ADVERTISEMENT

കോഴിക്കോട്∙ ‘‘ ഇരുമ്പാണി തട്ടി മുളയാണിവച്ച് പൊൻകാരംകൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പൊൻപണം കൊടുത്തവൻ ചന്തു. മാറ്റച്ചുരിക ചോദിച്ചപ്പോൾ എടുക്കാൻ മറന്നുപോയെന്ന് കളവു പറഞ്ഞവൻ ചന്തു. കൊടുംചതികൾ പിന്നെന്തൊക്കെ പാടി നടക്കുന്നുണ്ട്, പാണർ നിങ്ങളുടെ നാട്ടിൽ?’’

 

എംടിയുടെ തൂലികത്തുമ്പിൽ പിറന്നുവീണ സംഭാഷണം. ഹരിഹരന്റെ സംവിധാനമികവ്. മമ്മൂട്ടിയുടെ തീപാറുന്ന പ്രകടനം. വെള്ളിത്തിരയിൽ കണ്ടതിനെക്കാൾ മികച്ച ദൃശ്യ മികവോടെ ഹൈഡെഫനിഷൻ ക്വാളിറ്റിയിൽ ‘ഒരു വടക്കൻ വീരഗാഥ’ വരികയാണ്. ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ഉപകമ്പനിയായ എസ്ക്യൂബ് ഫിലിംസാണ് അവരുടെ പഴയകാല മെഗാഹിറ്റ് ചിത്രങ്ങൾ എച്ച്ഡി ക്വാളിറ്റിയിൽ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തിരിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ സാരഥി പി.വി.ഗംഗാധരന്റെ മൂന്നു പെൺമക്കളായ ഷെർഗ, ഷെനുഗ, ഷെഗ്ന എന്നിവർ ചേർന്നാണ് എസ്ക്യൂബ് ഫിലിംസിനു രൂപം കൊടുത്തത്. ‘ഉയരെ’ എന്ന സിനിമയുടെ നിർമാതാക്കളുമാണ് എസ്ക്യൂബ്.

 

‘‘ മഹാൻമാരായ അനേകം കലാകാരൻമാരാണ് ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ സിനിമകൾ ഒരുക്കിയത്. ദേശീയ, രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ആ സിനിമകൾ വരുംതലമുറയ്ക്കും മികച്ച ക്വാളിറ്റിയിൽ കണ്ട് അനുഭവിക്കാൻ കഴിയുകയെന്നതാണ് എസ് ക്യൂബ് ഫിലിംസ് ലക്ഷ്യമിടുന്നത്.’’: ഷെർഗ സന്ദീപ് പറയുന്നു.

 

പത്മരാജനും ഭരതനും ഒരുമിച്ച ‘ഒഴിവുകാല’ത്തിന്റെ എച്ച്ഡി മികവുള്ള റിലീസ് സമൂഹമാധ്യമങ്ങൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇനിയൊരിക്കലും കാണാൻകഴിയുമെന്ന് പ്രതീക്ഷയില്ലാതിരുന്ന സിനിമ അന്നുകണ്ട മികവോടെ വീണ്ടും കാണാൻ കഴിയുന്നതിന്റെ ആവേശം കമന്റ്ബോക്സുകളിൽ വന്നുനിറയുകയാണ്. 

 

ജയന്റെ മാസ്മരിക പ്രകടനത്തിലൂടെ അനശ്വരമായ ഐ.വി.ശശി ചിത്രം ‘അങ്ങാടി’, പ്രിയദർശൻ–ടി.ദാമോദരൻ കൂട്ടുകെട്ടിൽ പിറന്ന മോഹൻലാൽചിത്രം ‘അദ്വൈതം’, ടി.ദാമോദരനെഴുതിയ ഭരതന്റെ മാസ്റ്റർപീസ് സിനിമ ‘കാറ്റത്തെ കിളിക്കൂട്’, തിക്കോടിയനെഴുതി ഭരതൻ സംവിധാനം ചെയ്ത ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’, ടി.എ.റസാഖ്–സിബിമലയിൽ കൂട്ടുകെട്ടിൽ പിറന്ന ‘കാണാക്കിനാവ്’ തുടങ്ങി മലയാളികളെ രസിപ്പിക്കുകയും കരയിപ്പിക്കുകയും  ആവേശം കൊള്ളിക്കുകയും ചെയ്ത സിനിമകളാണ് ഇപ്പോൾ യൂട്യൂബിലെത്തിയിരിക്കുന്നത്.

 

സുജാത, വീണ്ടും ചില വീട്ടുകാര്യങ്ങൾ,അഹിംസ, മനസാ വാചാ കർമണ, ശാന്തം, വാർത്ത, അച്ചുവിന്റെ അമ്മ, ചിരിയോ ചിരി തുടങ്ങിയ സിനിമകൾ സിനിമാ വിദ്യാർഥികൾ പാഠപുസ്തകം പോലെ ആവർത്തിച്ചുപഠിക്കുന്ന സിനിമകളുമാണ്.

 

‘‘ ഒട്ടുമിക്ക സിനിമകളുടെയും നെഗറ്റീവുകൾ ഞങ്ങൾ ശേഖരിച്ചുവച്ചിരുന്നു. ഒരു വടക്കൻ വീരഗാഥയുടെ മികച്ച പ്രിന്റാണ് കിട്ടാനില്ലാതിരുന്നത്. പൂനെ ഫിലിം ആർക്കൈവ്സുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് വടക്കൻ വീരഗാഥയും റീമാസ്റ്റർ ചെയ്തത്. സിജിയും കളർ കറക്ഷനും ഗ്രാഫിക്സുമില്ലാത്ത അക്കാലത്ത് മലയാളസിനിമയിൽ മഹാരഥൻമാർ സൃഷ്ടിച്ച ദൃശ്യവിസ്മയങ്ങളാണ് ഇവ ഓരോന്നും. എന്റെ മക്കൾക്കും വരും തലമുറയ്ക്കും ഈ സിനിമകളെല്ലാം ഇനിയും കണ്ട് ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയെന്നത് ഞങ്ങളുടെ ദൗത്യമാണ്.’’: ഷെർഗ സന്ദീപ് പറയുന്നു.

 

കൊച്ചിയിൽ രണ്ടു സാങ്കേതികവിദഗ്ധരുടെ സഹായത്തോടെയാണ് ഓരോ ചിത്രവും എച്ച്ഡി ക്വാളിറ്റിയിലേക്ക് മാറ്റുന്നത്. പല പഴയകാല സിനിമകളും എച്ച്ഡിയിലേക്ക് കൊണ്ടുവരാൻ കഴിയില്ല. എച്ച്ഡിക്ക് ഒപ്പമെത്തുന്ന മികവിലേക്ക് കൊണ്ടുവരാനുള്ള ഭഗീരഥപ്രയത്നമാണ് നടക്കുന്നത്.

 

‘‘ ലോക്ഡൗൺ കാലത്താണ് അമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും അടക്കമുള്ള മാധ്യമങ്ങളിലൂടെ സിനിമ കാണുന്ന ശീലത്തിലേക്ക് മലയാളികൾ വന്നത്. എന്നാൽ ഇവയിലെല്ലാം നല്ലൊരു തുക റീചാർജ് ചെയ്യണം. എന്നാൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സിനികൾ എസ്ക്യൂബിന്റെ യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഫോണിലോ സ്മാർട് ടിവിയിലോ സെർച്ച് ചെയ്താൽ ഓരോ സിനിമയും മികച്ച ക്വാളിറ്റിയോടെ ഓടിയെത്തണം മലയാളികൾ  സൗജന്യമായി പ്രിയസിനിമകൾ കാണട്ടെ...’’ : ഷെർഗ സന്ദീപിന്റെ വാക്കുകളിൽ ആത്മവിശ്വാസവും അഭിമാനവും നിറയുന്നു.

 

ഗൃഹലക്ഷ്മി  പ്രൊഡക്ഷൻസ് ഉടമ പി.വി.ഗംഗാധരനു പുതിയ ഉദ്യമത്തെക്കുറിച്ച് പറയാനുള്ളത് ഒറ്റക്കാര്യം മാത്രം: ‘‘ നല്ല സിനിമകളല്ലേ എല്ലാം. എല്ലാവരും കാണട്ടെ. ഓരോ സിനിമയ്ക്കുമടിയിൽ അഭിപ്രായം രേഖപ്പെടുത്തട്ടെ. അതാണ് ഞങ്ങളുടെ പ്രചോദനം.’’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com