രാജിനി ചാണ്ടി തിരക്കിലാണ്. സ്വന്തം തോട്ടത്തിൽ നിന്നും കിട്ടിയ പാവയ്ക്കായും നിത്യവഴുതനയും കൊണ്ടുള്ള കറികളും, കരിമീൻ ഫ്രൈയും പരിപ്പുകറിയുമൊക്കെയായി ഉച്ചയൂണിനുള്ള വിഭവങ്ങൾ തയാർ. പുറത്ത് സോഷ്യൽ മീഡിയയിൽ നടക്കുന്ന അസഭ്യവർഷങ്ങളോ കോലാഹലങ്ങളോ ‘മുത്തശ്ശി ഗദ’യിലെ ഈ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ മുത്തശ്ശിയെ ബാധിച്ചിട്ടേയില്ല. 60 കഴിഞ്ഞ പുരുഷന്മാർ അരങ്ങു വാഴുന്ന മലയാള സിനിമാലോകത്ത് 60 നു ശേഷം എത്തിയ അടിപൊളി താരമാണ് രാജിനി ചാണ്ടി. എന്നാൽ പുരുഷന്മാർക്ക് ലഭിക്കുന്ന സ്വീകാര്യത സ്ത്രീകൾക്ക് കൊടുക്കാൻ ഇന്നും മലയാളി മടിക്കുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈയിടെ രാജിനി ചാണ്ടി നടത്തിയ ബോൾഡ് മേക്കോവർ ഫോട്ടോഷൂട്ടിനു ലഭിച്ച ചില പ്രതികരണങ്ങൾ. എന്നാൽ ഓരോ മോശം കമന്റ് ഇടുന്നവരുടെ ഉള്ളിലും ഒരു നല്ലവൻ ഒളിച്ചിരിപ്പുണ്ട് എന്നതാണ് തന്റെ അനുഭവത്തിൽ നിന്നും മനസ്സിലായതെന്ന് രജനി ചാണ്ടി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
എങ്ങനെയാണ് ഇത്തരമൊരു ബോൾഡ് മെയ്ക്ഓവർ ഫോട്ടോഷൂട്ടിലേക്ക് എത്തിച്ചേർന്നത്?
ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനിടക്കാണ് ഫൊട്ടോഗ്രാഫർ ആതിരയുമായി പരിചയത്തിലാകുന്നത്. സംസാരിച്ചിരുന്ന കൂട്ടത്തിൽ ആതിര അവൾ എടുത്ത കുറച്ചു ചിത്രങ്ങൾ കാണിച്ചു തന്നു. ഒരു ചിത്രം കണ്ടപ്പോൾ ചേച്ചി സ്വിംസ്യൂട്ട് ഇടാറുണ്ടോ എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു, സ്വിം ചെയ്യേണ്ട സാഹചര്യം വരുമ്പോൾ ഇടാറുണ്ട് എന്ന്. എന്നാൽ നമുക്കൊരു ഫോട്ടോഷൂട്ട് ചെയ്താലോ ആന്റി എന്ന് ചോദിച്ചു, ഞാൻ സമ്മതിച്ചു. അങ്ങനെയാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. സ്വിംസ്യൂട്ട് തന്നെയായിരുന്നു ആതിര ഉദ്ദേശിച്ചിരുന്നത്, പക്ഷേ ഫോട്ടോഷൂട്ട് ആയപ്പോള് ഞാൻ പറഞ്ഞു, ‘ആതിര സ്വിംസ്യൂട്ട് വേണ്ട അത് ഞാൻ അത്തരം സന്ദർഭങ്ങളിലേ ഉപയോഗിക്കാറുള്ളൂ, അതൊക്കെ പബ്ലിക് ആക്കേണ്ട ആവശ്യമില്ലല്ലോ’ എന്ന്. പിന്നെയാണ് ഇപ്പോൾ അണിഞ്ഞ വസ്ത്രങ്ങളുമായി ആതിര വന്നത്. അത് ഞാൻ സമ്മതിക്കുകയും ആ ഫോട്ടോഷൂട്ട് സംഭവിക്കുകയുമായിരുന്നു.

ബോൾഡ് ലുക്കിൽ ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ അത് സമൂഹം എങ്ങനെ സ്വീകരിക്കും എന്ന ടെൻഷൻ ഉണ്ടായിരുന്നോ?
ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ പൊതുവെ സാരി ആണ് ധരിക്കുക. പാന്റ്സും ടോപ്പും ധരിക്കാറുണ്ട്. അധികം മേക്കപ്പ് ചെയ്യുന്ന ആളല്ല ഞാൻ. പ്രത്യേകിച്ചും സിനിമയിൽ അഭിനയിച്ചതിനു ശേഷം പുറത്തൊക്കെ പോകുമ്പോൾ സാധാരണ വസ്ത്രമണിഞ്ഞാണ് പോകുന്നത്. കാരണം എന്നെ അറിയുന്ന എല്ലാവരുടെയും ആന്റി ആയി തന്നെ എനിക്കു തുടരണം, അവർ എന്നെ ഒരു സെലിബ്രിറ്റി ആയി കാണുന്നത് എനിക്ക് ഇഷ്ടമല്ല, അവർക്ക് എന്നോടുള്ള സ്നേഹം എല്ലായെപ്പോഴും അതുപോലെ തന്നെ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആർക്കുവേണമെങ്കിലും എപ്പോഴും എന്റെ അടുത്ത് വരാം സംസാരിക്കാം, മുൻപ് എങ്ങനെയോ അതുപോലെ തന്നെ എപ്പോഴും വേണം.

ഫോട്ടോഷൂട്ടിനു ഡ്രസ്സ് കൊണ്ട് വന്നപ്പോൾ ഞാൻ ആതിരയോട് ചോദിച്ചു ഇത് ധരിച്ചുകൊണ്ട് ഫോട്ടോ എടുത്താൽ ഒരുപാട് മോശം അഭിപ്രായം വരില്ലേ എന്ന്. എന്നാൽ അവരെ നിരാശപ്പെടുത്താനും വയ്യ, കൊടുത്ത വാക്ക് പാലിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ ആ വസ്ത്രം ധരിക്കാൻ തന്നെ തീരുമാനിച്ചു. അതിൽ എനിക്ക് ഒരു തെറ്റും തോന്നിയില്ല. മോശമായിട്ടൊന്നും ഞാൻ ചെയ്തിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എനിക്ക് ബോധ്യമുള്ളടത്തോളം എനിക്ക് തെല്ലും വിഷമമില്ല.
ഒരുപാട് മോശം കമന്റ്സ് വരുന്നുണ്ടല്ലോ?
അതെ മോശമായ പ്രതികരണങ്ങൾ വരുന്നുണ്ട്. "ഇതുവരെ ചത്തില്ലേ, പോയി ചത്തുകൂടെ തള്ളേ" ഇങ്ങനെയൊക്കെ ഉള്ള കമന്റുകൾ പറഞ്ഞവരുണ്ട്. പക്ഷേ ഞാൻ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ ഭർത്താവിനോ മക്കൾക്കോ ഇല്ലാത്ത വിഷമം മറ്റുള്ളവർക്കെന്തിനാണ്. എന്റെ മക്കളും കൊച്ചുമക്കളും അടുത്ത ബന്ധത്തിലുള്ള കുട്ടികളും വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. ‘ആന്റി അടിപൊളി ലുക്ക് ആയിട്ടുണ്ട്’ എന്ന് പറഞ്ഞു.
ഫോട്ടോഷൂട്ടിനു പിന്നിൽ പ്രവർത്തിച്ചവർ: ക്ലിക്ക്സ്– ആതിര ജോയ്
മേക്കപ്പ്– കിരൺ ബ്ലാക്ക്
റീടച്ച്– അശ്വിൻ, ഫ്രാങ്ക്സ് സെബ്സ്
അസിസ്റ്റന്റ്– വിഷ്ണു വേണുഗോപാൽ

ഇത് ഞാൻ എന്റെ സന്തോഷത്തിനായി ചെയ്യുന്നതാണ്. എനിക്ക് 70 വയസ്സാകാറായി, എന്നുകരുതി ‘ഞാൻ പോയി ചാവണം’ എന്ന് പറയാൻ ആർക്കാണ് അവകാശം. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ഈ കമെന്റ് പറയുന്നവർക്കും അറിയില്ല. ഈ നിമിഷം മാത്രമേ നമ്മുടെ കയ്യിൽ ഉള്ളൂ. ഉള്ള സമയം സന്തോഷമായി ഇരിക്കുക, എനിക്കെതിരെ മോശം കമന്റ് ചെയ്തവർക്കു സന്തോഷം കിട്ടുമെങ്കിൽ അങ്ങനെ ആയിക്കോട്ടെ, അവർക്ക് സന്തോഷിക്കാൻ ഞാൻ ഒരു കാരണം ആയല്ലോ. മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുന്നിടത്തോളം എനിക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല.
എഴുപതു വയസ്സ് ജീവിതത്തിന്റെ അവസാനമാണോ?
അല്ല എന്നാണ് എന്റെ അഭിപ്രായം. ഓരോ മനുഷ്യരുടെയും ജീവിതം അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ സ്പേസ് കൊടുക്കണം. പുറം രാജ്യങ്ങളിൽ 60 കഴിഞ്ഞാണ് ചിലർ ജീവിതം ആരംഭിക്കുന്നത്. പ്രായമായവർ മക്കൾക്കും മരുമക്കൾക്കുമായി ആഹാരം പാകം ചെയ്തു വീടിനുള്ളിൽ മാത്രം ഒതുങ്ങേണ്ടവരല്ല. മക്കൾക്ക് ഉള്ളതുപോലെ മാതാപിതാക്കൾക്കും അവരുടെ ജീവിതം ആഗ്രഹത്തിനനുസരിച്ച് ജീവിക്കാൻ സ്വാതന്ത്യം വേണം.
ഒരു കുടുംബത്തെ എനിക്കറിയാം, കൊറോണ ആയതോടെ മക്കൾ വർക്ക് ഫ്രം ഹോം ആയി അവരുടെ വീട്ടിൽ എത്തി, അവിടുത്തെ അമ്മ അടുക്കളപ്പണി ചെയ്തു വീടിനുള്ളിൽ തന്നെ തളച്ചിടപ്പെട്ടു. മക്കൾ ജോലി കഴിഞ്ഞു പുറത്തു പോകും അടിച്ചു പൊളിക്കും. ഈ സാധു സ്ത്രീ എല്ലാം ഒരുക്കി വച്ച് കാത്തിരിക്കണം, അവർക്കു പുറത്തുപോകാൻ സ്വാതന്ത്യം ഇല്ല . ഇതൊക്കെ എന്തുതരം മനോഭാവമാണ്? 60 കഴിഞ്ഞവർക്കും ജീവിതം ആസ്വദിക്കാൻ കഴിയണം, അവർക്കും മരിക്കുന്നതുവരെ സ്വാതന്ത്യത്തോടെ ജീവിക്കണം, അവർക്കും സന്തോഷിക്കാൻ അവകാശമുണ്ട്. ഇഷ്ടമുള്ളതുപോലെ മേക്കപ്പ് ചെയ്യാനും ഇഷ്ടവസ്ത്രം ധരിക്കാനും അവകാശമുണ്ട്, അങ്ങനെ ഒരു മെസ്സേജ് കൂടി കൊടുക്കാൻ ഞാൻ ഈ ഫോട്ടോഷൂട്ട് വഴി ആഗ്രഹിക്കുന്നു.
മോശം കമന്റുകൾ കണ്ടപ്പോൾ ബോൾഡ് ആയ മുത്തശ്ശിക്ക് ചെറിയ വിഷമം തോന്നുന്നുണ്ടോ?

നിങ്ങൾ കരുതുന്നതുപോലെ ഞാൻ അത്ര ബോൾഡ് ഒന്നുമല്ല. സന്തോഷം വരുമ്പോൾ പൊട്ടിച്ചിരിക്കുന്ന, സങ്കടം വരുമ്പോൾ കരയുന്ന ഒരാൾ തന്നെയാണ് ഞാനും. അത് നിങ്ങൾ റിയാലിറ്റി ഷോയിൽ കണ്ടതാണ്. ഈ പ്രായത്തിലും ഞാൻ സന്തോഷവതിയായി ഇരിക്കാൻ കാരണം എന്റെ ചാണ്ടിച്ചനാണ്. അദ്ദേഹം എന്നെ പൊന്നുപോലെയാണ് ഇതുവരെ നോക്കിയിട്ടുള്ളത്. ‘നിനക്ക് സന്തോഷം കിട്ടുന്നത് ചെയ്യൂ, മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കേണ്ട’ എന്ന് പറയാറുണ്ട്. മോശം കമന്റ് ഇടുന്നവരുടെ ഉള്ളിലും നന്മ ഉണ്ട്, അവർ ചിലപ്പോൾ പെട്ടെന്ന് തോന്നുന്ന വികാരത്തിൽ ഇടുന്നതാകും.
പണ്ട് ഇതുപോലെ ഒരു മോശം കമന്റ് ചെയ്ത് ഒരു പയ്യനോട് ഞാൻ പറഞ്ഞു ‘എനിക്ക് മോനെ ഒന്ന് കാണണം’ എന്ന്, അവൻ പറഞ്ഞു ‘അയ്യോ ആന്റി അങ്ങനെ സംഭവിച്ചു പോയതാണ്, ഞാൻ അത് ഡിലീറ്റ് ചെയ്തു കളഞ്ഞു, എന്റെ കൂട്ടുകാരൻ പറഞ്ഞു ആന്റി ഒരു ഭയങ്കര സാധനം ആണെന്ന്’. പിന്നീട് ഞങ്ങൾ സംസാരിച്ച് നല്ല കൂട്ടുകാരായി, ഒടുവിൽ അവൻ പറഞ്ഞു ഇത്ര പാവമായ ആന്റിയെക്കുറിച്ചാണോ ഞാൻ മോശമായി വിചാരിച്ചതെന്ന്.
നിങ്ങൾക്ക് ഒരാളെക്കുറിച്ച് മോശം തോന്നിയാൽ അവരെ നേരിട്ട് വിളിച്ചു സംസാരിക്കുക, അവർ എന്താണെന്ന് മനസിലാക്കുക, അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ പറയുന്നവർ തന്നെയാണ് മോശം ആകുന്നത്. നല്ലതു പറയുന്നതിനേക്കാൾ ചീത്ത പറയാനാണ് ആളുകൾ കൂടുതൽ സമയം കണ്ടെതത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ രണ്ടുകാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്, മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ ആശിക്കാതിരിക്കുക, അന്യന്റെ വസ്തുക്കളെ ആഗ്രഹിക്കരുത്", ബാക്കിയൊക്കെ എന്റെ സ്വാതന്ത്ര്യമല്ലേ, എനിക്ക് ഓടണം എന്നുതോന്നുമ്പോ ഓടണം, ചാടണം എന്ന് തോന്നുമ്പോൾ ചാടണം, ഇഷ്ടമുള്ള വസ്ത്രം ധരിക്കണം ഇതിലൊക്കെ മറ്റുള്ളവർക്ക് എന്താണ് കാര്യം.
ഏതൊരു വ്യക്തിയിലും നല്ലതു കാണാൻ ശ്രമിക്കുക. ‘അമ്മച്ചി, തള്ളേ’, എന്നുള്ള വിളികൾ ഒന്നും എന്നെ ബാധിക്കുന്നില്ല. എന്റെ പ്രായം ഒളിച്ചു വയ്ക്കാനും താല്പര്യമില്ല. പ്രായമാകുന്നത് എല്ലാവർക്കും സംഭവിക്കുന്ന ഒന്നാണ്, ഇന്ന് എനിക്കെങ്കിൽ നാളെ നിങ്ങൾക്ക്. ഈ പ്രായത്തിൽ എങ്ങനെ സന്തോഷമായി ജീവിക്കാൻ കഴിയും എന്നാണു ഞാൻ നോക്കുന്നത്.
പുതിയ പ്രോജക്ടുകൾ, ഭാവി പരിപാടികൾ?
ഒരു തമിഴ് സിനിമ റിലീസ് ചെയ്യാനുണ്ട്, മറ്റൊരു തമിഴ് സിനിമയുടെ ചർച്ച നടക്കുന്നു. മലയാളത്തിൽ ഇപ്പോൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പിന്നെ ഒരു പുതിയ യുട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. അതിന്റെ പണിപ്പുരയിലാണ്. അടുക്കളത്തോട്ടം, ഹോം മേക്കിങ് അങ്ങനെ ഞാൻ തിരക്കിലാണ്. നല്ല പ്രോജക്ടുകൾ വന്നാൽ സ്വീകരിക്കും. എപ്പോഴും തമാശ പറഞ്ഞു ചിരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് കുറച്ച് സുഹൃത്തുക്കളുടെ കൂട്ടായ്മ ഒക്കെ ഉണ്ട് . സന്തോഷമായിരിക്കുക, ശേഷിച്ച ജീവിതം ഇഷ്ടപ്രകാരം ജീവിക്കുക അതാണ് എന്റെ ആഗ്രഹം.