ഉയരം പുതിയ അവസരങ്ങൾക്ക് തടസമാകുന്നുണ്ട്: മാമാങ്കം നായിക പറയുന്നു

prachitehlan
SHARE

മമ്മൂട്ടി നായകനായി അഭിനയിച്ച മാമാങ്കം എന്ന സിനിമയിലെ  ഉണ്ണിമായ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് പ്രാച്ചി തെഹ്‌ലാൻ. മാമാങ്കം പുറത്തിറങ്ങി ഒരു വർഷം കഴിയുമ്പോൾ ആ ചിത്രത്തിലെ അഭിനയത്തിനു ലഭിച്ച ഒരു പുരസ്കാരം വാങ്ങുന്നതിനായി കേരളത്തിലാണ് പ്രാച്ചി. ബാസ്‌ക്കറ്റ്ബോൾ കളിക്കാരിയിൽ നിന്ന് വെള്ളിവെളിച്ചത്തിലേക്കുള്ള യാത്രയെക്കുറിച്ച് മനോരമ ഓൺലൈനിനോട് പ്രാച്ചി മനസ്സ് തുറന്നു.

മിസ്സിൽ നിന്നും മിസ്സിസിലേക്ക് എത്തിച്ച 2020 വളരെ പ്രത്യേകത നിറഞ്ഞ വർഷമായിരുന്നല്ലോ?

അതെ 2020 ശരിക്കും ഒരു റോളർ കോസ്റ്റർ പോലെ ആയിരുന്നു. നല്ലതിന്റെയും ചീത്തയുടെയും മിശ്രിതമായിരുന്നു കഴിഞ്ഞ വർഷം. ആദ്യമൊക്കെ ഞാൻ വീട്ടിലിരിപ്പ് ആസ്വദിച്ചു, പക്ഷെ ദിവസങ്ങൾ കഴിയുന്തോറും വല്ലാത്ത ബോറടി, ഇങ്ങനെ തുടർന്ന് പോകാൻ കഴിയില്ല എന്ന തോന്നൽ.  ആ സമയത്താണ് ഞാൻ രോഹിത്തിനെപ്പറ്റി വീണ്ടും ആലോചിക്കുന്നത്.  2013 മുതലുള്ള സുഹൃത്താണ് രോഹിത്ത്.  ഞങ്ങൾ വളരെക്കാലമായി പ്രണയത്തിലായിരുന്നു.  ഞാൻ അവനെ സമീപിച്ച് എന്താണ് ഭാവി പരിപാടികൾ എന്ന് ചോദിച്ചു.  പൊടുന്നനെ നിനക്ക് എന്നെ വിവാഹം കഴിക്കാമോ എന്ന് അവൻ ചോദിച്ചു. ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി. പിന്നെ കുറച്ചു ദിവസം അടുത്തിടപഴകാൻ തീരുമാനിച്ചു.  ഞങ്ങൾ ഒരുമിച്ച് വളരെ കംഫർട്ടബിൾ ആണെന്ന് മനസ്സിലാക്കിയപ്പോഴാണ് വീട്ടുകാരുമായി ചർച്ച ചെയ്തു വിവാഹം നടത്താൻ തീരുമാനിച്ചത്.  നമ്മൾ എല്ലാം അനിശ്ചിതമായ ഒരു ഓട്ടത്തിലാണെന്ന് ഈ മഹാമാരിക്കാലം എന്നെ പഠിപ്പിച്ചു.  ഒരു ജീവിതവും കുടുംബവും പടുത്തുയർത്തുന്നതിന്റെ ആവശ്യവും, ഭർത്താവിനോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും ഒപ്പം എങ്ങനെ സന്തോഷകരമായി ജീവിക്കണം എന്നുമൊക്കെ ഞാൻ പഠിച്ചു.  എന്റെ ഭർത്താവ് ഒരു വന്യജീവി സംരക്ഷകനാണ്.  അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌ത് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി.  ജീവിതത്തിലെ അർഥവത്തായ ദിനങ്ങളാണ് എനിക്ക് കിട്ടിയത്.  അങ്ങനെ നോക്കിയാൽ വ്യക്തിപരമായി വളരെ സംതൃപ്തമായ ഒരു വർഷമാണ് കടന്നുപോയത്.

prachi-interview-2

മോഹൻലാലിനോടൊപ്പം റാം എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ ?

ഞാൻ റാമിന്റെ സെറ്റിൽ പോയിരുന്നു. മോഹൻലാലിനെയും ജീത്തു ജോസഫിനെയും കണ്ടു ചിത്രവുമെടുത്തു. പക്ഷേ ഞാൻ ആ ചിത്രത്തിൽ അഭിനയിക്കുന്നില്ല.  അവർക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടിയിരുന്നു, പക്ഷെ ഞാൻ മറ്റുചില കാരണങ്ങൾ കൊണ്ട് ആ ഓഫർ വേണ്ടെന്നു വയ്ക്കുകയായിരുന്നു. റാം ഒരു ഡ്രീം പ്രൊജക്റ്റ് തന്നെയാണ്, എങ്കിലും നമുക്ക് ചിലപ്പോൾ പല കാരണങ്ങൾ കൊണ്ട് ചിലതൊക്കെ വേണ്ടെന്നു വയ്‌ക്കേണ്ടി വരുമല്ലോ.

prachi-tehlan-interview-1

മാമാങ്കം കണ്ടതിനുശേഷം താങ്കളുടെ കഥാപാത്രത്തിനു കൂടുതൽ സ്ക്രീൻടൈം ഉണ്ടാകേണ്ടിയിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു, താങ്കളുടെ റോൾ അപ്രസക്തമായിരുന്നു എന്ന് തോന്നുന്നോ?

ചിലർ അങ്ങനെ പറഞ്ഞതായി അറിഞ്ഞു, എന്റെ കഥാപാത്രത്തിന്  കൂടുതൽ എന്തെങ്കിലും ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നെങ്കിൽ സന്തോഷം.  പക്ഷെ മാമാങ്കം ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന ചിത്രമാണ്. അതിലെ ഓരോ കഥാപാത്രത്തിനും കഥയ്ക്ക് ആവശ്യമായ സ്ക്രീൻ ടൈം മാത്രമേ ഉള്ളൂ.  ആദ്യത്തെ സ്ക്രിപ്റ്റിൽ കൂടുതൽ സ്ക്രീൻടൈം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ പ്രോജക്റ്റ്  മെച്ചപ്പെടുത്താനായി ചില വെട്ടിത്തിരുത്തലുകൾ വേണ്ടി വന്നു.  അതിൽ എനിക്ക് പരാതിയില്ല. ഇത്രയും വലിയ ഒരു പ്രൊജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.  നിർമ്മാതാവ് വേണുവിനോടും മമ്മൂക്കയോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.  ബാലതാരം അച്യുതൻ എന്റെ കുഞ്ഞനുജനെപ്പോലെ ആണ്.  അനു സിതാര, ഉണ്ണി മുകുന്ദൻ, സുദേവ് നായർ, എന്നിവരുമായി നല്ല ബന്ധമുണ്ട്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്.  

prachi-interview-3

ഇനിയും കൂടുതൽ മലയാള ചിത്രങ്ങളിൽ താങ്കളെ കാണാൻ കഴിയുമോ?

തീർച്ചയായും. നല്ല റോളുകൾക്കായി ഞാനും കാത്തിരിക്കുകയാണ്.  പക്ഷെ എന്റെ ഉയരം ഒരു ഡീമെറിറ്റ് ആയി ചിലർ പറയാറുണ്ട്.  ഉയരം കൂടുതൽ ആയതുകാരണം എനിക്ക് പറ്റിയ ഹീറോയെ മലയാളത്തിൽ കിട്ടില്ല എന്ന് പറയാറുണ്ട്.  പക്ഷെ ഇൻഡസ്ട്രി മാറുകയാണ്.  പുതിയ കലാകാരൻന്മാർ ആകാരത്തെക്കാൾ അഭിനയമികവിന് പ്രാധാന്യം കൊടുക്കുന്നുണ്ട്.  എനിക്ക് ഞാൻ ആകാനേ കഴിയൂ.  എന്നെ ഞാൻ ആയി അംഗീകരിക്കുന്നവർ എന്നെ തേടിയെത്തുന്നതുവരെ ഞാൻ കാത്തിരിക്കും.

prachi-tehlan-wedding-1

ഒരു അന്യനാട്ടുകാരിക്ക് ഇവിടെ അർഹിക്കുന്ന സ്വീകരണം കിട്ടിയോ?

മൂന്നു സിനിമകളും രണ്ടു ഷോയും ചെയ്തിട്ടും ഇപ്പോഴും എന്നെ അത്രകണ്ട് സ്വീകരിച്ചിട്ടില്ല എന്നാണു ഞാൻ കരുതുന്നത്.  ശരിയായ അവസരങ്ങളും ആത്മാർത്ഥതയുള്ള ആളുകളെയും കണ്ടെത്താൻ ബുദ്ധിമുട്ടാണ്.  ഒരു അന്യനാട്ടുകാരിക്ക് ഇവിടെ നല്ല റഫറൻസ് കിട്ടാൻ ബുദ്ധിമുട്ടുണ്ട്.  കുറെയൊക്കെ ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു. ഒരു നല്ല സ്ഥാനത്തെത്താൻ കഠിനാധ്വാനവും ഭാഗ്യവും വളരെ അത്യാവശ്യമാണ്.

കുട്ടികാലം മുതൽ കൊണ്ടുനടക്കുന്ന ബാസ്കറ്റ്ബാൾ ഭ്രാന്തിനെപ്പറ്റി?

ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്പോർട്സ് കോച്ച് എന്നെ ശ്രദ്ധിക്കുകയും എന്തുകൊണ്ട് ബാസ്‌ക്കറ്റ് ബോൾ ടീമിൽ ചേർന്നുകൂടാ എന്ന് ചോദിക്കുകയും ചെയ്തത്.  ക്ലാസ്സിലെ ഏറ്റവും ഉയരം കൂടിയ കുട്ടിയായിരുന്നു ഞാൻ, നാണം കുണുങ്ങിയുമായിരുന്നു.  എന്നാൽ കോച്ചിന്റെ നിർബന്ധത്തിൽ ക്ലാസുകൾ അറ്റൻഡ് ചെയ്തു തുടങ്ങിയ എനിക്ക് ക്രമേണ ഗെയിമിൽ താൽപ്പര്യം തോന്നി.  അങ്ങനെയാണ് ബാസ്‌ക്കറ്റ്ബോളുമായുള്ള ഒരിക്കലും തീരാത്ത ഒരു ബന്ധം ഞാൻ വളർത്തിയെടുത്തത്.  അന്നുമുതൽ ഇന്നുവരെ അത് എന്നോടൊപ്പമുണ്ട്. 

prachi-tehlan

ഒരു ബാസ്കറ്റ് ബോൾ കളിക്കാരി, ഒരു സിനിമാതാരം. എങ്ങനെ അറിയപ്പെടാനാണ് താങ്കൾ ആഗ്രഹിക്കുന്നത്?

ഒരു ബാസ്‌ക്കറ്റ് ബോൾ പ്ലേയർ.  ഒരു കളിക്കാരി എന്ന പേരാണ് എന്നെ ഇപ്പോൾ ഇവിടെ വരെ എത്തിച്ചത്.  എന്റെ ആദ്യ പ്രണയവും കളിയോടാണ്.  അത് ഒരിക്കലും എന്നെ വിട്ടു പോകില്ല, എന്റെ വേരുകൾ എനിക്ക് ഒരിക്കലും മറക്കാനുമാകില്ല.

ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടല്ലോ, ഇപ്പോൾ, കാര്യങ്ങൾ ഒടിടിയിലേക്ക് നീങ്ങുമ്പോൾ, നിങ്ങൾ അതിനെ എങ്ങനെ കാണുന്നു?

അഭിനേതാക്കൾ ചെറിയ പ്രതിസന്ധിയിൽ ആകും എന്നാണ് കരുതുന്നത്. ഒടിടി കഴിവുള്ള പുതിയ മുഖങ്ങൾക്കായി തിരയുകയാണ്.  ഒരു പ്രോജക്റ്റ് ഹിറ്റ് ആകാൻ ഖാനും കപൂറും ആവശ്യമില്ല എന്ന അവസ്ഥ വന്നിരിക്കുന്നു.  പ്രതിഭയുള്ള അഭിനേതാക്കൾക്കും എഴുത്തുകാർക്കും വളരെ നല്ല സമയമാണ് വരാൻ പോകുന്നത് എന്നാണു തോന്നുന്നത്.

prachi-tehlan-glamour

വരാനിരിക്കുന്ന പ്രോജക്റ്റുകൾ ?

ഒരു തെലുങ്ക് ചിത്രം റിലീസിനായി കാത്തിരിക്കുന്നു.  ഒരു ഒടിടി പ്രോജക്റ്റിനായി ഓഡിഷൻ  നടക്കുന്നുണ്ട്. കൂടാതെ, എന്റെ യുട്യൂബ് ചാനലിനായി ഞാൻ ചില സഫാരി വീഡിയോകൾ നിർമിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA