എല്ലാം തികഞ്ഞ ആദ്യത്തെ മേള: ഓർമകളുമായി ബീന പോൾ

beena-paul-aravinda
ബീന പോൾ, ഐഎഫ്എഫ്കെ ലോഗോ, ജി. അരവിന്ദൻ
SHARE

‘‘ഒന്നും എളുപ്പമായിരുന്നില്ല. ഉദ്ഘാടനച്ചടങ്ങു നടക്കുമ്പോൾ അതിലുമുച്ചത്തിൽ ഞാൻ എന്റെ നെഞ്ചിടിപ്പു കേട്ടു. കാരണം, ഉദ്ഘാടന ശേഷം കാണിക്കേണ്ട സിനിമയുടെ പ്രിന്റ് അപ്പോഴും എത്തിയിരുന്നില്ല...’’

കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേള (IFFK) 25–ാം വർഷം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, തിരുവനന്തപുരത്തു തികച്ചും പ്രഫഷനൽ ആയി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആദ്യ മേളയായ IFFK ’98 ന്റെ മുഖ്യസംഘാടകരിൽ ഒരാളായ ബീനാ പോൾ ഓർക്കുന്നു അക്കാലത്തെ തത്രപ്പാടുകൾ. 

’96ലും ’97ലും രാജ്യാന്തര ചലച്ചിത്രമേള (IFFI)യ്ക്ക് കേരളത്തിലും വേദിയൊരുക്കുകയാണു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ചെയ്തത്. കേരളം സ്വന്തമായി ഒരു മേള ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് ’98ൽ തിരുവനന്തപുരത്തായിരുന്നു. KSFDC യിൽ ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ബീനാ പോൾ മേളയുടെ നടത്തിപ്പിലേക്കു നിയുക്തയാകുന്നത് അങ്ങനെ. 

എല്ലാം തികഞ്ഞ ആദ്യത്തെ മേള. ലോക സിനിമയുടെ കാൻവാസിൽ കേരളത്തിന്റെ IFFK അടയാളപ്പെടുത്തപ്പെട്ടു. പക്ഷേ, ചലച്ചിത്ര അക്കാദമി ചെയർമാൻ ഷാജി എൻ.കരുണിനു കീഴിൽ പ്രവർത്തിച്ച ‘ഉൽസവ സംഘ’ത്തിന് ഉയരുന്ന നെഞ്ചിടിപ്പോടെ മാത്രമേ ഇന്നും ആദ്യാനുഭവങ്ങൾ പങ്കുവയ്ക്കാനാകൂ.

∙ മാർക്കേസ് വന്ന വഴി

IFFK ’98 നെ ഇന്നും മേളയുടെ ആസ്വാദകർ നെഞ്ചിലേറ്റുന്നതു മാർക്കേസിന്റെ സിനിമാ പാക്കേജിനെ സ്മരിച്ചാകാം. അനുപമമായ മാജിക്കൽ റിയലിസത്തിന്റെ കഥാകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ 6 കഥകളെ ആസ്പദമാക്കിയുള്ള സിനിമകളുടെ മനോഹരമായ പാക്കേജാണ് അന്നു നിറഞ്ഞ സദസ്സിനു മുൻപാകെ അവതരിപ്പിച്ചത്. 

ആ സിനിമകൾ സംഘടിപ്പിക്കാൻ പെട്ട പാടിനെക്കുറിച്ചു പറയുമ്പോൾ ബീന ഇന്നു പൊട്ടിച്ചിരിക്കും. മാർക്കേസ് ചിത്രങ്ങളുടെ മാനേജർമാരെ മാറിമാറി വിളിച്ചിട്ട് ഒരു രക്ഷയുമില്ല. ഇംഗ്ലിഷ് തന്നെ അറിയാത്തവരോടു ‘കേരള’ത്തെക്കുറിച്ച് എന്തു പറഞ്ഞു മനസ്സിലാക്കാൻ. ബീനയ്ക്കോ ടീമിനോ സ്പാനിഷും അറിയില്ല. ഒടുവിൽ സ്പെയിൻ ചലച്ചിത്രമേളയുടെ സംഘാടകരുടെ ബ്രോഷറിൽ നിന്ന് ഒരു ‘ഇംഗ്ലിഷ് പേര്’ ബീന കണ്ടുപിടിച്ചു. അതൊരു സ്ത്രീയായിരുന്നു. അവർക്കു ബീനയുടെ ഭാഷ മനസ്സിലായി. അതൊരു തുമ്പായിരുന്നെന്നു ബീന പറയും. അതിൽ പിടിച്ചു കയറിക്കയറി കാര്യം സാധിച്ചു. 15 വർഷത്തിനു ശേഷം സ്പെയിനിൽ പോയപ്പോൾ ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയുമായി ബീന അവരെ തേടിച്ചെന്നു നന്ദി അറിയിച്ചു. 

പക്ഷേ, കടമ്പകൾ തീർന്നില്ല. മാർക്കേസ് ചിത്രങ്ങൾ റോം വിമാനത്താവളത്തിൽ പിടിച്ചിട്ടു. എന്തൊക്കെയോ സാങ്കേതിക പ്രശ്നങ്ങൾ. കേരളത്തെക്കുറിച്ചും ഇവിടത്തെ സിനിമാസ്വാദകരെക്കുറിച്ചും അവരെ ബോധ്യപ്പെടുത്താൻ ഉന്നതതലങ്ങളിൽ നിന്നുവരെ പലവട്ടം ഫോൺ വിളികൾ വേണ്ടിവന്നു. ഇന്നും ആ ചിത്രങ്ങളെ പ്രണയപൂർവം സ്മരിക്കുന്ന ആസ്വാദകർ, അന്നത്തെ പ്രയത്നങ്ങൾ വെറുതെയായില്ലെന്ന് ചാരിതാർഥ്യം പകരുന്നു. 

∙ സിനിമാപ്പെട്ടിയുമായി ഗിറ്റായി

വിഖ്യാത ഇസ്രയേലി സംവിധായകൻ അമോസ് ഗിറ്റായി തന്റെ ലഗേജ് ഒന്നും എടുക്കാതെ ‘സിനിമാപ്പെട്ടി’യുമായി വണ്ടിപിടിച്ചു വരേണ്ടി വന്നതും ബീന ഓർക്കുന്നു. അമോസ് ഗിറ്റായിയുടെ (AMOS GITAI) ദെവാരിം (Devarim) എന്ന സിനിമയാണ് ’98 മേളയിൽ പ്രദർശിപ്പിച്ചത്. പ്രദർശന ദിവസത്തിനു തലേന്നായിട്ടും സിനിമ എത്തിയില്ല. രാത്രി ഗിറ്റായിയെ ബന്ധപ്പെട്ടപ്പോൾ പിറ്റേന്നു രാവിലത്തെ വിമാനത്തിൽ അദ്ദേഹം ഇങ്ങോട്ടു വരാനിരിക്കുന്നു! സംഘാടകരുടെ ധർമസങ്കടമറിഞ്ഞപ്പോൾ ഗിറ്റായി തന്റെ മാനേജരെ പറഞ്ഞുവിട്ടു പാതിരാത്രിയോടെ ആർക്കൈവ്സിൽ നിന്നു ചിത്രത്തിന്റെ പ്രിന്റ് സംഘടിപ്പിച്ചു. അത് അദ്ദേഹം തന്നെ പെട്ടിയിലാക്കി പിറ്റേന്നു ചുമന്നു കൊണ്ടുവന്നു. സ്വന്തം ലഗേജ് ഉപേക്ഷിക്കേണ്ടി വന്നു ഗിറ്റായിക്ക്. കാരണം സിനിമാപ്പെട്ടിയുടെ ഭാരം!

amos
അമോസ് ഗിറ്റായി

∙ അക്കാലം...

‘‘ആദ്യകാലത്ത് മേളയുടെ ആസൂത്രണം മാസങ്ങൾ നീണ്ട അധ്വാനമായിരുന്നു. മൊബൈൽ ഫോണോ, ഇ മെയ്‌ലോ ഇല്ല. ഫാക്സ് വഴി അടിയന്തര സന്ദേശങ്ങൾ. ആദ്യഘട്ട ചർച്ചകളെല്ലാം കത്തുകളിലൂടെ. ഒരു കത്തിന് 2 മാസം കഴിഞ്ഞൊക്കെയാകും മറുപടി കിട്ടുക. ഇംഗ്ലിഷ് സബ്ടൈറ്റിൽ ഉള്ള പ്രിന്റ് സംഘടിപ്പിക്കൽ വളരെ പ്രയാസകരമായിരുന്നു. അങ്ങനെ ആകെ ഒരു പ്രിന്റൊക്കെയേ കാണൂ. അത് ഏതെങ്കിലും മേളയിൽ പോയിരിക്കും. അല്ലെങ്കിൽ ആർക്കൈവ്സിൽ. അതു തപ്പിയെടുത്തു കൊണ്ടുവരണം.’’

പലവിധ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടും പരിഹരിച്ചും എത്രയോ ബാലാരിഷ്ടതകൾ താണ്ടിയാണു കാലാകാലങ്ങളായി സംഘാടകർ IFFK യെ ഇന്നത്തെ അഭിമാനപഥത്തിൽ എത്തിച്ചത്. ഡിജിറ്റലിലേക്കു മാറുന്ന ഘട്ടത്തിൽ കുറെയേറെ വിയർത്തിട്ടുണ്ടെന്നു ബീനാ പോൾ ഓർക്കുന്നു. പലപ്പോഴും ചിത്രം തെളിയില്ല. തെളിഞ്ഞാൽ ശബ്ദം കേൾക്കില്ല. തിയറ്ററിലാകെ കൂവലും ബഹളവുമാകും. നേരിട്ടെത്തി ക്ഷമ ചോദിച്ച എത്രയോ സന്ദർഭങ്ങൾ. എത്രയോ തവണ സാങ്കേതിക വിദഗ്ധർ ഉറക്കമിളിച്ചിരുന്നാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. പലതവണ ഷെഡ്യൂളുകൾ മാറിമറിയും. 

എന്നാലും കാണിക്കാൻ പറ്റുമോയെന്ന് ഉറപ്പില്ല. സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച ഇന്നത്തെ കാലത്ത് അതൊക്കെ ഓർക്കുമ്പോൾ ചിരി വരും. അതൊരു പരീക്ഷണ ഘട്ടമായിരുന്നു. എല്ലാ അർഥത്തിലും – 10 വർഷമായി ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ബീന പറയുന്നു. ടീം വർക്കിന്റെ വിജയമാണ് IFFK. അർപ്പണബോധത്തോടെ എല്ലാ ജോലിയും ചെയ്തു രാപകലില്ലാതെ ഓടിനടന്നു പ്രവർത്തിച്ച വലിയൊരു സംഘം. ആസ്വാദകർക്കു മാത്രമല്ല, അവർക്കും ഈ ഉത്സവം ശരിക്കും തലയ്ക്കു പിടിച്ചിരുന്നു.

∙ മത്സരമില്ലാതെ ഉത്സവം

’98 മേളയിൽ മത്സരവിഭാഗം ഇല്ലായിരുന്നു. ’99 മേള മുതലാണ് അതിനു തുടക്കം. വിയറ്റ്‌നാം, ആഫ്രിക്ക ഫോക്കസ് പാക്കേജുകൾ, ബാലചലച്ചിത്ര വിഭാഗം, പി.എൻ.മേനോൻ റിട്രോസ്പെക്ടീവ്, ദേവദാസ് ഹോമേജ്, ഫ്രീഡം പാക്കേജ് എന്നിവയൊക്കെ ’98 മേള കേരളത്തിനു പരിചയപ്പെടുത്തി. 

∙ ചരിത്രത്തിൽ ഇടംപിടിച്ച ലങ്കാലക്ഷ്മി

IFFK യുടെ ചരിത്രത്തിലേക്കു പിൻനടക്കുമ്പോൾ അതിന്റെ മുഖമുദ്രയായ ലോഗോ (തോൽപ്പാവക്കൂത്തിലെ സ്ത്രീരൂപം) യെക്കുറിച്ചും പറയാതിരിക്കാനാവില്ല. വിഖ്യാത ചലച്ചിത്രകാരൻ ജി.അരവിന്ദനാണ് ഈ ലോഗോ രൂപകൽപന ചെയ്തത് എന്നതു ‘മേള പ്രേമികൾ’ക്കെല്ലാം അറിയാം. എന്നാൽ IFFK യ്ക്കു വേണ്ടിയല്ല അദ്ദേഹം ഇതു ചെയ്തത്. IFFK യുടെ വെള്ളിത്തിരശ്ശീല ഉയരും മുൻപേ അദ്ദേഹം വിടവാങ്ങിയിരുന്നു. ഇന്ത്യൻ പനോരമയ്ക്കു വേണ്ടിയാണ് അദ്ദേഹം വാസ്തവത്തിൽ ഇതു രൂപകൽപന ചെയ്തത്. 

iffk-logo

ദൃശ്യകലയുടെ ജനകീയമായ ആദ്യ രൂപമായ തോൽപ്പാവകൂത്തിൽ നിന്നായിരിക്കണം ലോഗോയെന്നു തീരുമാനിച്ചുറപ്പിച്ച് അരവിന്ദൻ പാലക്കാട്ടെ പാവക്കൂത്ത് കലാകാരന്മാരെ കണ്ടിരുന്നു. പാവക്കൂത്ത് കഥകളും രൂപങ്ങളും ആഴത്തിൽ മനസ്സിലാക്കിയ ശേഷം അദ്ദേഹം ‘ലങ്കാലക്ഷ്മി’ എന്ന പാവരൂപം സ്വീകരിച്ചു. 

ലങ്കാലക്ഷ്മി

രാമായണവുമായി ബന്ധപ്പെട്ട ഒരു സങ്കൽപമാണു ലങ്കാലക്ഷ്മി. രാവണരാജ്യമായ ലങ്കയെ സ്ത്രീരൂപത്തിൽ സങ്കൽപിച്ചതാണെന്നും അതല്ലാ, ലങ്കയുടെ ഗോപുര കവാടങ്ങൾക്കു രാവണൻ കാവൽ നിർത്തിയിരിക്കുന്ന ദേവതയാണു ലങ്കാലക്ഷ്മിയെന്നും രണ്ടു സങ്കൽപമുണ്ട്. ബ്രഹ്മാവിന്റെ ശാപമേറ്റ മഹാകാളി ലങ്കാലക്ഷ്മിയായി അവതരിക്കേണ്ടി വന്നുവെന്നാണു പുരാണത്തിൽ പറയുന്നത്. രാവണൻ തട്ടിക്കൊണ്ടുവന്ന സീതാദേവിയെ കണ്ടെത്താൻ ശ്രീരാമന്റെ ദൂതനായി ലങ്കയിലെത്തുന്ന ഹനുമാനും ലങ്കാലക്ഷ്മിയുമായി ഏറ്റുമുട്ടിയെന്നും അതേത്തുടർന്നു ലങ്കാലക്ഷ്മിക്കു ശാപമോക്ഷം കിട്ടി ഹനുമാനെ അനുഗ്രഹിച്ച ശേഷം മടങ്ങിപ്പോയെന്നും രാമായണത്തിൽ പറയുന്നു. തിന്മയുടെ അഗ്നിയിൽ രാവണപുരി എരിയാൻ പോകുന്നെന്നു തിരിച്ചറിഞ്ഞ ലങ്കാലക്ഷ്മി എന്നന്നേക്കുമായി ലങ്ക വിടുകയാണ്.

IFFK ലോഗോയ്ക്കായുള്ള അന്വേഷണത്തിലാണ് അരവിന്ദന്റെ ഡിസൈനിനെക്കുറിച്ച് അറിഞ്ഞതെന്നും എഴുത്തുകാരൻ സക്കറിയ സൂക്ഷിച്ചിരുന്ന ഈ ചിത്രം ലോഗോയ്ക്കായി സ്വീകരിക്കുകയായിരുന്നുവെന്നും ബീന പോൾ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ ആർക്കൈവ്സിൽ അരവിന്ദന്റെ രൂപകൽപന ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. 

∙ സ്ഥിരംവേദി 2001 മുതൽ

IFFK മേളയ്ക്കു തിരുവനന്തപുരമെന്ന സ്ഥിരം വേദിയുടെ ഖ്യാതി ഇല്ലാതാകുമോ എന്ന ആശങ്കയും വിവാദവും ഇപ്പോൾ കത്തിനിൽക്കുമ്പോൾ, IFFK 2001 മുതലാണ് തിരുവനന്തപുരത്തു സ്ഥിരം വേദിയാകുന്നത് എന്നതും ഓർക്കാം. ’98 ലെ മേളയ്ക്കു ശേഷം ’99 ൽ കൊച്ചിയായിരുന്നു വേദി. 2000 ൽ കോഴിക്കോട്ടേക്കു പോയി. ഇങ്ങനെ കറങ്ങിനടക്കുമ്പോഴുള്ള അമിത ചെലവും നടത്തിപ്പിലെയും ആസൂത്രണത്തിലെയും ബുദ്ധിമുട്ടും ഡെലിഗേറ്റുകൾക്കിടയിൽ ഉണ്ടാകുന്ന ആശയക്കുഴപ്പവുമെല്ലാം പരിഗണിച്ചാണു തിരുവനന്തപുരം സ്ഥിരം വേദിയാക്കാൻ തീരുമാനിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA