തമിഴിനോടിഷ്ടം പണ്ടേയുണ്ട്: മാളവിക മോഹനൻ

malavika-vijay
SHARE

പത്തു മാസത്തിനുശേഷം ജനുവരി 13–ന് മലയാളികൾ കേരളത്തിലെ തിയറ്റർ സ്ക്രീനിൽ ആദ്യ സിനിമ കാണുമ്പോൾ അതിലെ നായിക കണ്ണൂർ പയ്യന്നൂർ സ്വദേശിനി മാളവിക മോഹനൻ.  പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനുമായ കെ.യു.മോഹനന്റെയും പയ്യന്നൂർ അന്നൂർ സ്വദേശിനി ബീന മോഹനന്റെയും മകളാണു മാളവിക. മോഹനനും കുടുംബവും സിനിമയുമായി ബന്ധപ്പെട്ടു വർഷങ്ങൾക്കു മുൻപേ മുംബൈയിലേക്കു മാറിയെങ്കിലും നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നു. പഠനകാലത്തു തന്നെ മോഡലിങ്ങിൽ ശ്രദ്ധിച്ച മാളവികയുടെ മനസ്സിൽ എപ്പോഴും സിനിമയായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഒരു പരസ്യചിത്രത്തിൽനിന്നാണു സിനിമാ രംഗത്തേക്കുള്ള വരവ്. 2013ൽ ദുൽഖർ സൽമാനൊപ്പം പട്ടം പോലെ എന്ന ചിത്രം.പ്രശ്സ്ത ക്യാമറാമാൻ അഴഗപ്പന്റെ ആദ്യ ചിത്രം. പിന്നീട് മലയാളത്തിൽ നിർണായകം, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തിലെ വേഷം വഴിത്തിരിവായി. പിന്നീട് തെലുങ്കിലും തമിഴിലും കന്നഡത്തിലും അഭിനയിച്ചു. ഒടുവിൽ വിജയിന്റെ ബിഗ് ബജറ്റ് ചിത്രമായ മാസ്റ്ററിലും.

മാസ്റ്ററിനെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും നാടിനെക്കുറിച്ചും മാളവിക മനോരമ ഓൺലൈനിനോട്:

∙ തമിഴിൽ മാത്രമല്ല, മലയാളത്തിലും പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണു മാസ്റ്റർ. 10 മാസം തിയറ്റർ പൂട്ടിക്കിടന്നശേഷമെത്തുന്ന ചിത്രവുമാണ്. പ്രതീക്ഷകൾ?

ഞാൻ വളരെ എക്സൈറ്റഡാണ്. ഒരു ബിഗ് റിലീസ് ചിത്രമാണു മാസ്റ്റർ. വലിയ ഇടവേളയ്ക്കുശേഷമുള്ള റിലീസ് എന്ന നിലയ്ക്കെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ കാത്തിരിക്കുകയാണ് മാസ്റ്റർ ടീം മുഴുവൻ.  തിയറ്ററിൽ എല്ലാ മൂവീ റെക്കോർഡ്സും തകർക്കുന്ന ചിത്രമായി മാറുമെന്നായിരുന്നു തുടക്കത്തിൽ ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ ആളുകൾ പൂർണമായി തിയറ്ററിലേക്കു വരാത്ത സ്ഥിതിയാണല്ലോ ഇപ്പോൾ. അതുകൊണ്ടു ഞങ്ങളുടെ പ്രയോറിറ്റി മാറി. തിയറ്ററിൽ ഒരു സിനിമ കാണാൻ ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകരെ രസിപ്പിക്കുന്ന നല്ലൊരു സിനിമ സമ്മാനിക്കാനാകും എന്ന പ്രതീക്ഷയാണിപ്പോൾ.

malavika-master

∙ ഇളയ’ദളപതി’ക്കൊപ്പമുള്ള അഭിനയം എങ്ങനെ?

അദ്ദേഹം വളരെ കൂളും സപ്പോർട്ടിവുമാണ്. നല്ല സുഹൃത്തുമാണ്. മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് കനകരാജും നല്ല സുഹൃത്താണ്.

∙ ഏഴു വർഷം മുൻപ് പട്ടം പോലെ എന്ന സിനിമയിൽ മലയാളത്തിലാണു തുടക്കം. പക്ഷേ സ്വന്തം നാട്ടിലെ പ്രേക്ഷകർ വേണ്ടത്ര അംഗീകരിച്ചില്ല എന്നു കരുതുന്നുണ്ടോ?

ഓരോ ആർട്ടിസ്റ്റിന്റെയും യാത്രകൾ വ്യത്യസ്തമാണ്. എനിക്കു വ്യക്തിപരമായും കലാകാരി എന്ന നിലയിലും കൂടുതൽ സ്നേഹവും പിന്തുണയും ലഭിച്ചതു തമിഴിലാണ്. എനിക്ക് തമിഴിലെ പ്രേക്ഷകരുമായി കൂടുതൽ കണക്ട് ചെയ്യാൻ പറ്റുന്നെന്നു തോന്നിയിട്ടുണ്ട്. മുംബൈയിലായിരുന്നു പഠനമെങ്കിലും അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ജോലിയും മറ്റുമായി വിദേശത്തൊക്കെയാണ്. ഇപ്പോൾ കൂടുതൽ സുഹൃത്തുക്കൾ തമിഴ്നാട്ടിലാണ്.

malavika-mohanan

∙ പുതിയ സിനിമാ പ്രോജക്ടുകൾ?

ധനുഷിന്റെ കൂടെ തമിഴിൽ ഒരു ചിത്രം ചെയ്യുന്നുണ്ട്. മൂന്നോ നാലോ ദിവസത്തിനകം അതിന്റെ ജോലിയിലേക്കു കടക്കും. ലോക്ഡൗണിനു മുൻപേ സൈൻ ചെയ്തിരുന്ന ഒരു ബോളിവുഡ് സിനിമ വരാനുണ്ട്. വലിയ ബാനറിൽ ഒരുങ്ങുന്ന ഒരു വമ്പൻ സിനിമയാകുമത്. ഫെബ്രുവരിയിൽ അനൗൺസ് ചെയ്യും. തമിഴിൽനിന്നും തെലുങ്കിൽനിന്നുമായി ഒരു പിടി സിനിമകൾ ചർച്ചയിലുണ്ട്.

malavika-family

∙ മുംബൈയിലാണു വളർന്നതെങ്കിലും കണ്ണൂർ പയ്യന്നൂരുകാരിയാണ്. നാടിനെക്കുറിച്ച്?

പയ്യന്നൂരിലേക്ക് എല്ലാ വേനൽകാലത്തും കുടുംബമായി എത്താറുണ്ട്. അവിടെ അച്ചാച്ചനും അമ്മമ്മയും മറ്റു ബന്ധുക്കളുമെല്ലാമുണ്ട്. ഓരോ വരവിലും രണ്ടോ, മൂന്നോ ആഴ്ച പയ്യന്നൂരുണ്ടാകും. നാട്ടിൻപുറമാണ്. കസിൻസിന്റെ കൂടെ മാങ്ങ പറിക്കാൻ പോകുന്നതാണ് അവധിക്കാലത്തെ പ്രധാന വിനോദം. കാസർകോട്ടെ ബേക്കൽ കോട്ടയിലാണു മറ്റൊരു വിസിറ്റ്. ക്ഷേത്രങ്ങളിൽ ആരാധനയ്ക്കു പോകും. തെയ്യം നടക്കുന്ന സമയമാണെങ്കിൽ തെയ്യം കാണാനും സമയം കണ്ടെത്താറുണ്ട്. അച്ഛനും അമ്മയും നാടുമായി ആഴത്തിൽ ബന്ധമുള്ളവരാണ്. മുംബൈയിൽ വളർന്നു ചെന്നൈയിൽ ജീവിക്കുമ്പോഴും ഹൃദയംകൊണ്ടു ഞാനൊരു മലയാളിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA