ലെങ്കിൽ ഞാൻ ആ കാര്യം പറയും അത്രേ ഒള്ളു.

 

അഭിനയസാധ്യത ഉള്ള സിനിമ ആണെങ്കിൽ മറ്റു നായക നടന്മാരോട് സ്ക്രീൻ സ്പേസ് ഷെയർ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത്തരം സിനിമകൾ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്?

 

ഞാനൊരു 'നായകനാണ്' എന്ന് വിശ്വസിക്കുന്ന ഒരാളല്ല. 'ആക്ടർ' ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ്. എനിക്ക് ഒരു സിനിമയിൽ അറുപത് സീനുണ്ടെങ്കിൽ അറുപതിലും എന്നെ കാണണം അമ്പതിലും എന്നെ കാണണം എന്നൊന്നും എനിക്കൊരു നിർബന്ധവുമില്ല. ഒരു സിനിമയിൽ ഒരു പ്രധാനപ്പെട്ട ക്യാരക്ടർ ചെയ്യണം. എന്നാഗ്രഹിക്കുന്ന ഒരു ആക്ടര്‍ ആണ് ഞാൻ.

 

ഭിന്നശേഷിയുള്ള കഥാപാത്രങ്ങൾ ജയസൂര്യ കുറെ ചെയ്തിട്ടുണ്ട്. അത് ഇഷ്ടപ്പെടാൻ കാരണം അഭിനയ സാധ്യത കൂടുതലുള്ളതു കൊണ്ടാണോ?

 

അഭിനയ സാധ്യത കൂടുതല്‍ മാത്രമല്ല. എനിക്ക് അത് ചെയ്യണമെന്ന് തോന്നിയതു കൊണ്ടായിരിക്കാം. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ കഥാപാത്രം എടുത്താൽ, അക്ബർ എന്ന വ്യക്തിക്ക് കുറവുകളുണ്ടെന്ന് നാട്ടുകാരല്ലെ വിശ്വസിക്കുന്നത് അയാളിപ്പോഴും കോൺഫിഡന്റ് അല്ലെ? സു സു സുധിയിൽ അയാള്‍ കോൺഫിഡന്റ് ഇല്ലാത്ത ആളായിരുന്നു. പക്ഷെ അയാൾ ആത്മവിശ്വാസം ഉള്ള ഒരു വ്യക്തിയായി മാറുകയാണ്. സു സു ഒരുപാട് പേർക്ക് ആത്മവിശ്വാസം നൽകി. ഞാൻ കഴിഞ്ഞ ദിവസം ഒരാളെ മീറ്റ് ചെയ്തപ്പോൾ പുള്ളി പറഞ്ഞു, അദ്ദേഹത്തിന് കുറെ കോൺഫിഡൻസ് കുറവുണ്ടായിരുന്നു... ആൾ ഇടക്കിടക്കിരുന്നു ഇരുന്ന് ഈ സിനിമ കാണും എന്ന്. കോൺഫിഡൻസോടു കൂടി സംസാരിക്കുന്ന തരത്തിലേക്ക് ഒരു ആളെയെങ്കിലും ആ സിനിമ സഹായിച്ചിട്ടുണ്ടെങ്കിൽ അത് ചെറുതല്ലല്ലോ. വലിയ കാര്യമല്ലെ?

 

കുട്ടികളുടെ കാര്യങ്ങളിലൊക്കെ ജയസൂര്യ എത്രത്തോളം ഇടപെടാറുണ്ട്?

 

Studies ഒക്കെ ഭയങ്കര കോമഡി ആണ് കഴിഞ്ഞ ദിവസം, മോളെ ഹിന്ദി പഠിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ 'അമ്മാ... ഈ അച്ഛന് ഹിന്ദി ഒന്നും അറിയില്ല. എല്ലാം തെറ്റിക്കണൂ' എന്ന് വിളിച്ചു പറഞ്ഞു. നിങ്ങൾക്ക് അറിയുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്താൽ പോരെ എന്നായി ഭാര്യ. അതുകൊണ്ട് പഠനത്തിന്റെ കാര്യത്തിൽ അങ്ങനെ കൈതൊടാറില്ല. എങ്കിലും ഞാൻ പറ്റുന്നതു പോലെ എല്ലാത്തിനും ശ്രമിക്കാറുണ്ട്. അതിനെക്കാളെല്ലാം ഉപരി ലോക്ക്ഡൗൺ സമയത്ത് എന്തൊക്കെ റിയലൈസ് ചെയ്തു എന്ന് ചോദിച്ചാല് ഒരു നല്ല തിരിച്ചറിവ് ഉണ്ടായി എന്നു പറയാം. അത് മറ്റുള്ളവരുടെ ജീവിതത്തിലും ചിലപ്പോൾ അപ്ലൈ ചെയ്യാൻ പറ്റുന്ന കാര്യമായിരിക്കും. അതായത്, നമ്മൾ മക്കളൊടാണെങ്കിലും, ഭാര്യയൊടാണെങ്കിലും സംസാരം എല്ലാം റിസൾട്ട് ഓറിയന്റഡ് ആണ്. ചോദ്യം ഉത്തരങ്ങൾ മാത്രമേ നടക്കുന്നുള്ളു. പൊതുവെ ഉള്ള എല്ലാത്തിനെയും പറ്റി സംസാരിക്കുമ്പോൾ, റിസൾട്ട് ഓറിയന്റഡ് അല്ലാതെ സംസാരിക്കുമ്പോളാണ് ബ്യൂട്ടിഫുൾ ആയിട്ടുള്ള സംഭാഷണങ്ങൾ ഉണ്ടാകുക. ഈ അടുത്ത കാലത്താണ് ഞാന്‍ അത് മനസ്സിലാക്കിയത്. എന്ത് കൊണ്ടാണ് പ്രണയം ബ്യൂട്ടിഫുള്‍ ആയി മാറുന്നത്? പ്രണയിക്കുന്ന സമയത്ത് അവർക്കിടയിൽ ചോദ്യോത്തരങ്ങളില്ല. അവർ പലതിനെക്കുറിച്ചും സംസാരിക്കും. അവിടെ സമയം വച്ചല്ല സംസാരിക്കുന്നത്. അത്കൊണ്ട് ബ്യൂട്ടിഫുള്‍ ആയിട്ടുള്ള നിമിഷങ്ങൾ അവരുടെ ഇടയിൽ സംഭവിക്കുന്നു. എന്ന് പറയുന്നതുപെലെ തന്നെ റിസൾട്ട് ഓറിയന്റഡ് ആയിട്ടുള്ള സംഭാഷണങ്ങളാണ് കുടുംബത്തിലും വേണ്ടത്. എന്തിനെക്കുറിച്ചും സംസാരിക്കാൻ പറ്റണം.

 

മക്കളുടെ ഒപ്പം കൂടുതൽ സമയം ചെലവഴിച്ചത് എന്തെല്ലാം മാറ്റങ്ങൾ വരുത്തി?

 

മക്കളോട് സംസാരിക്കുമ്പോഴാണ് അവരുടെ ചിന്താഗതി എവിടം വരെ എത്തിയിട്ടുണ്ടെന്ന് നമ്മൾ മനസ്സിലാക്കുന്നത്. അവരിലൂടെ ഞാനും ഒരുപാട് കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. എന്നിലൂടെ അവരും ഒരുപാട് കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. അച്ഛൻ എന്ന് പറയുന്നത് എല്ലാ കാര്യങ്ങളും പഠിപ്പിക്കാനുള്ള ആളൊന്നുമല്ല. ഈ അടുത്ത ദിവസം ഞാൻ ആദിയെയും വേദയെയും അടുത്ത് വിളിച്ചിട്ട് ചോദിച്ചു. വേദ നിനക്ക് ഏറ്റവും ഇഷ്ടം ആരെയാ? വേദ പറഞ്ഞു, അച്ഛൻ, അമ്മ. ആദിയോട് ചോദിച്ചു... അവനും പറഞ്ഞു, അച്ഛന്‍, അമ്മ. ഞാൻ പറഞ്ഞു ഇനി നിങ്ങൾ അങ്ങനെ പറയണ്ട. ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചാൽ നിന്നെ തന്നെയാണെന്ന് പറയുക. എന്നിട്ട് അച്ഛന്‍, അമ്മ പറഞ്ഞാല്‍ മതി. അങ്ങനെയെ പാടുള്ളു അതൊരിക്കലും സ്വാർത്ഥത അല്ല. പകരം അവനവനെ ഇഷ്ടപ്പെടൽ ആണ്. ഈ ലോകത്ത് നമ്മൾ അച്ഛനെയും, അമ്മയെയും എല്ലാവരെയും ഇഷ്ടപ്പെടാൻ പഠിപ്പിക്കുന്നുണ്ട്. അവനവനെ ഇഷ്ടപ്പെടാൻ പഠിപ്പിക്കുന്നില്ല. അത്കൊണ്ടാണ് അവർക്ക് കൊൺഫിഡൻസ് ഇല്ലാതെ പോകുന്നത്. നമ്മളെ ആദ്യം സ്നേഹിക്കാൻ പഠിക്കണം. ആത്മസ്മരണ എന്ന് പറയുന്ന ഒരു സംഭവമുണ്ട് അത് ലൈഫിൽ മസ്റ്റ് ആയിട്ട് വേണ്ടതാണ്. നമ്മൾ എല്ലാവരെ കുറിച്ചും ഓർക്കുമ്പോളല്ലെ നമ്മള്‍ അയാളെ മിസ്സ് ചെയ്യുന്നു എന്ന് പറയുന്നത്. നമുക്ക് എന്നെങ്കിലും നമ്മളെ മിസ്സ് ചെയ്തിട്ടുണ്ടോ ? ദിനം തുടങ്ങുമ്പോൾ നമ്മൾ നമ്മളെക്കുറിച്ച് ഓർക്കാറില്ല. നമുക്ക് നമ്മളെക്കുറിച്ച് എപ്പോഴും ഓർമ വേണം. ആ ഓർമ ഇല്ലാത്തതു കൊണ്ടാണ് മറ്റുള്ളവർ നമ്മളെക്കുറിച്ച് ഒന്നോ രണ്ടോ നല്ലതു പറഞ്ഞിട്ടുള്ള വാക്കുകൾ മാത്രമായി നമ്മുടെ ആത്മവിശ്വാസം മാറുന്നത്. അവർ ഓർമപ്പെടുത്തുന്നു നമ്മളെ. നമ്മൾ നമ്മളെ ഓർമപ്പെടുത്തുന്നില്ല. നമ്മൾ നമ്മളെ ഓർമപ്പെടുത്തുമ്പോളാണ് ആത്മവിശ്വാസം എന്ന് പറയുന്ന സംഭവം ഉണ്ടാകുന്നത്. ആത്മനെ വിശ്വസിക്കാൻ നമുക്ക് പറ്റണം ആദ്യം. നമ്മുടെ മാതാപിതാക്കൾ പണ്ട് പറഞ്ഞ് തന്നിട്ടുള്ള ഒരു കാര്യമുണ്ട്, മറ്റുള്ളവരെ കൊണ്ട് നല്ലത് പറയിപ്പിക്കാൻ ശ്രമിക്കണെ. ഈ പറയിപ്പിക്കാൻ ശ്രമിക്കുമ്പോളാണ് നമ്മൾ ആർട്ടിഫിഷ്യൽ ആയി പോകുന്നത്. നമ്മള്‍ പോലും അറിയാതെ നമ്മൾ ചിലപ്പോൾ ആർട്ടിഫിഷ്യൽ ആയിട്ട് മാറും. നല്ലത് പറയിക്കാൻ ഒന്നും ശ്രമിക്കണ്ടന്നെ... നന്നായിട്ട് സ്നേഹിച്ചാൽ മതി. ആത്മാർത്ഥമായിട്ട് സംസാരിച്ചാല്‍ മതി, അയാള് എന്ത് വിചാരിക്കുന്നു. അയാളുടെ കാര്യം! നമ്മുടെ തലയിൽ വയ്ക്കണ്ട. എനിക്ക് നിങ്ങളെ ഇഷ്ടമാണ് അത്രെ ഒള്ളു. നിങ്ങൾ എന്നെ ഇഷ്ടപ്പെടാത്തത് അത് എന്റെ വിഷയമല്ല.

 

കാര്യങ്ങളെ കുറച്ചു കൂടി ഫിലോസഫിക്കൽ ആയിട്ട് കാണുന്ന ജയസൂര്യയെ നമ്മൾ കാണാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. അതിലേക്കുള്ള insights കിട്ടുന്നത് എവിടെ നിന്നാണ്? പുസ്തകങ്ങളൊക്കെ ഒരുപാട് വായിക്കാറുണ്ടോ? 

 

എനിക്ക് തോന്നുന്നത് തനിച്ചിരുന്നുള്ള സംസാരമാണ് ഏറ്റവും നല്ലത്. ഫിലോസഫിക്കൽ ആയിട്ട് സംസാരിക്കുന്നതിലല്ല. പ്രാക്ടിക്കൽ ആയിട്ട് കാര്യങ്ങളെ കാണാനാണെനിക്കിഷ്ടം. ചുമ്മാ സംസാരമുണ്ടായിട്ട് കാര്യമില്ലല്ലൊ. കാര്യങ്ങളെ പ്രാക്ടിക്കലായിട്ട് കാണുക. കാരണം ഒന്നിനെ വേറൊന്നായിട്ട് വേറൊരു രീതിയിൽ കാണാൻ പറ്റുന്നു. നമ്മൾ നമ്മളെ നോക്കി കാണുമ്പോൾ കിട്ടുന്നത് പുതിയ ഉത്തരങ്ങളായിരിക്കും. അങ്ങനെ കാണാൻ തുടങ്ങിയപ്പോഴായിരിക്കും കാര്യങ്ങൾ കുറച്ചൂടി ബ്യൂട്ടിഫുൾ ആയി കാണാൻ പറ്റുന്നത് എന്നെനിക്ക് തോന്നുകയാണ്. അതായിരിക്കും ചിലപ്പോൾ വാക്കുകളായിട്ട് പുറത്തു വരുന്നത്.

 

സൂഫിയും സുജാതയും മലയാളത്തിൽ ആദ്യമായിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമയാണ്.  പുതിയ കാലത്ത് ഡിജിറ്റൽ റിലീസിനെ എങ്ങനെ നോക്കിക്കാണുന്നു?

 

കോവിഡ് കാലമായതു കൊണ്ടാണ് തീർച്ചയായും ഒടിടി എന്ന രീതിയിൽ നമ്മൾ പ്ലാൻ ചെയ്തത് തന്നെ. അല്ലെങ്കിൽ ആദ്യം തന്നെ തീയറ്റർ പോകും അത് കഴിഞ്ഞ‍് ഡിജിറ്റല്‍, സാറ്റലൈറ്റ്, ചാനൽസ് ഒക്കെ വരും അത് കഴിഞ്ഞിട്ടായിരിക്കും ഡിവിഡി പരിപാടിയിലെക്കോക്കെ മാറുന്നത്. ആ സാഹചര്യം അല്ലായിരുന്നെങ്കിൽ ഫസ്റ്റ് ഓപ്ഷൻ എന്ന് പറയുന്നത്  തീയറ്റർ തന്നെയാണ്. അതിൽ സംശയമില്ല. കാരണം സിനിമയെ സ്നേഹിക്കുന്ന ആളുകൾക്ക് അവർക്ക് ഫുൾ ക്വാളിറ്റിയിൽ തന്റെ പ്രിയ താരത്തെ ഫുൾ ഫ്രെയിമിൽ കാണാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. അത് വീട്ടിലിരുന്ന്,  എത്ര ഇഞ്ച് ടീവിയിലിരുന്ന് കണ്ടാലും ഉണ്ടാകില്ല. പിന്നെ ഹോം തീയറ്ററിൽ കാണുവാണെങ്കിൽ കാണാം... ഒരു സിനിമയുടെ എക്സ്പീരിയൻസുണ്ടാകും. പക്ഷെ ആംപിയൻസ് ഉണ്ടാകില്ല. ആക്ടിങ്ങ് ആണെങ്കിലും ക്യാമറ ആണെങ്കിലും കോസ്റ്റ്യൂംസ് ആണെങ്കിലും ആർട്ട് ആണെങ്കിലും എല്ലാത്തിന്റെയും detailing നമുക്ക് വ്യക്തമായി അത്രയും വലിപ്പത്തിൽ ഇരുന്ന് കാണുന്ന ഒരു സുഖമുണ്ടല്ലോ. മൈന്യൂട്ട് ആയിട്ടുള്ള ചില എക്സ്പ്രക്ഷൻസ് ഒക്കെ നന്നായി കാണണമെങ്കിൽ തിയറ്ററിൽ തന്നെ കാണണം.  തീർച്ചയായിട്ടും തീയറ്റർ സജീവമാകുമ്പോൾ എല്ലാം തീയറ്ററിലേക്ക് വരും. ഒടിടി പ്ലാറ്റ്ഫോമും സാറ്റലൈറ്റും ഒക്കെ ഉണ്ടാകുകയും ചെയ്യും. ലോകമെമ്പാടുമുള്ളവരിലേക്ക് നമ്മുടെ സിനിമകൾ അതിലൂടെ എത്തുമല്ലൊ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com