ADVERTISEMENT

100കോടി രൂപ മുടക്കിയ കുഞ്ഞാലി മരക്കാർ എന്ന സിനിമ വലിയ സ്ക്രീനിൽ എല്ലാവരും കാണണം എന്നതിനാലാണു മോഹൻലാൽ തന്നെ നായകനായ ദൃശ്യം 2 ഒടിടി പ്ളാറ്റ്ഫോമിനു വിറ്റതെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ മനോരമയോട്. അദ്ദേഹത്തിന്റെ അഭിമുഖത്തിൽ നിന്ന്. 

drishyam-2

 

ദൃശ്യം ഒടിടിയിൽ വിൽക്കുമെന്ന് ആരും കരുതിയില്ല. 

 

ശരിയാണ്. വിൽക്കേണ്ടിവരുമെന്നു ഞാനും കരുതിയില്ല. ഡിസംബർ 31നകം തിയറ്റർ തുറന്നില്ലെങ്കിൽ ദൃശ്യം ഒടിടിൽ വിൽക്കാൻ ഞാൻ തീരുമാനിച്ചതാണ്. അതിനായി കരാറും ഒപ്പുവച്ചിരുന്നു. ഡിസംബർ കഴിഞ്ഞിട്ടും എപ്പോൾ തിയറ്റർ തുറക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. അപ്പോൾ എനിക്കു ഒടിടിയുമായുള്ള കരാർ പാലിക്കേണ്ടിവന്നു. 

drishyam-2-movie-set

 

∙ ചിലർ പറയുന്നു ഇതു ചതിയായിപ്പോയെന്ന്. 

marakkar-movie-release

 

ദൃശ്യം വിറ്റതു വലിയ ചതിയായിപ്പോയെന്നു പറയുന്നവരുണ്ട്. ചിലരതു വലിയ വിവാദമാക്കാൻ നോക്കുന്നു. ഇതു പറയുമ്പോൾ ആരും എന്തിനു ചെയ്തു എന്ന് ആലോചിക്കുന്നില്ല. കാണികൾക്ക് അങ്ങനെ ചിന്തിക്കാൻ അവകാശമുണ്ട്. കാരണം, തിയറ്ററിൽ ഇരുന്നു അവർ ആസ്വദിച്ചവയാണു മോഹൻലാൽ സിനിമകൾ. അവർക്കു ഇക്കാര്യത്തിൽ എന്നെ ചോദ്യം ചെയ്യാനും അവകാശമുണ്ട്. ഞാനതു മാനിക്കുന്നു. പക്ഷേ എനിക്കു പറയാനുള്ളതു കൂടി ദയവു ചെയ്തു കേൾക്കണം. 

marakkar

 

∙ എന്താണു പറയാനുള്ളത്. 

 

drishyam-2-family

കോവിഡ് കാലത്ത് മരക്കാർ ഒടിടിക്കു വിറ്റിരുന്നുവെങ്കിൽ എനിക്കു മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചതാണ്. അതു വേണ്ടെന്നുവച്ചതു മരക്കാർ തിയറ്ററിൽത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണ്. ആ സിനിമയുടെ സാങ്കേതിക പ്രവർത്തകരോടും കാണികളോടും എനിക്കുള്ള കടപ്പാടുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്. മരക്കാർ ഒരു അത്ഭുതമാണെന്നു സിനിമയേക്കുറിച്ചറിയുന്ന എല്ലാവർക്കുമറിയാം. മലയാളത്തിൽ എത്രപേർ ഇത്രയേറെ വലിയ തുക മുടക്കി സിനിമയെടുക്കാൻ തയാറായിട്ടുണ്ട്. മോഹൻലാലും ഞാനും പ്രിയദർശനുമടക്കമുള്ളവർ മലയാള സിനിമയ്ക്കു വേണ്ടി ചെയ്ത സമർപ്പണമാണ് മരക്കാർ. അല്ലാതെ അതൊരു സിനിമ മാത്രമല്ല. 

 

 

‌∙ വലിയ സിനിമകൾ റിസ്ക്കല്ലെ. 

mohanlal-drishyam-2

 

ആണല്ലോ. ലൂസിഫർ പോലുള്ള ചിത്രങ്ങൾക്കു വലിയ പണം മുടക്കുമ്പോഴും മനസിലുണ്ടായിരുന്നതു മലയാളത്തിലും ഇത്തരം വലിയ സിനിമ ഉണ്ടാക്കുമെന്ന അഭിമാനമാണ്. അതിന്റെ കച്ചവടം മാത്രമല്ല ആലോചിച്ചത്. ഒരു ചാലഞ്ച് ഏറ്റെടുക്കുന്ന മനസുകൂടി അതിനു പുറകിലുണ്ട്. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് അതു ലാഭമുണ്ടാക്കുമെന്നു പറയാനാകില്ലല്ലോ. മോഹൻലാൽ എന്ന നടൻ ഒരോ ഇഞ്ചും കൂടെ നിന്നു. അദ്ദേഹമില്ലെങ്കിൽ ഇതെല്ലാം സ്വപ്നം മാത്രമല്ലേ. ലൂസിഫറോ മരക്കാറോ എടുക്കുന്ന ഫണ്ട് ഉണ്ടെങ്കിൽ മോഹൻലാലിന്റെ പത്തു സിനിമ എടുക്കാമായിരുന്നു. അതെല്ലാം ലാഭവുമാകും. എനിക്കു സുഖമായി വീട്ടിലിരിക്കാം. കോവിഡ് കാലം തുടർന്നുപോയാലും പ്രശ്നമില്ലെന്നു സമാധാനിക്കാം. 100 കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതല്ല. എന്നു റിലീസ് ചെയ്യാനാകും എന്നുപോലും അറിയാതെയാണു 9 മാസം കാത്തിരുന്നത്. ആദ്യ കുറച്ചു ദിവസം പിരിമുറുക്കംമൂലം ഞാൻ തളർന്നുപോയേനെ. ആന്റണീ വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക എന്നു മോഹൻലാൽ എന്ന മനുഷ്യൻ പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു പിടിച്ചു നിർത്തിയത്. 

 

∙ കാണികളും ദൃശ്യം – 2തിയറ്ററിൽ പ്രതീക്ഷിച്ചു. 

 

ദൃശ്യം – 2തിയറ്ററിൽ കാണമെന്നു പ്രേക്ഷകർ കരുതുന്നതിൽ തെറ്റില്ല. അതവരുടെ പ്രതീക്ഷയും ശീലവുമാണ്. എന്നെയും മോഹൻലാൽ സാറിനേയുമെല്ലാം ഇവിടെ എത്തിച്ച അവർക്ക് അതു പറയാൻ അവകാശമുണ്ട്. ഞാനതിനെ ചോദ്യം ചെയ്യില്ല. അവർ പറയുന്നതു ശാന്തമായി ഞാൻ കേൾക്കും. 

 

പക്ഷെ ദൃശ്യം –2 വിൽക്കുന്നതിനു പുറകിലെ വേദനയും പ്രശ്നവും മനസിലാക്കണം. സംഘടനകൾക്കു പലതും പറയാം. എന്നാൽ എന്നെപ്പോലെ ഒരു നിർമാതാവ് കോവിഡ് കാലത്തിനു ശേഷവും ഇവിടെ ഉണ്ടാകണം എന്നതുകൊണ്ടാണു ദൃശ്യം വിറ്റത്. സിനിമ എനിക്കു ജീവിതവും ചോറുമാണ്. 100 കോടിയോളം രൂപയുടെ ബാധ്യത ആർക്കാണു പരിധിയിൽ കൂടുതൽ താങ്ങാനാകുക. മരക്കാറിന്റെ നിർമാണ ജോലികൾ തുടങ്ങിയിട്ടു 30 മാസമായി എന്നോർക്കണം. അന്നു മുതൽ പണം നൽകിക്കൊണ്ടിരിക്കുകയാണ്. ഇത്രയും കാലത്തിനിടയ്ക്കു ഒരാൾക്കുപോലും ജോലി ചെയ്ത പണം കൊടുത്തു തീർക്കാതെ ഞാൻ സിനിമ ഇറക്കിയിട്ടില്ല. അത്ഭുതകരമായാണ് മരക്കാർ ഷൂട്ടു ചെയ്തു തീർത്തത്. മറ്റൊരു ഭാഷയിലും സംവിധായകനും ഇതാകില്ല. ഇത്തരമൊരു വലിയ പദ്ധതിയിൽ പണമിറക്കുമ്പോൾ അതിന്റെ ബാധ്യത കൊടുത്തു തീർക്കുന്നതിലും ചില കാലാവധികളുണ്ടാകും. അതെല്ലാം നേരത്തെ ആസൂത്രണം ചെയ്താണു ഫണ്ട് നൽകുന്നത്. അതു തിരികെ കിട്ടുന്നതാണ് അനിശ്ചിതമായി നീണ്ടു പോയത്. അതു ഞാൻ സഹിക്കണമെന്നാണോ എന്നെ വിമർശിക്കുന്നവർ പറയുന്നത്. ഞാനൊരു സാധാരണ മനുഷ്യനല്ലെ.താങ്ങുന്നതിനൊരു പരിധിയില്ലെ. ഞാനൊരു വലിയ കോർപറേറ്റ് കമ്പനിയൊന്നുമല്ലല്ലോ. 

 

∙ ദൃശ്യം – 2 തിയറ്ററിനുവേണ്ടി ഷൂട്ടു ചെയ്തതല്ലേ. 

 

തീർച്ചയായും തിയറ്ററിനുവേണ്ടി ഷൂട്ടു ചെയ്തതാണ്. എല്ലാവരും കോവിഡ് പേടിച്ചു വീട്ടിലിരിക്കുമ്പോഴാണു ഞങ്ങൾ ചിത്രീകരണം തുടങ്ങിയത്. സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് ചെയ്ത് അവരെ പടം തീരുന്നതുവരെ ഒരു ഹോട്ടലിൽ താമസിപ്പിച്ചു. പുറത്തുനിന്ന് ആരേയും സെറ്റിലേക്കും ഹോട്ടലിലേക്കും കടത്തിയതുമില്ല. എനിക്കോ മോഹൻലാൽ സാറിനോ മിണ്ടാതെ വീട്ടിലിരിക്കാമായിരുന്നില്ലെ. നമ്മൾ ഇതു ചെയ്തു തുടങ്ങിയാൽ ഈ സിനിമയിൽ ചെറിയൊരു അനക്കമുണ്ടാകുമെന്നും എത്രയോ പേർക്കു ജോലി കിട്ടുമെന്നും പറഞ്ഞതു മോഹൻലാൽ സാറാണ്. അതുകൊണ്ടു മാത്രമാണു തുടങ്ങിയത്.ഈ സിനിമ ഷൂട്ടു ചെയ്തിരുന്ന കാലത്തു നാട്ടിലെ ഓഫിസുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. കടകൾ വല്ലപ്പോഴുമേ തുറന്നിരുന്നുള്ളു. ആരാധനാലങ്ങളിലേക്കു ജനത്തെ കടത്തിയിരുന്നില്ല. പൊലീസ് സ്റ്റേഷനിൽ പോകാൻപോലും ആളുകൾ മടിച്ചിരുന്ന കാലമാണ്. ഞങ്ങൾ റിസ്ക്കെടുത്തതു സിനിമയോടുള്ള സ്നേഹംകൊണ്ടാണ്. എനിക്ക് ഇതില്ലാതെ ജീവിതമല്ല. എത്രപേർ മലയാള സിനിമയ്ക്കു വേണ്ടി 50 കോടിയും 100 കോടിയും ഒന്നിനു പുറകെ ഒന്നായി മുടക്കിയിട്ടുണ്ടെന്നു നിങ്ങൾ ഇപ്പോഴെങ്കിലും ഓർക്കണം. അഹങ്കരിക്കുകയല്ല, എന്റെ വേദനകൊണ്ടു പറഞ്ഞതാണ്. എന്റെ കയ്യിലുള്ളതെല്ലാം മലയാള സിനിമ തന്നതാണ്.അതിന്റെ ബലത്തിൽ മാത്രമാണു ഞാനിതെല്ലാം ചെയ്യുന്നതും. 

 

∙ ദൃശ്യം ഒടിടിയിൽനിന്നു തിരിച്ചു വാങ്ങുമോ. 

 

ദൃശ്യം – 2 ആമസോണിൽത്തന്നെ റിലീസ് ചെയ്യും. ഈ കാര്യത്തിൽ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. അതു ആമസോണിനു കൊടുത്തതുതന്നെയാണ്. സ്വപ്നതുല്യമായ വലിയൊരു സിനിമയെ വലിയ സ്ക്രീനിലേക്ക് എത്തിക്കാൻ വേണ്ടിയാണു ഞാനിതു ചെയ്തത്. അല്ലാതെ കിട്ടിയ സമയം ഉപയോഗിച്ചു എല്ലാം വിൽക്കുകയല്ല ചെയ്തത്. ദയവു ചെയ്ത് ഇതാരും മറക്കരുത്. 

 

∙ ദൃശ്യം ആമസോണിനു എത്ര രൂപയ്ക്കാണു കൊടുത്ത്. 

 

ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ മനസ്സിലൊരു രഹസ്യമുണ്ട്. അയാൾക്ക് മാത്രം അറിയാവുന്ന രഹസ്യം. അതുപോലെ ഈ രഹസ്യം എന്റെ മനസ്സിൽ കിടക്കട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com